Global block

bissplus@gmail.com

Global Menu

"കൗമാരവും. കോവിഡും" - കെ എല്‍ മോഹനവര്‍മ്മ

2021 മെയ്‌ ദിനം കഴിഞ്ഞു.. വ്യാവസായിക വിപ്ലവം ആഗോളതലത്തില്‍ വരുത്തിയ മാറ്റം ഒരു സിംബലായി ലോകമെമ്പാടും കണക്കാക്കുന്നത്‌ ഈ തൊഴിലാളി സ്വാതന്ത്ര്യപ്രഖ്യാപന ദിനാഘോഷത്തില്‍ ആണ്‌. ഈ ദിനം ഇത്തവണ പതിവുപോലെ കേരളത്തില്‍ ആഘോഷിക്കുക ഉണ്ടായില്ല. കോവിഡ്‌ മഹാമാരിയുടെ വന്‍ രീതിയിലുള്ള രണ്ടാം ആക്രമണവും അസംബ്ലി തെരഞ്ഞെടുപ്പ്‌ ഫലത്തെ കുറിച്ചുള്ള ടെന്‍ഷനും
ചേര്‍ന്ന്‌ തൊഴിലാളി ദിനം ഒരുമാതിരി വിസ്‌മരിക്കപ്പെട്ടു.
അടുത്ത ദിവസങ്ങള്‍ തെരഞ്ഞെടുപ്പ്‌ ഫലങ്ങളും കോവിഡ്‌ വ്യാപനവും കൂടി നമ്മളെ മറ്റെല്ലാ ചിന്തകളില്‍ നിന്നും അകറ്റി.
പെട്ടെന്ന്‌ കോവിഡ്‌ വ്യാപനം രൂക്ഷമായി മന്ത്രിസഭ രൂപീകരണം പോലും മാറ്റിവെക്കാന്‍ നിര്‍ബന്ധിതരായി തുടര്‍ന്ന്‌ ലോക്ക്‌ ഡൗണ്‍ തുടങ്ങി.
സീനിയര്‍ സിറ്റിസണ്‍സ്‌ സത്യമായും ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ള ആള്‍ക്കാരെക്കാള്‍ മുന്‍പേ എങ്ങിനെയും കൊവിഡ്‌ കുത്തിവയ്‌പ്‌ ഫ്രീ ആയി സംഘടിപ്പിക്കാന്‍ സൂത്രങ്ങള്‍ കണ്ടുപിടിക്കുകയും ഗൂഗിള്‍ മീറ്റിങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്‌തുകൊണ്ട്‌ മരണഭയം കുറയ്‌ക്കുകയായിരുന്നു.
മധ്യവയസ്‌കര്‍ അവരവരുടെ കാഴ്‌ചപ്പാടും ജാതിയും മതവും രാഷ്ട്രീയവും എല്ലാം കലര്‍ത്തി മൂന്ന്‌ മുന്നണികളും പിന്നെ ഒറ്റയാന്‍ മാരും. അന്യോന്യം സ്വന്തം വോട്ടുകള്‍ മറിച്ച്‌ വിറ്റതിന്റെ രസകരമായ കണക്ക്‌ ആസ്വദിച്ചു വാശിയോടെ ലോക്ക്‌ഡൗണ്‍ പോലും
കൂട്ടാക്കാതെ ഫോണ്‍ സംഭാഷണം നിരന്തരം നടത്തി മരണഭയം ഒതുക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഗൂഗിളില്‍ വളരുന്ന ബാല്യ കൗമാര യൗവനങ്ങള്‍ കോവിഡിനെയോ തെരഞ്ഞെടുപ്പ്‌ ഫലത്തെയോ മൈന്‍ഡ്‌ ചെയ്യാതെ അവരുടെ ലാപ്‌ടോപ്‌ കൂട്ടായ്‌മയിലും ബിസി ആയിരുന്നു. അവര്‍ക്കറിയാം അവരുടെ ശക്തിയില്‍ കോവിഡ്‌ എളുപ്പം കയറി തോല്‍പ്പിക്കാന്‍
പറ്റുകയില്ല എന്ന്‌, അതുപോലെ തെരഞ്ഞെടുപ്പില്‍ ആര്‌ ജയിച്ചാലും ഭാവിയില്‍ ഉള്ള തീരുമാനങ്ങള്‍ താങ്കളുടെ തങ്ങളുടെ ആയിരിക്കുമെന്നും അവര്‍ക്ക്‌ ഉറപ്പുണ്ട്‌.
എനിക്ക്‌ നാല്‌ പേര്‌ ക്കുട്ടികളാണുള്ളത്‌.13 വയസ്സുകാരന്‍ മുതല്‍ 23 വയസ്സുവരെയുള്ള 4 ആണ്‍കുട്ടികള്‍.എല്ലാവരും അവരവരുടെ കോളേജ്‌ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ ഒരു വര്‍ഷമായി വീട്ടിലിരുന്ന്‌ നടത്തുന്നവരാണ്‌.എല്ലാവരും വ്യക്തിപരമായും ടാലന്‍റ്‌ അനുസരിച്ചു ടെക്‌നോളജി വഴിയിലൂടെ അവരവരുടേതായ കാഴ്‌ചപ്പാടുകള്‍ അവരുടെ ഭാവിയെ കുറിച്ച്‌ ലക്ഷ്യബോധവും ഉള്ളവരാണ്‌. 13 വയസ്സുകാരന്‌ താന്‍ 18 വയസ്സ്‌ ആകുമ്പോഴേക്കും ഡ്രൈവറില്ലാത്ത കാറുകള്‍ ആയിരിക്കും ഉണ്ടാക്കുക, അതുകാരണം ചേട്ടന്‍മാര്‍ അവര്‍ക്ക്‌ 18 വയസ്സായ ഉടന്‍ ഡ്രൈവിംഗ്‌ ടെസ്റ്റ്‌ ജയിച്ച്‌ ലൈസന്‍സ്‌ നേടി ഗമകാട്ടിയതു പോലെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കലക്കന്‍ ഫോട്ടോ ഇടാന്‍ പറ്റില്ലല്ലോ എന്നതാണ്‌ അവന്റെ ഇന്നത്തെ പ്രധാന ദുഃഖം. ഈ തലമുറയുടെ പ്രശ്‌നം നമ്മുടെ ചെറുപ്പ്‌കാലത്ത്‌ നാം ഒരിക്കലും നേരിടാത്തതാണ്‌.

കൃഷി, കുക്കിംഗ്‌, ഉത്‌പാദനം, സേവനം, നിയമ പരിപാലനം വിദ്യാഭ്യാസം ആരോഗ്യ സംവിധാനം, വിനോദം, പട്ടാളം,
യാത്ര, ആരാധനാലയം, വസ്‌ത്രം ,വാസ്‌തുശില്‌പം, ഫാഷന്‍, കളികള്‍, തുടങ്ങി എല്ലാ മേഖലകളില്‍ ഓരോ സീസണിലും പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്‌. ഇതോടൊപ്പം സ്വഭാവികമായും സമൂഹത്തിന്റെ സമീപനവും മാറുകയാണ്‌.
നമ്മുടെ ആവശ്യകതകളും ആവശ്യങ്ങളും വര്‍ധിച്ചുവരികയാണ്‌ ഇതില്‍ പുതുതായി വരുന്ന പലതും ക്ഷണഭംഗുരം പുതിയ ടെക്‌നോളജി അടിച്ചുമാറ്റും മാറ്റുന്നു ഇതിന്റെ പരിണതഫലം കാലം ഒരുപാട്‌ ഒരുപാട്‌ സാധ്യതകളും അതേസമയം സാധ്യതകളില്‍ ഒരു ഉറപ്പില്ലായ്‌മയും അടുത്ത കണ്ടുപിടുത്തം വരുത്താവുന്ന മാറ്റവും എല്ലാം ചേര്‍ന്ന്‌ ഒരു വലിയ പ്രഹേളിക ആണ്‌. ഇവിടെ ഞങ്ങള്‍ എന്തു ചെയ്യണം

സഹസ്രാബ്ദങ്ങളായി നിലനിന്നിരുന്ന ആചാരങ്ങള്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ശാസ്‌ത്രീയമായ കണ്ടുപിടുത്തങ്ങള്‍ എല്ലാം കഴിഞ്ഞ മൂന്നുനാല്‌ ദശകങ്ങളായി നമ്മെ കീഴ്‌പ്പെടുത്തി കൊണ്ടിരിക്കുന്ന ടെക്‌നോളജിയുടെ ആക്രമണത്തില്‍ നിഷ്‌പ്രഭമാകുകയാണ്‌.
അവരെന്നോട്‌ ചോദിച്ചു
അപ്പൂപ്പാ . ഫ്യൂച്ചറില്‍ ഏതു ടൈപ്പ്‌ വര്‍ക്ക്‌ ആയിരിക്കും എന്തു മാറ്റം വന്നാലും എന്നും സൂപ്പറായി നിലനില്‍ക്കുന്ന ഏരിയ?
ജീവിതത്തില്‍ നമുക്ക്‌ ലഭിക്കാവുന്ന സന്തോഷത്തിന്‌ ഒരു ഇക്കണോമിക്‌ വാല്യു കാട്ടാനുള്ള അക്ക കണക്കുകള്‍ ഇന്നത്തെ സാഹചര്യത്തില്‍ സാമ്പത്തിക ശാസ്‌ത്രത്തില്‍ ഇല്ലാത്തത്‌ കാരണം എനിക്ക്‌ അവരുടെ ടാലന്റ്‌ കണ്ടുപിടിച്ച്‌ അതില്‍ പ്രവര്‍ത്തിക്കുക എന്നു പറഞ്ഞു ഒഴിയാന്‍ പറ്റുകയില്ല. ഞാന്‍ എന്റെ ടാലന്റ്‌ കണ്ടുപിടിച്ച, കണ്ടുപിടിക്കാന്‍ ഭാഗ്യം ലഭിച്ചവനാണ്‌ .ഞാന്‍ ആ ടാലന്റ്‌്‌ ഇവിടെയും ഉപയോഗിച്ചു. കഥ പറച്ചില്‍ ഉപദേശം അല്ലല്ലോ. ഉപദേശം കേള്‍ക്കുന്നത്‌ ആര്‍ക്കും ഇഷ്ടമല്ല. പക്ഷേ കഥ കേള്‍ക്കുന്നത്‌ എല്ലാവര്‍ക്കും ഇഷ്ടമാണ്‌.
ഞാന്‍ ഒരു പുരാണ കഥ പറഞ്ഞു.
പണ്ടു പണ്ട്‌ മഹാബലി എന്ന അസുര ചക്രവര്‍ത്തി കേരളഭൂമി ഭരിച്ചിരുന്ന കാലം. അദ്ദേഹത്തിന്റെ സദ്‌ഭരണം കാരണം എല്ലാ പ്രജകളും ഒന്നുപോലെ സന്തുഷ്ടനായിരുന്നു. കള്ളവും ചതിയും ഇല്ല. ആരും പൊളിവചനം പറയുകയില്ല.അദ്ദേഹത്തിന്‍റെ പ്രശസ്‌തി
ഈരേഴു പതിനാലു ലോകങ്ങളിലും ചെന്നെത്തിയത്‌്‌ ദേവലോക ചക്രവര്‍ത്തിയായ ദേവേന്ദ്രന്‌ സഹിച്ചില്ല. ഇങ്ങനെ പോയാല്‍ മഹാബലി ദേവലോകവും പിടിച്ചടക്കും എന്ന്‌ അദ്ദേഹം ഭയന്നു.
സിസ്റ്റം തകരാന്‍ പാടില്ല. അക്കാര്യത്തില്‍ ഒരു സംശയവും ഇല്ല.
പ്രപഞ്ചത്തിന്റെ സൃഷ്ടി സ്ഥിതി സംഹാര മൂര്‍ത്തികള്‍ ആയ ബ്രഹ്മാ വിഷ്‌ണു മഹേശ്വരരുടെ മുന്നില്‍ തന്റെ സങ്കടം ബോധിപ്പിച്ചു. സ്വര്‍ഗ്ഗത്തില്‍ ദേവന്മാരും ഭൂമിയില്‍ മനുഷ്യനും പാതാളത്തില്‍ അസുരന്മാരും എന്ന്‌ കൃത്യമായി പദ്ധതി നടപ്പിലാക്കി കൊണ്ടിരുന്ന കാര്യം അവതാളത്തിലാകും. സ്വര്‍ഗ്ഗം ദേവന്മാരുടെ മാത്രമാണ്‌. അവിടെ മനുഷ്യന്‌ ഒരു പ്രജയായി എത്തണമെങ്കില്‍ ഒരുപാട്‌ നിയമങ്ങളും നിബന്ധനകളും ഉണ്ട്‌. സാധാരണഗതിയില്‍ അനവധി ജന്മം തപസ്സ്‌ ചെയ്‌തു പൂര്‍വ്വജന്മങ്ങളില്‍ ചെയ്‌ത പാപങ്ങള്‍ക്ക്‌ എല്ലാം പ്രായശ്ചിത്തം ചെയ്‌തു സംഹാരമൂര്‍ത്തിയായ പരമശിവന്റെ അനുഗ്രഹവും വാങ്ങി മാത്രമേ സ്വര്‍ഗ്ഗത്തിലേക്ക്‌ നമ്മുടെ ഇപ്പോഴുള്ള വിസിറ്റിംഗ്‌ വിസ ഇല്ലേ , അതുപോലും കിട്ടുകയുള്ളൂ. അങ്ങനെയുള്ള ദേവലോകത്തേക്ക്‌ അവിടെ ഭരിക്കാന്‍ ഒരു അസുരചക്രവര്‍ത്തി എത്തിയേക്കാനിടയുള്ളത്‌
ഉടന്‍ തടയണം.
ബ്രഹ്മാവ്‌ ഭൂമിയെ സൃഷ്ടിച്ചു. പക്ഷേ അവിടെ എന്താണ്‌ എങ്ങനെയാണ്‌ സ്ഥിതിഗതികള്‍ രൂപപ്പെടുത്തേണ്ടത്‌ എന്നെല്ലാം. തീരുമാനിക്കുന്നത്‌ അത്‌ പ്രവര്‍ത്തിയില്‍ കൊണ്ടു വരുന്നതും മഹാവിഷ്‌ണുവിന്റെ ചുമതലയാണ്‌.അദ്ദേഹം ഭൂമിയില്‍ മനുഷ്യവാസം
കരുപ്പിടിപ്പിക്കാന്‍ പ്രകൃതിയും ജീവികളുമായി ഉള്ള ഇക്വേഷന്‍ ഫലപ്രദമാക്കാന്‍ സ്വയം പുതിയ അവതാരങ്ങള്‍ എടുത്ത്‌ നേരിട്ട്‌ ഭൂമിയില്‍ ഇടപെടുകയായിരുന്നു അക്കാലത്ത്‌. അദ്ദേഹം ദേവേന്ദ്രനെ സമാധാനിപ്പിച്ചു, പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു.

മഹാവിഷ്‌ണു ഭൂമിയുടെ അധികാരം മനുഷ്യന്‌ നല്‍കുന്നതിന്റെ ഭാഗമായി പ്രകൃതിയുടെയും ജീവികളുടെയും സമവാക്യം രൂപപ്പെടുത്തുന്നതിന്‌
വിഷ്‌ണുഭഗവാന്‍ ആദ്യം ജലജീവി ആയ മത്സ്യത്തിന്റെയും പിന്നീട്‌ കൂര്‍മ്മം ജലത്തിലും കരയിലും ജീവിക്കുന്ന ആമയുടെയും അതു കഴിഞ്ഞ്‌ കരയില്‍ ജീവിക്കുന്ന വരാഹം എന്ന പന്നിയുടെയും അവതാരം എടുത്തിരുന്നു. ഹിരണ്യകശിപു എന്ന അസുര രാജാവിന്റെ മകന്‍ പ്രഹ്ലാദന്‍
നടത്തുന്ന മഹാവിഷ്‌ണു ആരാധന തടഞ്ഞു തന്റെ ശക്തി എല്ലായിടവും എപ്പോഴും ഉണ്ടായിരിക്കും എന്ന്‌ മനസ്സിലാക്കിക്കാനായി
മനുഷ്യനും മൃഗവും ചേര്‍ന്നു നരസിംഹം ആയി അവതരിച്ചിരുന്നു.

ഇപ്പോള്‍ മഹാവിഷ്‌ണു ഭഗവാന്‍ ഒരു പൂര്‍ണ്ണ മനുഷ്യന്റെ അവതാരം എടുത്തു. വാമനന്‍ എന്ന കുള്ളനായ കണ്ടാല്‍ പാവം എന്നു തോന്നിക്കുന്ന ഒരു ബ്രാഹ്മണ ബാലനായി അവതാരമെടുത്തു.മഹാബലി ചക്രവര്‍ത്തിയുടെ മുന്നില്‍ ചെന്ന്‌ കൈകൂപ്പി വണങ്ങി. അതിഥികളെ സല്‍ക്കരിക്കുന്നതില്‍ ഏറെ പ്രശസ്‌തനായ മഹാബലി ചോദിച്ചു, "എന്ത്‌ സേവനമാണ്‌ ഞാന്‍ ചെയ്യേണ്ടത്‌?'
എനിക്ക്‌ഒന്നും വേണ്ട ഒരു ശിവലിംഗം പ്രതിഷ്‌ഠിച്ചു
""ആരാധിക്കാന്‍ അല്‌പം സ്ഥലം വേണം. അതുമതി.''
മഹാബലി ചോദിച്ചു, ""എത്ര സ്ഥലം വേണം?''
""എന്റെ മൂന്ന്‌ പാദം വയ്‌ക്കുന്ന സ്ഥലം മതി.''
""എടുത്തുകൊള്ളൂ.''
ഞാന്‍ കഥ പറച്ചില്‍ നിര്‍ത്തി. ഇനിയത്തെ കഥ ഞാന്‍ പറയേണ്ടല്ലോ നിങ്ങള്‍ക്കറിയാം. വാമനന്‍ പെട്ടെന്ന്‌
ആകാശം വരെ മുട്ടുന്ന രൂപം ആയി മാറി.രണ്ട്‌. കാലടികള്‍കൊണ്ട്‌ ഭൂമി മുഴുവനും സ്വന്തമാക്കി. മൂന്നാമത്തെ കാലടി എവിടെ വെക്കണം എന്ന്‌ ചോദിച്ചപ്പോള്‍ മഹാബലി സ്വന്തം തല കുനിച്ച്‌കാണിച്ചു. ഒരു ചവിട്ട്‌. എന്നെന്നേക്കുമായി മഹാബലി പാതാളത്തിലേക്ക്‌ പോയി .
പക്ഷേ ഇനിയാണ്‌ നിങ്ങള്‍ക്ക്‌ ഗൈഡന്‍സ്‌ കിട്ടുന്ന കഥയുടെ മര്‍മം. വളരെ ആരും ഇത്‌ കേട്ടിട്ടില്ലാത്തതാണ്‌.
ഈ സംഭവം തത്സമയം ജാംബവാന്‍ എന്ന വാനര രാജാവ്‌ ഈരേഴു പതിനാലു ലോകത്തിലും എത്തിച്ചു.
പക്ഷേ അദ്ദേഹം അറിയിച്ചത്‌ ഇത്ര മാത്രമായിരുന്നു. അസുര ചക്രവര്‍ത്തി മഹാബലി ഭൂമിയില്‍നിന്നും പാതാളത്തിലേക്ക്‌
പലായനം ചെയ്‌തു. ഭൂമി ഇനി ദേവന്മാര്‍ തന്നെ ഭരിക്കും എന്നുറപ്പായി. മഹാബലിയുടെ അഭ്യര്‍ത്ഥനപ്രകാരം
അദ്ദേഹത്തിന്‌ വിഷ്‌ണുഭഗവാന്‍ ചിരഞ്‌ജീവിത്വം നല്‍കുകയും എല്ലാ വര്‍ഷവും ഒരുതവണ തന്റെ പ്രജകളെ കാണാനായി കേരള ഭൂമിയിലേക്ക്വും വരാന്‍ അനുമതി നല്‍കുകയും ചെയ്‌തിട്ടുണ്ട്‌.
ഞാന്‍ സംഭാഷണം നിര്‍ത്തി
10 സെക്കന്‍ഡ്‌.
അപ്പോള്‍?
ഇത്‌ വെറും പരസ്യം അല്ലേ? മാര്‍ക്കറ്റിംഗ്‌ ? പി ഡി വര്‍ക്ക്‌ ?
അതെ. ചരിത്രം എക്കാലവും വിജയികളുടെതാണ്‌. എന്തു തരം മാറ്റങ്ങള്‍ ഉണ്ടായാലും എല്ലായിടവും മനുഷ്യന്‍ ഉള്ളിടത്തോളം കാലം നിലനില്‍ക്കുന്ന ഒരേയൊരു മേഖല മാര്‍ക്കറ്റിംഗ്‌ മാര്‍ക്കറ്റിങ്‌ മാര്‍ക്കറ്റിംഗ്‌.....
 

Post your comments