Global block

bissplus@gmail.com

Global Menu

"കൊവിഡ്‌ കാലത്ത്‌ ലഭിക്കുന്ന വായ്‌പകളും മറ്റ്‌ ആനുകൂല്യങ്ങളും"- അഡ്വ.ബി.പ്രസന്നകുമാര്‍

"കൊവിഡ്‌ കാലത്ത്‌ ലഭിക്കുന്ന വായ്‌പകളും മറ്റ്‌ ആനുകൂല്യങ്ങളും"
- അഡ്വ.ബി.പ്രസന്നകുമാര്‍, മുന്‍ ജില്ലാ വ്യവസായ കേന്ദ്ര, ജനറല്‍ മാനേജര്‍

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍

കേരളത്തിലെ വ്യവസായ വികസനത്തിന്‌ പ്രധാന പങ്കുവഹിച്ചുവരുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ്‌ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍(കെ.എഫ്‌.സി). രാജ്യത്തെ ഏറ്റവും മികച്ച ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നാണ്‌ കെ.എഫ്‌.സി. ബോണ്ടു സമാഹരണത്തിനു വേണ്ടി എ.എ റേറ്റിംഗ്‌ ഉളള കേരളത്തിലെ ഏക പൊതുമേഖലാ സ്ഥാപനമാണിത്‌.

കൊവിഡ്‌ കാലത്ത്‌ കഷ്ടതയനുഭവിക്കുന്ന സംരംഭകര്‍ക്കും ബിസിനസുകാര്‍ക്കും നിരവധി വായ്‌പകളും ഇളവുകളും കെ.എഫ്‌.സി പ്രഖ്യാപിച്ചു. കൊവിഡ്‌ പ്രതിരോധവുമായി ബന്ധപ്പെട്ട ഉത്‌പന്നങ്ങളായ ഗ്ലൗസ്‌, ബോഡി സ്യൂട്ട്‌സ്‌, ഷൂസ്‌, കവര്‍ഗോഗ്‌, ഓക്‌സിജന്‍ സിലിണ്ടറുകള്‍, വെന്റിലേറ്ററുകള്‍, ഓക്‌സീമീറ്റര്‍, ഫെയ്‌സ്‌ മാസ്‌ക്‌, ഫെയ്‌സ്‌ ഷീല്‍ഡ്‌, സാനിറ്റൈസര്‍, മറ്റു ജീവസുരക്ഷാ ഉപകരണങ്ങള്‍, അംഗീകാരമുളള മരുന്നുകള്‍, ഡിറ്റര്‍ജെന്റുകള്‍, ലോഷനുകള്‍, മറ്റു ആരോഗ്യ ഉത്‌പന്നങ്ങള്‍, സേവനമേഖലയിലെ ആശുപത്രികള്‍, നഴ്‌സിങ്‌ ഹോമുകള്‍, ക്ലിനിക്കുകള്‍, ഡയഗ്നോസ്‌റ്റിക്‌ സെന്ററുകള്‍, ലാബുകള്‍ എന്നിവ, കൊവിഡ്‌-19നെ പ്രതിരോധിക്കുന്ന മറ്റു യൂണിറ്റുകള്‍ തുടങ്ങി ആരോഗ്യപരിപാലനരംഗത്ത്‌ കൊവിഡ്‌ പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിട്ടുളള എല്ലാ മേഖലകള്‍ക്കും കെഎഫ്‌സിയുടെ ആനുകൂല്യം ലഭിക്കും.

മുഖ്യമന്ത്രിയുടെ സംരംഭകത്വവികസന പദ്ധതി (സി.എം.ഇ.ഡി.പി)യില്‍ ഉള്‍പ്പെടുത്തി ഏഴ്‌ ശതമാനം പലിശയില്‍ 50 ലക്ഷം രൂപ വരെ മുകളില്‍ പറഞ്ഞ ഉത്‌പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലേക്ക്‌ വായ്‌പയായി നല്‍കും. ഈ വായ്‌പയ്‌ക്ക്‌ കൊളാറ്ററല്‍ സെക്യൂരിറ്റി ആവശ്യമില്ല. കേന്ദ്രസര്‍ക്കാരിന്റെ ക്രെഡിറ്റ്‌ ഗ്യാരന്റി സ്‌കീമിന്റെ പരിരക്ഷ ലഭിക്കും. അപേക്ഷ പ്രോസസ്‌ ചെയ്യുന്നതിന്‌ ഫീസുമില്ല.

50 ലക്ഷത്തിന്‌ മുകളില്‍ 20 കോടി രൂപ വരെ വായ്‌പ അനുവദിക്കുന്നതാണ്‌. മൊത്തം പ്രൊജക്ട്‌ കോസ്‌റ്റിന്റെ 90% വരെ വായ്‌പ അനുവദിക്കും. സംരംഭകവിഹിതം 10%. പരമാവധി റീപേമെന്റ്‌ 10 വര്‍ഷം വരെ. 50 ലക്ഷത്തില്‍ കൂടുതല്‍ വായ്‌പ ആവശ്യമുളളവര്‍ക്ക്‌ കെ.എഫ്‌.സിയുടെ സാധാരണ പദ്ധതി പ്രകാരമാണ്‌ വായ്‌പ അനുവദിക്കുന്നത്‌.

ചെറുസംരംഭം, ആരോഗ്യ പരിപാലനം, ടൂറിസം എന്നീ വിഭാഗങ്ങള്‍ക്കുളള പലിശയില്‍ കെഎഫ്‌സി വന്‍ ഇളവ്‌ വരുത്തിയിട്ടുണ്ട്‌. കുറഞ്ഞ പലിശ 9.5%-ല്‍ നിന്നും 8% ആയാണ്‌ കുറച്ചത്‌. ഉയര്‍ന്ന പലിശ 12%ല്‍ നിന്നും 10.5 % ആയി കുറച്ചു. കുറഞ്ഞ പലിശയുടെ ആനുകൂല്യം 2021 ജൂലൈ 1 മുതല്‍ എല്ലാവര്‍ക്കും ലഭിക്കും. മാത്രമല്ല കഴിഞ്ഞ വര്‍ഷം നയം മാറ്റത്തെ തുടര്‍ന്ന്‌ ഈടാക്കിയ അധിക പലിശ ഇടപാടുകാര്‍ക്ക്‌ തിരികെ നല്‍കും.

പ്രതിസന്ധിയിലായ ടൂറിസം, ചെറുകിട മേഖലകളിലെ നിലവിലെ വ്യവസായങ്ങള്‍ക്ക്‌ 20% കൂടി അധിക വായ്‌പ വീണ്ടും അനുവദിക്കും.

കെഎഫ്‌സിയില്‍ നിന്നും വായ്‌പ എടുത്ത്‌ 2021 മാര്‍ച്ചുമാസം വരെ തിരിച്ചടവു കൃത്യമായിരുന്ന ചെറുകിട സംരംഭകരുടെ വായ്‌പയ്‌ക്ക്‌ ഒരു വര്‍ഷത്തെ മോറട്ടോറിയം അനുവദിക്കും. മുതലിന്‌ (Principal amount)അവധി നല്‍കുന്നതുമാണ്‌.

ചെറുസംരംഭകരുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും വായ്‌പകളുടെ അനുമതിയും വിതരണവും ഊര്‍ജ്ജിതമാക്കുവാനായി തിരുവനന്തപുരത്തെ ...ഒാഫീസില്‍ പ്രത്യേക സെല്‍ രൂപീകരിക്കും. ഓണ്‍ലൈന്‍ വഴിയാണ്‌ അപേക്ഷ നല്‍കേണ്ടത്‌. വിശദവിവരങ്ങള്‍ www.kfc.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

കെ.എഫ്‌.സി വായ്‌പ ലഭിച്ച അര്‍ഹതപ്പെട്ട സംരംഭകര്‍ക്ക്‌ സര്‍ക്കാരിന്റെ പലിശ സബ്‌സിഡി നോര്‍ക്കയുടെ സബ്‌സിഡി, വ്യവസായ വകുപ്പിന്റെ ഇഎസ്‌എസ്‌ പ്രകാരമുളള സബ്‌സിഡി എന്നിവ ലഭിക്കും.

കേരള ബാങ്ക്‌ വഴിയുളള വായ്‌പ

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കെന്ന്‌ അവകാശപ്പെടുന്ന കേരള ബാങ്ക്‌ ഏറ്റവും അധികം സാധ്യതയുളള ഭക്ഷ്യ സംസ്‌കരണം (food processing) മുതലായവയ്‌ക്ക്‌ വ്യവസായ വായ്‌പയും കാര്‍ഷിക അനുബന്ധ വ്യവസായങ്ങള്‍ക്കുളള വായ്‌പയും നല്‍കുന്നു.
 

എംഎസ്‌എംഇ വായ്‌പ

ചെറുകിട വ്യവസായം. ചെറുകിട കച്ചവടക്കാര്‍, വ്യാപാരികള്‍ എന്നിവര്‍ക്ക്‌ ഒരു കോടി രൂപ വരെ 8.75% പലിശനിരക്കില്‍ വായ്‌പ നല്‍കുന്നു. നവസംരംഭകര്‍ക്കും, യുവാക്കള്‍ക്കും സ്വയം തൊഴിലിലൂടെ സാമ്പത്തികഭദ്രത ഉറപ്പാക്കാന്‍ ഈ പദ്ധതി ഉപകരിക്കും.

എംഎസ്‌എംഇ സുവിധ പദ്ധതി

ചെറുകിട വ്യാപാരികള്‍, ദിവസവേതനത്തില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക്‌ സ്വയം തൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കാന്‍ 10 ലക്ഷം രൂപ വരെ വസ്‌തു ജാമ്യത്തില്‍ കുറഞ്ഞ പലിശയ്‌ക്ക്‌ വായ്‌പ നല്‍കുന്നു.

പ്രവാസി കിരണ്‍

കൊവിഡ്‌ പ്രതിസന്ധിയില്‍ നിരവധി പ്രവാസികള്‍ ജോലി നഷ്ടപ്പെട്ട്‌ നാട്ടിലേക്ക്‌ തിരികെയെത്തിക്കൊണ്ടിരിക്കുന്നു. അവര്‍ക്ക്‌ സ്വന്തം സംരംഭം ആരംഭിക്കുന്നതിനായി 30 ലക്ഷം രൂപ വരെയുളള പ്രൊജക്ടിന്‌ വായ്‌പ നല്‍കുന്നു. നോര്‍ക്ക വഴിയാണ്‌ അപേക്ഷ കേരളബാങ്കിന്‌ നല്‍കേണ്ടത്‌. നോര്‍ക്കയില്‍ നിന്നു സബ്‌സിഡിയും ലഭിക്കും.

മൈക്രോ ഫിനാന്‍സ്‌ വായ്‌പ

പത്ത്‌ ലക്ഷം രൂപ വരെ മൂന്ന്‌ വര്‍ഷ കാലാവധിയില്‍ കുറഞ്ഞ പലിശയ്‌ക്ക്‌ കുടുംബശ്രീകള്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും (എസ്‌ എച്ച്‌ജി) വായ്‌പ നല്‍കുന്നു.

എമര്‍ജന്‍സി ക്രെഡിറ്റ്‌ ലൈന്‍ ഗ്യാരന്റി സ്‌കീം
ആത്മനിര്‍ഭര്‍ ഭാരത്‌ പ്രകാരം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്‌. 12 പൊതുമേഖലാ ബാങ്കുകള്‍,25 സ്വകാര്യ ഷെഡ്യൂള്‍ഡ്‌ ബാങ്കുകള്‍, 31 നോണ്‍ ബാങ്കിംഗ്‌ ഫിനാന്‍ഷ്യല്‍ കമ്പനികള്‍ വഴി നല്‍കുന്ന വായ്‌പയാണിത്‌. ഔട്ട്‌്‌സ്റ്റാന്‍ഡിംഗ്‌ ആയിട്ടുളള വായ്‌പയുടെ 20% വരെയുളള തുക നിലവിലെ ജാമ്യം അംഗീകരിച്ചു കൊണ്ടു അധിക പ്രവര്‍ത്തന മൂലധനത്തിനുളള വായ്‌പയായി നല്‍കുന്നു. നാളിതുവരെ 1.1 കോടി യൂണിറ്റുകള്‍ക്ക്‌ 2.69 ലക്ഷം കോടി രൂപ വിതരണം ചെയ്‌തു കഴിഞ്ഞു. ഇതൊരു പ്രീ-അപ്രൂവ്‌ഡ്‌ വായ്‌പയാണ്‌.

കേന്ദ്രസര്‍ക്കാര്‍ ഗ്യാരന്റി 3 ലക്ഷം കോടിയില്‍ നിന്ന്‌ 4.5 ലക്ഷം കോടി രൂപയായി ഉയര്‍ത്തുന്നു, നിലവിലെ 20% വരെയുളള തുകയെന്നത്‌ ഉയര്‍ത്താനും തീരുമാനിച്ചു. നിലവില്‍ വായ്‌പ ഉളളവര്‍ക്കാണ്‌ ഇതിന്റെ പ്രയോജനം ലഭിക്കുന്നത്‌.

ചില്ലറ-മൊത്ത വ്യാപാരികള്‍ക്ക്‌ വ്യവസായ വായ്‌പ

കേന്ദ്ര എംഎസ്‌എംഇ മന്ത്രാലയം 2/07/2021-ലെ ഉത്തരവു പ്രകാരം ചില്ലറ-മൊത്തവ്യാപാരസംരംഭങ്ങളെ എംഎസ്‌എംഇയില്‍ ഉള്‍പ്പെടുത്തി. ഇത്‌ വഴി വ്യാപാരികള്‍ക്ക്‌ കുറഞ്ഞ പലിശയില്‍ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നു മുന്‍ഗണനാ വായ്‌പകള്‍ ലഭിക്കുന്ന്‌ു. കൃഷിക്കും എംഎസ്‌എംഇകള്‍ക്കും വായ്‌പ ലഭിക്കുന്നതില്‍ മുന്‍ഗണനയുണ്ട്‌. വായ്‌പയ്‌ക്ക്‌ ജാമ്യവ്യവസ്ഥയിലും സംരംഭകവിഹിതത്തിലും ഇളവുകളുണ്ടാകും. നിലവിലെ ചില്ലറ-മൊത്ത്‌ വ്യാപാരികള്‍ ഉദ്യം രജിസ്‌ട്രേഷന്‍ എടുത്തിരിക്കണം. ഉദ്യം രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ (https://udyamregistration.gov.in)

ചില്ലറ-മൊത്ത വ്യാപാരികള്‍ക്ക്‌ എംഎസ്‌എംഇകള്‍ക്ക്‌ ലഭിക്കുന്ന സബ്‌സിഡികള്‍, പവര്‍ താരിഫ്‌ കണ്‍സെഷന്‍ എന്നിവ ലഭിക്കുന്നതല്ല.
 

Post your comments