Global block

bissplus@gmail.com

Global Menu

പ്രതീക്ഷയില്‍ ഗൃഹോപകരണ വിപണി

കൊവിഡ്‌ മഹാമാരി മറ്റേത്‌ മേഖലയെയുമെന്ന പോലെ കേരളത്തിന്റെ ഗൃഹോപകരണവിപണിയെയും അഞ്ചു വര്‍ഷം പിന്നോട്ടടിച്ചു കഴിഞ്ഞു. കഴിഞ്ഞ 17 മാസമായി ഹോം അപ്ലയന്‍സസ്‌ വ്യാപാരികള്‍ പരാധീനതയുടെ നടുവിലാണ്‌. വലുതെന്നോ ചെറുതെന്നോ ഡീലറെന്നോ ഡിസ്‌ട്രിബ്യൂട്ടറെന്നോ വ്യത്യാസമില്ലാതെ ഒന്നര വര്‍ഷത്തിലേറെയായി അതിജീവനത്തിനായി പൊരുതുകയാണവര്‍. പാറശ്ശാല മുതല്‍ കാസര്‍ഗോഡു വരെയുളള ഹോം അപ്ലയന്‍സസ്‌ വ്യാപാരികള്‍ കട തുറക്കാനോ, വാടക കൊടുക്കാനോ, ശമ്പളം നല്‍കാനോ, ലോണ്‍ അടയ്‌ക്കാനോ ആവാത്ത, ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു. 2015ല്‍ 1300 ഹോം അപ്ലയന്‍സസ്‌ ഡീലേഴ്‌സുണ്ടായിരുന്നു കേരളത്തില്‍. ഇന്ന്‌ അത്‌ ചുരുങ്ങി 950 ആക്ടീവ്‌ ഡീലേഴ്‌സ്‌ എന്ന സ്ഥിതിയിലെത്തി. ചെയിന്‍ ഡീലേഴ്‌സിന്റെ 250-ഓളം വരുന്ന റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും പ്രതിസന്ധിയില്‍ തന്നെ.

പ്രമുഖ അപ്ലയന്‍സസ്‌ കമ്പനികളുടെ എക്‌സിക്യൂട്ടീവ്‌ ഷോറൂമുകള്‍ എല്ലാം തന്നെ അടച്ചുപൂട്ടലിന്റെ വക്കിലാണ്‌. എന്തിനേറെ പറയുന്നു സര്‍വ്വീസ്‌ സെന്ററുകളും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പകച്ചുനില്‍ക്കുന്നു. ഏറ്റവും അധികം ബുദ്ധിമുട്ടുന്ന മറ്റൊരു പ്രബല വിഭാഗം അംഗീകൃത ഡിസ്‌ട്രിബ്യൂട്ടേഴ്‌സാണ്‌. നിരവധിപേര്‍ വിതരണരംഗം വിട്ടൊഴിഞ്ഞു കഴിഞ്ഞു. കേരളത്തില്‍ നിന്നുത്ഭവിച്ച പല ബ്രാന്‍ഡുകളും അപ്രത്യക്ഷമായിരിക്കുന്നു എന്നത്‌ ദുഃഖകരമാണ്‌. ബ്രാഞ്ച്‌ മാനേജര്‍മാര്‍ മുതല്‍ കടയിലെ സെയില്‍സ്‌ സ്റ്റാഫിന്‌ വരെ ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അതിശക്തരായ ബിസിനസ്‌ ഗ്രൂപ്പുകള്‍ തന്നെ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്ന അവസ്ഥ. എന്നാല്‍ റീട്ടെയ്‌ല്‍ ഔട്ട്‌ലെറ്റുകള്‍ പ്രതിസന്ധിയില്‍പ്പെട്ട്‌ ഉഴലുമ്പോള്‍ നമ്മുടെ സംസ്ഥാനത്ത്‌ ഓണ്‍ലൈന്‍ വ്യാപാരം പൊടിപൊടിക്കുന്നു.

കേരളത്തിന്റെ ഗൃഹോപകരമവിപണിയുടെ ഏതാണ്ട്‌ 15% ഓണ്‍ലൈന്‍ കമ്പനികള്‍ കയ്യടക്കിക്കഴിഞ്ഞു. എല്‍ഇഡി ടിവി/പാനലുകള്‍/ സൗന്ദര്യസംവര്‍ദ്ധക ഉത്‌പന്നങ്ങള്‍ എന്നീ കാറ്റഗറികളില്‍ ഓണ്‍ലൈന്‍ വ്യാപാരം ഏതാണ്ട്‌ 20 ശതമാനത്തോളം വരുമെന്ന്‌ ഈ രംഗത്തെ വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ദേശീയ-അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ സുവര്‍ണ്ണഖനിയായിരുന്ന, 3000 കോടി വിറ്റുവരവുണ്ടായിരുന്ന കേരള ഗൃഹോപകരണവിപണി 2700 കോടിയിലേക്ക്‌ കൂപ്പുകുത്തിയിരിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ നാനൂറോളം ഡീലര്‍മാരും നൂറോളം ഡിസ്‌ട്രിബ്യൂട്ടര്‍മാരും അരങ്ങൊഴിഞ്ഞു. കേരള വിപണിയുടെ 42% വ്യാപാരവും ബിഗ്‌ഡീലേഴ്‌സ്‌ അല്ലെങ്കില്‍ ചെയിന്‍ ഡീലേഴ്‌സിന്റെ കൈകളിലാണ്‌. 10% ഓണ്‍ലൈന്‍ വ്യാപാരികളും കൊണ്ടുപോകുന്നു. ഈ പശ്ചാത്തലത്തില്‍ ചെറുകിട വ്യാപാരികള്‍ സിംഹവാലന്‍ കുരങ്ങിന്റെ അവസ്ഥയിലാണ്‌. ക്രോക്കറി/വെസ്സല്‍/ഇലക്ട്രിക്കല്‍/സാനിട്ടറി ഡീലേഴ്‌സും ഏതാണ്ട്‌ ഈ അവസ്ഥയിലൂടെയാണ്‌ കടന്നുപോകുന്നത്‌.

2020ലെ വിഷുവും ഓണവും ദീപാവലിയും ക്രിസ്‌മസും ന്യൂഇയറും നഷ്ടമായി. 2021ലെ എ.സി.സീസണും, വിഷുവും നഷ്ടമായ പ്രമുഖ കമ്പനികള്‍ ചെലവു ചുരുക്കല്‍പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. പല പ്രശസ്‌ത കമ്പനികളും സ്റ്റാഫുകളുടെ എണ്ണം സാലറി,ഗോഡൗണുകളുടെ എണ്ണം, പരസ്യം തുടങ്ങിയ എല്ലാ മേഖലയിലും ചെലവ്‌ കുറച്ച്‌ കഴിഞ്ഞു.ഇക്കാലത്തുണ്ടായ ഓണ്‍ലൈന്‍ ട്രെയിനിംഗ്‌ ക്ലാസുകള്‍ കാരണം കുറച്ച്‌ എല്‍ഇഡി ടിവികളും മെബൈല്‍ ഫോണുകളും വിറ്റു എന്നതുമാത്രമാണ്‌ ആശ്വാസം.

ഇന്ത്യയിലെ ഗൃഹോപകരണ സീസണ്‍ തന്നെ ആരംഭിക്കുന്നത്‌ കേരളത്തിന്റെ ഓണത്തോടുകൂടിയാണ്‌. പിന്നാലെ ദീപാവലി, ന്യൂഇയര്‍ സീസണുകളുമെത്തും. ദീപാവലിക്ക്‌ മുന്നേ വരുന്ന സീസണ്‍ ആയതിനാല്‍ കമ്പനികള്‍ കേരളത്തില്‍ പ്രത്യേകം പ്രാധാന്യം നല്‍കിവരുന്നു. എന്നാല്‍ ഇക്കൊല്ലം ഇതിനൊക്കെ മാറ്റം കാണുന്നു.
വീണ്ടും വ്യാപാരികള്‍ വലിയ പ്രതീക്ഷയിലാണ്‌. കാരണം തുടരെത്തുടരെ തിരിച്ചടികള്‍ നേരിട്ട അഞ്ച്‌ വര്‍ഷത്തിന്‌ ശേഷമെത്തുന്ന സമയമാണിത്. കേരള വാണിജ്യ വകുപ്പിന്‌ ഏറ്റവും അധികം നികുതിവരുമാനം നല്‍കുന്ന മേഖലകളില്‍ മുന്‍നിരയിലാണ്‌ ഹോം അപ്ലയന്‍സസ്‌ രംഗം. അതുകൊണ്ടുതന്നെ ഈ വിപണി പിടിക്കാന്‍ ലോകോത്തര ബ്രാന്‍ഡുകളും തദ്ദേശീയ കമ്പനികളും ഡീലര്‍മാരും റീട്ടെയ്‌ല്‍ വ്യാപാരികളുമെല്ലാം ഓഫറുകളും സമ്മാനങ്ങളുമായി സജീവമാകുന്നു.

ഡീലേഴ്‌സ്‌ അസോസിയേഷന്‍ ടിവി ആന്‍ഡ്‌ അപ്ലയന്‍സസ്‌ ഗൃഹോപകരണ വ്യാപാരോത്സവം ഇതിനോടകം തന്നെ ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞു. ഡാറ്റ ഷോറൂമുകളില്‍ നിന്നും  ഗൃഹോപകരണങ്ങള്‍ വാങ്ങുമ്പോള്‍ കാറുകല്‍, ഇലകട്രിക്‌ സ്‌കൂട്ടറുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവ സമ്മാനമായി ലഭിക്കും.

Post your comments