Global block

bissplus@gmail.com

Global Menu

കോഴ്‌സുകള്‍ കാലികപ്രസക്തമാവണം; മാറുന്ന കാലത്ത്‌ പഠനവും പഠനരീതികളും മാറണം

മാറുന്ന കാലത്ത്‌ പഠനവും പഠനരീതികളും മാറണമെന്നും കാലവും സ്ഥലവും ആവശ്യപ്പെടുന്ന കോഴ്‌സുകളാണ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ മുന്നില്‍ വയ്‌ക്കേണ്ടതെന്നും ക്രൈസ്റ്റ്‌ കോളജിന്റെ പ്രിന്‍സിപ്പല്‍ ഡോ.ചെറിയാന്‍ പണിക്കര്‍ പറയുന്നു. വിദ്യാഭ്യാസമേഖലയില്‍ നീണ്ട കാലത്തെ പരിചയസമ്പന്നതയുളള അദ്ദേഹത്തിന്റെ വാക്കുകള്‍ വളരെപ്രസക്തമാണ്‌. മാര്‍ ഇവാനിയോസ്‌ കോളേജ്‌ സസ്യശാസ്‌ത്രവിഭാഗം മുന്‍ മേധാവിയും സര്‍വ്വോദയ സെന്‍ട്രല്‍ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പലുമായിരുന്ന അദ്ദേഹം തന്റെ പുതുനിയോഗത്തിലും സന്തുഷ്ടനും ഊര്‍ജ്ജസ്വലനുമാണ്‌. വിദ്യാഭ്യാസരംഗത്തെ ഓരോ മാറ്റവും അദ്ദേഹം സശ്രദ്ധം വീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ....

 

മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസത്തെ പറ്റി?

സി.എം.ഐ. വൈദികര്‍ വിദ്യാഭ്യാസമേഖലയിലേക്ക്‌ ചുവടുവയ്‌ക്കുന്നതുതന്നെ നല്ല പൗരന്മാരെ വാര്‍ത്തെടുക്കുന്നതിന്‌ മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസം നല്‍കുക, അതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌. പളളിയോട്‌ ചേര്‍ന്ന്‌ ഒരു പളളിക്കൂടം എന്ന ആശയം തന്നെ വിശുദ്ധ ചാവറ കുര്യാക്കോസ്‌ അച്ചന്റേതാണ്‌. സമൂഹത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മുന്‍കൂട്ടി മനസ്സിലാക്കിയാണ്‌ അദ്ദേഹം അത്തരമൊരു ആശയവും പ്രവര്‍ത്തനവുമായി മുന്നോട്ടുപോയത്‌. അദ്ദേഹത്തിനു ശേഷം സി.എം.ഐ. വൈദികര്‍ ആ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നു. മികച്ച വിദ്യാഭ്യാസം എന്ന ലക്ഷ്യത്തില്‍ വി്‌ട്ടുവീഴ്‌ചയില്ല. സി.എം.എ ജനറലേറ്റ്‌ എറണാകുളത്താണ്‌. ജനറാള്‍ അച്ചനാണ്‌ എല്ലാ സ്ഥാപനങ്ങളുടെയും മേധാവി. ജനറലേറ്റിന്റെ കീഴില്‍ 15 പ്രവിശ്യകള്‍ ഉണ്ട്‌. കേരളത്തില്‍ ആറ്‌ പ്രവിശ്യകളാണുളളത്‌. തിരുവനന്തപുരം സെന്റ്‌ ജോസഫ്‌സ്‌ പ്രവിശ്യയുടെ കീഴിലാണ്‌ ഇവിടത്തെ സ്ഥാപനങ്ങള്‍. ഇപ്പോഴത്തെ ജനറാള്‍ അച്ചന്‍ ബാംഗ്ലൂര്‍ സര്‍വ്വകലാശാലയുടെ പഴയ വൈസ്‌ ചാന്‍സലറാണ്‌. രസതന്ത്രത്തില്‍ പി.എച്ച്‌.ഡി നേടിയ ആളാണ്‌ അദ്ദേഹം.

ഇന്ത്യയില്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റികള്‍ വരികയാണ്‌. പുതിയ ഒരു വിദ്യാഭ്യാസനയം വരുമ്പോള്‍ അതിനെ എങ്ങനെ നോക്കിക്കാണുന്നു?

ആഗോളവത്‌ക്കരണത്തെ ഏതെങ്കിലും കുറച്ചുമേഖലയിലേക്ക്‌ ഒതുക്കിനിര്‍ത്താനാവില്ല. അത്‌ എല്ലാ മേഖലയിലേക്കും വരും. അത്‌ ഒഴിവാക്കാനാവില്ല. നമ്മുടെ കുട്ടികള്‍ പല രാജ്യങ്ങളില്‍ പോയി താമസിച്ചുപഠിക്കുന്നു. എന്നാല്‍ അത്രയും പണം മുടക്കാതെ നാട്ടില്‍ നിന്ന്‌ വിട്ടുനില്‍ക്കാതെ തന്നെ അവര്‍ ആഗ്രഹിക്കുന്ന കോഴ്‌സുകള്‍ ഇവിടെ ചെയ്യാന്‍ കഴിഞ്ഞാല്‍ നല്ലതല്ലേ. മറ്റൊരു കാര്യമുളളത്‌ നിലവില്‍ ഇന്ത്യന്‍ കോളേജുകളിലെല്ലാം ഇന്ത്യാക്കാരായ കുട്ടികളാണ്‌ കൂടുതല്‍. ഓപ്പണ്‍ യൂണിവേഴ്‌്‌സിറ്റി സംവിധാനം വരുമ്പോള്‍ അത്‌ മാറും. വിദേശവിദ്യാര്‍ത്ഥികളുടെ സാന്നിധ്യം കൂടും. ഡല്‍ഹിയിലെ ജെ.എന്‍.യു പോലെയൊക്കെ മള്‍ട്ടിനാഷണല്‍ ക്യാമ്പസുകള്‍ വ്യാപകമാകും. അതായത്‌ തിരുവനന്തപുരത്ത്‌ ഒരു വിദേശസര്‍വ്വകലാശാലയുടെ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചാല്‍ അവിടെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഇതര രാജ്യങ്ങളിലും നിന്നുളള വിദ്യാര്‍ത്ഥികള്‍ പഠിക്കാനെത്തും. മാത്രമല്ല, വിദേശ സര്‍വ്വകലാശാലകള്‍ വരുമ്പോള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക്‌ നിലനില്‍ക്കണമെങ്കില്‍ അവരോട്‌ കിടപിടിക്കുന്ന സജജീകരണങ്ങള്‍ വേണ്ടിവരും. സ്വയം മികവിന്റെ കേന്ദ്രങ്ങളാകാനുളള മത്സരബുദ്ധി സംജാതമാകും.അത്‌ നല്ലമാറ്റം കൊണ്ടുവരും. അപ്പോഴാണല്ലോ ആഗോളവത്‌ക്കരണം എന്നത്‌ സാര്‍ത്ഥകമാകുക.

വിദ്യാര്‍ത്ഥികള്‍ പുറത്തുപോയി പഠിക്കുന്നത്‌ വ്യക്തിത്വവികസനത്തിന്‌ നല്ലതല്ലേ?
തീര്‍ച്ചയായും, വിദ്യാര്‍ത്ഥികള്‍ പുറത്തുപോയി പഠിക്കണം എന്ന അഭിപ്രായക്കാരനാണ്‌ ഞാന്‍. അതായത്‌ സ്വന്തം നാട്ടില്‍ മാത്രമായി പഠനം ഒതുങ്ങുമ്പോള്‍ നമ്മുടെ കുട്ടികള്‍ക്കൊരു എക്‌സ്‌പോഷര്‍ കിട്ടുന്നില്ല. മറുനാടുകളിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുമ്പോഴാണ്‌ അവര്‍ക്ക്‌ ലോകപരിചയം സാധ്യമാകുക. അത്‌ ജീവിതത്തില്‍ നല്‍കുന്ന പാഠം വലുതാണ്‌. വ്യത്യസ്‌തമായ സാഹചര്യങ്ങളില്‍ സ്വയം എങ്ങനൈ അഡാപ്‌റ്റബിള്‍ ആവണമെന്ന്‌ അവര്‍ പഠിക്കും. പ്രതിസന്ധികളെ നേരിടാനുളള ധൈര്യവും പ്രായോഗികതയും അവരില്‍ വളരും.

കൊവിഡ്‌ പ്രതിസന്ധിയെ എങ്ങനെ നോക്കിക്കാണുന്നു?

കൊവിഡ്‌ പ്രതിസന്ധിയുമായി ബന്ധപ്പെട്ട്‌ വിദ്യാഭ്യാസമേഖലയില്‍ പോസിറ്റീവും നെഗറ്റീവുമായ ഫലങ്ങളുണ്ട്‌. ദോഷം എന്നു പറയുന്നത്‌ അടച്ചുപൂട്ടിയിരുന്ന കുട്ടികള്‍ മുഷിഞ്ഞു എന്നതാണ്‌. മുതിര്‍ന്നവര്‍ക്കുപോലും അത്‌ വലിയ പ്രശ്‌നമാണ്‌ എന്നിരിക്കെ കുട്ടികളുടെ കാര്യം പറയാനുണ്ടോ. ഊര്‍ജ്ജസ്വലരായി ഓടിനടക്കേണ്ട കാലത്ത്‌ അവരുടെ ലോകം വീടിനുളളിലേക്ക്‌ ചുരുങ്ങുകയാണ്‌. സ്‌കൂളില്‍ പോയി അധ്യാപകരും സഹപാഠികളുമൊക്കെയായി ഇടപഴകുമ്പോഴാണ്‌ ഒരു ക്ലാസ്‌ റൂമിന്റെ, സ്‌കൂളിന്റെ ഫീല്‍ ലഭിക്കുന്നത്‌. അത്‌ കുട്ടികളുടെ ശാരീരിക മാനസിക വളര്‍ച്ചയ്‌ക്ക്‌ അത്യാവശ്യമാണ്‌.മറ്റൊരു കാര്യം കുട്ടികള്‍ ഒന്നുകില്‍ ടിവിക്ക്‌ മുന്നില്‍ അല്ലെങ്കില്‍ മൊബൈലിന്‌ മുന്നില്‍ എന്ന സ്ഥിതിയാണ്‌ ഇപ്പോഴുളളത്‌. അവര്‍ ഈ രണ്ടിടത്തുമായി തളച്ചിടപ്പെടുമ്പോഴുളള ആരോഗ്യ-മാനസിക വെല്ലുവിളികള്‍ ഏറെയാണ്‌. മൊബൈലില്‍ ചെറിയ ഗെയിംസ്‌ ഒക്കെയായി തുടങ്ങുന്ന കുട്ടികള്‍ എത്തിപ്പെടുന്നത്‌ യാതൊരു എത്തിക്‌സുമില്ലാത്ത, കേവലം ബിസിനസ്‌ മാത്രമായ ഗുരുതര ഗെയിംസുകളുടെ ലോകത്താണ്‌. മഹാത്മജി മുന്നോട്ടുവച്ച ബിസിനസ്‌ വിത്ത്‌ എത്തിക്‌സ്‌ എന്നതൊന്നും ഇന്ന്‌ പാലിക്കപ്പെടുന്നില്ല.

ഓണ്‍ലൈന്‍ ക്ലാസുകള്‍ സാര്‍വ്വത്രികമായ എന്നതാണ്‌ കൊവിഡ്‌ സംബന്ധിയായി സൃഷ്ടിക്കപ്പെട്ട പോസിറ്റീവ്‌ ഇഫക്ട്‌. എല്ലായിടത്തും ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രശ്‌നങ്ങളില്ലാതെ നടക്കുന്നു. അത്‌ ഒരു നേട്ടമാണ്‌. മറ്റൊരു നേട്ടം മുതിര്‍ന്നവരെല്ലാം, അതായത്‌ നേരത്തേ ഓണ്‍ലൈന്‍ സംവിധാനങ്ങളോട്‌ വിമുഖത കാട്ടിയിരുന്നവര്‍ ഉള്‍പ്പെടെ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കാരണം ഓണ്‍ലൈനിലേക്ക്‌ മാറി. അക്കാര്യത്തില്‍ പ്രായമായവര്‍ ഉള്‍പ്പെടെ സ്വയംപര്യാപ്‌തരായി. മറ്റൊരു കാര്യം ചിലരെങ്കിലും മാറിച്ചിന്തിച്ചു തുടങ്ങി എന്നതാണ്‌. അതായത്‌ തങ്ങളുടെ വാക്‌സിന്‍െ ടെക്‌നോളജി പേറ്റന്റ്‌ ചെയ്യുന്നില്ല എന്ന അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡന്റെ പ്രഖ്യാപനമൊക്കെ ബിസിനസ്‌ വിത്ത്‌ എത്തിക്‌സിന്റെ ഭാഗമായ നല്ല ചുവടുവയ്‌പുകളാണ്‌.

 

ശാസ്‌ത്രവിഷയങ്ങളില്‍ ക്രൈസ്റ്റ്‌ കോളേജ്‌ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമോ?

ഡിമാന്‍ഡിനനുസരിച്ചാണ്‌ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുക. പോണ്ടിച്ചേരി സര്‍വകലാശാലയിലൊക്കെ ഒരു കോഴ്‌സ്‌ പുതുതായി ആരംഭിച്ച്‌ ഒരു ബാച്ചൊക്കെ കഴിയുമ്പോള്‍ ആ കോഴ്‌സിന്‌ ഡിമാന്‍ഡില്ല, തൊഴിലവസരങ്ങള്‍ കമ്മിയാണ്‌ എന്നു കണ്ടാല്‍ അത്‌ അവിടെ നിര്‍ത്തും. അതുകൊണ്ടുതന്നെ പഠിച്ചിറങ്ങിയവര്‍ക്ക്‌ വെറുതെ നില്‍ക്കേണ്ടിവരില്ല. കാലികപ്രസക്തിയുളള കോഴ്‌സുകളാണ്‌ വേണ്ടത്‌.

വിദ്യാഭ്യാസരംഗത്ത്‌ സ്വാശ്രയ കോളേജുകളുടെ സംഭാവന?
വളരെ വലുതാണ്‌. ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഉപരിപഠനം സാധ്യമാകുന്നത്‌ സ്വാശ്രയമേഖലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വന്നതുകൊണ്ടാണ്‌. കേരളത്തില്‍ നിരവധി സ്വാശ്രയ കോളേജുകളുണ്ട്‌. അവിടെയെല്ലാം വിദ്യാര്‍ത്ഥികളുമുണ്ട്‌. ഖജനാവിന്‌ ദോഷം വരുത്താതെ തന്നെ വിദ്യാഭ്യാസരംഗത്ത്‌ സ്വാശ്രയ കോളേജുകള്‍ നല്‍കുന്ന സംഭാവനകള്‍ വലുതാണ്‌. സാധാരണ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോഴ്‌സുകള്‍ക്കൊപ്പം
സര്‍ക്കാര്‍-എയ്‌ഡഡ്‌ കോളേജുകളിലില്ലാത്ത കോഴ്‌സുകള്‍ക്ക്‌ ഊന്നല്‍നല്‍കിയാണ്‌ മിക്ക സ്വാശ്രയ കോളേജുകളും പ്രവര്‍ത്തിക്കുന്നത്‌. ഉദാഹരണത്തിന്‌ ടൂറിസം പോലെയുളളവ.

വിദ്യാര്‍ത്ഥികളിലെ അച്ചടക്കത്തെപ്പറ്റി?
നല്ല സമൂഹത്തിന്‌ അച്ചടക്കമുളള പൗരന്മാര്‍ അനിവാര്യമാണ്‌. ഈ ലക്ഷ്യത്തിലൂന്നിയാണ്‌ ക്രൈസ്റ്റ്‌ കോളജ്‌ പ്രവര്‍ത്തിക്കുന്നത്‌. വിദ്യാര്‍ത്ഥികളില്‍ തുല്യതാബോധവും അച്ചടക്കവും വളര്‍ത്തുന്നതിന്റെ ഭാഗമായാണ്‌ ഇവിടെ യൂണിഫോം നിര്‍ബന്ധമാക്കിയത്‌. ഡിഗ്രിക്കും പിജിക്കുമെല്ലാം യൂണിഫോം ഉണ്ട്‌.

ഡിമാന്‍ഡിനനുസരിച്ചാണ്‌ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുക. പോണ്ടിച്ചേരി സര്‍വകലാശാലയിലൊക്കെ ഒരു കോഴ്‌സ്‌ പുതുതായി ആരംഭിച്ച്‌ ഒരു ബാച്ചൊക്കെ കഴിയുമ്പോള്‍ ആ കോഴ്‌സിന്‌ ഡിമാന്‍ഡില്ല, തൊഴിലവസരങ്ങള്‍ കമ്മിയാണ്‌ എന്നു കണ്ടാല്‍ അത്‌ അവിടെ നിര്‍ത്തും. അതുകൊണ്ടുതന്നെ പഠിച്ചിറങ്ങിയവര്‍ക്ക്‌ വെറുതെ നില്‍ക്കേണ്ടിവരില്ല. കാലികപ്രസക്തിയുളള കോഴ്‌സുകളാണ്‌ വേണ്ടത്‌.

 

ഞാന്‍ 20185- 18 വര്‍ഷത്തില്‍ വിഴിഞ്ഞം ക്രൈസ്റ്റ്‌ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു. നാലാം സെമസ്സറില്‍ കേരള യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ ഒന്നാം റാങ്കുകാരിയായിരുന്നു. ക്രൈസ്റ്റ്‌ കോളേജിലെ അധ്യാപകരാണ്‌ എന്റെ അക്കാദമിക്‌ മികവിന്റെ പുറകില്‍ പ്രവര്‍ത്തിച്ചത്‌. നിരന്തരമായി റിവിഷന്‍ ക്ലാസ്സുകള്‍ എടുക്കുകയും ക്രമമായ പരീക്ഷ നടത്തിപ്പുകളില്‍ കൂടിയും വിദ്യാര്‍ത്ഥികളെ യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക്‌ സജ്ജരാക്കുവാന്‍ ക്രൈസ്റ്റ്‌ കോളേജിലെ എന്റെ പ്രിയപ്പെട്ട അധ്യാപകര്‍ പരിശ്രമിച്ചിട്ടുണ്ട്‌. എപ്പോഴും നന്ദി നിറഞ്ഞ ഹൃദയത്തോടു കൂടിയാണ്‌ ഞാന്‍ എന്റെ കലാലയത്തെ സ്‌മരിക്കുന്നത്‌-അനഘ

Post your comments