Global block

bissplus@gmail.com

Global Menu

ഇനി 210 കി.മീ. കെ ടു കെ യാത്ര ഇ– കാറിൽ വെറും 315 രൂപയ്ക്ക്

 

കോവളം മുതൽ ഫോർ‍ട്ട്കൊച്ചി വരെയുള്ള 210 കിലോമീറ്റർ ദൂരം വൈദ്യുതി കാറിൽ (ഇ കാർ) യാത്ര ചെയ്താൽ യാത്രച്ചെലവ് 315 രൂപ മാത്രം. പെട്രോൾ കാറിൽ യാത്ര ചെയ്താലുള്ള ചെലവ് 1400 രൂപ. 210 കിലോമീറ്റർ ദൂരത്തെ യാത്രയ്ക്കായി ആകെ വേണ്ടത് 14 ലീറ്റർ പെട്രോളാണ്. വൈദ്യുതി കാറുകൾ ഒറ്റത്തവണ ഫുൾ ചാർജ് ചെയ്താൽ 200–250 കി.മീ. വരെ യാത്ര ചെയ്യാം. സംസ്ഥാന ഊർജ വകുപ്പിനു കീഴിലുള്ള അ‍നെർട്ടിന്റെ പഠന റിപ്പോർട്ടിലാണ് ഇത്. 

ഇ കാറുകൾ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനിൽ ചാർജ് ചെയ്യുമ്പോൾ ഒരു യൂണിറ്റിന് 15 രൂപയാണു ചെലവ്. ഒരു യൂണിറ്റ് ഉപയോഗിച്ച് 10 കി.മീ. യാത്ര ചെയ്യാം. എന്നാൽ, ഒരു ലീറ്റർ പെട്രോൾ–ഡീസൽ ഉപയോഗിച്ചു ശരാശരി 15– 18 കിമീ വരെ മാത്രമേ യാത്ര ചെയ്യാൻ കഴിയൂവെന്നും ഇ–കാറുകളാണ് ലാഭക‍രമെന്നും അ‍നെർട്ടിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു. അന്തരീക്ഷ മലിനീകരണം തടയുന്നതിന് ഇന്ധന കാറുകൾ പൂർണമായി ഒഴിവാക്കി, കേരളത്തിലെ വിവിധ സർക്കാർ ഓഫിസുകളിൽ 120 ഇ–കാറുകൾ വാടകയ്ക്ക് നൽകിയതിന്റെ പശ്ചാത്തലത്തിലാണ് അ‍നെർട്ട് പഠനം നടത്തിയത്. പ്രതിമാസം 27,540 രൂപയ്‍ക്കാണു വാഹനങ്ങൾ വാടകയ്ക്കു നൽകുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡാണ് ഇ–കാറുകൾ അന‍െർട്ടിന് അനുവദിച്ചത്.

210 കി.മീ. യാത്രയ്ക്കായി കൊച്ചി ടു കോവളം (കെ ടു കെ) എന്ന പേരിൽ അനെർട്ട് പ്രത്യേക പദ്ധതിയും തയാറാക്കി. 210 കി.മീ. യാത്രയ്ക്കിടെ, 50 കിലോമീറ്റർ ഇടവിട്ട് ചാർജിങ് സ്റ്റേഷനുകളും ഉടൻ സ്ഥാപിക്കും. നിലവിൽ തിരുവനന്തപുരത്ത് ശംഖുമുഖം, വഴുതക്കാട് ഗെസ്റ്റ് ഹൗസ്, കൊല്ലം ചവറ, എറണാകുളം മറൈൻഡ്രൈവ്, ആലപ്പുഴ ചേർത്തല ഓട്ടോ‍‍കാസ്റ്റ് എന്നിവിടങ്ങളിലാണ് അനെർട്ടിന്റെ ചാർജിങ് സ്റ്റേഷ‍നുകളുള്ളത്.

ഇടുക്കി, വയനാട് മീനങ്ങാടി, കാസർകോ‍ട് നീലേശ്വരം, തൃശൂർ മുളങ്കുന്നത്തുകാവ്, പാലക്കാട് മണ്ണാർക്കാട്, കോഴിക്കോട് വടകര, കണ്ണൂർ എന്നിവിടങ്ങളിൽ ഒരു മാസത്തിനകം ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഇ–കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ എല്ലാ ജില്ലയിലും 5 വീതം ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും.

Post your comments