Global block

bissplus@gmail.com

Global Menu

കേരളത്തെ പോലെ തമിഴ്‌നാടും കടക്കെണിയില്‍

കടക്കെണിയിലെന്ന്‌ തമിഴ്‌നാട്‌ ധനമന്ത്രി. ആളോഹരി കടം 1.10 ലക്ഷം രൂപ. ഒരോ കുടുംബവും 2,63,976 രൂപ കടക്കാര്‍

കേരള മോഡല്‍ വികസനം പലപ്പോഴും പുകഴ്‌ത്തപ്പെടാറുണ്ട്‌. എന്നാല്‍ സ്വയംപര്യാപ്‌തതയുടെയും അടിസ്ഥാനസൗകര്യവികസനത്തിന്റെയും മറ്റും കാര്യത്തില്‍ പലപ്പോഴും ഇകഴ്‌ത്തപ്പെടാറുമുണ്ട്‌. സാക്ഷരതയും ശുചിത്വവും ആരോഗ്യപരിപാലനവുമായാല്‍ എല്ലാമായോ? ആഹരിക്കുന്നതില്‍ എന്തെങ്കിലും ഇവിടെ നട്ടുണ്ടാക്കുന്നുണ്ടോ? സംരംഭകര്‍ക്കായി എന്തു ചെയ്യുന്നു? കൊവിഡ്‌ രണ്ടാംതരംഗകാലത്ത്‌ പണ്ടേ ദുര്‍ബല പിന്നെ ഗര്‍ഭിണിയും എന്ന മട്ടില്‍ വ്യാപാരിസമൂഹത്തോടുളള രാഷ്ട്രീയ-ഉദ്യോഗസ്ഥ-ഭരണകൂടങ്ങളുടെ സമീപനവും വിവാദങ്ങള്‍ സൃഷ്ടിച്ചു. പഴയ ചില മലയാളസിനിമകളുടെ സൂപ്പര്‍ ഡയലോഗുകള്‍ എടുത്ത്‌ സര്‍ക്കാരിനെയും സംവിധാനങ്ങളെയും കച്ചവടക്കാര്‍ ട്രോളുന്ന സ്ഥിതിയുമുണ്ടായി. അപ്പോഴൊക്കെ അവര്‍ ചൂണ്ടിക്കാട്ടിയത്‌ മാറുന്ന തമിഴകമണ്ണിനെയാണ്‌. അവിടത്തെ റോഡ്‌ കണ്ടോ, അവിടത്തെ തകരഷെഡ്ഡുകളില്‍ പോലും വ്യവസായങ്ങള്‍ നടക്കുന്നു. തമിഴന്‍ കൃഷി ചെയ്‌തില്ലെങ്കില്‍ നമുക്ക്‌ പച്ചക്കറിയുണ്ടോ,പൂവുണ്ടോ എന്തിന്‌ പൊളളാച്ചീന്ന്‌ വന്നില്ലെങ്കില്‍ കേരം തിങ്ങുന്ന നാട്ടില്‍ നാളികേരം വാങ്ങാന്‍ കിട്ടുമോ? ഉദ്യോഗസ്ഥ-രാഷട്രീയ ജാഡകളല്ലാതെ ഇവിടെ എന്തുണ്ട്‌? എന്ന മട്ടില്‍ ചോദ്യങ്ങളുടെ നിര നീളുകയാണ്‌. പക്ഷേ, ഇനി തമിഴ്‌നാടിനെ കാട്ടി അധികം ഞെളിയണ്ട എന്നാണ്‌ സമീപകാലവാര്‍ത്തകള്‍ നല്‍കുന്ന സൂചന. അതായത്‌ മാറിമാറിവരുന്ന രാഷ്ട്രീയക്കാര്‍ കേരളത്തെ എന്ന പോലെ തമിഴ്‌നാടിനെയും കുട്ടിച്ചോറാക്കിയിരിക്കുകയാണത്രെ. സംസ്ഥാനം കടക്കെണിയിലാണ്‌ പോലും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പിലെ പാകപ്പിഴകളും വരുമാനനഷ്ടവുമാണ്‌ തമിഴ്‌നാടിനെ കടക്കെണിയിലാക്കിയതെന്നാണ്‌ ഇപ്പോഴത്തെ സ്‌റ്റാലിന്‍ ഭരണകൂടത്തിന്റെ പക്ഷം. എന്തായാലും തമിഴ്‌നാട്‌ ധവളപത്രം പുറത്തിറക്കിയിരിക്കുകയാണ്‌.

ആഗസ്റ്റ്‌ 9ന്‌ പുറത്തിറക്കിയ ധവള പത്രത്തിന്റെ വിശദാംശങ്ങളിലൂടെ....

പതിനാറാം നിയമസഭയുടെ കാലാവധി ആരംഭിക്കുന്നതിന്‌ മുന്നോടിയായുളള 21.6.2021ലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലാണ്‌ തമിഴ്‌നാടിന്റെ നിലവിലെ സാമ്പത്തികസ്ഥിതിയെ കുറിച്ച്‌ ജനങ്ങളെയും സഭാംഗങ്ങളെയും അറിയിക്കുന്നതിനായി ധവളപത്രം പുറത്തിറക്കുമെന്ന പ്രഖ്യാപനമുണ്ടായത്‌. തുടര്‍ന്ന്‌ ആഗസ്റ്റ്‌ 9ന്‌ ധവളപത്രം പുറത്തിറക്കി. സാമ്പത്തികവികസനം ത്വരിതപ്പെടുത്തുക ഉത്തരവാദിത്വത്തോടെയാണ്‌ ഓരോ സര്‍ക്കാരും തിരഞ്ഞെടുക്കപ്പെടുന്നത്‌. അതായത്‌ തങ്ങളുടെ കാലത്ത്‌ കൂടുതല്‍ തൊഴിലവസരങ്ങളും ഉപജീവനമാര്‍ഗങ്ങളും സൃഷ്ടിക്കപ്പെടുമെന്ന്‌ ഉറപ്പുവരുത്തുന്നതിനും, ക്രമസമാധാന പരിപാലനം,നീതി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗതാഗതം, മറ്റ്‌ അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ പൊതുസേവനങ്ങള്‍ ഉറപ്പുവരുത്തേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്‌. അടിസ്ഥാന സൗകര്യവികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും സര്‍ക്കാരിന്റെ ഉത്തരവാദിത്വമത്രേ. ശരിയായ രീതിയിലുളള നികുതി സമാഹരണവും, അഴിമതി തുടച്ചുനീക്കലും വിഭവങ്ങളുടെ പാഴാക്കല്‍ കുറയ്‌ക്കുന്നതിനും അതത്‌ സര്‍ക്കാരുകള്‍ മുന്‍കൈയെടുത്തേ മതിയാവൂ. ഇതൊക്കെ ഏട്ടിലെ പശുവായാല്‍ മികച്ച ജീവിതം സ്വപ്‌നം കാണാന്‍ മാത്രമേ ജനത്തിന്‌ കഴിയൂ എന്നും ധവളപത്രത്തിന്റെ ആമുഖത്തില്‍ ധനമന്ത്രി പറയുന്നു.

വളരെയധികം സാധ്യതകളുള്ള സംസ്ഥാനമാണ്‌ തമിഴ്‌നാട്‌. ജനങ്ങള്‍ സാമ്പത്തിക വളര്‍ച്ചയിലും അഭിവൃദ്ധിയിലും മുന്‍പന്തിയില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക്‌ ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ലഭിച്ചാല്‍ മാത്രമേ വളര്‍ച്ച കൈവരിക്കാനാവൂ. തമിഴ്‌നാടിനായി പ്രയോഗിക്കേണ്ട അളവുകോലുകള്‍ വികസന സൂചകങ്ങള്‍ അല്ലെങ്കില്‍ സാമ്പത്തിക പാരാമീറ്ററുകള്‍ അഭിലഷണീയമാണോ എന്ന്‌ പരിശോധിക്കേണ്ടത്‌ അതത്‌ സര്‍ക്കാരുകളാണെന്നും അദ്ദേഹം അടിവരയിടുന്നുണ്ട്‌.

ഈ ധവളപത്രത്തിലൂടെ തമിഴ്‌നാടിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയും അത്‌ ഉയര്‍ത്തുന്ന വെല്ലുവിളികളെയും സാമ്പത്തിക അപകടസാധ്യതകളും ഡി.എം.കെ സര്‍ക്കാര്‍ നേരിടുന്ന ദുര്‍ബലതകളും ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും മുന്നില്‍ വയ്‌ക്കുകയാണെന്ന്‌ പറഞ്ഞുകൊണ്ടാണ്‌ തമിഴകത്തിന്റെ സാമ്പത്തികസ്ഥിതിയുടെ വശങ്ങളിലേക്ക്‌ ധനമന്ത്രി കടന്നത്‌.മാത്രമല്ല സുതാര്യഭരണം എന്ന മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നയത്തിന്റെ ഭാഗമാണ്‌ ധവളപത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി(എല്ലാക്കാര്യത്തിലും ഈ സുതാര്യത ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനെ).

പൂര്‍ണ്ണമായും കഴിഞ്ഞ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ധവളപത്രത്തില്‍ തമിഴകത്തിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയും അടിസ്ഥാനസൗകര്യ വികസനത്തെ പ്‌റ്റിയും 13 (2006-2011), 14 (2011-2016), 15 (2016-2020) നിയമസഭകളുടെ കാലത്തെ സാമ്പത്തികാന്തീരക്ഷത്തെപ്പറ്റിയും വിശകലനം ചെയ്യുന്നു. തമിഴകത്തിന്റെ ആളോഹരി കടം 1.10 ലക്ഷം രൂപയിലെത്തിയെന്നാണ്‌ ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ വ്യക്തമാക്കുന്നത്‌. ഒരു ദിവസത്തെ പലിശ ബാധ്യത 115 കോടി രൂപയാണ്‌. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ (ജി.എസ്‌.ഡി.പി.) 24.6 ശതമാനമാണ്‌ കടബാധ്യത. നടപ്പുസാമ്പത്തിക വര്‍ഷത്തെ പൊതുകടം 5.70 ലക്ഷം കോടിയാകുന്നതോടെ ഇത്‌ 26.69 ശതമാനമായി വര്‍ധിക്കും.
ജനസംഖ്യ, സാമ്പത്തികവളര്‍ച്ച, ആസ്‌തി എന്നിവ മാനദണ്ഡമാക്കി മഹാരാഷ്ട്ര, ഗുജറാത്ത്‌, കര്‍ണാടകം സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്‌താണ്‌ ധവളപത്രമിറക്കിയത്‌ (ഭാഗ്യം കേരളം അക്കൂട്ടത്തില്‍ ഇല്ല). ഈ മൂന്ന്‌ സംസ്ഥാനങ്ങളുടെയും പൊതുകടം ജി.എസ്‌.ഡി.പി.യുടെ 20 ശതമാനത്തില്‍ താഴെയാണ്‌. എ.ഐ.എ.ഡി.എം.കെ. സര്‍ക്കാര്‍ അധികാരത്തിലിരുന്ന പത്ത്‌ വര്‍ഷത്തെ ഭരണവീഴ്‌ച മൂലമാണ്‌ തമിഴനാടിന്റെ പൊതുകടം പെരുകിയതെന്നും പളനിവേല്‍ ത്യാഗരാജന്‍ ആരോപിക്കുന്നു.

പൊതുകടം മാത്രം കണക്കിലെടുക്കുമ്പോള്‍ 70,000 രൂപയാണ്‌ ആളോഹരി കടം. സര്‍ക്കാരിന്‌ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ബാധ്യത കൂടിയാകുന്നതോടെയാണ്‌ ഇത്‌ 1.10 ലക്ഷം കടക്കും. ഒരോ കുടുംബവും 2,63,976 രൂപ കടക്കാരാണ്‌. ഒരോ വര്‍ഷവും അടയ്‌ക്കേണ്ട ആളോഹരി പലിശ 7,700 രൂപയാണ്‌. ഗതാഗത കോര്‍പ്പറേഷനുകളുടെ ദിവസനഷ്ടം 15 കോടിയും വൈദ്യുതി ബോര്‍ഡിന്‌ കീഴിലുള്ള സ്ഥാപനങ്ങളുടെ പ്രതിദിനനഷ്ടം 55 കോടി രൂപയുമാണ്‌. ജനക്ഷേമ പദ്ധതികളുടെ ഗുണം അനര്‍ഹരായവരിലെത്തുന്നത്‌ നഷ്ടത്തിന്‌ കാരണമാകുന്നു. ഭക്ഷ്യ സബ്‌സിഡി ഇനത്തില്‍ 2020-21 സാമ്പത്തിക വര്‍ഷം 9,604.26 കോടി രൂപയാണ്‌ ചെലവ്‌. വൈദ്യുതി സബ്‌സിഡിയ്‌ക്ക്‌ 21,349.71 കോടിയും ഗതാഗത സബ്‌സിഡിയ്‌ക്ക്‌ 3,704.39 കോടിയുമാണ്‌ ചെലവ്‌. വരുമാനക്കമ്മി 61,320 കോടി രൂപയും ധനക്കമ്മി 92,305 കോടി രൂപയുമാണ്‌. തനത്‌ നികുതി വരുമാനം 2012-13 സാമ്പത്തിക വര്‍ഷം ജി.എസ്‌.ഡി.പി.യുടെ 8.34 ശതമാനമായിരുന്നു. ഇത്‌ 5.46 ശതമാനമായി കുറഞ്ഞു. ജി.എസ്‌.ടി. നടപ്പാക്കിയതും സംസ്ഥാനത്തിന്‌ വന്‍ വരുമാന നഷ്ടത്തിന്‌ കാരണമായെന്ന്‌ ധവളപത്രം പറയുന്നു.

ധവളപത്രത്തിന്റെ ഉദ്ദേശ്യം
-സര്‍ക്കാരിന്റെ യഥാര്‍ത്ഥ സാമ്പത്തിക നില ജനങ്ങളും ജനപ്രതിനിധികളും മനസ്സിലാക്കുന്നതിന്‌
-തമിഴ്‌നാടിന്റെ ധനസ്ഥിതി, ഉയര്‍ത്തുന്ന വെല്ലുവിളികള്‍, ഒപ്പം സംസ്ഥാനം നേരിടുന്ന സാമ്പത്തിക അപകടസാധ്യതകള്‍ എന്നിവയെപ്പറ്റി കൃത്യവും വിശദവുമായ സ്റ്റേറ്റ്‌മെന്റ്‌ ജനസമക്ഷം വയ്‌ക്കുന്നതിന്‌
-സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയിലെ പ്രവണതകള്‍ വിശകലനം ചെയ്യുക, നിലവിലെ സാമ്പത്തിക സാഹചര്യവും അത്‌ വിശദമായി പരിശോധിച്ചതിനെ തുടര്‍ന്നുളള കണ്ടെത്തലുകളും ആസന്നമായ ആഘാത-പ്രത്യാഘാതങ്ങളും, കരകറുന്നതിന്‌ സ്വീകരിക്കേണ്ട നടപടികളും സംക്ഷിപ്‌തരൂപത്തില്‍ ജനസമക്ഷം വയ്‌ക്കുക.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ തമിഴ്‌നാടിന്റെ സാമ്പത്തിക സ്ഥിതി 2011-12ലെ ഉയര്‍ന്ന സാമ്പത്തികസ്ഥിതിയില്‍ നിന്നും വളരെ താഴേക്ക്‌ പോയെന്നത്‌ ആശങ്കാജനകമാണെന്നും ധവളപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2013-14-ന്‌ ശേഷം സമ്പദവ്യവസ്ഥ തുടര്‍ച്ചയായി താഴേക്ക്‌ പതിച്ചുവെന്നും ധവളപത്രത്തില്‍ ഊന്നിപ്പറയുന്നു. ഇത്തരത്തില്‍ഡ ദുര്‍ബലമായിരുന്ന സാമ്പത്തികസ്ഥിതി കോവിഡ്‌ -19 പാന്‍ഡെമിക്‌ സ്ഥിതി കൂടുതല്‍ വഷളാക്കിയതോടെ ഗണ്യമായ തകര്‍ച്ചയിലേക്ക്‌ കൂപ്പുകുത്തി ധനക്കമ്മിയും വര്‍ഷം തോറും വര്‍ദ്ധിച്ചുവരുന്ന കടബാധ്യതയും സംസ്ഥാനത്തിന്‌ ഭാരമാണെന്നും ധവളപത്രം പറയുന്നു.

കഴിഞ്ഞ എട്ടുവര്‍ഷക്കാലത്തെ സാമ്പത്തിക തകര്‍ച്ചയുടെ വിശദാംശങ്ങള്‍.....

-� 2006-13 കാലയളവില്‍, 5 വര്‍ഷക്കാലവും തമിഴ്‌നാടിന്‌ മിച്ചം അറ്റാദായം (നെറ്റ്‌ റവന്യൂ സര്‍പ്ലസ്‌) ഉണ്ടായിരുന്നു എന്നാല്‍ 2013 മുതല്‍ റവന്യൂ കമ്മി തുടരുന്നു.

-തമിഴ്‌നാടിന്റെ റവന്യൂ കമ്മി 61,320 കോടി രൂപയാണ്‌,അതായത്‌, മൊത്തം സംസ്ഥാന ആഭ്യന്തര ഉല്‍പന്നത്തിന്റെ (ജിഎസ്‌ഡിപി)3.16%.
-2020-21 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ ധനക്കമ്മി 92,305 കോടി രൂപയാണ്‌. അതായത്‌ (ജിഎസ്‌ഡിപിയുടെ 4.43%).

അധികാരത്തില്‍ വരുമ്പോള്‍ നേരത്തേ ഇരുന്ന സര്‍ക്കാര്‍ കാരണം ഖജനാവ്‌ കാലിയാണെന്ന്‌ സ്ഥാപിക്കാന്‍ എല്ലാ സര്‍ക്കാരുകളും തത്രപ്പെടാറുണ്ട്‌. എന്നാല്‍ കാലാകാലങ്ങളില്‍ അധികാരത്തില്‍ ഇരുന്ന സര്‍ക്കാരുകളുടെ ധനധൂര്‍ത്ത്‌ രാഷ്ട്രീയം, മോശമായ ധനകാര്യ മാനേജ്‌മെന്റ്‌ എന്നിവ മൂലമാണ്‌ ഓരോ സമ്പദ്‌ വ്യവസ്ഥയും തകര്‍ച്ചയിലേക്ക്‌ നീങ്ങുന്നത്‌. അതില്‍ എല്ലാവര്‍ക്കും പങ്കുണ്ട്‌. തമിഴ്‌നാടിന്റെ കാര്യമെടുത്താല്‍, സംസ്ഥാന സര്‍ക്കാര്‍ ഇന്ന്‌ അഭിമുഖീകരിക്കുന്ന രൂക്ഷമായ സാമ്പത്തികപ്രതിസന്ധി ഒന്നോ രണ്ടോ വര്‍ഷംകൊണ്ടോ ഏതെങ്കിലുമൊരു സര്‍ക്കാരിന്റെ കാലത്തോ ഉണ്ടായതല്ല. സംസ്ഥാനത്ത്‌ അധികാരത്തിലിരുന്ന പല സര്‍ക്കാരുകളും ഇത്‌ ഒരു താല്‍ക്കാലിക പ്രശ്‌നമെന്ന നിലയിലാണ്‌ കൈകാര്യം ചെയ്‌തിരുന്നത്‌. എന്നാല്‍ ഇത്‌ സംസ്ഥാന ധനരംഗത്തെ അടിസ്ഥാനപരവും സ്ഥായിയുമായ പ്രശ്‌നവുമാണെന്നാണ്‌ സ്ഥിതിവിവര കണക്കുകള്‍ കാണിക്കുന്നത്‌.
ബോക്‌സ്‌
കടക്കെണിയിലാക്കിയത്‌ കാര്യക്ഷമതയില്ലായ്‌മ - ധനമന്ത്രി
എ.ഐ.എ.ഡി.എം.കെ. സര്‍ക്കാരാണ്‌ സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധിയ്‌ക്ക്‌ കാരണമെന്ന്‌ ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍. സംസ്ഥാനങ്ങള്‍ വായ്‌പയെടുക്കുന്നതില്‍ തെറ്റില്ലെന്നും എ.ഐ.എ.ഡി.എം.കെ. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത സംസ്ഥാനത്തെ കടക്കെണിയിലാക്കിയിരിക്കുകയാണെന്നും ത്യാഗരാജന്‍ പറഞ്ഞു. വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടിയെടുക്കാതെ കടംവാങ്ങി ദൈനംദിന ചെലവുകള്‍ നടത്തുകയായിരുന്നു എ.ഐ.എ.ഡി.എം.കെ. സര്‍ക്കാരെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. ജയലളിതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആദ്യകാലത്ത്‌ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ പിന്നീട്‌ മോശമാകുകയായിരുന്നു. സുതാര്യതയില്ലാത്ത പ്രവര്‍ത്തനം ക്ഷേമപദ്ധതികളുടെ ഗുണം അനര്‍ഹരിലെത്തുന്നതിന്‌ കാരണമായി. ചെലവുകള്‍ കാര്യക്ഷമമായി നിയന്ത്രിക്കാത്തതിനാല്‍ ഒരുലക്ഷം കോടി രൂപയെങ്കിലും നഷ്ടമായി. അമിത നികുതിഭാരം സാധാരണക്കാര്‍ക്കുമേല്‍ ചുമത്താതെ വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കും. നികുതി ചുമത്തേണ്ടയാളുകളില്‍നിന്ന്‌ ശരിയായ നിരക്കില്‍ നികുതിചുമത്തി അത്‌ സംസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ഉപയോഗിക്കുകയാണ്‌ ഡി.എം.കെ. സര്‍ക്കാരിന്റെ നയം.

സംസ്ഥാനങ്ങളുമായി പങ്കുവെയ്‌ക്കേണ്ട നികുതികള്‍ കുറച്ച്‌ സെസ്‌ ഏര്‍പ്പെടുത്തുന്ന കേന്ദ്രസര്‍ക്കാര്‍ നയം തിരിച്ചടിയായി. കേന്ദ്രത്തില്‍നിന്ന്‌ പല ഇനത്തില്‍ 20,000 കോടിയോളം സംസ്ഥാനത്തിന്‌ ലഭിക്കാനുണ്ട്‌.

സ്‌റ്റാലിനൊപ്പം രഘുറാം രാജനും എസ്‌തര്‍ ഡഫ്‌ലോയും
തമിഴ്‌നാട്‌ സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേശക സമിതിയില്‍ രഘുറാം രാജനും എസ്‌തര്‍ ഡഫ്‌ലോയും അടക്കമുള്ള പ്രമുഖരാണുളളത്‌. മുഖ്യമന്ത്രിയുടെ അഞ്ചംഗ സാമ്പത്തിക ഉപദേശക സമിതിയില്‍ മുന്‍ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ രഘുറാം രാജന്‍, നൊബേല്‍ പുരസ്‌കാര ജേതാവായ സാമ്പത്തിക വിദഗ്‌ധ എസ്‌തര്‍ ഡഫ്‌ലോ, കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ്‌ അരവിന്ദ്‌ സുബ്രഹ്മണ്യന്‍, മുന്‍ കേന്ദ്ര ധനകാര്യ സെക്രട്ടറി എസ്‌ നാരായണ്‍, ഡെവലപ്‌മെന്റ്‌ ജേണലിസ്റ്റ്‌ ജീന്‍ ഡ്രെസെ എന്നിവരുണ്ട്‌.സംസ്ഥാനത്തിന്റെ സമ്പദ്‌ വ്യവസ്ഥയെ മുന്നോട്ട്‌ കൊണ്ടുപോകാന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‌ (ങഗ ടമേഹശി) നിര്‍ദേശങ്ങള്‍ നല്‍കുകയാണ്‌ അഞ്ചംഗ സമിതിയുടെ ദൗത്യം. സാമ്പത്തികവും സാമൂഹികവുമായ നയം, സാമൂഹ്യനീതി, വിവിധ വിഭാഗങ്ങളുടെ ക്ഷേമം തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.

വാല്‍ക്കഷണം: കുറേ നാള്‍ കൂടി അധികാരം കിട്ടുമ്പോള്‍ കഴിഞ്ഞ സര്‍ക്കാരിനെ പഴിക്കുന്നത്‌ ഒരു ചടങ്ങാണ്‌. ധവളപത്രമിറക്കലും ആ ചടങ്ങിന്റെ ഭാഗം തന്നെ.
 

Post your comments