Global block

bissplus@gmail.com

Global Menu

മൻമോഹനോണമിക്സിന് 30 വയസ്സ്

 

ലോക രാഷ്‌ട്രങ്ങള്‍ കോവിഡ്‌ പ്രതിസന്ധിയില്‍ ആടിയുലയുമ്പോള്‍ ഇന്ത്യന്‍ സമ്പദ്‌ഘടന വലിയ പോറല്‍ ഏല്‍ക്കാതെ നിലനില്‍ക്കാനുളള കാരണം 1991 ല്‍ നരസിംഹറാവു മന്‍മോഹന്‍ സിങ്‌ എന്നിവര്‍ ചേര്‍ന്ന്‌ നടപ്പാക്കിയ ലിബറലൈസേഷന്‍ നയങ്ങള്‍ തന്നെ. ലൈസന്‍സ്‌ രാജ്‌ അവസാനിപ്പിച്ച്‌ ഇന്ത്യന്‍ വിപണി തുറന്ന്‌ കൊടുത്തിട്ട്‌ 30 വര്‍ഷം പിന്നിടുമ്പോള്‍ ഭാരതം സര്‍വ്വ മേഖലയിലും ലോക ശക്തിയായി പരിണമിച്ച്‌ കഴിഞ്ഞു. മിക്‌സഡ്‌ ഇക്കണോമിയില്‍ നിന്ന്‌ ഓപ്പണ്‍ ഇക്കണോമി ആയപ്പോള്‍ രാജ്യത്തെ 30 കോടി പേരുടെ പട്ടിണി ഇല്ലാതായി. ടാറ്റ, റിലയന്‍സ്‌, ഇന്‍ഫോസിസ്‌, വിപ്രോ, മഹീന്ദ്ര, തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ മള്‍ട്ടി നാഷണല്‍ കമ്പനികളായി മാറി; അംബാസിഡറും, മാരുതിയും, മാത്രം നിറഞ്ഞു നിന്ന ഇന്ത്യന്‍ വീഥികള്‍ ഹോണ്ട, ടയോട്ട, ഹ്യൂണ്ടായ്‌, ഫോക്‌സ്‌വാഗണ്‍ തുടങ്ങി കിയ ഉള്‍പ്പെടെയുളള വാഹനങ്ങള്‍ ഇന്ന്‌ നിറഞ്ഞ്‌ നില്‍ക്കുന്നു. കാര്‍, ഐ ടി, ഇഞ്ചിനീയറിംഗ്‌, മൊബൈല്‍ ഫോണ്‍ മാനുഫാക്‌ചറിംങ്‌, തുടങ്ങി സര്‍വ്വ മേഖലയിലും ഇന്ത്യ ലോക രാഷ്‌ട്രങ്ങള്‍ക്കിടയില്‍ നിറ സാന്നിദ്ധ്യമായി.

ലൈസൻസ് രാജ് അവസാനിച്ചിട്ട്  30 വര്ഷം 

ആപ്പിളിന്റെ ഐഫോണോ, ഐപാഡോ ഇല്ലാതെ സഖാക്കള്‍ കേരളത്തില്‍ പോലും ഇല്ല. ബി.എസ്‌.എന്‍.എല്‍ നെ സ്വകാര്യവല്‍ക്കരിക്കുന്നതിന്‌ എതിര്‍ത്ത സോഷ്യലിസ്റ്റുകള്‍ റിലയന്‍സ്‌ ജിയോയുടെ, എയര്‍ടെലിന്റെ സൗകര്യങ്ങള്‍ യഥേഷ്‌ടം ഉപയോഗിക്കുന്നു. ദൂരദര്‍ശന്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെ എതിര്‍ത്ത ഇടതുപക്ഷക്കാര്‍ സ്വന്തം ചാനലുകള്‍ തുടങ്ങി.

കമ്പ്യൂട്ടര്‍ വല്‍ക്കണത്തെ എതിര്‍ത്ത കമ്മ്യൂണിസ്റ്റുകാര്‍ ഐടി പാര്‍ക്കുകളെക്കുറിച്ചു, ഐടി കോറിഡോറുകളെ കുറിച്ചും വാതോരാതെ സംസാരിക്കുന്നു. വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിനെതിരെ സമരം ചെയ്‌ത ഇടതുപക്ഷം കണ്ണൂരില്‍ സ്വകാര്യ പങ്കാളിത്തത്തോട്‌ കൂടി ലോകോത്തര എയര്‍പോര്‍ട്ട്‌ നിര്‍മ്മിച്ച്‌ കഴിഞ്ഞു. 1991 ല്‍ അന്നത്തെ ധനമന്ത്രി സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കിക്കൊണ്ട്‌ 'ഈ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ irreversible' എന്ന്‌ പ്രഖ്യാപിച്ചത്‌ മൂന്ന്‌ പതിറ്റാണ്ടിനിപ്പുറം അക്ഷരാര്‍ത്ഥത്തില്‍ ശരിയായി.

ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ഒരു പ്രമുഖ ഇടതുപക്ഷ നേതാവ്‌ പ്രസംഗിക്കുന്നു. വിഷയം മന്‍മോഹന്‍ സിങ്ങിന്റെ 1999-ജൂലൈ 24 ബജറ്റ്‌ ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്നിവയ്‌ക്കെതിരെ സഖാവ്‌ കത്തിക്കയറുന്നു. ഓര്‍മ്മയില്‍ നിന്ന്‌ ചില വാക്കുകള്‍ ഇവിടെ കുറിയ്‌ക്കുന്നു.

"Long long ago a company named East India Company came to India for trade, they later become the rulers of India. They looted India and those capitalist took all our wealth." (വളരെ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനി എന്ന മൂലധന ശക്തി ഇന്ത്യയില്‍ കച്ചവടം ചെയ്യുവാന്‍ വന്നു. പില്‍ക്കാലത്ത്‌ അവര്‍ ഇന്ത്യയെ ഭരിക്കുകയും ഇന്ത്യയുടെ സ്വത്തുക്കള്‍ തട്ടിയെടുക്കുകയും ഇന്ത്യ അവരുടെ കോളനി ആവുകയും ചെയ്‌തു. അതുപോലെ ഈ ബജറ്റും നാളെ നമ്മളെ വിദേശ കോളനിയാക്കും.)

എന്നാല്‍ പില്‍ക്കാലത്ത്‌ സംഭവിച്ചത്‌

25 വര്‍ഷം കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ഇക്കണോമി തുറന്ന്‌ കൊടുത്തത്‌ കൊണ്ട്‌ (ലൈസന്‍സ്‌ രാജ്‌ അവസാനിച്ചത്‌ കൊണ്ട്‌) യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌ ഇന്ത്യ ഭരിച്ച ഈസ്റ്റ്‌ ഇന്ത്യ കമ്പനി മലയാളിയായ എം.എ.യൂസഫലി വിലയ്‌ക്ക്‌ വാങ്ങി. ഈ ചരിത്രങ്ങള്‍ എല്ലാം പഠന വിധേയമാക്കുമ്പോള്‍ മന്‍മോഹന്‍സിങ്‌ എത്ര ശരിയായിരുന്നു എന്ന്‌ ചിന്തിച്ച്‌ പോകും.

1990 കളുടെ തുടക്കം വി.പി സിംഗ്‌ ഗവണ്‍മെന്റ്‌ രാജിവെച്ച്‌ ചന്ദ്രശേഖര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. യശ്യന്ത്‌ സില്‍ഹയായിരുന്നു ധനകാര്യ മന്ത്രി. സാമ്പത്തിക പരാധീനത കാരണം അന്ന്‌ ഇന്ത്യയ്‌ക്ക്‌ 67 ടണ്‍ സ്വര്‍ണ്ണം യൂറോപ്യന്‍ ബാങ്കുകളില്‍ പണയം വയ്‌ക്കേണ്ടി വന്നു. ഈ കാലഘട്ടത്തില്‍ കോണ്‍ഗ്രസ്സ്‌ ചന്ദ്രശേഖര്‍ ഗവണ്‍മെന്റിനുളള പിന്തുണ പിന്‍വലിച്ചു. 1991 മെയ്‌ 21 ന്‌ രാജീവ്‌ ഗാന്ധി കൊല്ലപ്പെടുന്നു. സഹതാപ തരംഗത്തില്‍ നരസിംഹറാവുവിന്റെ നേതൃത്വത്തില്‍ ഒരു ന്യൂനപക്ഷ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നു. ധനകാര്യ മന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യം വന്നപ്പോള്‍ ബുദ്ധിമാനായ റാവു വളരെ സുചിന്തിതമായി എടുത്ത ഒരു തീരുമാനം ഇതായിരുന്നു. അന്നത്തെ സാമ്പത്തിക പ്രതിസന്ധി മറി കടക്കുവാന്‍ ഒരു വഴി മാത്രമേയുളളൂ. രാഷ്‌ട്രീയക്കാരന്‌ പകരം ഒരു സാമ്പത്തിക ശാസ്‌ത്രജ്ഞനെ ധനകാര്യ മന്ത്രിയാക്കുക. ഈ ദിശയില്‍ 86-88 കാലഘട്ടത്തില്‍ രാജീവ്‌ ഗാന്ധിയും ചില സാമ്പത്തിക നയങ്ങള്‍ക്ക്‌ തുടക്കം കുറിച്ചിരുന്നു. അന്ന്‌ രാജീവിന്‌ വളരെ താല്‍പര്യമുളള ആളായിരുന്നു മന്‍മോഹന്‍ സിംഗ്‌. നരസറിംഹറാവു സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ധനമന്ത്രിയായി മന്‍മോഹന്‍ സിംഗിനെ നിയമിച്ചു. പിന്നെയെല്ലാം ചരിത്രം.

25 വര്‍ഷങ്ങള്‍ക്ക്‌ ശേഷം 128 കോടി ജനങ്ങളുളള ഇന്ത്യ ലോകത്തിന്‌ അവഗണിക്കുവാന്‍ സാധിക്കാത്ത സാമ്പത്തിക ശക്തിയായി.യൂറോപ്യന്‍ രാജ്യങ്ങള്‍ തകര്‍ന്ന്‌ തരിപ്പണമായപ്പോള്‍ ഇന്ത്യ തലയുയര്‍ത്തി നിന്നു. ഓയില്‍ ഇക്കണോമിയില്‍ തട്ടി ഗള്‍ഫ്‌ രാജ്യങ്ങള്‍ തകര്‍ന്നു. അമേരിക്കയെയും ചൈനയെയും കടത്തി വെട്ടി ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ഫോറിന്‍ ഡയറക്‌ട്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ (എഫ്‌.ഡി.ഐ) ലഭിക്കുന്ന രാജ്യമായി മാറി. ഇതിന്‌ പലതിനും നാം മന്‍മോഹന്‍ സിംഗിനോട്‌ കടപ്പെട്ടിരിക്കുന്നു.

ഇന്ത്യ 75-ാം സ്വാതന്ത്ര്യ ദറിനമാഘോഷറിക്കുമ്പോൾ ലിബറലൈസേഷൻ, ഗ്ലോബലൈസേഷൻ നയങ്ങൾക്ക് വയസ്സ് 30. 1999 ൽ 18-ാം സ്ഥാനത്ത് ആയറിരുന്ന ഇന്ത്യ ഇന്ന്  ജി. ഡി. പി നിരക്കിൽ ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്. 30 വർഷത്തിനിടയറിൽ ഇന്ത്യയുടെ ജി. ഡി. പി 9 ഇരട്ടി വളർച്ച രേഖപ്പെടുത്തി.

ചില കാര്യങ്ങൾ നാം ഓർക്കണം. 1991ലെ നരസിംഹറാവു സർക്കാരിന് കേവലഭൂരിപക്ഷമില്ലായിരുന്നു . 
മണ്ഡൽ, മസ്‌ജിദ്‌ പ്രശ്നങ്ങൾ രൂക്ഷം. പൂച്ചയ്ക്ക് മണി കെട്ടാൻ ആർക്കും 1991 ജൂലൈ 24 വരെ ധൈര്യമില്ലായറിരുന്നു. രാക്ഷസ ബുദ്ധിമാനായ നരസിംഹറാവു ധൈര്യമായി മുന്നോട്ടു പോകാൻ  മൻമോഹൻസിങ്ങിന് അനുമതി  നൽകി. രൂപയുടെ മൂല്യം കുറച്ചു, പുതിയ വാണിജ്യ നയം കൊണ്ടുവന്നു, ഇംപോർട്ട്- എക്സ്പോർട്ട് കരിനിയമങ്ങൾ പോളിച്ചെഴുതി, നിക്ഷേപം കൊണ്ടു വരാനായി പുതിയ വ്യാവസായിക നയം, മാർക്കറ്റ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു, ടാക്സുകൾ കുറച്ചു. ഒറ്റയടിക്ക് ഇന്ത്യൻ കോർപ്പറേറ്റുകൾ പോലും ചിന്തിക്കാത്ത മാറ്റങ്ങൾ. ഓഹരറി വിപണി കുതിച്ചു. ഹർഷദ്മേത്തയ 
പോലുള്ളവരുടെ ഒറ്റപ്പെട്ട ഓഹരി കുംഭകോണങ്ങൾ മാറ്റിവച്ചാൽ ആദ്യ അഞ്ചുവർഷം സാമ്പത്തിക പരിഷ്കാരങ്ങൾ വേഗം മുന്നേറി. 30 വർഷംകൊണ്ട് ഭാരതത്തിൻറെ ജിഡിപി ആറു ലക്ഷം കോടിയിൽ നിന്നും 200 ലക്ഷം കോടിയിലേക്ക് വളർന്നു എന്നതുതന്നെ സാമ്പത്തിക പരിഷ്കാരങ്ങളുടെ വിജയത്തെ സൂചിപ്പിക്കുന്നു. ഭാരതീയ ജീവിതശൈലി മാറ്റി വിദ്യാഭ്യാസമുള്ള ലോവർ അപ്പർ ക്ലാസ് സമൂഹം സൃഷ്ടിക്കപ്പെട്ടു. ടെക്നോളജിയുടെ വരവ്  പുതിയ ഒരു യുഗം നവ ഇന്ത്യയിൽ രൂപപ്പെടുത്തി.

2020 ല്‍ $2.7 ട്രില്ല്യണ്‍ എന്ന നിലയില്‍ എത്തി (1991 ല്‍ $266 ബില്ല്യണ്‍) ഇന്ത്യയുടെ ബഡ്‌ജറ്റ്‌ സൈസ്‌ 1991 ല്‍ 1.1 ലക്ഷം കോടി ആയിരുന്നത്‌ 2021 ല്‍ 34.5 ലക്ഷം കോടി ആയി. 30 ഇരട്ടി വര്‍ദ്ധന. ആളോഹരി വരുമാനം 5 ഇരട്ടി ആവുകയും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി ഭാരതം മാറുകയും ചെയ്‌തു. കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടില്‍ ഇന്ത്യയുടെ വിദേശ കരുതല്‍ ശേഖരം 620 ബില്ല്യണ്‍ ഡോളറാണ്‌. ഇന്ന്‌ നേരിട്ടുളള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഭാരതം ലോക രാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഒന്നാം സ്ഥാനത്താണ്‌. 30 കോടി പൗരന്‍മാരുടെ പട്ടിണിയകറ്റാന്‍ രാജ്യത്തിന്‌ ഇക്കാലയളവില്‍ സാധിച്ചു എന്നതാണ്‌ ഏറ്റവും വലിയ നേട്ടം. വിരോധാഭാസം എന്ന്‌ പറയട്ടെ പാവപ്പെട്ടവരും പണക്കാരും തമ്മിലുളള അന്തരം വര്‍ദ്ധിച്ചു. ലിബറലൈസേഷന്‍ നയങ്ങള്‍ ലക്ഷക്കണക്കിന്‌ ഇന്ത്യന്‍ ശതകോടീശ്വരന്‍മാരെ സൃഷ്‌ടിച്ചു എന്നതും കാണാതിരിക്കാന്‍ വയ്യ.

തോമസ്‌ ഐസക്കും ഇടതുപക്ഷ ചിന്തകന്‍മാരും എന്തൊക്കെ പറഞ്ഞാലും 1991 ല്‍ നരസിംഹ റാവുവും മന്‍മോഹന്‍ സിംഗും ചേര്‍ന്ന്‌ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ്‌. കടത്തിലും സ്വര്‍ണ്ണപ്പണയത്തിലും അകപെട്ട്‌ രാജ്യം സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ്‌ ഡോ.മന്‍മോഹന്‍ സിംഗ്‌ ഓപ്പണ്‍ ഹാര്‍ട്ട്‌ സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കിയത്‌. രണ്ടാംഘട്ട ലിബറലൈസേഷന്‌ തയ്യാറെടുക്കുന്നവര്‍ക്ക്‌ ഊര്‍ജ്ജം പകരുന്നത്‌ 1991 ല്‍ നടപ്പിലാക്കിയ ഒന്നാം ലിബറലൈസേഷന്‍ ആണ്‌ എന്ന്‌ നിസംശയം പറയാം.

എന്നാൽ നാണയത്തിന്റെ  മറ്റൊരുവശം കാണാതെ പോകാൻ സാധിക്കില്ല. 2017 ന് ശേഷം ഇന്ത്യയുടെ സമ്പദ്ഘടന ഗ്രാഫ് താഴോട്ട് പോയി . covid-19 ഇന്ത്യൻ എക്കണോമിയെ വരിഞ്ഞുമുറുക്കി എന്ന് വേണം പറയാൻ. കോടിക്കണക്കിന് പൗരൻമാർക്ക് വരുമാനം ഇല്ലാതെയായി. നിരവധി സഹോദരങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു പതിനായിരക്കണക്കിന് സ്ഥാപനങ്ങളും നിശ്ചലമായി.  2021 സാമ്പത്തിക പരിഷ്കാരങ്ങൾ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ GDP മാറ്റിവെച്ച് GNH (Gross National Happiness) ന് കേന്ദ്രസർക്കാർ തയ്യാറാവണം. പൗരന്മാരുടെ സന്തോഷം ആവണം ഇനി നമ്മുടെ ലക്ഷ്യം. തൊഴിൽ വിദ്യാഭ്യാസം ആരോഗ്യം എന്നിവയ്ക്ക് ഊന്നൽ നൽകണം, കോൺഗ്രസ് മുന്നോട്ടുവെച്ച ന്യായ് പദ്ധതി (മിനിമം തുക അക്കൗണ്ടിൽ നിക്ഷേപിക്കുക)യെ പറ്റി എല്ലാ സംസ്ഥാന സർക്കാരുകളും വളരെ ഗൗരവമായി പരിശോധിക്കണം. 138 കോടി വരുന്ന മാനവശേഷി ആണ് ഇന്ത്യയുടെ സമ്പത്ത് എന്ന തിരിച്ചറിവ് നാം ഏവർക്കും ഉണ്ടാവണം. GNH നടപ്പാക്കാൻ ആവട്ടെ അടുത്ത ഘട്ട പരിഷ്കരണങ്ങൾ. 138 കോടി ജനതയുടെ ജീവിതം നിലവാരം ഒരടി മുന്നോട്ടു പോയാൽ ഭാരതം 138 കോടി അടി മുന്നോട്ടു പോകും . അങ്ങനെ സംഭവിച്ചാൽ ഇന്ത്യ ചൈനയെക്കാൾ വലിയ സാമ്പത്തികശക്തിയായി  മുന്നേറും എന്നുള്ള കാര്യത്തിൽ ഒരു സംശയവും വേണ്ട.

Post your comments