Global block

bissplus@gmail.com

Global Menu

ഓണത്തിന് മദ്യവില്പന മാത്രമല്ലാ പാൽ വിൽപ്പനയിലും റെക്കോർഡ്

ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യ വിൽപ്പന മാത്രമല്ല പാൽ വിൽപ്പനയും. ഇത്തവണ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് മിൽമ. തിരുവോണത്തോട് അനുബന്ധിച്ച് 36 ലക്ഷം ലിറ്ററിൻെറ പാലാണ് വിറ്റു പോയത്. കഴിഞ്ഞ വര്‍ഷം 31 ലിറ്റര്‍ പാലായിരുന്നു വിൽപ്പന. പ്രധാനമായും പായസം നിര്‍മിക്കുന്നതിനായി ആണ് ഓണനാളിലെ അധിക വിൽപ്പന. ഓണക്കാലത്ത് തൈരിൻെറ വിൽപ്പനയും ഉയര്‍ന്നതായി റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.

3.60 ലക്ഷം കിലോഗ്രാം തൈരാണ് ഇത്തവണ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് മൂന്ന് ലക്ഷമായിരുന്നു. ഏറ്റവുമധികം പാൽ വിൽപ്പന നടന്നത് മലബാര്‍ മേഖലയിൽ ആയിരുന്നു 13.95 ലക്ഷം ലിറ്റർ പാലും, 1.95 ലക്ഷം കിലോ തൈരുമാണ് വിൽപ്പന നടത്തിയത്. തൊട്ടു പിന്നാലെ എറണാകുളം ജില്ലയുണ്ട്. 12.8 ലക്ഷം ലിറ്റര്‍ പാലാണ് എറണാകുളത്ത് മാത്രം വിറ്റഴിച്ചത്. 95,000 കിലോഗ്രാം തൈരും.

കര്‍ണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമൊക്കെ പാൽ എത്തിച്ചാണ് അധിക ഡിമാൻഡ് ഉണ്ടായപ്പോൾ മിൽമ പാൽ വിതരണം ചെയ്തത്. നിലവിൽ പ്രതിദിനം 15 ലക്ഷം ലിറ്റര്‍ പാലാണ് മിൽമ ഉത്പാദിപ്പിക്കുന്നത്. കര്‍ണാടകയിൽ നിന്ന് 10 ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തിൽ എത്തിയത്. തമിഴ്നാട്ടിൽ നിന്ന് 1.5 ലക്ഷം ലിറ്റര്‍ പാലായിരുന്നു സംഭരിച്ചത്.

8.6 ലക്ഷത്തിലധികം പ്രാദേശിക ക്ഷീരകര്‍ഷകര്‍ അംഗങ്ങളായിട്ടുളള 3059 പ്രാഥമിക ക്ഷീരോല്പ്പാദക സഹകരണ സഘങ്ങളാണ് മില്‍മയ്ക്ക് കീഴില്‍ ഉളളത്. എന്നാൽ സംസ്ഥാനത്തെ പാൽ ആവശ്യകതക്ക് അനുസരിച്ച് ഉത്പാദനം ഇല്ലാത്തതിനാൽ ആഭ്യന്തര സംഭരണം കൂടുതൽ ശക്തിപ്പെടുത്തിയും അന്യസംസ്ഥാനങ്ങളിൽ നിന്ന് പാൽ എത്തിച്ചുമാണ് ഡിമാൻഡ് ഉയരുമ്പോൾ മിൽമ പാൽ വിതരണം നടത്തുന്നത്.

അതെസമയം പതിവു പോലെ റെക്കോർഡിട്ട് മദ്യവിൽപനയും നടന്നു. തിരുവോണത്തലേന്നു ബവ്റിജസ് കോർപറേഷന്റെ 265 ഔട്‌ലെറ്റുകളിലൂടെ വിറ്റത് 78 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം 52 കോടിയുടെ വിൽപനയാണു നടന്നത്. തിരുവനന്തപുരത്തു പവർ ഹൗസ് റോഡിലെ ഔട്‌ലെറ്റാണ് ഉത്രാട ദിവസത്തെ വിൽപനയിൽ മുന്നിൽ– 1.4 കോടി രൂപ. രണ്ടാം സ്ഥാനത്തുള്ള ഇരിങ്ങാലക്കുടയിൽ 79 ലക്ഷം രൂപയുടെ വിൽപന നടന്നു. മൂന്നാം സ്ഥാനത്ത് കണ്ണൂരിലെ പാറക്കണ്ടി ഔട്‌ലെറ്റാണ്– 78 ലക്ഷം രൂപയ്ക്കാണ് ഇവിടെ മദ്യം വിറ്റത്. ഞായറാഴ്ച 50 കോടിയുടെ മദ്യവിൽപന നടന്നു. 

Post your comments