Global block

bissplus@gmail.com

Global Menu

മെരുങ്ങാത്ത ജി.എസ്.ടി.

 

രാജ്യമൊട്ടാകെ ഒരേ നികുതി ഘടന സാദ്ധ്യമാക്കിയതും, നികുതിനിരക്കൂകൾ ഏകീകരിച്ചതും, സംസ്ഥാനങ്ങൾ തമ്മിൽ മുൻ കാലങ്ങളിൽ ഉണ്ടായിരുന്ന നികുതിനിരക്ക് യുദ്ധം ഒഴിവായതും, രാജ്യത്താകമാനമുള്ള ചെക്ക്പോസ്റ്റുകൾ ഇല്ലാതായതും മറ്റും ജി.എസ്.ടി. നിയമം നടപ്പിലാക്കിയതു കൊണ്ടുണ്ടായ വളരെ വലിയ മാറ്റങ്ങൾ തന്നെയാണ്.

2017 ജൂൺ 30 അർദ്ധരാത്രി ഭാരതത്തിൻ്റെ രണ്ടാം സ്വാതന്ത്ര്യമായി പ്രഖ്യാപിച്ചുകൊണ്ട്, നമ്മുടെ പ്രധാന മന്ത്രി ശ്രീ. നരേന്ദ്ര മോഡി, ജി.എസ്.റ്റി. യെ വിവരിച്ചത് ഗുഡ് ആൻഡ് സിമ്പിൾ ടാക്സ് എന്നാണ്.

'ഒരു രാജ്യം, ഒരു നികുതി' എന്ന ഉദാത്തമായ ലക്ഷ്യം ഒരു പരിധിവരെ സാക്ഷാത്ക്കരിക്കപ്പെട്ടു എന്ന് കരുതാമെങ്കിലും,  ജി.എസ്.റ്റി. നിയമം നിലവിൽ വന്നിട്ട്, 4 വർഷം പിന്നിട്ടു കഴിഞ്ഞിരിക്കുന്ന ഈ അവസരത്തിൽ, നാം എവിടെ നിൽക്കുന്നു എന്ന് ഒന്ന് പരിശോധിക്കാം.

I) കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ (2021 ജൂലൈ 1 വരെ) ജി.എസ്.റ്റി. നിയമത്തിലും മറ്റും കൊണ്ടുവരപ്പെട്ട മാറ്റങ്ങൾ ഒന്ന് പരിശോധിക്കാം:

1) ഐ. ജി.എസ്.റ്റി. നിയമ ഭേദഗതി - 4

2) സി.ജി.എസ്.റ്റി നിയമ ഭേദഗതി - 6

3) സി.ജി.എസ്.ടി. റൂൾസ് ഭേദഗതി - പാർട്ട് എ - 55

4) സി.ജി.എസ്.ടി. റൂൾസ് ഭേദഗതി - പാർട്ട് ബി - 57

5) സെൻട്രൽ ടാക്സ് നോടിഫിക്കേഷൻസ് - 354

6) സെൻട്രൽ ടാക്സ്  (റേറ്റ്)  നോട്ടിഫിക്കേഷൻസ് - 116

7) ഐ.ജി.എസ്.ടി. നോട്ടിഫിക്കേഷൻസ് - 29

8) ഐ.ജി.എസ്.ടി. (റേറ്റ്) നോട്ടിഫിക്കേഷൻസ് - 119

9) കോമ്പൻസേഷൻ സെസ്സ് നോട്ഫിക്കേഷൻസ് - 3

10) കോമ്പൻസേഷൻ സെസ്സ് (റേറ്റ്) നോട്ടിഫിക്കേഷൻസ് - 12

11) ജി.എസ്.ടി. സർക്കുലറുകൾ - 156

12) ജി.എസ്.ടി. ഓർഡറുകൾ - 18

13) ഓർഡിനൻസുകൾ - 5

14) ഇൻസ്ട്രക്ഷൻസ് - 1

15) റിമൂവൽ ഓഫ് ഡിഫിക്കൽറ്റീസ് ഓർഡറുകൾ -11

ആകെ 946 ഭേദഗതികൾ ഇക്കാലയളവിൽ ഉണ്ടായി. ഇതു കൂടാതെ, കേന്ദ്ര-സംസ്ഥാന ധനകാര്യ വകുപ്പുകൾ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ, സർക്കുലറുകൾ, നോട്ടിഫിക്കേഷനുകൾ വേറേയുമുണ്ട്. സി.ജി.എസ്.ടി. നിയമങ്ങൾ, ചട്ടങ്ങൾ, ഓർഡറുകൾ, നോട്ടിഫിക്കേഷനുകൾ മുതലായവയ്ക്കെല്ലാം, തത്തുല്യമായി, സംസ്ഥാന സർക്കാരുകളും ഭേദഗതി വരുത്തേണ്ടതുണ്ട്. (2021 ജൂലൈ 1 മുതൽ നാളിതുവരെ പുറപ്പെടുവിച്ചിട്ടുള്ള ഭേദഗതികൾ കൂടി ഉൾപ്പെടുത്തിയാൽ ഇത് 1000 കവിയും.)

മേൽ പറഞ്ഞ ഭേദഗതികൾ ബാധകമായ തീയതികളും, കാലങ്ങളും മനസ്സിലാക്കി വേണം, ഒരു നികുതി ദായകൻ, നികുതി ഖജനാവിലേയ്ക്ക് അടയ്ക്കേണ്ടത്. ഇതിൽ എന്തു വീഴ്ച ഉണ്ടായാലും, ഓരോ വീഴ്ചയ്ക്കും, 18 മുതൽ 24 ശതമാനം പലിശയ്കു പുറമേ, 50,000 രൂപ വരെ പിഴ ഈടാക്കുന്ന തരത്തിലാണ് ജി.എസ്.ടി. നിയമത്തിലെ വകുപ്പുകൾ എന്നു കാണാം. 

ജി.എസ്.ടി. നിയമത്തിലേയും, ചട്ടങ്ങളിലേയും, തുടർന്നുള്ള ഭേദഗതികളിലേയും വകുപ്പുകൾ പരിശോധിച്ചാൽ, ഈ നിയമത്തെ 'സിമ്പിൾ' എന്ന് പറയുവാൻ സാദ്ധ്യമല്ലാ എന്നു തന്നെ പറയുവാൻ കഴിയും.

II) ഈ നാലു വർഷങ്ങൾ കൊണ്ട്, ജി.എസ്.ടി. വരുമാനത്തിൽ ഉണ്ടായ വർദ്ധനവ് പരിശോധിക്കാം.  

ജി.എസ്.ടി. നടപ്പിൽ വരുത്തിയ വർഷമായ 2017-18 ലെ വരുമാനം, 9 മാസത്തേയ്ക്ക് 7,19,078 കോടി രുപ ആയിരുന്നു. അത് ഒരു വർഷത്തേയ്ക്ക് കണക്കാക്കിയാൽ, 9,58,770  കോടി രൂപ വരും. 2018-19 ൽ ആകെ വരുമാനം 11,77,370 കോടി രൂപ. അതായത്, 22.8 ശതമാനം വളർച്ച. 2019-20 വർഷത്തെ വരുമാനം 12,22,117 കോടി രൂപ. മുൻ വർഷത്തേയ്ക്കാൾ, 3.80 ശതമാനം വർദ്ധനവ്. 2020-21 ൽ വരുമാനം 11,36,803 കോടി രൂപ. വരുമാനത്തിൽ കുറവ് 6.98 ശതമാനം.

2021 ഏപ്രിൽ - മെയ് മാസങ്ങളിലെ ആകെ വരുമാനം 2,44,093 കോടി രൂപ. 2020 ഏപ്രിൽ-മെയ് മാസങ്ങളിലെ വരുമാനമായ 94,323 കോടി രൂപയെക്കാൾ 158.78 ശതമാനം വർദ്ധനവ്. 2020 ഏപ്രിൽ-മെയ് മാസങ്ങളിൽ കോവിഡ് മൂലമുണ്ടായ സമ്പൂർണ്ണ ലോക്ക്ഡൗൺ നിമിത്തം, നികുതിവരുമാനത്തിൽ ഗണ്യമായ കുറവുണ്ടായി. 2019 എപ്രിൽ-മെയ് മാസങ്ങളിലെ ആകെ വരുമാനമായ 2,14,154 കോടി രൂപയെക്കാൾ, 2021 ഏപ്രിൽ-മെയ് മാസങ്ങളിൽ ഉണ്ടായിട്ടുള്ളത് 29,939 കോടി രൂപയുടെ വർദ്ധനവ്. അതായത് രണ്ടു വർഷംകൊണ്ട് 14 ശതമാനം വർദ്ധനവ്.

ജി.എസ്.ടി. നിലവിൽ വരുന്നതിനു മുൻപ്, ഇപ്പോൾ ജി.എസ്.ടി. യിൽ ലയിപ്പിക്കപ്പെട്ടിട്ടുള്ള നികുതികളിൽ നിന്നുള്ള രാജ്യത്തെ ആകെ വരുമാനം 96,000 കോടി ആയിരുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.  ജി.എസ്.ടി. നിലവിൽ വരുന്നതിനു മുൻപ്, വർഷാവർഷം ഉണ്ടായിരുന്ന നികുതി വളർച്ച 10 മുതൽ 15 ശതമാനം വരെയായിരുന്നു. ഇത് കണക്കിലെടുത്താണ്, ജി.എസ്.ടി. നിലവിൽ വരുമ്പോൾ, സംസ്ഥാനങ്ങൾക്ക് നികുതി വരുമാനത്തിൽ ഉണ്ടായേക്കാവുന്ന കുറവ് പരിഹരിക്കുന്നതിനായി, 14 ശതമാനം വരുമാന വർദ്ധനവ് കണക്കാക്കി,     ജി.എസ്.ടി. യുടെ ആദ്യ 5 വർഷക്കാലത്തേയ്ക്ക്, കേന്ദ്രം സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാമെന്ന് ധാരണയായതും, ആയതിനായി കോമ്പൻസേഷൻ സെസ്സ് ഏർപ്പെടുത്തിയതും. അങ്ങനെ വർഷാവർഷം, 15 ശതമാനം വർദ്ധനവ് കണക്കാക്കിയാൽ, 2020-21 വർഷത്തിൽ 15,57,071 കോടി രൂപ നികുതി ഇനത്തിൽ ലഭിക്കേണ്ടതായിരുന്നു. ഈ വിധത്തിൽ ചിന്തിച്ചാൽ, ജി.എസ്.ടി. നടപ്പിൽ വരുത്തിയതിനാൽ, സ്വാഭാവികമായി തന്നെ ലഭിക്കുമായിരുന്ന നികുതിയെക്കാൾ, 20-25 ശതമാനത്തോളം ഇടിവ് ആണ് ജി.എസ്.ടി. നടപ്പിൽ വരുത്തിയതുകൊണ്ട് ഉണ്ടായിട്ടുള്ളത് എന്നു കരുതേണ്ടി വരും.

ആയതിനാൽ, ഈ നിയമത്തെ 'ഗുഡ്' എന്ന് വിശേഷിപ്പിക്കുവാൻ സാധിക്കും എന്നു തോന്നുന്നില്ല.

III)  ജി.എസ്.ടി. നികുതി പിരിവ് കഴിഞ്ഞ മാസങ്ങളിൽ തുടർച്ചയായി 1 ലക്ഷം കോടി കടക്കുന്നു:

പാർലമെൻ്റിൻ്റെ അനുവാദമില്ലാതെ നിയമങ്ങളിൽ ഭേദഗതികൊണ്ടു വന്നും, നിലവിലുള്ള ജി.എസ്.ടി. നിയമത്തിലെ വകുപ്പുകൾക്കു വിരുദ്ധമായി ചട്ടങ്ങൾ കൊണ്ടുവന്നും, അവർ ചർക്കുകളും സേവനങ്ങളും വാങ്ങിയപ്പോൾ,  വ്യാപാരി-വ്യവസായികൾക്ക് ന്യായമായും ലഭിക്കേണ്ട ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജി.എസ്.ടി. നിയമത്തിലെ സെക്ഷൻ 16 ലെ ഭേദഗതി, ചട്ടം 36 ലെ ഭേദഗതി, ചട്ടം 86 ലെ ഭേദഗതി എന്നിവ ഉദാഹരണങ്ങളാണ്. ഇത്തരത്തിൽ, നിഷേധിക്കപ്പെട ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് മൂലം, നികുതിവരുമാനത്തിൽ ഉണ്ടായിട്ടുള്ള വർദ്ധനവിൻ്റെ കണക്കുകൾ ലഭ്യമല്ല.

ജി.എസ്.ടി. നിയമം നിലവിൽ വന്ന സമയത്ത്, ചരക്ക് അല്ലെങ്കിൽ സേവനം സ്വീകരിക്കുന്ന വ്യക്തിക്കും, ചരക്ക് അല്ലെങ്കിൽ സേവനം നൽകുന്ന വ്യക്തിക്കും, തങ്ങളുടെ റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്ത്, പരസ്പരം കണക്കുകൾ പരിശോധിച്ച്, തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തി, റിട്ടേണുകൾ സമർപ്പിക്കുന്നതിനും, തങ്ങൾക്ക് അവകാശപ്പെട്ട ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുന്നതിന് അവസരവുമുണ്ടായിരുന്നു. എന്നാൽ, അവയിലെ പല വകുപ്പുകളും മരവിപ്പിക്കുകയും, പുതിയ ചട്ടങ്ങൾ ഏർപ്പെടുത്തിയും, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നിഷേധിക്കുന്നത്, സാമാന്യ നീതിയ്ക്ക് നിരക്കാത്തതാണ്.

ഇതുകൂടാതെ, മുൻ കാലങ്ങളിൽ, സേവൻ മേഖലയിൽ മാത്രം ഉണ്ടായിരുന്ന ടി.ഡി.എസ്. / ടി.സ്.എസ്. എന്നിവ വില്പന മേഖലയിലും ഏർപ്പെടുത്തി, വില്പനയുടെ ഓരോ പടിയിലും, 0.1 % നികുതി പിരിച്ച്, കേന്ദ്ര സർക്കാരിലേയ്ക്ക് അടയ്ക്കേണ്ടുന്ന സ്ഥിതിയും ഉളവായിട്ടുണ്ട്. നിർമ്മാതാവ്, സി & എഫ് ഏജൻ്റ്, സൂപ്പർ സ്റ്റോക്കിസ്റ്റ്, വിതരണക്കാരൻ ഇന്നിങ്ങനെ നാലു തട്ടുകളിലായി ഒരേ ഉല്പന്നത്തിന്  0.4 ശതമാനം വരെ നികുതി ഈ ഇനത്തിൽ പിരിക്കപ്പെടുന്നു.

IV)  നിയമ പരിപാലനം:

എ) നോട്ടീസുകൾ:

ജി.എസ്.ടി. വകുപ്പിൽ നിന്നും നികുതിദായകർക്ക് ജി.എസ്.ടി. പോർട്ടൽ വഴിയാണ് നോട്ടീസുകൾ ലഭ്യമാകുന്നത്. എന്നാൽ, ഈ നോട്ടീസുകൾ, ഒരേ പോർട്ടലിലെ 3 ഇടങ്ങളിൽ നിന്നാണ് ലഭ്യമാകുന്നത്. അവ 'വ്യൂ നോട്ടീസസ് ആൻ്റ് ഓർഡേഴ്സ്', അല്ലെങ്കിൽ 'വ്യൂ അഡീഷണൽ നോട്ടീസസ് / ഓർഡേഴ്സ്' അല്ലെങ്കിൽ 'മൈ ആപ്ലിക്കേഷൻസ്' എന്നിവയിൽ എവിടേയുമാകാം. ഓരോ തരം നോട്ടീസും ഓരോ ഇടത്തായിരിക്കും ലഭ്യമാകുക. നോട്ടീസ് അയച്ചിട്ടുള്ള വിവരം പോർട്ടലിലെ ഈ ഇടങ്ങളിലൂടെയല്ലാതെ, നികുതിദായകന് അറിയുവാൻ മാർഗ്ഗമില്ലാത്തതിനാൽ, പലപ്പോഴും, നോട്ടീസുകൾക്ക് യഥാസമയം മറുപടി നൽകുവാൻ സാധിക്കാതെ വരുകയും, തന്മൂലം പിഴകൾ ഉൾപ്പെടെയുള്ള ശിക്ഷകൾ നേരിടേണ്ടി വരുകയും ചെയ്യുന്നുണ്ട്.

പരിഹാരം: 1) എല്ലാ നോട്ടീസുകളും പോർട്ടലിലെ ഒരേ ഇടത്ത് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.

                       2) നികുതിദായകരുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പർ / ഇ മെയിൽ അഡ്രസ്സ് എന്നിവയിൽ നോട്ടീസിനെ സംബന്ധിച്ചുള്ള അറിയിപ്പ് നൽകുക.

ബി) എച്ച്.എസ്.എൻ. കോഡ്:

രജിസ്റ്റേർഡ് വ്യാപാരി, ടാക്സ് ഇൻ വോയിസുകൾ നൽകുമ്പോൾ, അവരുടെ വാർഷിക വിറ്റുവരവ് അടിസ്ഥാനമാക്കി, അവർ വില്പന നടത്തുന്ന ഉല്പന്നങ്ങളുടെ എച്ച്. എസ്.എൻ. കോഡുകൾ, അതാതു ഉല്പന്നത്തിൻ്റെ കൂടെ ചേർക്കേണ്ടതുണ്ട്. പതിനായിരക്കണക്കിന്, ഉല്പന്നങ്ങളുടെ വിവരങ്ങൾ ഉൾക്കൊണ്ട എച്ച്,എസ്.എൻ. കോഡ് കൃത്യമായി കണ്ടെത്തി, അവ തങ്ങളുടെ ടാക്സ് ഇൻ വോയിസുകളിൽ ഉൾക്കൊള്ളിക്കുന്നതിന് ഒരു വ്യാപാരിയ്ക്ക് അസാദ്ധ്യമാണ്.

പരിഹാരം: ഒരു ഉല്പന്നത്തിൻ്റെ ഉൽപ്പാദകൻ അല്ലെങ്കിൽ ആദ്യ വില്പനക്കാരനിൽ മാത്രം എച്ച്.എസ്.എൻ. കോഡ് നൽകുന്ന വ്യവസ്ഥ പരിമിതപ്പെടുത്തുക.

സി) അഡ്വാൻസ് റൂളിംഗ് അതോറിറ്റി:

നികുതിദായകനെ സഹായിക്കുന്നതിനായി, നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള, അഡ്വാൻസ് റൂളിംഗ് അതോറിറ്റി, രാജ്യത്ത് ഒരിടത്തും കൃത്യമായി പ്രവർത്തിക്കുന്നില്ല. അതുതന്നെ, ഒരേ ചോദ്യത്തിന് ഓരോ സംസ്ഥാനത്തെയും അതോറിറ്റി, വിവിധ തരത്തിലുള്ള ഉത്തരവുകൾ ആണ് നൽകി വരുന്നത്. ഈ അതോറിറ്റിയുടെ  സംസ്ഥാന ട്രിബ്യൂണൽ, ദേശീയ ട്രൈബ്യൂണൽ എന്നിവ പ്രവർത്തന സജ്ജമായിട്ടില്ല എന്നത്, ഈ വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. അതോറിറ്റികളുടെ ഉത്തരവുകൾ മിക്കപ്പോഴും മാസങ്ങൾ കഴിഞ്ഞാണ് ലഭ്യമാകുന്നത്, എന്നുള്ളത്, ഒരു വ്യവസായത്തിൻ്റെ വളർച്ചയെത്തന്നെ ബാധിക്കുന്നുമുണ്ട്.

പരിഹാരം: അഡ്വാൻസ് റൂളിംഗ് അതോറിറ്റിയ്ക്ക് ഒരു പ്രവർത്തന മാർഗ്ഗരേഖ നടപ്പിൽ വരുത്തുകയും, രാജ്യത്തൊട്ടാകെ ഒരേ തരത്തിലുള്ള ഉത്തരവുകൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയോ, ഒരു വിഷയത്തിൽ ഏതെങ്കിലും ഒരു സംസ്ഥാനത്തെ അതോറിറ്റി ഒരു ഉത്തരവ് പുറപ്പെടുവിച്ചാൽ, ആയത്, കഴിയുന്നതും മറ്റ് സംസ്ഥാനങ്ങളിലേയും അതോറിറ്റികൾ അംഗീകരിക്കുകയോ ചെയ്യുന്നത്, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിന് അത്യന്താപേക്ഷിതമാണ്.

ഡി) ജി.എസ്.ടി. പോർട്ടൽ:

കഴിഞ്ഞ നാലു വർഷക്കാലം കൊണ്ട്, ജി.എസ്.ടി. പോർട്ടലിൽ വളരെ വലിയ മാറ്റങ്ങൾ ഉണ്ടായെങ്കിലും, പലപ്പോഴും. ജി.എസ്.ടി. കൗൺസിൽ പുറപ്പെടുവിക്കുന്ന തീരുമാനങ്ങൾക്കും, സർക്കാർ ഇറക്കുന്ന നോട്ടിഫിക്കേഷനുകൾക്കും അനുസൃതമായി പ്രവർത്തിക്കുവാൻ പോർട്ടലിന് സാധിക്കാതെ വരുന്നുണ്ട്. പോർട്ടലിൽ നടപ്പിലാക്കപ്പെട്ട കാര്യങ്ങൾക്കനുസരിച്ച്, നോട്ടിഫിക്കേഷൻ ഇറക്കുന്ന സ്ഥിതി വരെ ഉണ്ടായിട്ടുണ്ട്. റിട്ടേണുകളുമായി ബന്ധപ്പെട്ടും, അല്ലാതെയുമുള്ള ഫോമുകളിലെ, നിരന്തരമായ മാറ്റങ്ങൾ, നികുതിദായകർക്കും, വ്യാപാരി-വ്യവസായികൾക്കും, അക്കൗണ്ടൻ്റന്മാർക്കും, ടാക്സ് പ്രാക്ടേേഷണർമാർക്കും ഒരു വലിയ തലവേദനയായി മാറിയിട്ടുണ്ട്.

പരിഹാരം: 1) ജി.എസ്.ടി. കൗൺസിൽ, സർക്കാർ എന്നിവ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ അനുസരിച്ചുമാത്രം പോർട്ടൽ പ്രവർത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.

                       2) പോർട്ടലിലെ ഫോമുകളും, ടേബിളുകളും ലഘൂകരിക്കുകയും, ഒരു വർഷത്തേയ്ക്കെങ്കിലും മാറ്റമില്ലാതെ തുടരുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുക.

                       3) മാറ്റങ്ങൾ ഒരു വർഷാരംഭമായ ഏപ്രിലിൽ തന്നെ നടപ്പിൽ വരുത്തുകയും, ആയതിന് ഒന്നോ രണ്ടോ മാസം മുൻപ്, ഇതുമായി ബന്ധപ്പെട്ട എല്ലാവരേയും ബോധവൽക്കരണം നടത്തിയും, ട്രയൽ റൺ നടത്തി ഉറപ്പുവരുത്തുകയും ചെയ്യുക.

ഇ) അറിയിപ്പുകൾ:

നികുതി ദായകർ പുതുതായി രജിസ്റ്റർ ചെയ്തപ്പോഴും, അല്ലെങ്കിൽ മൈഗ്രേറ്റ് ചെയ്തപ്പോഴും അവരുടെ മൊബൈൽ നമ്പറുകൾ, ഇ-മെയിൽ അഡ്രസ്സുകൾ എന്നിവ നൽകിയിട്ടുണ്ട്. എന്നിരുന്നാലും, അവരുമായി ബന്ധപ്പെട്ട അറിയിപ്പുകളോ, നിയമങ്ങളിലെ മാറ്റങ്ങളോ, അവരുടെ ശ്രദ്ധയിൽപ്പെടുത്തപ്പെടുന്നില്ല.

പരിഹാരം: 1) ജി.എസ്.ടി. യുമായി ബന്ധപ്പെട്ട എല്ലാ അറിയിപ്പുകളും, നോട്ടീസുകളും നികുതിദായകർ നൽകിയിട്ടുള്ള മൊബൈൽ നമ്പറുകളിലും, ഇ മെയിൽ അഡ്രസ്സുകളിലും കാലാകാലങ്ങളിൽ അയയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.

എഫ്) ഫേസ് ലെസ് അസ്സസ്സ്‌മെൻ്റ്:

"മുഖ രഹിത നികുതി നിർണ്ണയം" അഥവാ "ഫേസ് ലെസ്സ് അസ്സസ്സ്‌മെൻ്റ്", തികച്ചും, സ്വാഗതാർഹമായ നടപടിയാണെങ്കിൽ തന്നെയും, സിസ്റ്റത്തിൽ നിന്നും ലഭിക്കുന്ന ഡേറ്റകളുടെ അടിസ്ഥാനത്തിൽ മാത്രം, നോട്ടീസുകൾ അയയ്ക്കുന്നതും, ഉത്തരവുകൾ പുറപ്പെടുവിക്കുന്നതും അഭിലഷണീയമല്ല. ഇങ്ങനെ നിരവധി നോട്ടീസുകൾ നികുതിദായകർക്ക് ലഭിച്ചുതുടങ്ങിക്കഴിഞ്ഞിടുള്ളതിനാൽ,സദുദ്ദേശ്യത്തോടെ നടപ്പിലാക്കിയ ഈ നടപടി "മനുഷ്യത്വ മുഖ രഹിത നികുതി നിർണ്ണയം" അഥവാ "ഹ്യൂമൻ ഫേസ് ലെസ്സ് അസ്സസ്സ്‌മെൻ്റ്" ആയി മാറിയിരിക്കുന്നു എന്നൊരു ആക്ഷേപം നിലനിൽക്കുന്നു.

പരിഹാരം: 1) തങ്ങൾ നൽകുന്ന നോട്ടീസുകൾക്കും, ഉത്തരവുകൾക്കും പൂർണ്ണമായും കമ്പ്യൂട്ടറുകൾ നൽകുന്ന വിവരങ്ങൾ മാത്രം അടിസ്ഥാനമാക്കാതെ, തികച്ചും യാന്ത്രികമായി പ്രവർത്തിക്കാതെ, തങ്ങളുടെ വിവേകബുദ്ധികൂടി ഉപയോഗിച്ച്, ഇവ പുറപ്പെടുവിച്ചാൽ, നികുതിദായകർക്ക് അത് വലിയ ഒരു ആശ്വാസമായിരിക്കും.

ജി) ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്:

തങ്ങൾ നികുതി നൽകി വാങ്ങിയ ചരക്കുകളിന്മേൽ, ഒരു നികുതിദായകന് അവകാശപ്പെട്ട ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നിഷേധിക്കുന്നതിനെതിരെ, നിരവധി ഹൈക്കോടതികളിൽ കേസ്സുകൾ നിലനിൽക്കുകയാണ്. ജി.എസ്.ടി. നിയമത്തിൻ്റെ 42 ആം വകുപ്പ് പ്രകാരം, നികുതി ദായകന് നൽകിയിരുന്ന ആനുകൂല്യം നടപ്പിലാക്കാതെ, ഇടക്കാലത്തുകൊണ്ടു വന്നിടുള്ള ജി.എസ്.ടി.ആർ 2എ, 2 ബി എന്നിവ മൂലം, അവർക്ക് ലഭിക്കേണ്ടുന്ന ഇൻപൂട് ടാക്സ് ക്രെഡിറ്റ് തടഞ്ഞുവെയ്ക്കുന്നത്, വ്യാപാരികൾക്കും വ്യവസായികൾക്കും, വളരെ വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുകയും, വിവിധ തരത്തിലൂള്ള നിയമക്കുരുക്കിലേയ്ക്ക് അവരെ വലിച്ചിഴയ്ക്കുകയും ചെയ്യുന്നുണ്ട്.

പരിഹാരം: ജി.എസ്.ടി.ആക്റ്റ് സെക്ഷൻ 42 പൂർണ്ണമായും നടപ്പിൽ വരുത്തുന്നതു വരെ, തങ്ങളുടെ കൈവശമുള്ള, നികുതി അടച്ച ടാക്സ് ഇൻ വോയിസിൻ്റെ അടിസ്ഥാനത്തിൽ, ചരക്ക് വാങ്ങിയ വ്യാപാരി-വ്യവസായിക്ക്, അവരുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമാക്കുക.

എച്ച്) വിവര ലഭ്യത:

ജി.എസ്.ടി. യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ എണ്ണം, റിട്ടേണുകൾ സമർപ്പിച്ചവരുടെ എണ്ണം, ആകെ ലഭ്യമായ നികുതി, ആകെ പിരിച്ച ലേറ്റ് ഫീ, ആകെ പിരിച്ച പലിശ മുതലായ വിവരങ്ങൾ 2019 ജൂലൈ മാസത്തിനു ശേഷം സി.ബി.ഐ.സി. യുടെ സൈറ്റിൽ ലഭ്യമല്ല.

പരിഹാരം: 1) സി.ബി.ഐ.സി. യുടെ സൈറ്റ് കൃത്യമായ ഇടവേളകളിൽ, കുറഞ്ഞത്, മാസത്തിൽ ഒരിക്കൽ, അപ്ഡേറ്റ് ചെയ്ത്, ഈ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കപ്പെടണം.

ജി.എസ്.ടി. നിയമങ്ങൾ ലഘൂകരിക്കുകയും, നികുതിദായകർക്ക് ഏറ്റവും ലളിതമായ രീതിയിൽ നികുതി പിരിക്കുന്നതിനും, റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം കൊണ്ടുവന്നില്ലെങ്കിൽ, ഈ നിയമം മൂലം ദുരിതം അനുഭവിക്കുന്ന ലക്ഷക്കണക്കിന് നികുതിദായകരെ സൃഷ്ടിക്കുന്നതായി തീരും, ഇന്ന് നിലവിലുള്ള ജി.എസ്.ടി. നിയമം എന്നതിൽ തർക്കമില്ല.

 

പി. വെങ്കിട്ടരാമ അയ്യർ
(ജി.എസ്.ടി. അഡ്വൈസർ & മുൻ സംസ്ഥാന പ്രസിഡൻ്റ്, ആൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസ്സിയേഷൻ)
ആലപ്പുഴ

Post your comments