Global block

bissplus@gmail.com

Global Menu

കിറ്റെക്‌സിനെ കുഴക്കുന്നതാര്‌ കിഴക്കമ്പലം ട്വന്റി 20 വിനയായോ?

അന്ന കിറ്റെക്‌സ്‌ ഗ്രൂപ്പും പി.ടി.തോമസ്‌ എംഎല്‍എയും തമ്മിലുളള വാക്‌പോര്‌ കസറുകയാണ്‌. കിറ്റെക്‌സ്‌ കമ്പനിയില്‍ നിന്നുളള കടമ്പ്രയാറിനെ മലിനമാക്കുന്നു എന്ന ആരോപണമുയര്‍ത്തി എംഎല്‍എയാണ്‌ ആദ്യവെടി പൊട്ടിച്ചത്‌ അരനൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചുവരുന്ന കമ്പനിക്കെതിരെ വ്യാജആരോപണം ഉയര്‍ത്തി തങ്ങളുടെ സല്‍പ്പേരിന്‌ കളങ്കമുണ്ടാക്കിയെന്നും ഏഴുദിവസത്തിനകം ആരോപണം തെളിയിച്ചാല്‍ എംഎല്‍എയ്‌ക്ക്‌ 50 കോടി രൂപ നല്‍കാമെന്നും പറഞ്ഞ്‌ മറുപക്ഷം രംഗത്തെത്തിയതോടെ സംഗതി ജോറായി. ഇരുപക്ഷവും പിടിക്കാന്‍ ആളുണ്ടായി. ഇതിനിടെ കിറ്റെക്‌സ്‌ ഗ്രൂപ്പ്‌ എംഎല്‍എയ്‌ക്ക നല്‍കിയ സമയപരിധി അവസാനിക്കുകയും തുടര്‍ന്ന്‌ സല്‍പ്പേരിന്‌ കളങ്കമുണ്ടാക്കിയ പി.ടി.തോമസ്‌ 100 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നുളള ആവശ്യവുമായി കിറ്റെക്‌സ്‌ ഗ്രൂപ്പ്‌ രംഗത്തെത്തുകയും ചെയ്‌തു. മാത്രമല്ല പരിശോധനയുടെ പേരില്‍ കിറ്റെക്‌സ്‌ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ അഴിഞ്ഞാട്ടം നടക്കുകയാണെന്നും അതുകൊണ്ടുതന്നെ അപ്പാരല്‍ പാര്‍ക്കും 3 വ്യവസായ പാര്‍ക്കുകളും ഉള്‍പ്പെടെ 35,000 പേര്‍ക്കു തൊഴില്‍ നല്‍കാന്‍ കഴിയുന്ന 3,500 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതിയില്‍നിന്നു പിന്മാറുകയാണെന്നു കിറ്റെക്‌സ്‌ ഗ്രൂപ്പ്‌ മാനേജിങ്‌ ഡയറക്ടര്‍ സാബു ജേക്കബ്‌ പറയുന്നു. ഇതോളെ പ്രശ്‌നങ്ങളുടെ തലം തന്നെ മാറിയിരിക്കുകയാണ്‌. കിറ്റെക്‌സ്‌ ഗ്രൂപ്പിനെതിരായ നീക്കങ്ങള്‍ സംഘടിതവും രാഷ്ട്രീയപ്രേരിതവുമാണെന്നാണ്‌ പരസ്യമായ രഹസ്യം. ട്വന്റി 20 എന്ന പുതിയ രാഷ്ട്രീയക്കൂട്ടായ്‌മയ്‌ക്ക്‌ കുട പിടിച്ചതുകൊണ്ടാണ്‌ ഇതൊക്കെ വന്നുഭവിക്കുന്നതെന്നും ആരോപണമുണ്ട്‌.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിയുണ്ടാക്കിയ ചലനം രാഷ്ട്രീയ പാര്‍ട്ടികളെ കാര്യമായി പിടിച്ചു കുലുക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ തൃക്കാക്കര ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതോടെ പല പ്രമുഖ നേതാക്കള്‍ക്കും ആശങ്കയുള്ള സാഹചര്യമുണ്ടായി. ഇതാണ്‌ കിറ്റെക്‌സിനെതിരെ തിരിയാന്‍ എംഎല്‍എയെ പ്രേരിപ്പിച്ചതെന്നാണ്‌ ട്വന്റി ട്വന്റിയുടെ ആക്ഷേപം. അതേസമയം തനിക്കെതിരെ മല്‍സരിക്കുന്ന ഏതൊരു സ്ഥാനാര്‍ഥിയെയും ഗൗരവമായി തന്നെയാണ്‌ കാണുന്നതെന്ന നിലപാടാണ്‌ പി.ടി. തോമസിന്റേത്‌. ഒരു സ്ഥാനാര്‍ഥിക്കും എതിരെ വ്യക്തിപരമായി തിരിയാറുമില്ല. പക്ഷേ രാഷ്ട്രീയക്കാരെല്ലാം മോശക്കാരാണെന്നും ട്വന്റി ട്വന്റി വന്നാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നും വിശ്വസിക്കുന്ന ഒരു പറ്റം ജനങ്ങളെ കബളിപ്പിക്കുന്നതിനോടാണ്‌ എതിര്‍പ്പെന്നും അദ്ദേഹം പറയുന്നു. കിറ്റെക്‌സ്‌ വിവാദത്തിലൂടെ ബിസിനസ്‌ പ്ലസ്‌......

പി.ടി പറയുന്നത്‌
കിറ്റെക്‌സ്‌ കമ്പനിയില്‍നിന്നുള്ള മാലിന്യം ജില്ലയിലെ ജലാശയങ്ങളിലേയ്‌ക്ക്‌ ഒഴുക്കി വിടുകയും കുടിവെള്ളം മലിനമാക്കുന്നുമെന്നുമായിരുന്നു പി.ടി.തോമസ്‌ എംഎല്‍എയുടെ പ്രധാന ആരോപണം. തിരുപ്പൂരില്‍നിന്ന്‌ സുപ്രീം കോടതി ഉത്തരവു പ്രകാരം നിര്‍ത്തലാക്കിയ കമ്പനികള്‍ കിഴക്കമ്പലത്തു സ്ഥാപിച്ച്‌ പ്രവര്‍ത്തിക്കുകയായിരുന്നെന്നും മറ്റു കമ്പനികള്‍ക്കു വേണ്ടി വസ്‌ത്രങ്ങള്‍ ഡൈ ചെയ്യുന്ന ജോലികള്‍ ചെയ്‌തിരുന്നുവെന്നും പി.ടി.തോമസ്‌ ആരോപിച്ചു.

സല്‍പ്പേരിന്‌ കളങ്കം, 100 കോടി നഷ്ടപരിഹാരം വേണം: കിറ്റെക്‌സ്‌
അന്ന കിറ്റെക്‌സ്‌ ഗ്രൂപ്പിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന്‌ ചൂണ്ടിക്കാട്ടി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ പി.ടി.തോമസ്‌ എംഎല്‍എയ്‌ക്കു കമ്പനി വക്കീല്‍ നോട്ടിസ്‌ അയച്ചിരിക്കുകയാണ്‌. കിറ്റെക്‌സ്‌ ഗാര്‍മന്റ്‌സ്‌ ലിമിറ്റഡ്‌, കിറ്റെക്‌സ്‌ ചില്‍ഡ്രന്‍സ്‌ വെയര്‍ ലിമിറ്റഡ്‌, കിറ്റെക്‌സ്‌ ലിമിറ്റഡ്‌ എന്നീ മൂന്നു കമ്പനികള്‍ ചേര്‍ന്നാണു നോട്ടിസ്‌ അയച്ചത്‌. അര നൂറ്റാണ്ടിലേറെയായി അന്ന കിറ്റെക്‌സ്‌ ഗ്രൂപ്പ്‌ ഇന്ത്യയിലും വിദേശത്തും ഉണ്ടാക്കിയ വലിയ സല്‍പ്പേരിനു കളങ്കമുണ്ടാക്കി എന്നാണ്‌ ആരോപണം. കമ്പനികളെ അപകീര്‍ത്തിപ്പെടുത്തിയതിന്‌ സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമാണ്‌ ആവശ്യം.

എംഎല്‍എയുടെ ആരോപണത്തിനെതിരെ നേരത്തേ രംഗത്തെത്തിയ കിറ്റെക്‌സ്‌ എംഡി സാബു എം.ജേക്കബ്‌ ആരോപണങ്ങള്‍ ഏഴു ദിവസത്തിനകം തെളിയിക്കാനായാല്‍ 50 കോടി രൂപ നല്‍കുമെന്നു വെല്ലുവിളിച്ചിരുന്നു. കമ്പനിയുടെ വെല്ലുവിളിക്ക സമയം കുറവാണല്ലോ, നോക്കാം എന്നാണ്‌ എംഎല്‍എ ആദ്യം പ്രതികരിച്ചത്‌. എന്നാല്‍ സമയ പരിധി അവസാനിച്ചിട്ടും മറുപടി നല്‍കാന്‍ തോമസിനു സാധിക്കാത്ത സാഹചര്യത്തിലാണ്‌ കമ്പനി നഷ്ടപരിഹാരം ആവശ്യപ്പെട്ടത്‌. 50 കോടി രൂപ വേണ്ടെന്നും ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പി.ടി.തോമസ്‌ പ്രതികരിച്ചിരുന്നു. ജീവന്റെയും കുടിവെള്ളത്തിന്റെ പ്രശ്‌നമാണെന്നും അതിനെ 50 കോടി രൂപയുടെ വലുപ്പം കാണിച്ച്‌ ലളിതമാക്കേണ്ടതില്ലെന്നുമാണ്‌ എംഎല്‍എയുടെ പക്ഷം.

എംഎല്‍എ ഉയര്‍ത്തിയ കുപ്രചാരണങ്ങള്‍ വിദേശത്തും ഇന്ത്യയിലുമുള്ള ലക്ഷക്കണക്കിന്‌ ഗുണഭോക്താക്കളിലും ഓഹരി ഉടമകള്‍ക്കിടയിലും ആശങ്കയുണ്ടാക്കിയെന്നും ഇത്‌ കമ്പനിക്ക്‌ നഷ്ടമുണ്ടാക്കിയെന്നുമാണ്‌ വാദം. ചില ഡിജിറ്റല്‍ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും കിറ്റെക്‌സിനെതിരെ വ്യാജ പ്രചാരണം നടത്തിയെന്നും ആരോപണമുണ്ട്‌.

ഇന്ത്യയിലും വിദേശത്തുമായി നിരവധി ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്ന കിറ്റെക്‌സ്‌ ഇന്ത്യയില്‍ 1980 മുതല്‍ വസ്‌ത്ര, കിടക്ക വിരി, സ്‌കൂള്‍ ബാഗ്‌ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്‌. രാജ്യാന്തര തലത്തിലുള്ള വന്‍കിട ഡിപാര്‍ട്‌മെന്റ്‌ സ്റ്റോറുകളിലേയ്‌ക്കാണ്‌ കയറ്റുമതി. നവജാത ശിശുക്കള്‍ക്കു വേണ്ടിയുള്ള വസ്‌ത്രങ്ങള്‍ 100 ശതമാനം ഇറക്കുമതി ചെയ്‌ത ഓര്‍ഗാനിക്‌ ഡൈ ഉപയോഗിച്ചാണ്‌ നിര്‍മിക്കുന്നത്‌. ഇവ പൂര്‍ണമായും അമേരിക്കന്‍ വിപണിയെ ലക്ഷ്യമിട്ടുള്ളതാണ്‌. വസ്‌ത്ര നിര്‍മാണത്തിനുള്ള ഡൈകള്‍ പൂര്‍ണമായും ഓര്‍ഗാനിക്കാക്കി മാറ്റിയ ശേഷം സുരക്ഷിതമായാണ്‌ സംസ്‌കരിക്കുന്നത്‌. ബാക്കിയാകുന്ന വെള്ളം കൃഷി ആവശ്യങ്ങള്‍ക്ക്‌ ഉപയോഗപ്പെടുത്തുകയാണ്‌ ചെയ്യുന്നതെന്നും കിറ്റെക്‌സ്‌ എംഡി സാബു ജേക്കബ്‌ പ്രതികരിച്ചു.

3,500 കോടിയുടെ പദ്ധതി ഉപേക്ഷിക്കുമെന്ന്‌ കിറ്റെക്‌സ്‌
അപ്പാരല്‍ പാര്‍ക്കും 3 വ്യവസായ പാര്‍ക്കുകളും ഉള്‍പ്പെടെ 35,000 പേര്‍ക്കു തൊഴില്‍ നല്‍കാന്‍ കഴിയുന്ന 3,500 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതിയില്‍നിന്നു പിന്മാറുകയാണെന്നു കിറ്റെക്‌സ്‌ ഗ്രൂപ്പ്‌. പരിശോധനയുടെ പേരില്‍ കിറ്റെക്‌സ്‌ യൂണിറ്റുകളില്‍ ഉദ്യോഗസ്ഥ അഴിഞ്ഞാട്ടം നടക്കുകയാണെന്നും നിക്ഷേപകരെ വേട്ടയാടുന്ന സംസ്ഥാനമാണു കേരളമെന്നും മാനേജിങ്‌ ഡയറക്ടര്‍ സാബു ജേക്കബ്‌ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന അസെന്‍ഡ്‌ നിക്ഷേപക സംഗമത്തിലാണ്‌ അപ്പാരല്‍ പാര്‍ക്കും തിരുവനന്തപുരം, എറണാകുളം, പാലക്കാട്‌ ജില്ലകളിലായി വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കാന്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പുവച്ചത്‌.

കിഴക്കമ്പലത്ത്‌ 30 ഏക്കറിലാണ്‌ അപ്പാരല്‍ പാര്‍ക്ക്‌ സ്ഥാപിക്കാന്‍ വിഭാവനം ചെയ്‌തിരുന്നത്‌. സ്ഥലമെടുക്കുകയും വിശദമായ പദ്ധതി രേഖ തയാറാക്കുകയും ചെയ്‌തിരുന്നെന്ന്‌ സാബു ജേക്കബ്‌ പറഞ്ഞു. നിക്ഷേപം നടത്താന്‍ 5 സംസ്ഥാനങ്ങളില്‍ നിന്നു ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ 11 തവണയാണു കിറ്റെക്‌സ്‌ യൂണിറ്റുകളില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കയറിയിറങ്ങിയതെന്നു സാബു ജേക്കബ്‌ പറഞ്ഞു. `ഇനി റിസ്‌ക്‌ എടുക്കാനില്ല. നിലവിലുള്ള സ്ഥാപനങ്ങള്‍ തന്നെ നടത്തിക്കൊണ്ടു പോകാന്‍ പറ്റാത്ത സാഹചര്യമാണു കേരളത്തിലുള്ളത്‌.

ഓരോ തവണയും മൂന്നും നാലും മണിക്കൂര്‍ ഉദ്യോഗസ്ഥര്‍ കമ്പനിക്കകത്ത്‌ അഴിഞ്ഞാടി പരിശോധനകള്‍ നടത്തി മുന്നൂറും നാനൂറും പേരെ ചോദ്യം ചെയ്‌തു പോയതല്ലാതെ, എന്തിനാണു പരിശോധിച്ചതെന്നും എന്താണു കണ്ടെത്തിയതെന്നും ഞങ്ങള്‍ ചെയ്‌ത കുറ്റം എന്താണെന്നും അവര്‍ പറഞ്ഞിട്ടില്ല. കൊള്ളക്കാരെയും കൊടും കുറ്റവാളികളെയും തീവ്രവാദികളെയും പിടിക്കാന്‍ വരുന്ന രീതിയിലാണ്‌, 26 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ പരിശോധനകളെല്ലാം നടത്തിയത്‌.' പണ്ട്‌ തൊഴിലാളി സമരങ്ങള്‍ മൂലമാണു വ്യവസായങ്ങള്‍ അടച്ചു പൂട്ടിയതെങ്കില്‍ കപട പരിസ്ഥിതിവാദികളും ചില ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ്‌ ഇപ്പോള്‍ വ്യവസായത്തിന്റെ അന്തകരായി മാറുന്നതെന്നു സാബു പറഞ്ഞു. അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാത്തവരെ വളഞ്ഞിട്ടാക്രമിക്കും.

കിറ്റെക്‌സ്‌ പോലുള്ള ഒരു കമ്പനിയുടെ സ്ഥിതി ഇതാണെങ്കില്‍ ചെറുകിട സംരംഭവുമായി ഇറങ്ങിത്തിരിക്കുന്ന സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്ന്‌ ഊഹിക്കാമെന്ന്‌ സാബു പറ?ഞ്ഞു. നിക്ഷേപ സൗഹൃദ റാങ്കിങ്ങില്‍ 29 സംസ്ഥാനങ്ങളില്‍ 28ാം സ്ഥാനമാണു കേരളത്തിന്‌. ത്രിപുര മാത്രമാണു കേരളത്തിനു പിന്നില്‍! വളരെയധികം പിന്നിലായിരുന്ന യുപി ഇപ്പോള്‍ 2ാം സ്ഥാനത്തേക്ക്‌ ഉയര്‍ന്നു.സാംസങ്‌ പോലുള്ള ആഗോള കമ്പനികള്‍ യുപിയില്‍ വന്‍ നിക്ഷേപങ്ങള്‍ നടത്തുന്നു. കേരളത്തിന്റെ അതിര്‍ത്തി വിട്ടാല്‍ ചുവന്ന പരവതാനി വിരിച്ചാണു നിക്ഷേപകരെ സ്വീകരിക്കുന്നത്‌. സൗജന്യമായി സ്ഥലം, കെട്ടിടം, വെള്ളം, കുറഞ്ഞ നിരക്കില്‍ വൈദ്യുതി, അഞ്ചും പത്തും വര്‍ഷത്തേക്കു നികുതിയിളവ്‌ എന്നിവയ്‌ക്കു പുറമേ തൊഴിലാളികളുടെ പിഎഫും ഇഎസ്‌ഐ വിഹിതവും സര്‍ക്കാരുകള്‍ നല്‍കുന്നു.
ചില സംസ്ഥാനങ്ങളില്‍ 5 വര്‍ഷത്തേക്ക്‌ 5000 രൂപ വരെ തൊഴിലാളികളുടെ ശമ്പളവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്‌. ഇവിടെ അപമാനം മാത്രമാണു കിട്ടുന്നത്‌ സാബു കുറ്റപ്പെടുത്തി.

കിറ്റെക്‌സിനു നിയമപരമായ സംരക്ഷണം നല്‍കും: മന്ത്രി
വ്യവസായം നടത്തിക്കൊണ്ടുപോകാന്‍ കിറ്റെക്‌സ്‌ ഗ്രൂപ്പിനു നിയമപരമായ എല്ലാ സംരക്ഷണവും നല്‍കുമെന്ന്‌ വ്യവസായ മന്ത്രി പി. രാജീവ്‌. കിറ്റെക്‌സ്‌ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ചു വ്യവസായ വകുപ്പില്‍ ഒരിടത്തും ഇതുവരെ പരാതി ലഭിച്ചിട്ടില്ല. വ്യവസായ വകുപ്പു പരിശോധന നടത്തിയിട്ടുമില്ല. ഇക്കാര്യം വ്യവസായ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇന്നലെ ചര്‍ച്ച ചെയ്‌തു. സാമൂഹിക മാധ്യമങ്ങളില്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ കിറ്റെക്‌സ്‌ അധികൃതരെ കഴിഞ്ഞ ദിവസം നേരിട്ടു വിളിച്ച്‌ അന്വേഷിച്ചിരുന്നു. അസെന്‍ഡ്‌ നിക്ഷേപക സംഗമത്തില്‍ 3,500 കോടി രൂപയുടെ ധാരണാപത്രം കിറ്റെക്‌സ്‌ ഒപ്പുവച്ചിട്ടില്ലെന്നാണ്‌ അറിവ്‌. താല്‍പര്യപത്രമാണ്‌ (എല്‍ഒയു) ഒപ്പിട്ടത്‌. എല്‍ഒയു ഒപ്പിട്ടാല്‍ നിക്ഷേപകന്‍ പദ്ധതിയുടെ പ്രോജക്ട്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുകയുമാണു ചെയ്യുന്നത്‌. അത്തരം നടപടികള്‍ ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.

ബോക്‌സ്‌
പി.ടി. തോമസ്‌ സഭയില്‍ പറഞ്ഞത്‌...
തൃക്കാക്കര ഉള്‍പ്പടെ അഞ്ചു മണ്ഡലങ്ങളിലെ ജലാശയവുമായി ബന്ധപ്പെട്ടു കിടക്കുന്ന കടമ്പ്രയാര്‍ വന്‍ തോതില്‍ മലിനീകരിക്കപ്പെടുകയാണ്‌. കുറച്ചു വര്‍ഷങ്ങളായി കിഴക്കമ്പലത്തു പ്രവര്‍ത്തിക്കുന്ന കിറ്റെക്‌സ്‌ ഗാര്‍മെന്റ്‌സ്‌ കമ്പനി കടമ്പ്രയാറിലും പെരിയാറിലും സമീപ പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും മാലിന്യമൊഴുക്കി ജനങ്ങളുടെ ജീവന്‌ ഭീഷണിയായിരിക്കുന്നു. ഇവര്‍ പുറം തള്ളുന്ന ടെക്‌സറ്റൈല്‍ മാലിന്യം പരിസ്ഥിതിയെ ബാധിക്കുന്നു. ലോകത്ത്‌ പരിസ്ഥിതിക്കു ഭീഷണിയായി രാസമാലിന്യങ്ങള്‍ പുറത്തു വിടുന്നത്‌ ടെക്‌സ്‌റ്റൈല്‍ ഉല്‍പാദന യൂണിറ്റുകളാണെന്നു കണ്ടെത്തിയിട്ടുണ്ട്‌. തിരുപ്പൂരില്‍ മദ്രാസ്‌ ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഉത്തരവിനെ തുടര്‍ന്ന്‌ 150ല്‍ പരം യൂണിറ്റുകള്‍ അടച്ചു പൂട്ടിയതില്‍ കിറ്റെക്‌സിന്റെ ബ്ലീച്ചിങ്‌, ഡൈയിങ്‌ യൂണിറ്റും ഉള്‍പ്പെട്ടിരുന്നു. കേരള സര്‍ക്കാരിന്റെ അനുമതി ഉണ്ടോ എന്നു സംശയിക്കുന്ന രീതിയിലാണ്‌ അത്‌ ഇവിടെ കൊണ്ടുവന്നു പ്രവര്‍ത്തിപ്പിക്കുന്നത്‌.

തിരുപ്പൂരില്‍ പൂട്ടിയ ഡൈയിങ്‌ യൂണിറ്റുകള്‍ മുന്‍പ്‌ ഉപയോഗിച്ചിരുന്ന ദക്ഷിണേന്ത്യയിലെ ഡസന്‍ കണക്കിന്‌ ടെക്‌സ്‌റ്റൈല്‍ മില്ലുകള്‍ ലോറികളില്‍ തുണികള്‍ കിഴക്കമ്പലത്തു കൊണ്ടുവന്ന്‌ ഡൈയിങ്ങും ബ്ലീച്ചിങ്ങും നടത്തുകയാണ്‌. ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റില്ലാതെയാണ്‌ ഇതു ചെയ്യുന്നത്‌. ഒരു ദിവസം 10 ലക്ഷം ലീറ്റര്‍ ഭൂഗര്‍ഭ ജലമാണ്‌ ഇവര്‍ ഉപയോഗിക്കുന്നത്‌. (പിന്നീടത്‌ 19 ലക്ഷം എന്നു തിരുത്തിയിട്ടുണ്ട്‌). എല്ലാ നിയമങ്ങളും ലംഘിച്ചാണ്‌ ഇത്‌ ഊറ്റിയെടുക്കുന്നത്‌. ഈ ഗുരുതര വിഷയം ഉയര്‍ത്തി ജനങ്ങള്‍ സമരം ആരംഭിച്ചപ്പോള്‍ അതിനെ കമ്പനി നേരിട്ടത്‌, ട്വന്റി ട്വന്റി എന്ന സംഘടന രൂപീകരിച്ച്‌, മലിനീകരണത്തിനു നോട്ടിസ്‌ നല്‍കിയ പഞ്ചായത്ത്‌ പിടിച്ചെടുത്താണ്‌.

വസ്‌ത്രങ്ങള്‍ക്കു നിറം കൊടുക്കുന്ന രാസമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള സംവിധാനം കമ്പനിക്ക്‌ ഇല്ല. ഇത്തരം കമ്പനികള്‍ ആദ്യം ഈ മാലിന്യങ്ങള്‍ സുരക്ഷിതമായ ടാങ്കുകളില്‍ ശേഖരിച്ച്‌ അതിന്റെ ദോഷകരമായ ഘടകങ്ങള്‍ വേര്‍തിരിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ അരിച്ചു മാറ്റി ഉപയോഗ്യമാക്കുകയും ബാക്കി മാലിന്യം സുരക്ഷിതമായി സംസ്‌കരിക്കുകയുമാണ്‌ ചെയ്യുന്നത്‌. ഇവയെ അസംസ്‌കൃത വസ്‌തുവാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ ഇവിടെ ഉപയോഗിക്കുന്നില്ല. ഇവിടെ അപകടകരമായ മാലിന്യങ്ങള്‍ കൃഷിയിടങ്ങളിലും പുഴയിലും ഇടുകയാണ്‌. നിബന്ധനകള്‍ പാലിക്കാതെയാണ്‌ ഇത്‌. റിവേഴ്‌സ്‌ ഓസ്‌മോസിസ്‌ (ആര്‍ഒ) സംവിധാനങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍ എറണാകുളം ജില്ലയിലെ ഏറ്റവും സുപ്രധാന മേഖലയിലെ ജലസ്രോതസ്സുകളെ മലിനമാക്കുകയാണ്‌. നൂറുകണക്കിനു വര്‍ഷങ്ങള്‍ കഴിഞ്ഞാലും നശിക്കാത്ത മാലിന്യമാണ്‌ പുഴയിലേക്ക്‌ ഒഴുക്കുന്നത്‌. ഇതിനെതിരെ നടപടി സ്വീകരിക്കണം.

എംഎല്‍എ പറഞ്ഞതിന്‌ പ്രത്യേക കാരണമുണ്ടാകുമെന്നു മുഖ്യമന്ത്രി
പി.ടി. തോമസ്‌ എംഎല്‍എയുടെ സബ്‌മിഷന്‌ ഇങ്ങനെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി: `ദേശീയ ഹെല്‍ത്ത്‌ ട്രൈബ്യൂണലിന്റെ ഉത്തരവിനെ തുടര്‍ന്ന്‌ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ നദിയുടെ പുനരുജ്ജീവനത്തിനായി കര്‍മ പദ്ധതികള്‍ തയാറാക്കി നടപ്പാക്കുന്നുണ്ട്‌. അതിനായി രൂപീകരിച്ച സമിതി ആ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നുണ്ട്‌. സീവേജ്‌ മാലിന്യവും ഖരമാലിന്യവും ബ്രഹ്മപുരം പ്ലാന്റില്‍ നിന്നുള്ള മാലിന്യവുമാണ്‌ പുഴയെ മലിനപ്പെടുത്തുന്നത്‌.

നദിയില്‍നിന്ന്‌ എല്ലാ മാസവും സാംപിള്‍ ശേഖരിച്ച്‌ പരിശോധിക്കുന്നുണ്ട്‌. വെള്ളത്തിലെ ഓക്‌സിജന്‍ അളവ്‌ കുറവായി കാണുന്നുണ്ട്‌. അപകടകാരിയായ കോളിഫോം ബാക്ടീരിയയുടെ അളവ്‌ കൂടുതലായും കാണുന്നു. സമീപത്തെ ഫ്‌ലാറ്റ്‌ സമുച്ചയങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നു. പുഴയുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങളില്‍ ഇടവിട്ട്‌ പരിശോധന നടത്തി വരുന്നു. ഈ വിഷയം ഉയര്‍ത്തിയ അംഗം ഒരു പ്രത്യേക കമ്പനിക്കെതിരെ ആരോപണം ഉയര്‍ത്തുന്നതിനു പ്രത്യേക കാരണമുണ്ടാകാം. നിയമലംഘനം ഉണ്ടോ എന്ന്‌ പരിശോധിക്കാം.

സംശയമുള്ളവര്‍ക്ക്‌, കിറ്റെക്‌സ്‌ കമ്പനിയുള്ള പ്രദേശത്തിനു താഴെയും മുകളിലുമുള്ള പുഴയിലെ വെള്ളം പരിശോധിക്കാം. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌ പ്രകാരം കെമിക്കലിനെ കെമിക്കല്‍കൊണ്ടാണ്‌ ട്രീറ്റു ചെയ്യുന്നത്‌. ഇതിന്‌ ഇന്ത്യയിലും ചൈനയിലുമെല്ലാം അനുമതിയുണ്ട്‌. പക്ഷേ യുഎസിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇത്‌ അംഗീകരിക്കില്ല. ഈ രാജ്യങ്ങളിലേക്കാണ്‌ കിറ്റെക്‌സിന്റെ വസ്‌ത്ര കയറ്റുമതി. അവര്‍ നിര്‍ദേശിച്ചിട്ടുള്ള സാങ്കേതിക വിദ്യയും മാനദണ്ഡവുമാണ്‌ കിറ്റെക്‌സ്‌ ഉപയോഗിക്കുന്നത്‌. ബയോളജിക്കല്‍ പ്ലാന്റാണ്‌ അവരുടെ നിര്‍ദേശം. അതു പ്രകാരം കിറ്റെക്‌സിലെ കെമിക്കലിനെ ട്രീറ്റു ചെയ്യുന്നത്‌ ബാക്ടീരിയയെ ഉപയോഗിച്ചാണ്‌. ഇതിന്റെ ഫലം, മാലിന്യമായി വരുന്നത്‌ നിര്‍ജീവ ബാക്ടീരിയകളാണ്‌. ഇത്‌ ഓര്‍ഗാനിക്‌ വളമായി ഉപയോഗിക്കാം. യൂറോപ്യന്‍ രാജ്യങ്ങളില്‍ മുന്തിരിത്തോട്ടങ്ങളില്‍ ഇവ ഉണക്കിപ്പൊടിച്ച്‌ വളമായി ഉപയോഗപ്പെടുത്തും. കിറ്റെക്‌സ്‌ ഇവ ബ്രഹ്മപുരത്തു തള്ളുകയാണ്‌ ഇപ്പോള്‍ ചെയ്യുന്നത്‌.
ഓരോ വര്‍ഷവും 40, 50 ഓഡിറ്റ്‌ നടക്കുന്ന സ്ഥാപനമാണ്‌ കിറ്റെക്‌സ്‌. ഇന്ത്യയില്‍ അംഗീകരിച്ചിട്ടുള്ള കെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്‍ഡ്‌ (സിഒഡി) 250 ആണ്‌. ഇവ ഏതെങ്കിലും ജലാശയങ്ങളിലേക്കു വിടാം. അമേരിക്കയില്‍ ഇത്‌ 100 ആണെങ്കില്‍ സ്വിസ്‌ സ്റ്റാന്‍ഡേര്‍ഡ്‌ പ്രകാരം 50 സിഒഡി മാത്രമേ പാടുള്ളൂ. കിറ്റെക്‌സിന്റേത്‌ ഇത്‌ 50 നു താഴെയാണ്‌. സാധാരണ, തെളിഞ്ഞ ഒരു ജലാശയത്തില്‍ പരിശോധിച്ചാല്‍ സിഒഡി 50 നു മുകളിലായിരിക്കും. അത്രയ്‌ക്കു ശുദ്ധമാക്കിയാണ്‌ കിറ്റെക്‌സ്‌ വെള്ളം പുറം തള്ളുന്നത്‌. സ്വിസ്‌ മാനദണ്ഡം പാലിച്ചാണ്‌ കമ്പനി മുന്നോട്ടു പോകുന്നത്‌. ഇതിനുള്ള സാങ്കേതിക വിദ്യ ഇറ്റലിയില്‍നിന്നും ജര്‍മനിയില്‍നിന്നും ഇറക്കുമതി ചെയ്‌തിരിക്കുകയാണ്‌. കമ്പനിയുടെ ആളുകള്‍ തന്നെയാണ്‌ ഇവ പ്രവര്‍ത്തിപ്പിക്കുന്നതും.

'കഴിഞ്ഞ ടേമിലും തൃക്കാക്കര എംഎല്‍എ ആയിരുന്നു പി.ടി. തോമസ്‌. ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ഥി തൃക്കാക്കരയില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിനു ശേഷമാണ്‌ അദ്ദേഹം ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്‌. അതുവരെ അദ്ദേഹത്തിന്‌ കടമ്പ്രയാറിനെപറ്റി യാതൊരുവിധ ആവലാതിയും പരിഭവങ്ങളും ഉണ്ടായിരുന്നില്ല. 1995 ലാണ്‌ കിറ്റെക്‌സ്‌ ഗാര്‍മെന്റ്‌സ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. 26 വര്‍ഷമായി നിയമപരമായ എല്ലാ ലൈസന്‍സുകളോടും കൂടിയാണ്‌ കമ്പനി പ്രവര്‍ത്തിച്ചുവരുന്നത്‌. അതുകൊണ്ടുതന്നെ എംഎല്‍എ പറഞ്ഞതിന്റെ സത്യാവസ്ഥ എല്ലാവരും അറിഞ്ഞിരിക്കണം-സാബു ജേക്കബ്‌
 

Post your comments