Global block

bissplus@gmail.com

Global Menu

"മാരുതി" തന്നെ കാർ വിപണിയിലെ ദി കിംഗ്

 

ഓഗസ്റ്റില്‍ ഇന്ത്യന്‍ കാര്‍ വിപണി 'പച്ച പിടിച്ചു'. പോയമാസം 2.6 ലക്ഷം സ്വകാര്യ കാറുകളാണ് രാജ്യത്തെ പ്രമുഖ 15 കമ്പനികള്‍ ചേര്‍ന്ന് വിറ്റത്. ഒരു വര്‍ഷം മുന്‍പുള്ള ചിത്രവുമായി താരതമ്യം ചെയ്താല്‍ ഇക്കുറി 11 ശതമാനം വളര്‍ച്ച കാര്‍ വില്‍പ്പനയില്‍ കണ്ടു. 2020 ഓഗസ്റ്റില്‍ 2.34 ലക്ഷം കാറുകളായിരുന്നു വിപണിയില്‍ വിറ്റുപോയത്. പതിവുപോലെ മാരുതിയാണ് പാസഞ്ചര്‍ കാര്‍ ശ്രേണിയിലെ തമ്പുരാന്‍. കഴിഞ്ഞമാസം 1.03 ലക്ഷം കാറുകള്‍ മാരുതി വിപണിയില്‍ വിറ്റു. വില്‍പ്പനപ്പട്ടികയില്‍ രണ്ടാമതുള്ള ഹ്യുണ്ടായിയാകട്ടെ 46,866 യൂണിറ്റുകള്‍ വിപണിയിലെത്തിച്ചു.

പറഞ്ഞുവരുമ്പോള്‍ കഴിഞ്ഞമാസം മാരുതിയുടെ വില്‍പ്പന കുറയുകയാണുണ്ടായത്. ഒരു വര്‍ഷം മുന്‍പ് 1.13 ലക്ഷം കാറുകള്‍ വില്‍ക്കാന്‍ മാരുതിക്ക് സാധിച്ചിരുന്നു. ഇത്തവണ വാര്‍ഷികാടിസ്ഥാത്തിലുള്ള വില്‍പ്പനയിടിവ് 8.71 ശതമാനം. മാരുതിയുടെ മാര്‍ക്കറ്റ് വിഹിതത്തിലും തകര്‍ച്ച കാണാം. ഓഗസ്റ്റ് പിന്നിടുമ്പോള്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ 39.66 ശതമാനം വിഹിതമാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. പോയമാസം വൈദ്യുത ഘടകങ്ങളുടെ ലഭ്യതക്കുറവ് മാരുതിയുടെ ഉത്പാദനത്തെ സാരമായി ബാധിച്ചു.

2020 ഓഗസ്റ്റിലെ കണക്കുകള്‍ വെച്ച് നോക്കിയാല്‍ ദക്ഷിണ കൊറിയന്‍ കാര്‍ കമ്പനിയായ ഹ്യുണ്ടായി പോയമാസം 2.31 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഇതേസമയം, കമ്പനിയുടെ മാര്‍ക്കറ്റ് വിഹിതം 19.6 ശതമാനത്തില്‍ നിന്നും 18.01 ശതമാനം കുറഞ്ഞു. പുതിയ കാസ്പര്‍ മൈക്രോ എസ്‌യുവിയുടെ അവതരണത്തിന്റെ തിരക്കിലാണ് ഈ മാസം ഹ്യുണ്ടായി. വിപണിയില്‍ ടാറ്റ പഞ്ച്, മാരുതി സുസുക്കി ഇഗ്നിസ് തുടങ്ങിയ താരങ്ങളുമായാണ് ഹ്യുണ്ടായി കാസ്പറിന്റെ മത്സരം. മാരുതിയും ഹ്യുണ്ടായിയും കഴിഞ്ഞാല്‍ ടാറ്റ, കിയ, മഹീന്ദ്ര കമ്പനികളാണ് വില്‍പ്പനപ്പട്ടികയില്‍ യഥാക്രം ഇരിപ്പുറപ്പിക്കുന്നത്.

മൂന്നാം സ്ഥാനത്തുള്ള ടാറ്റ 50 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് കയ്യടക്കിക്കൊണ്ട് ഓഗസ്റ്റ് മാസം പിന്നിട്ടു. പോയമാസം 28,018 കാറുകളാണ് ടാറ്റ വിപണിയില്‍ വിറ്റത്. 2020 ഓഗസ്റ്റില്‍ ഇത് 18,583 യൂണിറ്റുകളായിരുന്നു. നെക്‌സോണ്‍, ആള്‍ട്രോസ്, ടിയാഗൊ, ഹാരിയര്‍, സഫാരി മോഡലുകളുടെ കൈപ്പിടിച്ചാണ് ടാറ്റയുടെ മുന്നേറ്റം. ഇതേസമയം, ജൂലായിലെ കണക്കുകള്‍ വിലയിരുത്തിയാല്‍ വില്‍പ്പനയില്‍ കമ്പനി 7.2 ശതമാനം പിന്നാക്കം പോയി. ജൂലായില്‍ 30,184 യൂണിറ്റുകള്‍ വില്‍ക്കാന്‍ ടാറ്റയ്ക്ക് സാധിച്ചിരുന്നു. എന്തായാലും ഒരു വര്‍ഷം കൊണ്ട് മാര്‍ക്കറ്റ് വിഹിതം 7.9 ശതമാനത്തില്‍ നിന്നും 10.8 ശതമാനമായി കൂട്ടാന്‍ ടാറ്റയ്ക്ക് കഴിഞ്ഞു. എന്തായാലും സെപ്തംബറില്‍ ടാറ്റയ്ക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. സെമി കണ്ടക്ടറുകളുടെ ലഭ്യതക്കുറവ് പ്രമാണിച്ച് ഈ മാസം ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ ടാറ്റ തീരുമാനിച്ചിട്ടുണ്ട്.

പോയമാസം 16,750 കാറുകളാണ് കിയ ഇന്ത്യയില്‍ വിറ്റത്. ഇതില്‍ത്തന്നെ സെല്‍റ്റോസ് എസ്‌യുവി 8,619 യൂണിറ്റുകളുടെ വില്‍പ്പന കമ്പനിക്ക് സമര്‍പ്പിച്ചു. സോണറ്റ് 7,752 യൂണിറ്റുകളുടെ വില്‍പ്പനയും കാര്‍ണിവല്‍ 379 യൂണിറ്റുകളുടെ വില്‍പ്പനയുമാണ് ഓഗസ്റ്റില്‍ കണ്ടെത്തിയത്. വാര്‍ഷിക വളര്‍ച്ച പരിശോധിച്ചാല്‍ 54.3 ശതമാനം ഉയര്‍ച്ച കിയ കൈപ്പിടിയിലാക്കിയത് കാണാം. ജൂലായിലെ കണക്കുകള്‍ വെച്ച് നോക്കിയാലും കിയ തേരോട്ടം തുടരുകയാണ്. മുന്‍ മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റില്‍ 11 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിക്കാന്‍ കിയക്ക് സാധിച്ചു. മഹീന്ദ്രയാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. വാര്‍ഷികാടിസ്ഥാനത്തില്‍ 17.7 ശതമാനം വളര്‍ച്ച കുറിക്കുന്നുണ്ടെങ്കിലും ജൂലായിലെ കണക്കുകള്‍ വെച്ച് നോക്കിയാല്‍ 24.1 ശതമാനം തകര്‍ച്ച മഹീന്ദ്രയ്ക്ക് സംഭവിച്ചു. പോയമാസം 15,786 യൂണിറ്റുകളാണ് മഹീന്ദ്ര വിപണിയില്‍ വിറ്റത്. നിലവില്‍ കമ്പനിക്ക് 6.1 ശതമാനം മാര്‍ക്കറ്റ് വിഹിതമുണ്ട്.

ടൊയോട്ട, ഹോണ്ട, റെനോ എന്നിവരാണ് വില്‍പ്പനപ്പട്ടികയിലെ അടുത്ത താരങ്ങള്‍. ജൂലായുമായി താരതമ്യം ചെയ്താല്‍ ഓഗസ്റ്റില്‍ ടൊയോട്ടയുടെ വില്‍പ്പന 2.5 ശതമാനവും റെനോയുടെ വില്‍പ്പന 0.9 ശതമാനവും ഇടിയുകയാണ് ചെയ്തത്. എന്നാല്‍ ഒരു വര്‍ഷം മുന്‍പുള്ള ചിത്രം വെച്ച് നോക്കിയാല്‍ ടൊയോട്ട 129.9 ശതമാനവും റെനോ 20.4 ശതമാനവും വീതം മുന്നേറി. ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ടയും കുറിച്ചിട്ടുണ്ട് 48.6 ശതമാനം വാര്‍ഷിക വളര്‍ച്ച. പുതിയ അമേസ്, സിറ്റി സെഡാനുകളെ ആശ്രയിച്ചാണ് ഹോണ്ടയുടെ വില്‍പ്പന മുന്നേറുന്നത്.

Post your comments