Global block

bissplus@gmail.com

Global Menu

ഇന്ധനവില കുതിക്കുന്നു സമ്പദ്‌ ഘടന പ്രതിസന്ധിയിലാകുമെന്ന്‌ വിദഗ്‌ദ്ധര്‍

അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ്‌ വില കുറയുമ്പോഴും ഇന്ത്യയില്‍ ഇന്ധനവില കുതിക്കുകയാണ്‌. ഇതിന്‌ സര്‍ക്കാരുകള്‍ മാറിമാറി പഴിചാരുമ്പോള്‍ പൊതുജനം വലയുകയാണ്‌. ഇന്ധനവില വര്‍ദ്ധന വാഹനവിപണിയെ മാത്രമല്ല ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയെ ഒന്നാകെ വന്‍ പ്രതിസന്ധിയിലേക്ക്‌ തളളിവിടുമെന്നാണ്‌ സാമ്പത്തിക ശാസ്‌ത്രജ്ഞരുടെ വിലയിരുത്തല്‍. ഇന്ധനവില നിയന്ത്രിക്കുന്നതിന്‌ ആദ്യകാലത്ത്‌ നിലവിലിരുന്ന പ്രൈസ്‌ അഡ്‌മിനിസ്‌ട്രേഷന്‍ സംവിധാനം എടുത്തുകളഞ്ഞത്‌ കോണ്‍ഗ്രസ്‌ ഭരിച്ചിരുന്നപ്പോഴാണ്‌. എന്നാല്‍ അന്താരാഷ്ട്രതലത്തില്‍ ക്രൂഡോ ഒായില്‍ വില വര്‍ദ്ധിക്കുമ്പോള്‍ ഇന്ത്യയില്‍ ഇന്ധനവില വര്‍ദ്ധിക്കുകയും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില കുറയുന്നതിന്‌ ആനുപാതികമായി ഇന്ധനവില രാജ്യത്ത്‌ കുറയുകയും ചെയ്യുന്ന രീതിയിലാണ്‌ തങ്ങള്‍ ഡീറെഗുലേറ്റ്‌ ചെയ്‌തതെന്ന്‌ കോണ്‍ഗ്രസ്‌ വാദിക്കുന്നു. ഇപ്പോഴത്തെ വില വര്‍ദ്ധനവിന്‌ കാരണം കേന്ദ്രവും അതിന്‌ ആനുപാതികമായി സംസ്ഥാനങ്ങളും എക്‌സൈസ്‌ തീരുവ വര്‍ദ്ധിപ്പിച്ചതാണെന്നും കോണ്‍ഗ്രസ്‌ ചൂണ്ടിക്കാട്ടുന്നു. മറുപക്ഷം ഇക്കാര്യത്തില്‍ കാര്യമായി പ്രതികരിക്കുന്നില്ല എന്നതാണ്‌ വാസ്‌തവം.

ഇന്ത്യയില്‍ പെട്രൊളിന്റേയും ഡീസലിന്റേയും വില ആഗോള അസംസ്‌കൃത എണ്ണ വിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. അസംസ്‌കൃത എണ്ണ വില കുറയുകയാണെങ്കില്‍ പെട്രോളിന്റേയും ഡീസലിന്റേയും വിമാന ഇന്ധനത്തിന്റേയും വില കുറയണം. വില കൂടിയാല്‍ തിരിച്ചും സംഭവിക്കും. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞുവരികയാണ്‌ എന്നാല്‍ ഇന്ത്യയില്‌ഡ ഇന്ധന വില വര്‍ദ്ധിക്കുകയാണ്‌. 82 ദിവസത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ എണ്ണക്കമ്പനികള്‍ വില പുതുക്കി നിശ്ചയിക്കുന്നത്‌ പുനരാംഭിച്ചത്‌. ആറ്‌ ദിവസം കൊണ്ട്‌ പെട്രൊളിന്‌ 3.31 രൂപയും ഡീസലിന്‌ 3.42 രൂപയും ലിറ്ററിന്‌ വര്‍ദ്ധിച്ചു. ബ്രന്റ്‌, യുഎസ്‌ ക്രൂഡ്‌ ഇന്‍ഡെക്‌സുകള്‍ 10 ശതമാനത്തോളം ഇടിവ്‌ രേഖപ്പെടുത്തിയപ്പോഴാണ്‌ ഇന്ത്യയില്‍ വില വര്‍ദ്ധനവ്‌.

എന്തുകൊണ്ട്‌്‌?
ഒരു പ്രധാന കാരണം, ഇന്ത്യയില്‍ എണ്ണ വില നിയന്ത്രണമെന്നത്‌ ഒരു ഭാഗത്തേക്ക്‌ മാത്രം യാത്ര അനുവദിക്കുന്ന പാതയാണ്‌. ആഗോള എണ്ണ വില വര്‍ദ്ധിക്കുമ്പോള്‍ അത്‌ ഉപഭോക്താക്കളുടെ ചുമലിലേക്ക്‌ വയ്‌ക്കും. ഉപഭോക്താവ്‌ വാങ്ങുന്ന ഓരോ ലിറ്റര്‍ ഇന്ധനത്തിനും അവന്‍ വലിയ വില കൊടുക്കേണ്ടി വരും. അതേസമയം, വില കുറയുമ്പോഴാകാട്ടെ സര്‍ക്കാര്‍ പുതിയ നികുതിയും മറ്റും ചുമത്തി സ്വന്തം വരുമാനം വര്‍ദ്ധിപ്പിക്കും. അത്‌ മൂലം വില കൂടിയിരുന്നപ്പോള്‍ നല്‍കിയിരുന്ന പണം തന്നെ ഉപഭോക്താവ്‌ തുടര്‍ന്നും നല്‍കാന്‍ നിര്‍ബന്ധിതരാകും. വില നിയന്ത്രണത്തിലെ കയറ്റിറക്കങ്ങളില്‍ നേട്ടം കൊയ്യുന്നത്‌ സര്‍ക്കാര്‍ മാത്രം. ഉപഭോക്താവിനൊപ്പം എണ്ണ വിതരണ കമ്പനികളും നഷ്ടം സഹിക്കേണ്ടിവരുന്നു.എണ്ണ വിലയിലെ നിയന്ത്രണം ഘട്ടം ഘട്ടമായിട്ടാണ്‌ കേന്ദ്ര സര്‍ക്കാര്‍ നീക്കിയത്‌. 2002-ല്‍ വിമാന ഇന്ധനത്തിന്റേയും പെട്രോളിന്റേത്‌ 2010-ലും ഡീസലിന്റേത്‌ 2014 ഒക്ടോബറിലും ഒഴിവാക്കി.വില നിയന്ത്രണം ഒഴിവാക്കിയത്‌ എണ്ണ വിതരണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, എച്ച്‌ പി സി എല്‍, ബി പി സി എല്‍ എന്നിവര്‍ക്ക്‌ തങ്ങളുടെ ചെലവിനും ലാഭത്തിനും അടിസ്ഥാനത്തപ്പെടുത്തി പെട്രോളിനും ഡീസലിനും വില നിശ്ചയിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നു. അവര്‍ക്ക്‌ എണ്ണ വില്‍ക്കുന്ന ഒഎന്‍ജിസി, ഓയില്‍ ഇന്ത്യ എന്നീ കമ്പനികള്‍ക്ക്‌ ആഗോള വിപണിയിലെ വിലയ്‌ക്കനുസരിച്ചാണ്‌ അസംസ്‌കൃത എണ്ണ ലഭിക്കുന്നത്‌. 2010ന്‌ മുമ്പ്‌ അതിനുമുമ്പ്‌ എണ്ണ വിതരണ കമ്പനികള്‍ വില്‍ക്കുന്ന പെട്രോളിന്റേയും ഡീസലിന്റേയും വില നിശ്ചയിക്കുന്നതില്‍ കേന്ദ്രത്തിന്‌ നേരിട്ട്‌ ഇടപെടാമായിരുന്നു. ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജിയുടേയും മണ്ണെണ്ണയുടേയും വില ഇപ്പോഴും നിശ്ചയിക്കുന്നത്‌ കേന്ദ്ര സര്‍ക്കാരാണ്‌.

കൂടുതല്‍ സാമ്പത്തികപ്രതിസന്ധിയിലേക്ക്‌ തളളിവിടും
ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന്‌ കരകയറാനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുകയാണ്‌. എന്നാല്‍ അത്‌ ഉടനെയൊന്നും സാധ്യമാകില്ലെന്നും ഇന്ധനവില സാമ്പത്തിക പ്രതിസന്ധിക്ക്‌ ആക്കം കൂട്ടുമെന്നുമാണ്‌ വിലയിരുത്തല്‍.ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും, കേരളത്തിലുള്‍പ്പെടെ ഇന്ധന വില നൂറ്‌ കടന്നിരിക്കുകയാണ്‌. പെട്രോള്‍ വിലയ്‌ക്ക്‌ സമാനമായി ഡീസലും ഉയര്‍ന്ന്‌ കൊണ്ടിരിക്കുകയാണ്‌. നൂറ്‌ രൂപയിലേക്ക്‌ ഡീസലും എത്തിയാല്‍ ഇപ്പോഴുള്ള പ്രശ്‌നം രൂക്ഷമാകും. മുംബൈ പോലൊരു നഗരത്തില്‍ പെട്രോള്‍ വാങ്ങുന്നത്‌ ന്യൂയോര്‍ക്ക്‌ നഗരത്തേക്കാളും രണ്ട്‌ ഇരട്ടി പണം കൊടുത്താണ്‌. അയല്‍രാജ്യങ്ങളെ അപേക്ഷിച്ച്‌ വന്‍ നിരക്കിലാണ്‌ ഇന്ത്യയിലെ ഇന്ധനം വില്‍ക്കുന്നത്‌. ഇനിയും വില കൂടുമെന്നാണ്‌ സൂചനകള്‍. എന്നാല്‍ ഇന്ത്യയുടെ സമ്പദ്‌ ഘടനയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക്‌ തള്ളിയിടുന്നതാണ്‌ ഇന്ധന വിലവര്‍ദ്ധനവെന്ന്‌ സാമ്പത്തിക ശാസ്‌ത്രജ്ഞര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

വാഹന ഉടമകളെ മാത്രമല്ല, പണപ്പെരുപ്പത്തെയും ഉയര്‍ത്താനാണ്‌ ഇന്ധന വില സഹായിക്കുക. അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരും. ഇത്‌ വരുമാനം തീര്‍ത്തും കുറയാനും, സമ്പാദ്യങ്ങള്‍ ഇല്ലാത്ത അവസ്ഥയിലേക്കും ഇന്ത്യന്‍ പൗരന്മാരെ നയിക്കും. ഇന്ത്യ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം പെട്രോള്‍ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ്‌. ഇന്ധന ആവശ്യകത ഇന്ത്യയില്‍ ഉയര്‍ന്ന തോതിലാണ്‌. ഈ സമയത്ത്‌ നിരക്ക്‌ വര്‍ധിപ്പിക്കുന്നത്‌ ഇന്ത്യക്കാര്‍ക്ക്‌ താങ്ങാവുന്നതിലും അപ്പുറമാണ്‌. അതേസമയം വില വര്‍ധിച്ചാല്‍ ഇന്ധനം വാങ്ങുന്നവരുടെ എണ്ണം കുറയും, അത്‌ സര്‍ക്കാരിന്റെ വരുമാനത്തെ തന്നെ ബാധിക്കും. ഇത്‌ ദീര്‍ഘകാലത്തില്‍ നടക്കാനിടയുള്ള കാര്യമാണ്‌. നേരത്തെ കൊവിഡ്‌ രണ്ടാം തരംഗത്തെ തുടര്‍ന്ന്‌ ലോക്‌ഡൗണ്‍ വന്നപ്പോള്‍ ഇന്ധന ആവശ്യകത കുറഞ്ഞിരുന്നു.അപ്പോള്‍ സര്‍ക്കാരിന്റെ വരുമാനവും ഇടിഞ്ഞിരുന്നു. ഇന്ത്യയുടെ പണപ്പെരുപ്പം ഇപ്പോള്‍ റെക്കോര്‍ഡ്‌ നിരക്കിലാണ്‌. ആര്‍ബിഐ നിരക്കിന്‌ മുകളിലാണിത്‌. ഫുഡ്‌ ഡെലിവറി, ഗതാഗതം, ഇ കൊമേഴ്‌സ്‌ പോലുള്ളവരെ ശക്തമായി ഇന്ധന വില ബാധിക്കും. അതിന്റെ ബാധ്യത ഉപഭോക്താക്കളായിരിക്കും വഹിക്കേണ്ടി വരിക. ഇന്ധന നികുതി കുറയ്‌ക്കാന്‍ പോലും കേന്ദ്രം തയ്യാറായിട്ടില്ല. എക്‌സൈസ്‌ ഡ്യൂട്ടി കുറയ്‌ക്കണമെന്നാണ്‌ സാമ്പത്തിക ശാസ്‌ത്രജ്ഞരും നിര്‍ദേശിക്കുന്നത്‌.

അടിയന്തര നടപടി വേണമെന്ന്‌ സിഐഐ
ഇന്ധന വില വര്‍ധന വ്യവസായ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നുവെന്നും വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്‌ട്രി(സിഐഐ) പ്രസിഡന്റും ടാറ്റാ സ്റ്റീല്‍ മാനേജിങ്‌ ഡയറക്ടറുമായ ടി.വി. നരേന്ദ്രന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 34 വര്‍ഷത്തിനിടെ ഇന്ധന നികുതിയില്‍ വലിയ വര്‍ധനയാണുണ്ടായത്‌. സാധാരണക്കാര്‍ക്കും വ്യവസായ മേഖലയ്‌ക്കും സംഭവിച്ച പ്രതിസന്ധിക്കു പരിഹാരം കാണാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടു വരണമെന്നും വില കുറയ്‌ക്കാനുള്ള കൂട്ടായ തീരുമാനം സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ടാറ്റാ സ്റ്റീല്‍സിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫിസര്‍ കൂടിയായ മലയാളിയായ ടി.വി. നരേന്ദ്രന്‍ ജൂലായ്‌ ഒന്നിനാണു സിഐഐ പ്രസിഡന്റായി ചുമതലയേറ്റത്‌.

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി പെട്രോള്‍ വില 100 രൂപ കടന്നു. മറ്റ്‌ പല സംസ്ഥാനങ്ങളിലും നേരത്തേ തന്നെ ഇത്‌ സംഭവിച്ചിരുന്നു. ഇപ്പോഴത്‌ കേരളത്തിലേക്കും എത്തിയിരിക്കുകയാണ്‌.പ്രീമിയം പെട്രോളിനാണ്‌ ഇപ്പോള്‍ പലയിടത്തും നൂറ്‌ രൂപ കടന്നിരിക്കുന്നത്‌. വിലവര്‍ദ്ധന ഈ രീതിയില്‍ തുടരുകയാണെങ്കില്‍, സാധാരണ പെട്രോളിനും ലിറ്ററിന്‌ 100 രൂപ കടക്കുന്ന ദിവസങ്ങള്‍ വിദൂരമല്ലെന്ന്‌ ഉറപ്പാണ്‌.

Post your comments