Global block

bissplus@gmail.com

Global Menu

റബർ വില റെക്കോർഡിലേക്കോ?

റബർ വിപണിയിലെ പ്രസരിപ്പ് വിലകളെ റെക്കോർഡ് നിലവാരത്തിലേക്കു നയിക്കുമോ? ഈ ചോദ്യമാണ്  ഇപ്പോൾ വിപണിയിലെങ്ങും കേൾക്കുന്നത്. ആർഎസ്എസ് നാലാം ഗ്രേഡ് വില കിലോ ഗ്രാമിനു 180 രൂപയിലെത്തിക്കഴിഞ്ഞു. ഈ നിലവാരം എട്ടു വർഷത്തിനു ശേഷം ആദ്യമാണ്. രാജ്യാന്തര വിലയെക്കാൾ 40.71 രൂപ കൂടുതലാണിത് എന്നതും ശ്രദ്ധേയം. ഏറ്റവും ഒടുവിൽ ബാങ്കോക്ക് വിപണിയിൽ രേഖപ്പെടുത്തിയ വില കിലോ ഗ്രാമിനു 139.29 രൂപ മാത്രം.

റെക്കോർഡ് നിലവാരത്തിലേക്ക് ഇന്ത്യയിലെ വില ഉയരാൻ ഇനി 16 രൂപയുടെ വർധനയേ വേണ്ടൂ. 2013 ജൂലൈയിൽ രേഖപ്പെടുത്തിയ 196 രൂപയാണു നിലവിലെ റെക്കോർഡ്. ഉൽപാദനത്തിൽ നേരിട്ട ഇടിവും ഡിമാൻഡിലുണ്ടായ വർധനയുമാണു വില ഉയർന്നുകൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ. കർഷകർ വിൽപന സമ്മർദത്തിനു വഴങ്ങാതിരിക്കുന്നതും പ്രിയം വർധിക്കാൻ സഹായിക്കുന്നു. ഇറക്കുമതിയിലുണ്ടായിരിക്കുന്ന തടസ്സങ്ങളും വിലവർധനയ്ക്കു സഹായകമായി.

ഇപ്പോഴത്തെ പ്രവണത തുടർന്നാൽ വില 185 – 190 രൂപയിലേക്കും തുടർന്നു റെക്കോർഡ് നിലവാരത്തിലേക്കും എത്തിയേക്കുമെന്ന പ്രതീക്ഷയാണു വിപണിയുമായി ബന്ധപ്പെട്ടവർ പങ്കുവയ്ക്കുന്നത്. അതേസമയം, രാജ്യാന്തര വിപണിയിലെ വില കൂടുതൽ ഇടിയുകയും ഇറക്കുമതി സുഗമമാകുയും ഇന്ത്യയിൽ ടാപ്പിങ് പൂർണതോതിലെത്തുകയും ചെയ്താൽ വിലക്കയറ്റത്തിനു വിരാമമാകും എന്ന മുന്നറിയിപ്പും വിപണി നിരീക്ഷകർ നൽകുന്നുണ്ട്.

അടുത്ത ഏതാനും ആഴ്ചകളിൽ ചൈന റബർ സംഭരണം ഊർജിതമാക്കുമെന്നാണു സ്വാഭാവിക റബർ ഉൽപാദക രാജ്യങ്ങളുടെ സംഘടനയായ എഎൻആർപിസി അനുമാനിക്കുന്നത്. ചൈനയിലെ സംഭരണശാലകളിൽ സ്റ്റോക്ക് നിലവാരം വളരെ താഴ്ന്നിരിക്കുകയാണെന്ന് എഎൻആർപിസിയുടെ മാർക്കറ്റ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.

Post your comments