Global block

bissplus@gmail.com

Global Menu

ഇനി രണ്ടാം ലിബറലൈസേഷന്‍

കഴിഞ്ഞ 40 വര്‍ഷത്തെ ഭാരത ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യ എല്ലാ 10 വര്‍ഷവും കാതലായ മാറ്റങ്ങള്‍ വിധേയമായതായി കാണാം. പ്രത്യേകിച്ച്‌ സാമ്പത്തിക രംഗത്ത്‌. ബാങ്ക്‌ നാഷണലൈസേഷന്‍ ആകട്ടെ, ലിബറലൈസേഷന്‍ നടപടികള്‍ ആകട്ടെ, ബാങ്കിംഗ്‌ പരിഷ്‌കാരങ്ങള്‍ ആകട്ടെ, വാല്യൂ ആഡഡ്‌ ടാക്‌സ്‌ നടപ്പാക്കല്‍ ആകട്ടെ, ബാങ്ക്‌ ലയനങ്ങള്‍ ആകട്ടെ, ജി.എസ്‌.ടി ആകട്ടെ, പൊതു മേഖല വിറ്റഴിക്കല്‍ ആകട്ടെ, എതിര്‍പ്പുകള്‍ക്കിടയിലും പരിഷ്‌കാരങ്ങള്‍ തുടര്‍ന്ന്‌ കൊണ്ടേയിരുന്നു.

ഇന്ദിരാഗാന്ധി മുതല്‍ നരേന്ദ്രമോദി വരെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഒരു irrevisible process ആണ്‌ എന്ന്‌ സാക്ഷ്യപ്പെടുത്തുന്നു. ഗാട്ട്‌ കരാര്‍ ഉള്‍പ്പെടുയുളള സാമ്പത്തിക ഉദാരവല്‍ക്കരണ നടപടികള്‍ എതിര്‍ത്ത സോഷ്യലിസ്റ്റുകള്‍ തന്നെ പിന്നെ ആ നയം തിരുത്തി.

1991 ല്‍ രാജ്യത്ത്‌ വെറും 50 ലക്ഷം ചേര്‍ത്ത്‌ മാത്രം ഉണ്ടായിരുന്ന ടെലിഫോണ്‍ സൗകര്യം ഇന്ന്‌ 120 കോടി ജനങ്ങളില്‍ എത്തിയിരിക്കുന്നു. മൊബൈല്‍ വിപ്ലവത്തിനും ഇ കൊമേഴ്‌സ്‌ വിപ്ലവത്തിനും ഓട്ടോ മൊബൈല്‍, ഏവിയേഷന്‍ രംഗത്തെ കാതലായ മാറ്റങ്ങള്‍ക്കും ഭാരതം വിധേയമായി.

ഭാരതത്തിന്റെ തലവര മാറ്റിയ 1991 ലെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക്‌ 30 വയസ്സ്‌ തികയുമ്പോള്‍ രാജ്യം വീണ്ടും വന്‍ പരിഷ്‌കരണങ്ങള്‍ക്ക്‌ തയ്യാറെടുക്കുന്നു. രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ കോവിഡ്‌ 19 മഹാമാരികളുടെ പ്രതിസന്ധികള്‍ക്കിടയിലും അനിനത സാധാരണമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നു. ബാങ്കിംഗ്‌ രംഗത്തെ പരിഷ്‌കാരങ്ങള്‍, റിട്രോസ്‌കെപ്‌ടീവ്‌ ടാക്‌സ്‌ പിന്‍വലിക്കല്‍, കാര്‍ഷിക നിയമത്തിലെ മാറ്റങ്ങള്‍ എന്നിവയ്‌ക്ക്‌ ശേഷം രണ്ടു സുപ്രധാന തീരുമാനങ്ങള്‍ കൂടി എടുത്തിരിക്കുന്നു. വന്‍ സാമ്പത്തിക ചലനങ്ങള്‍ ഉണ്ടാക്കുന്ന ഈ പരിഷ്‌കാരങ്ങള്‍ക്ക്‌ അനുകൂലമായും പ്രതികൂലമായും വാദങ്ങള്‍ വന്നു കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ച രണ്ട്‌ സുപ്രധാന നടപടികള്‍
1. 6 ലക്ഷം കോടിയുടെ ആസ്‌തി വില്‍പ്പന
2. പഴയ വാഹന പൊളിക്കല്‍ + ഇലക്‌ട്രിക്‌ വാഹനങ്ങളിലേയ്‌ക്കുളള മാറ്റം

ആസ്‌തികള്‍ നാല്‌ വര്‍ഷത്തിനുളളില്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍

അടുത്ത നാല്‌ വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള ആസ്‌തി വിറ്റ്‌ ആറു ലക്ഷം കോടി രൂപ നേടാനുളള പാക്കേജ്‌ പ്രഖ്യാപിച്ച്‌ ധനമന്ത്രി നിര്‍മലാ സീതാരാമന്‍.

റോഡ്‌, റെയില്‍വേ, ഊര്‍ജം, എണ്ണ-വാതക പൈപ്പ്‌ലൈന്‍, ടെലികോം തുടങ്ങി 13 അടിസ്ഥാന സൗകര്യ മേഖലകളിലെ ഇരുപതിലധികം ആസ്‌തികളില്‍ സ്വാകാര്യ പങ്കാളിത്തം കൊണ്ടു വന്നാണ്‌ ഇത്രയും തുക സമാഹരിക്കുകയെന്ന്‌ മന്ത്രി വ്യക്തമാക്കി.

കോഴിക്കോട്‌ വിമാനത്താവളം ഉള്‍പ്പെടെ 25 വിമാനത്താവളങ്ങളുടെ വില്‍പ്പനയിലൂടെ 20,782 കോടി സമാഹരിക്കും (18 ശതമാനം). 2023 ലാണ്‌ കോഴിക്കോട്‌ വിമാനത്താവളം സംബന്ധിച്ച്‌ പദ്ധതിയിട്ടിരിക്കുന്നത്‌.

നിലവിലുളള ആസ്‌തികള്‍ (ബ്രൗണ്‍ഫീല്‍ഡ്‌) നടത്തിപ്പിനാണ്‌ കൈമാറുകയെന്നും ഉടമസ്ഥത സര്‍ക്കാരിനു തന്നെയായിരിക്കുമെന്നും നിശ്ചിത കാലാവധി കഴിഞ്ഞാല്‍ തിരിച്ചു ലഭിക്കുമെന്നും ധനമന്ത്രി വിശദീകരിച്ചു.

നീതി ആയോഗ്‌ തയ്യാറാക്കിയ ദേശീയ ധനസമാഹരണ പദ്ധതിയുടെ (നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍-എന്‍.എം.പി) വിവരങ്ങളടങ്ങിയ രണ്ട്‌ വാള്യങ്ങള്‍ പുറത്തിറക്കിയാണ്‌ ധനമന്ത്രിയുടെ പ്രഖ്യാപനം.

ബജറ്റില്‍ പ്രഖ്യാപിച്ച ഏകദേശം 43 ലക്ഷം കോടിയോളം വരുന്ന ആസ്‌തി വില്‍പ്പനയുടെ 14 ശതമാനം വരുന്നതാണിവ. വെയര്‍ഹൗസിങ്‌, ഖനനം, വ്യോമയാനം, തുറമുഖം, സ്റ്റേഡിയങ്ങള്‍, നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ്‌ സ്വത്തുക്കള്‍ എന്നിവയടക്കം വിറ്റഴിക്കുന്നതില്‍ ഉള്‍പ്പെടും.

ഉയര്‍ന്ന നിലവാരമുളളതും ചെലവ്‌ താങ്ങാനാവുന്നതുമായ സൗകര്യങ്ങള്‍ സാധാരണക്കാരന്‌ ലഭ്യമാക്കാനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

ധനസമാഹാരത്തിലൂടെ നിര്‍മ്മാണവും അടിസ്ഥാനസൗകര്യ വികസനത്തില്‍ സ്വകാര്യ മേഖലയുടെ സമ്പത്തുപയോഗപ്പെടുത്തുകയുമാണ്‌ ഉദ്ദേശിക്കുന്നത്‌.

തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കല്‍, സാമ്പത്തിക വളര്‍ച്ച, ജനക്ഷേമത്തിനായി ഗ്രാമ-അര്‍ധ നഗര സംയോജനം എന്നിവ ആസ്‌തി വില്‍പ്പനയിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഈയിടെ സംസ്ഥാനങ്ങള്‍ക്ക്‌ മൂലധനച്ചെലവിനായി പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക പാക്കേജ്‌ ഇത്തരത്തിലുളള തായിരുന്നെന്നും ഇതുവഴി തീര്‍ത്തും നവീനമായ പദ്ധതികള്‍ക്ക്‌ (ഗ്രീന്‍ഫീല്‍ഡ്‌) തുടക്കം കുറിക്കാന്‍ സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ദേശീയ ധനസമാഹരണ പദ്ധതി വിജയിപ്പിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന്‌ നീതി ആയോഗ്‌ സി.ഇ.ഒ അമിതാഭ്‌കാന്ത്‌ പറഞ്ഞു. പദ്ധതികള്‍ ഏതൊക്കെയാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. മികച്ച പ്രവര്‍ത്തനത്തിനും പരിപാലനത്തിലും സ്വകാര്യ മേഖല വളരെ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആസ്‌തി വില്‍പ്പന ഇങ്ങനെ

റോഡുകള്‍ 1,60,200 കോടി. 27 ശതമാനം. ആകെ 1,21,155 കിലോമീറ്റര്‍ റോഡാണ്‌ സ്വകാര്യ മേഖലയ്‌ക്ക്‌ കൈമാറുക. ഇതിന്റേ 22 ശതമാനം നാല്‌ വര്‍ഷത്തിനകം. ദക്ഷിണേന്ത്യയില്‍ 28 മേഖലകളിലായി 1931 കിലോമീറ്റര്‍ കേരളത്തിലില്ല.
റെയില്‍വേ (1,52,496 കോടി) 400 റെയില്‍വേ സ്റ്റേഷനുകള്‍. 90 യാത്രാവണ്ടികള്‍, കൊങ്കണ്‍ റെയില്‍വേയുടെ 741 കിലോമീറ്റര്‍ 15 റെയില്‍വേ സ്റ്റേഡിയങ്ങളും തിരഞ്ഞെടുത്ത റെയില്‍വേ കോളനികളും. മൊത്തം ആസ്‌തി വില്‍പ്പനയുടെ 26 ശതമാനം.
സ്റ്റേഡിയം- രണ്ട്‌ ദേശീയ സ്റ്റേഡിയങ്ങളും രണ്ട്‌ പ്രാദേശിക സ്റ്റേഡിയങ്ങളും. 11,4500 കോടി. ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഇതില്‍ ഉള്‍പ്പെടും.
വ്യോമയാനം- 25 വിമാനത്താവളങ്ങള്‍. 20,782 കോടി സമാഹരിക്കും. 18 ശതമാനം. കോഴിക്കോട്‌ വിമാനത്താവളത്തിനു പുറമേ കോയമ്പത്തൂര്‍, ചെന്നൈ, തിരുപ്പതി എന്നിവയും ഉള്‍പ്പെടും.
ടെലികോം-35,100 കോടി. വെയര്‍ ഹൗസിങ്‌-28,900 കോടി. ഊര്‍ജ്ജ വിതരണ മേഖല - 45,200 കോടി. ഖനനം-28,747 കോടി. ഊര്‍ജോത്‌പാദന മേഖല-39,832 കോടി. പ്രകൃതി വാതക പൈപ്പ്‌ ലൈന്‍-24,462 കോടി. തുറമുഖം-12,828 കോടി. പ്രോഡക്‌ട്‌ പൈപ്പ്‌ലൈന്‍, മറ്റുളളവ 22,504 കോടി. അര്‍ബന്‍ റിയല്‍ എസ്റ്റേറ്റ്‌-15,000 കോടി. റോഡ്‌, റെയില്‍വേ, ഊര്‍ജ്ജം, എണ്ണ-വാതക പൈപ്പ്‌ലൈന്‍, ടെലികോം മേഖലകള്‍ മാത്രം ഇതില്‍ 83 ശതമാനവും വരും. ഈ വര്‍ഷം മാത്രം ഇതിന്റെ 15 ശതമാനം - 0.88 ലക്ഷം കോടി സമാഹരിക്കും. ആദ്യവര്‍ഷം 88190 കോടി, രണ്ടാംവര്‍ഷം162422 കോടി, മൂന്നാം വര്‍ഷം- 179544 കോടി, നാലാംവര്‍ഷം- 167345 കോടി എന്ന കണക്കിലാണിത്‌.

Post your comments