Global block

bissplus@gmail.com

Global Menu

6.29 ലക്ഷം കോടിയുടെ കൊവിഡ്‌ ആശ്വാസ പാക്കേജുമായി നിര്‍മല സീതാരാമന്‍

പൊതുജനാരോഗ്യത്തിന്‌ 23,000 കോടി രൂപയുടെ സഹായം; 1.1 ലക്ഷം കോടി രൂപയുടെ പുതിയ വായ്‌പകള്‍
കൊവിഡ്‌ രണ്ടാംതരംഗം വലിയ പ്രത്യാഘാതം ഉണ്ടാക്കുകയും മൂന്നാം തരംഗത്തെ കുറിച്ചുളള ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രാലയം വീണ്ടും ആശ്വാസ പാക്കേജുമായി രംഗത്തെത്തിയിരിക്കുകയാണ്‌. 6.29 ലക്ഷം കോടിയുടെ പാക്കേജാണ്‌ പ്രഖ്യാപിച്ചത്‌. 1.5 ലക്ഷം കോടിയുടെ ചെറുകിട വായ്‌പകള്‍, വിദേശ ടൂറിസ്റ്റുകള്‍ക്ക്‌ വീസ ഫീസ്‌ ഇളവ്‌, തുടങ്ങിയവ ഉള്‍പ്പെട്ട പാക്കേജാണ്‌ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്‌. ഇതുമായി ബന്ധപ്പെട്ട്‌ പൊതുജനാരോഗ്യ രംഗത്ത്‌ 23,000 കോടി രൂപയുടെ ധനസഹായ പദ്ധതികളാണ്‌ധനമന്ത്രി പ്രഖ്യാപിച്ചത്‌. നവംബര്‍ വരെയുളള സൗജന്യ റേഷന്‍, വളത്തിന്‌ അധിക സബ്‌സിഡി തുടങ്ങിയവ ഉള്‍പ്പെടെയാണിതെന്ന്‌ മന്ത്രി പ്രകാശ്‌ ജാവഡേക്കര്‍ അറിയിച്ചകൊവിഡ്‌ ബാധിത മേഖലകള്‍ക്ക്‌ പ്രത്യേക വായ്‌പാ സഹായം. മൈക്രോ ഫിനാന്‍സ്‌ സംരംഭങ്ങളിലൂടെ ചെറുകിട സംരംഭകര്‍ക്ക്‌ വായ്‌പ ഉറപ്പാക്കും.ചെറുകിട സംരംഭകര്‍ക്ക്‌ വായ്‌പ ലഭ്യമാക്കാന്‍ പ്രത്യേക ലോണ്‍ ഗ്യാരന്റി സ്‌കീമാണ്‌ പ്രഖ്യാപിച്ചത്‌. 1.10 ലക്ഷം കോടി രൂപയുടേതാണ്‌ പദ്ധതി.

ആരോഗ്യ മേഖലയില്‍ 7.95 ശതമാനവും മറ്റ്‌ മേഖലകളില്‍ 8.25 ശതമാനവും നിരക്കില്‍ ലോണ്‍ ലഭിക്കും. ആരോഗ്യ മഖലയില്‍ 50,000 കോടി രൂപയാണ്‌ വക ഇരുത്തുന്നത്‌.മറ്റു മേഖലകളില്‍ 60,000 കോടി രൂപയുടെ വായ്‌പകള്‍ അനുവദിക്കും.പരമാവധി മൂന്ന്‌ വര്‍ഷത്തേക്ക്‌ സര്‍ക്കാര്‍ ഉറപ്പില്‍ പരമാവധി 100 കോടി രൂപ വരെയാണ്‌ ആരോഗ്യ മേഖലയിലെ സംരംഭങ്ങള്‍ക്കും ബിസിനസ്‌ വിപുലീകരണത്തിനും ലോണ്‍ നല്‍കുന്നത്‌. പുതിയ സംരഭങ്ങള്‍ക്ക്‌ 75 ശതമാനവും നിലവിലെ സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിന്‌ 50 ശതമാനവും സര്‍ക്കാര്‍ ഗ്യാരണ്ടി ലഭിക്കും.പാക്കേജിന്‌ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. കേരളമുള്‍പ്പെടെ 16 സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റ്‌ നല്‍കാനുള്ള പദ്ധതിക്ക്‌ 19041 കോടി രൂപയുടെ ഈടിനും അംഗീകാരം നല്‍കി. ഭാരത്‌ നെറ്റ്‌ മുഖേന സ്വകാര്യപങ്കാളിത്തത്തോടെയാണ്‌ പദ്ധതി നടപ്പാക്കുകയെന്ന്‌ മന്ത്രി രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു. 16 സംസ്ഥാനങ്ങളിലെ 3.61 ലക്ഷം ഗ്രാമങ്ങള്‍ പദ്ധതിയിലുള്‍പ്പെടും. ഗ്രാമങ്ങളില്‍ ഡിജിറ്റല്‍ അന്തരം ഇല്ലാതാക്കാന്‍ ഇതു സഹായിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ്‌ ലഭ്യമാകുന്നത്‌ ഗ്രാമങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാക്കും.

വൈദ്യുതി വിതരണം 24 മണിക്കൂറും മുടങ്ങാതിരിക്കാനുള്ള 3.03 ലക്ഷം കോടിയുടെ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നല്‍കിയതായി മന്ത്രി ആര്‍.കെ. സിങ്‌ അറിയിച്ചു. വിതരണം കാര്യക്ഷമമാക്കാനുള്ള 5 വര്‍ഷത്തെ കര്‍മപദ്ധതിയാണിത്‌. പ്രസരണച്ചോര്‍ച്ച തടയാനും നിരക്കു കുറയ്‌ക്കാനും സഹായിക്കും. 3,03,058 കോടിയില്‍ 97,631 കോടിയാണ്‌ കേന്ദ്രസര്‍ക്കാര്‍ വിഹിതം. 25 കോടി സ്‌മാര്‍ട്‌ മീറ്ററുകള്‍, 10,000 ഫീഡറുകള്‍, 4 ലക്ഷം കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനുകള്‍ എന്നിവ ഉള്‍പ്പെടും. ഇതും കോവിഡ്‌ സമാശ്വാസ പദ്ധതികളില്‍ നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. മ്യാന്‍മര്‍, സാംബിയ, നേപ്പാള്‍ എന്നീ രാജ്യങ്ങളുമായി വിവിധമേഖലകളില്‍ സഹകരണത്തിനുളള ധാരണാപത്രങ്ങള്‍ക്കും അംഗീകാരം നല്‍കി.

പാക്കേജിലെ മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍

*പ്രധാനമന്ത്രി ഗരീബ്‌ കല്യാണ്‍ അന്ന യോജന പദ്ധതിക്ക്‌ കീഴില്‍ കൂടുതല്‍ തുക വിലയിരുത്തി. പദ്ധതിക്ക്‌ കീഴില്‍ നവംബര്‍ 2021 വരെ സൗജന്യ റേഷന്‍ വിതരണം. ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം അര്‍ഹര്‍ക്കാണ്‌ സൗജന്യമായി ധാന്യങ്ങള്‍ നല്‍കുന്നത്‌

*ആത്മനിര്‍ഭര്‍ ഭാരത്‌ റോസ്‌ഗര്‍ യോജന പദ്ധതിക്ക്‌ കീഴില്‍ തൊഴിലാളികള്‍ക്കും തൊഴില്‍ ഉടമകള്‍ക്കും പ്രഖ്യാപിച്ചിരുന്ന ഇപിഎഫ്‌ ആനുകൂല്യങ്ങള്‍ മാര്‍ച്ച്‌ 31 വരെ നീട്ടി.

*മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതി. അഞ്ചു ലക്ഷം സൗജന്യ മെഡിക്കല്‍ ടൂറിസം വിസ അനുവദിക്കും. ട്രാവല്‍ ഏജന്‍സികള്‍ക്ക്‌ 10 ലക്ഷം രൂപയുടെ അധിക വായ്‌പ നല്‍കും. 11,000 രജിസ്‌ട്രേര്‍ഡ്‌ ടൂറിസ്റ്റ്‌ ഗൈഡുകള്‍ക്ക്‌ സഹായം നല്‍കും.

*ഭാരത്‌ നെറ്റ്‌ പിപിപി മോഡല്‍ പദ്ധതിക്ക്‌ കീഴില്‍ എല്ലാ വില്ലേജുകളിലും ബ്രോഡ്‌ബാന്‍ഡ്‌ എത്തിക്കുന്നതിന്‌ 19,041 കോടി രൂപ.

*വന്‍കിട ഇലക്ട്രോണിക്‌ ഉത്‌പന്ന നിര്‍മാതാക്കള്‍ക്ക്‌ പിഎല്‍ഐ പദ്ധതിക്ക്‌ കീഴിലുള്ള സഹായം ഒരു വര്‍ഷം കൂടെ നീട്ടി. 2025-26 വരെ ഇന്‍സെന്റീവ്‌ ലഭിക്കും.

ചെലവുചുരുക്കിയേ പറ്റൂ
കൊവിഡ്‌ രണ്ടാം തരംഗമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി കേന്ദ്ര സര്‍ക്കാരിനെയും ബാധിച്ചിരിക്കുകയാണെന്നും ആയതിനാല്‍ വിവിധ മന്ത്രാലയങ്ങള്‍ സെപ്‌റ്റംബര്‍ മാസം വരെയുള്ള സാമ്പത്തിക പാദത്തില്‍ ചെലവ്‌ കുറയ്‌ക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍. വാര്‍ഷിക ബജറ്റ്‌ നീക്കിയിരുപ്പില്‍ 20 ശതമാനം കുറയ്‌ക്കാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. കൊവിഡിനെ തുടര്‍ന്ന്‌ വരുമാനം കുറഞ്ഞതും കേന്ദ്രത്തെ ബാധിച്ചുവെന്നാണ്‌ വിലയിരുത്തല്‍. പല തരത്തില്‍ ലഭിക്കേണ്ടിയിരുന്ന നികുതികളില്‍ അടക്കം ഇടിവുണ്ടായിട്ടുണ്ടെന്നാണ്‌ സൂചന.

രണ്ടാം സാമ്പത്തിക പാദത്തിലെ നിയന്ത്രണങ്ങള്‍ പക്ഷേ എല്ലാ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ബാധകമാവില്ല. ആരോഗ്യം, കൃഷി, വളം വകുപ്പ്‌, ഫാര്‍മസ്യൂട്ടിക്കല്‍സ്‌, ഭക്ഷ്യ വകുപ്പുകള്‍ക്കൊന്നും ഈ നിയന്ത്രണങ്ങളില്ല. ഇതെല്ലാം ജനങ്ങളെ നേരിട്ട്‌ ബാധിക്കുന്ന വകുപ്പുകളിലൊന്നാണ്‌. ഇതിന്‌ പുറമേ ഭവന നിര്‍മാണ-നഗരവികസനം, കുടിവെള്ള വിതരണ വകുപ്പ്‌, റെയില്‍വേ, റോഡ്‌ ഗതാഗതം, എംഎസ്‌എംഇ, ഗ്രാമീണ വികസനം തുടങ്ങിയ വകുപ്പുകളും ഇതില്‍ നിന്ന്‌ ഒഴിവാകും.

ബാക്കിയുള്ള വകുപ്പുകളൊക്കെ 20 ശതമാനത്തോളം ചെലവുകള്‍ നിയന്ത്രിച്ച്‌ നിര്‍ത്തേണ്ടി വരും. ജൂലായ്‌ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള സാമ്പത്തിക പാദമാണിത്‌. ധനകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള ഉത്തരവാണിത്‌. പെന്‍ഷന്‍ വിതരണം, പലിശ വിതരണം, സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം എന്നിവയുടെ കാര്യത്തില്‍ ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല. കൊവിഡ്‌ കാരണം ചെലവ്‌ നിയന്ത്രിക്കേണ്ടത്‌ അത്യാവശ്യമായി വന്നിരിക്കുകയാണെന്ന്‌ ധനകാര്യ മന്ത്രാലയം മറ്റ്‌ മന്ത്രാലയങ്ങളെ അറിയിച്ചു. അതേസമയം ഏതെങ്കിലും മന്ത്രാലയത്തിന്‌ ഈ നിര്‍ദേശം മറികടന്ന്‌ ചെലവുകള്‍ നടത്തണമെങ്കില്‍ ധനമന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വേണ്ടി വരും. ചെലവ്‌ നിയന്ത്രിച്ച്‌ നിര്‍ത്തുന്നത്‌ കൊവിഡാനന്തര കാലത്ത്‌ സമ്പദ്‌ വ്യവസ്ഥയ്‌ക്കും ഗുണം ചെയ്യുമെന്നാണ്‌ ധനമന്ത്രി നിര്‍മലാ സീതാരാമനും അവകാശപ്പെടുന്നത്‌. ഇന്ത്യയുടെ മൊത്തം കടം 6.36 ശതമാനം വര്‍ധിച്ചിച്ച്‌ 116.21 ലക്ഷം കോടിയില്‍ എത്തിയിട്ടുണ്ട്‌. ജിഡിപിയിലെ വന്‍ ഇടിവ്‌ ഇന്ത്യയെ വന്‍ തോതില്‍ കടംവാങ്ങുന്നതിലേക്കാണ്‌ നയിച്ചത്‌.

മല എലിയെ പ്രസവിച്ച പോലെയെന്ന്‌ തോമസ്‌ ഐസക്‌
രണ്ടാം കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ്‌ മല എലിയെ പ്രസവിച്ചപോലെയായി. രണ്ടാം വ്യാപനം നാട്ടിലെ സാധാരണക്കാരെ ഒന്നാം വ്യാപനത്തേക്കാള്‍ തീക്ഷ്‌ണമായിട്ടാണ്‌ ബാധിച്ചതെന്ന്‌ ഏവരും അംഗീകരിക്കും. ഒന്നാം വ്യാപനകാലത്ത്‌ എല്ലാവരുടെയും കൈയ്യില്‍ കുറച്ചെങ്കിലും സമ്പാദ്യമുണ്ടായിരുന്നു. എന്നാല്‍ ഒന്നാം വ്യാപനത്തിനുശേഷം എല്ലാവരുടെ പോക്കറ്റും കാലിയാണ്‌. വിലക്കയറ്റമാകട്ടെ റെക്കോര്‍ഡ്‌ ഇട്ടുകൊണ്ടിരിക്കുകയാണ്‌.

ഈയൊരുസാഹചര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട നടപടി ജനങ്ങള്‍ക്കു സമാശ്വാസം നല്‍കലാണ്‌. അവരുടെ കൈയില്‍ പണം എത്തിക്കലാണ്‌.മുന്‍പു പ്രഖ്യാപിച്ച അഞ്ചുകിലോ സൗജന്യധാന്യം വരും മാസങ്ങളിലും തുടരുമെന്നത്‌ സമാശ്വാസമാണ്‌. പക്ഷെ അരി മാത്രം പോരല്ലോ. മറ്റ്‌ അവശ്യസാധനങ്ങള്‍ കേരളത്തിലെപ്പോലെ കിറ്റായി നല്‍കുക. അല്ലെങ്കില്‍ സാധാരണക്കാര്‍ക്കു കാശ്‌ നേരിട്ടു നല്‍കുക. 6000 രൂപയാണ്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുള്ളത്‌. അതിനൊന്നും കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല.
ഞാന്‍ പറയുക, ഏറ്റവും ചുരുങ്ങിയത്‌ കഴിഞ്ഞ വര്‍ഷത്തെ തൊഴിലുറപ്പിന്റെ കൂലി ഈ വര്‍ഷം അഡ്വാന്‍സായി കൊടുക്കുക. അടുത്തൊരു അഞ്ചു വര്‍ഷത്തെ കൂലിയില്‍ നിന്ന്‌ കുറേശ്ശെ വേണമെങ്കില്‍ തിരിച്ചു പിടിക്കട്ടെ. എന്നാലും ഇപ്പോള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ പാവങ്ങളുടെ കൈയ്യില്‍ പണം എത്തുമല്ലോ. അങ്ങനെയൊരു കരുണ കേന്ദ്രസര്‍ക്കാരിനില്ല. എന്തിന്‌ തൊഴിലുറപ്പിന്റെ അടങ്കല്‍ വര്‍ദ്ധിപ്പിക്കാന്‍പോലും തയ്യാറായിട്ടില്ല.

ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്‌പാ സഹായമാണ്‌ ഈ പാക്കേജിലെ പ്രധാന ഇനം. ഇതുമുഴുവന്‍ ബാങ്കു വഴിയുള്ള വായ്‌പയാണ്‌. ആരോഗ്യ മേഖലയിലാണെങ്കില്‍ വായ്‌പയുടെ പലിശ 7.95 ഉം മറ്റു മേഖലകളില്‍ 8.25 ഉം ആണ്‌. 1.1 ലക്ഷം കോടി രൂപയുടെ വായ്‌പയ്‌ക്ക്‌ കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ടാകും. ഗ്യാരണ്ടിയുടെ ശതമാനം എത്രയെന്നു വ്യക്തമല്ല. 50 ശതമാനമാണ്‌ ഇപ്രകാരമുള്ള വായ്‌പയ്‌ക്കു പണ്ട്‌ ഉണ്ടായിരുന്നത്‌. ടൂറിസം സെക്ടറില്‍ സംരംഭകര്‍ക്ക്‌ 10 ലക്ഷം രൂപ വീതവും ടൂറിസ്റ്റ്‌ ഗൈഡുകള്‍ക്ക്‌ ഒരുലക്ഷം രൂപ വീതമുള്ള ധനസഹായവും വായ്‌പയാണ്‌. ചെറുകിട സംരംഭങ്ങള്‍ക്ക്‌ 1.25 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്‌പ കിട്ടും. ഇതും നന്ന്‌. പക്ഷെ പലിശ സബ്‌സിഡികൂടി വേണം.
പക്ഷെ, ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നം കോവിഡ്‌ തുടങ്ങുമ്പോള്‍ തിരിച്ചടവ്‌ കുടിശികയായവരുടെ കാര്യമാണ്‌. അവര്‍ക്കുള്ള പദ്ധതിയൊന്നും എങ്ങുമെത്തിയിട്ടില്ല. ലക്ഷക്കണക്കിനു വരുന്ന ഈ സ്ഥാപനങ്ങള്‍ എന്നന്നേയ്‌ക്കുമായി അടഞ്ഞുപോകുന്ന ദുര്‍വിധിയാണുള്ളത്‌. കോവിഡു കാലത്ത്‌ മൊറട്ടോറിയം നീട്ടിനല്‍കുകയാണു വേണ്ടത്‌. പുതിയ വായ്‌പ കിട്ടിയിട്ട്‌ എന്തുകാര്യം? ലോക്‌ഡൗണ്‍ കാലത്ത്‌ ഇടപാടുകളൊക്കെ നിശ്ചലമായിരിക്കുമ്പോള്‍ എങ്ങനെയാണു പണം തിരിച്ചടയ്‌ക്കുക?
കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത്‌ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്‌ക്കുകയാണ്‌. അതുവഴി വിലക്കയറ്റത്തിനു കടിഞ്ഞാണിടാം. എന്നാല്‍ ഈ പ്രതിസന്ധികാലത്തും ലക്ഷക്കണക്കിനു കോടി രൂപയുടെ കൊള്ളയടി തുടരാനാണു തീരുമാനം. എന്നിട്ടു ബാങ്കുവഴി വായ്‌പ നല്‍കുക. അതിനു പലിശ ചെലവുപോലും സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും ഇല്ല. ഇത്തരം തട്ടിപ്പുവിദ്യകളിലൂടെ സമ്പദ്‌ഘടനയ്‌ക്ക്‌ ഉത്തേജനം നല്‍കാനാവില്ല.
 

Post your comments