Global block

bissplus@gmail.com

Global Menu

ഇന്ത്യന്‍ ടെലികോം വ്യവസായത്തില്‍ സജീവ സാന്നിദ്ധ്യമാകാൻ ഗൂഗിൾ

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്കു പിന്നാലെ ഇന്ത്യന്‍ ടെലികോം രംഗത്തെ പ്രമുഖ സാന്നിധ്യമായ സുനില്‍ മിത്തലിൻെറ എയടെല്ലിലാണ് ഗൂഗിള്‍ നിക്ഷേപ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ടെലികോം വ്യവസായത്തില്‍ സജീവ സാന്നിധ്യമാകുകയാണ് ഗൂഗിളിൻെറ ലക്ഷ്യമെന്ന് ഇതിലൂടെ വ്യക്തം. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ഗൂഗിള്‍, ജിയോയില്‍ 33,737 കോടി രൂപയുടെ നിക്ഷേപം നടത്തിയത്. ഇതുവഴി കമ്പനിയുടെ 7.7 ശതമാനം ഓഹരി പങ്കാളിത്വവും ഗൂഗിള്‍ സ്വന്തമാക്കിയിരുന്നു. ജിയോയിലെ നിക്ഷേപങ്ങള്‍ക്കു സമാനമായ നിക്ഷേപമാകും എയര്‍ടെല്ലിലും നടത്തുകയെന്നാണു കമ്പനിയുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞവര്‍ഷം തുടങ്ങിയ എയര്‍ടെല്ലുമായുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. ഉടനെ നിക്ഷേപമുണ്ടായേക്കും.

രാജ്യത്തെ ടെലികോം വിപണിയില്‍ ജിയോയും എയര്‍ടെല്ലും എതിരാളികളാണ്. ജിയോയുടെ വരവോടെയാണ് എയര്‍ടെല്ലിന് വിപണിയിലെ ഒന്നാംസ്ഥാനം നഷ്ടമായത്. വരുമാനത്തിലും കുത്തനെ ഇടിവുണ്ടായി. ഇരുവരും തമ്മില്‍ ഇൻ്റര്‍നെറ്റ് വേഗത്തില്‍ ഒന്നാമതെത്താനുള്ള മത്സരവും ശക്തമാണ്. ഗൂഗിളിൻെറ കടന്നുവരവ് ഇൻ്റര്‍നെറ്റ് വേഗത്തില്‍ എയര്‍ടെല്ലിനു മേല്‍കൈ നേടി നല്‍കുമെന്നാണു വിലയിരുത്തല്‍. അതിനാല്‍ തന്നെ എയര്‍ടെല്‍- ഗൂഗിള്‍ കരാറില്‍ റിലയന്‍സിൻെറ ഇടപെടല്‍ നിര്‍ണായകമാകും. ഗൂഗിളും ജിയോയും തമ്മിലുള്ള പങ്കാളിത്ത കച്ചവടത്തിലെ കരാര്‍പ്രകാരം ജിയോയുടെ നിലവിലെ എതിരാളി കമ്പനികളില്‍ ഒന്നിലും ഗൂഗിളിന് നിക്ഷേപം നടത്താന്‍ ആകില്ലെന്ന വാദം വിപണികളില്‍ ശക്തമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഗൂഗിളും എയര്‍ടെലും തമ്മിലുള്ള കരാര്‍ എങ്ങനെയാകുമെന്നും ടെക് ലോകം വീക്ഷിക്കുന്നുണ്ട്. ഫ്യൂച്ചര്‍ ഇടപാടില്‍ ആമസോണിനോട് റിലയന്‍സിൻെറ തോല്‍വിക്കു കാരണം ഇത്തരമൊരു കരാറാണ്. അതിനാല്‍ അതേനാണയത്തില്‍ എയര്‍ടെല്ലിനെതിരേ റിലയന്‍സ് നീങ്ങുമോയെന്നാണു ഇനി അറിയേണ്ടത്. ഗൂഗിളിനെ പിണക്കുന്നതും ജിയോയ്ക്കു ഗുണം ചെയ്യില്ല.

ഗൂഗിളില്‍നിന്നു നിക്ഷേപമെത്തിയാല്‍ എയര്‍ടെല്ലിന് ജീവവായു ലഭിക്കും. ശൃംഖല വിപുലീകരക്കാനും ജിയോയുമായുള്ള അങ്കം കൂടുതല്‍ ശക്തമായി തുടരാനും എയര്‍ടെല്ലിന് സാധിക്കും. എയര്‍ടെല്ലിലെ നിക്ഷേപം ഗൂഗിളിനെ സംബന്ധിച്ചു റിസ്‌കുള്ളതാണ്. 1.7 ലക്ഷം കോടി രൂപയാണ് എയര്‍ടെല്ലിൻെറ നിലവിലെ കടം. ഇരു കമ്പനികളും തമ്മില്‍ കരാറിലെത്തിയാല്‍ എയര്‍ടെല്ലിൻെറ ബാധ്യതയുടെ ഉത്തരവാദിത്വം ഗൂഗിള്‍ കൂടി വഹിക്കേണ്ടി വരും. അതേസമയം കാര്യങ്ങള്‍ ഭംഗിയായാല്‍ ഇന്ത്യയെന്ന ബൃഹത് വിപണിയാകും ഗൂഗിളിനെ കാത്തിരിക്കുന്നത്. ജിയോയേക്കാള്‍ മൂല്യം കുറഞ്ഞ കമ്പനിയെന്ന നിലയില്‍ എയര്‍ടെല്ലില്‍ കൂടുതല്‍ ഇടപെടലിന് ഗൂഗിളിനു സാധിക്കും. കൂടാതെ കുറഞ്ഞ നിക്ഷേപം കൊണ്ടു തന്നെ കൂടുതല്‍ ഓഹരി പങ്കാളിത്വവും ലഭിക്കും.

ഇന്ത്യന്‍ ടെലികോം വ്യവസായത്തില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള കമ്പനികളാണ് ജിയോയും എയര്‍ടെല്ലും. ഇന്ത്യന്‍ ടെലികോം വിപണിയുടെ 60- 70 ശതമാനം ഉപയോക്താക്കളും ഇരുവര്‍ക്കും അവകാശപ്പെട്ടതാണ്. ഗൂഗിളിൻെറ മദ്ധ്യസ്ഥതയില്‍ ജിയോയും എയര്‍ടെല്ലും ഒന്നിച്ചു മുന്നോട്ടുപോകാനുള്ള സാധ്യതയും തള്ളികളായാനാകില്ല. ഇതിനു സാധ്യത കുറവാണെങ്കില്‍ പോലും എയര്‍ടെല്ലിലെ നിക്ഷേപം വോഡഫോണ്‍ ഐഡിയയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അടിയാണ്. ഇതോടെ വോഡഫോണ്‍ ഐഡിയയുടെ വിപണിയിലെ സ്ഥാനം നഷ്ടമാകാനാണു സാധ്യത.

Post your comments