Global block

bissplus@gmail.com

Global Menu

വെര്‍ച്വല്‍ റിയല്‍ എസ്റ്റേറ്റ് എക്‌സിബിഷനുമായി ഐസിഐസിഐ ബാങ്ക്

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക് ഹോം ഉത്സവ് എന്ന പേരില്‍ വെര്‍ച്വല്‍ പ്രോപ്പര്‍ട്ടി എക്‌സിബിഷന്‍ ആരംഭിച്ചു. ഈ എക്‌സിബിഷന്‍ പദ്ധതിയിലൂടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെ ബില്‍ഡേഴ്‌സിന്റെ റിയല്‍ എസ്റ്റേറ്റ് പ്രൊജക്ടുകള്‍ ഡിജിറ്റല്‍ മാധ്യമത്തിലൂടെ ഐസിഐസിഐ ബാങ്ക് തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പ്രദര്‍ശിപ്പിക്കും. ഇത് രണ്ടാം തവണയാണ് ബാങ്ക് ഇത്തരത്തില്‍ വെര്‍ച്വല്‍ റിയല്‍ എസ്റ്റേറ്റ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്.

മുംബൈ എംഎംആര്‍, ഡെല്‍ഹി എന്‍സിആര്‍, ഹൈദരാബാദ്, ബംഗളുരൂ, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, പൂനെ, നാസിക്, വഡോദ്ര, സൂറത്ത്, ജയ്പൂര്‍ എന്നിങ്ങനെ 12 വിവിധ നഗരങ്ങളില്‍ നിന്നായി 200ല്‍ അധികം ഡെവലപ്പര്‍മാരുടെ 350ന് മുകളില്‍ പ്രൊജക്ടുകള്‍ ഐസിഐസിഐ ബാങ്ക് ഹോം ഉത്സവ് പദ്ധതിയില്‍ സജ്ജീകരിച്ചിരിക്കുന്നത്.

2021 ഡിസംബര്‍ അവസാനം വരെ പ്രദര്‍ശനം തുടരും. ഇതിനായി ഉപയോക്താക്കള്‍ www.homeutsavicici.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും. വീട്ടില്‍ ഇരുന്നുകൊണ്ടു തന്നെ താത്പര്യമുള്ള ഉപയോക്താക്കള്‍ക്ക് പ്രൊജക്ടുകളെ സംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കുവാന്‍ ലക്ഷ്യമിട്ടാണ് ഐസിഐസിഐ ബാങ്ക് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിന് പുറമേ പ്രോപ്പര്‍ട്ടി വാങ്ങിക്കുന്നതിനായി ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഓഫറുകളും ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.

ഐസിഐസിഐ ബാങ്കിന്റെ ഉപയോക്താക്കള്‍ക്കും അതുപോലെ തന്നെ മറ്റ് ബാങ്കുകളുടെ ഉപയോക്താക്കള്‍ക്കും ഹോം ഉത്സവ് പദ്ധതിയുടെ നേട്ടങ്ങള്‍ ലഭിക്കും. അതേ സമയം ഐസിഐസിഐ ബാങ്ക് ഉപയോക്താക്കള്‍ക്ക് ചില അധിക നേട്ടങ്ങള്‍ കൂടി ലഭ്യമാകും. ഇതില്‍ ബാങ്ക് അപ്രൂവ് ചെയ്തിരിക്കുന്ന പ്രൊജക്ടുകള്‍ ഉപയോക്താക്കള്‍ക്ക് കാണാം. പദ്ധതി കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം എന്തെന്നാല്‍ നിങ്ങളാഗ്രഹിക്കുന്ന നിങ്ങളുടെ സ്വപ്‌ന ഗൃഹം സ്വന്തമാക്കുന്നതിനായി ഇപ്പോള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുക കൂടി ചെയ്യേണ്ടതില്ല എന്നതാണ്. എല്ലാ പര്‍ച്ചേസ് പ്രക്രിയകളും നടക്കുന്നത് ഓണ്‍ലൈന്‍ രീതിയിലായിരിക്കും.

രാജ്യത്തെ ബാങ്കുകള്‍ ഭവന വായ്പാ പലിശ നിരക്കുകളില്‍ കുറവ് വരുത്തിയിരുന്നു. ഐസിഐസിഐ ബാങ്കിന്റെ ഹോം ഉത്സവ് എക്‌സിബിഷനില്‍ 6.70 ശതമാനം മുതലാണ് ഉപയോക്താക്കള്‍ക്ക് ഐസിഐസിഐ ബാങ്ക് ഭവന വായ്പ വാഗ്ദാനം ചെയ്യുന്നത്. ഇതിനൊപ്പം പ്രത്യേക പ്രൊസസിംഗ് ഫീസ് ആനുകൂല്യവും ഉപയോക്കള്‍ക്ക് ലഭ്യമാകും. ഡിജിറ്റല്‍ രീതിയിലാണ് ബാങ്ക് ഭവന വായ്പകള്‍ അനുവദിക്കുന്നത്. അതുകൂടാതെ ഹോം ഉത്സവില്‍ ഡെവലപ്പര്‍മാരും ഉപയോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ നല്‍കുന്നുണ്ട്.

ഐസിഐസിഐ ബാങ്ക് ഉപയോക്താക്കള്‍ക്ക് പ്രീ അപ്രൂവ്ഡ് ഭവന വായ്പകളുടെ നേട്ടവും ഈ പദ്ധതിയിലൂടെ നേടാം. ഉപഭോക്താക്കളുടെ ആവശ്യകത, ബഡ്ജറ്റ്, പ്രദേശം, നിര്‍മാണ നിബന്ധനകള്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിക്കൊണ്ട് അനുയോജ്യമായ പ്രോപ്പര്‍ട്ടികള്‍ ഹോം ഉത്സവിലൂടെ തിരയുവാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം ഹോം ഉത്സവിന് ഉപയോക്താക്കളില്‍ നിന്നും വലിയ അഭിപ്രായമാണ് ലഭിച്ചതെന്ന് ഐസിഐസിഐ ബാങ്ക് സെക്യേര്‍ഡ് അസറ്റ്‌സ് മേധാവി സഞ്ജയ് സിംഗ്വി പറഞ്ഞു.

Post your comments