Global block

bissplus@gmail.com

Global Menu

വിപണി പിടിച്ചടക്കി ഒല സ്‌കൂട്ടർ; വിൽപ്പനയിലും കുതിപ്പ് തുടരുന്നു

 

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് സ്‌കൂട്ടർ വിൽപ്പനയിലും കുതിപ്പ് തുടരുന്നു. സ്വതന്ത്ര്യദിനത്തിൽ ഒല പ്രഖ്യാപിച്ച ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിൽപ്പന കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. എസ് 1, എസ് 1 പ്രോ എന്നിങ്ങനെ രണ്ടു മോഡലുകളാണ് കമ്പനി വിപണിയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. 10 നിറഭേദങ്ങളിൽ ലഭ്യമാകുന്ന സ്‌കൂട്ടറുകൾക്കു വിപണികളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നു റിപ്പോർട്ടുകളിൽ വ്യക്തമാണ്. വിൽപ്പനയിലും റെക്കോഡാണ് ഒല കൈവരിച്ചിരിക്കുന്നത്.

ബുധനാഴ്ച വിൽപ്പനയാരംഭിച്ച ഒല സ്‌കൂട്ടറുകൾ ഒറ്റ ദിവസംകൊണ്ട് 600 കോടി രൂപയുടെ വിൽപ്പന കൈവരിച്ചതായി സി.ഇ.ഒ. ഭവിഷ് അഗർവാൾ തന്നെയാണു ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. എസ് 1 പ്രോ മോഡലിനെ അപേക്ഷിച്ച് എസ് 1 മോഡലിനാണ് ആവശ്യക്കാരുള്ളത്. വിലയിലെ അന്തരം തന്നെയാണ് എസ് 1 നെ പ്രിയങ്കരമാക്കുന്നത്. എസ് 1 മോഡലിന് 99,999 രൂപയും എസ് 1 പ്രോ മോഡലിന് 1,29,999 രൂപയുമാണ് വില. റീട്ടെയിൽ ഔട്ട്‌ലെറ്റുകളില്ലാതെ പൂർണമായും ഓൺലൈനിലൂടെ മാത്രമാണ് കമ്പനി ഇത്രയും വിൽപ്പന കൈവരിച്ചതെന്നതും ശ്രദ്ധേയമാണ്. ഒല ആപ്പിലൂടെ മാത്രമാണ് ബുക്കിങ് സൗകര്യമുള്ളത്. അടുത്തമാസം മുതൽ സ്‌കൂട്ടറുകളുടെ വിതരണം ആരംഭിക്കും. ഇ.എം.ഐ. സൗകര്യത്തിനായി ധനകാര്യ സ്ഥാപനങ്ങളുമായി കരാറിലെത്തിയതുമായും ഭവിഷ് വ്യക്തമാക്കി.

സെക്കൻഡിൽ നാല് സ്‌കൂട്ടറുകളെന്ന നിലയിലാണ് നിലവിൽ വിൽപ്പന പുരോഗമിക്കുന്നതെന്നു കമ്പനി അവകാശപ്പെട്ടു. രാജ്യം പെട്രോളിനെ അവഗണിച്ചു തുടങ്ങിയതിന്റെ സൂചനയാണിതെന്നും ഭവിഷ് കൂട്ടച്ചേർത്തു. 20,000 രൂപയാണ് ഇരു മോഡലുകളുടേയും ബുക്കിങ് വില. ബുക്കിങ് റദ്ദാക്കുന്ന ഉപയോക്താക്കൾക്കു മുഴുവൻ തുകയും തിരികെ നൽകുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുടെ ആവശ്യകത നിറേവറ്റുന്നതിനു കമ്പനി ഉൽപ്പാദനം ഉയർത്തേണ്ട സാഹചര്യമാണുള്ളത്.

തമിഴനാട്ടിൽ 500 ഏക്കറിലാണ് ഒലയുടെ ഫ്യൂച്ചർ ഫാക്ടറി പ്രവർത്തിക്കുന്നത്. ഉൽപ്പാദനം വർധിക്കുന്ന ഘട്ടത്തിൽ 10,000 സ്ത്രീകൾക്കു കൂടി തൊഴിൽ നൽകുമെന്നും ഇതോടെ ലോകത്തു തന്നെ ഏറ്റവും കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥാപനമായി ഫ്യൂച്ചർ ഫാക്ടറി മാറുമെന്നും കമ്പനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വർഷത്തിൽ 10 ലക്ഷം സ്‌കൂട്ടറുകളാകും ഈ പ്ലാന്റിൽ നിർമിക്കുക. ആവശ്യകത വർധിക്കുന്നതിനനുസരിച്ചു വാർഷിക ഉൽപ്പാദനം 20 ലക്ഷമായി ഉയർത്തും. ഒരു വർഷം ഒരു കോടി യൂണിറ്റ് സ്‌കൂട്ടറുകൾ വരെ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്. ലോകത്തെ മൊത്തം ഇരുചക്ര വാഹന നിർമാണത്തിന്റെ 15 ശതമാനം വരുമിത്. വിൽപ്പന വർധിച്ചുവരുന്ന സാചര്യത്തിൽ ഉൽപ്പാദനശേഷി 100 ശതമാനവും കൈവരിക്കാൻ കമ്പനി നിർബന്ധിതമാകും.

അടിസ്ഥാന വകഭേദത്തിൽനിന്ന് വ്യത്യസ്തമായി എസ് 1 പ്രോയിൽ വോയിസ് കൺട്രോൾ, ഹിൽ ഹോർഡ്, ക്രൂയിസ് കൺട്രോൾ എന്നിവയുണ്ട്. എസ് 1ന് 90 കിലോമീറ്റർ വേഗത്തിലും എസ് 1 പ്രോയ്ക്ക് 115 കിലോമീറ്റർ വേഗത്തിലും സഞ്ചരിക്കാനാകും. ഒറ്റചാർജിൽ എസ് 1, 121 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ പ്രോ 181 കിലോമീറ്റർ സഞ്ചരിക്കും. 8.5 കിലോവാട്ട് പവറും 58 എൻ.എം. ടോർക്കുമമകുന്ന മോട്ടറുകളാണ് ഇരു മോഡലിലുമുള്ളത്. എന്നാൽ എസ് 1ൽ 2.98 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുമ്പോൾ എസ് 1 പ്രോയിൽ 3.97 കിലോവാട്ട് ബാറ്ററിലയാണുള്ളത്.

Post your comments