Global block

bissplus@gmail.com

Global Menu

കഥ പറയുന്ന ചിലങ്കകള്‍

കലാകാരന്മാര്‍ എന്നു പറഞ്ഞ്‌ പലപ്പോഴും കാണിക്കുന്നത്‌ പ്രശസ്‌തിയിലുള്ളവരെയായിരിക്കും. പക്ഷേ അത്തരത്തില്‍ അല്ലാത്തവരും സമൂഹത്തിലുണ്ട്‌. പാവപ്പെട്ടവനെ കാണാന്‍ ആരുമില്ല. കോവിഡിന്‌ മുമ്പും യഥാര്‍ഥ കലാകാരന്മാരില്‍ പലരും പട്ടിണിയിലാണ്‌, ഇപ്പോള്‍ മുഴുപ്പട്ടിണിയിലും�-രാജശ്രീ വാര്യര്‍ പറയുന്നു.

നര്‍ത്തകി, അവതാരക, സംഗീതജ്ഞ എന്നീ നിലകളില്‍ ശ്രദ്ധേയയാണ്‌ രാരാജശ്രീ വാര്യര്‍. ഭരതനാട്യത്തിന്‌ പുതിയ നൃത്തഭാഷ്യങ്ങള്‍ ചമയ്‌ക്കുന്ന ഈ കലാകാരി തുടക്കക്കാരിയായ വിദ്യാര്‍ത്ഥിയെ എന്ന പോലെ തന്റെ പ്രിയ വിഷയത്തില്‍ ഇന്നും പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണ്‌.

തിരുവനന്തപുരത്ത്‌ ജനിച്ചുവളര്‍ന്ന രാജശ്രീ വാര്യര്‍ ഗുരു വി. മൈഥിലി, ഗുരു ജയന്തി സുബ്രമണ്യന്‍ എന്നിവരുടെ പക്കല്‍ നൃത്തവും പാറശ്ശാല പൊന്നമ്മാള്‍, പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്‌, അശ്വതി തിരുന്നാള്‍ രാമവര്‍മ്മ എന്നിവരുടെ പക്കല്‍ സംഗീതവും അഭ്യസിച്ചു. ഏഷ്യാനെറ്റിലെ സുപ്രഭാതം , അമൃത ടിവിയിലെ സിറ്റിസണ്‍ ജേണലിസ്റ്റ്‌ എന്നീ പരിപാടികളുടെ അവതാരകയായി പ്രവര്‍ത്തിച്ചു.

നൃത്തഗവേഷണത്തിനും അധ്യാപനത്തിനുമായി തിരുവനന്തപുരത്ത്‌ നേത്ര എന്ന പേരില്‍ നൃത്തകലാവിദ്യാലയം നടത്തുന്നു.2016 മുതല്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ഡയറക്ടര്‍ ബോര്‍ഡ്‌അംഗമാണ്‌.ഭരതനാട്യത്തിന്‌ കേരള സംഗീത നാടക അക്കാദമിയുടെ 2012ലെ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങളാണ്‌ ഇതിനകം രാജശ്രീയെ തേടിയെത്തിയത്‌.

മൂന്ന്‌ പതിറ്റാണ്ടിലെറെയായി ഒരു കലാകാരിയെന്ന നിലയില്‍ രാജശ്രീ വാരിയര്‍ നൃത്തത്തിന്റെ പുതിയ ഭാഷകള്‍ പര്യവേക്ഷണം ചെയ്യുന്നു. അവതരണം, നൃത്തം, സംഗീതം എന്നിവയില്‍ വ്യത്‌്യസ്‌തകള്‍ കൊണ്ടുവരുന്നതില്‍ വ്യാപൃതയാണ്‌ നൃത്തകലയുടെ ഈ ശ്രീ. പാരമ്പര്യേതര തീമുകള്‍ ഭരതനാട്യത്തിന്റെ ശേഖരത്തിലേക്ക്‌ കൊണ്ടുവരുന്നതില്‍ അവര്‍ പലപ്പോഴും ആസ്വാദകരെ വിസ്‌മയിപ്പിച്ചു. സി.എന്‍. ശ്രീകണ്‌ഠന്‍ നായരുടെ 'ലങ്കാലക്ഷ്‌മി' നാടകത്തിന്‌ രാജശ്രീ വാര്യര്‍ ഭരതനാട്യത്തിലൂടെ ചമച്ച നൃത്തഭാഷ്യം ശ്രദ്ധേയമായിരുന്നു.പഞ്ചതന്ത്രം കഥകളുടേയും ബൗദ്ധസാഹിത്യത്തിലെ പ്രധാന വിഭാഗമായ ജാതക കഥകളുടേയും നൃത്താവിഷ്‌കാരം മറ്റൊരു വിസ്‌മയമായി. രാജശ്രീയുടെ ചിലങ്കകള്‍ കഥ പറയുമ്പോള്‍ അത്‌ ആസ്വാദകന്‌ മാത്രമല്ല, നൃത്തകലയെ ഗൗരവത്തോടെ സമീപിക്കുന്നവര്‍ക്കെല്ലാം പുതിയ ദൃശ്യാനുഭവവും നൃത്താനുഭവും പകര്‍ന്നുകൊടുക്കുന്നു.

എണ്ണമറ്റ തീമുകള്‍ സ്വീകരിക്കുന്നതിലുള്ള തന്റെ അഭിനിവേശത്തെക്കുറിച്ച്‌ രാജശ്രീ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌ , ഭരതനാട്യത്തിന്റെ ആന്തരിക സ്വഭാവം ദുര്‍ബലപ്പെടുത്താതെ സമകാലിക വ്യാഖ്യാനം നല്‍കാന്‍ കഴിയുന്ന വിഷയങ്ങള്‍ താന്‍ എടുത്തിട്ടുണ്ടെന്നും ഈ നൃത്തവിസ്‌മയം നിരീക്ഷിക്കുന്നു. രാജശ്രീ വാര്യരുമായുളള അഭിമുഖത്തില്‍ നിന്ന്‌ .....

നര്‍ത്തകി എന്ന നിലയില്‍ രാജശ്രീ വാര്യര്‍ പ്രശസ്‌തയാണ്‌? ഗായിക എന്ന നിലയില്‍ സ്വയം എങ്ങനെ വിലയിരുത്തുന്നു?

നമ്മള്‍ എന്തിനുവേണ്ടിയാണോ കൂടുതല്‍ സമയം ചെലവഴിക്കുന്നത്‌. ഏത്‌ കലയാണോ കൂടുതല്‍ അഭ്യസിക്കുന്നത്‌ അതാണ്‌ നമ്മുടെ കല. ഏതെങ്കിലും കല പഠിച്ചു എന്നതുകൊണ്ടു മാത്രം കാര്യമില്ല. ഞാന്‍ സംഗീതം പഠിച്ചു. അതെക്കുറിച്ച്‌ സാമാന്യമായതോ അതില്‍ക്കൂടുതലോ പരിജ്ഞാനമോ പുസ്‌തകജ്ഞാനമോ ഉണ്ടാവാം. ഒരു നര്‍ത്തകി എന്ന നിലയില്‍ ഞാനത്‌ പ്രയോജനപ്പെടുത്തുന്നുമുണ്ടാവാം. എന്റെ നൃത്താവിഷ്‌ക്കാരങ്ങളുടെ (കമ്പോസിഷനുകള്‍) സംഗീതം കൂടുതലും ഞാന്‍ തന്നെയാണ്‌ ചിട്ടപ്പെടുത്തുന്നത്‌. അതിന്‌ സംഗീതത്തില്‍ ആഴത്തിലുളള അറിവ്‌ എന്നെ സഹായിച്ചിട്ടുണ്ടാവാം. പക്ഷേ, ഗായിക എന്നു പറയണമെങ്കില്‍ പാടാനായി പരിശ്രമിച്ചുകൊണ്ടേയിരിക്കണം അതിന്‌ സമയം ചെലവഴിക്കണം. നര്‍ത്തകി എന്ന നിലയ്‌ക്ക്‌ ഞാന്‍ ചെലവഴിച്ചതിന്റെ നാലിലൊന്ന്‌ പോലും സംഗീതത്തിനായി ചെലവിട്ടിട്ടില്ല. സ്‌കൂള്‍തലം വരെ മാത്രമാണ്‌ ഞാന്‍ അത്തരത്തില്‍ സംഗീതത്തിനായി സമയം ചെലവിട്ടത്‌. പിഎച്ച്‌ഡി നേടിയതും സംഗീതത്തിലാണെങ്കിലും പെര്‍ഫോമിംഗ്‌ ആര്‍ട്ടിസ്‌റ്റിനെ സംബന്ധിച്ച്‌, അത്തരമൊരു കലയെ സംബന്ധിച്ച്‌ പെര്‍ഫോമന്‍സാണ്‌ പ്രധാനം എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. അഞ്ചാറു വര്‍ഷം മുമ്പുവരെ ഞാന്‍ കച്ചേരി നടത്തിയിരുന്നു. ഒരു വര്‍ഷം രണ്ടോ മൂന്നോ കച്ചേരികള്‍. എന്നാല്‍ നൃത്തത്തിന്റെ കാര്യം അതല്ല, ഒരു മാസം ഏഴും എട്ടും വേദികളുണ്ടാവും. അതുകൊണ്ടുതന്നെ സംഗീതം എന്നു പറയുന്നത്‌ എന്നെ സംബന്ധിച്ച്‌ അറിവിന്റെ തലത്തില്‍ നില്‍ക്കുന്നു. നൃത്തത്തിലാണ്‌ ഞാന്‍ എന്റെ മനസ്സും ശരീരവും പൂര്‍ണ്ണമായും അര്‍പ്പിച്ചിരിക്കുന്നത്‌.

ഇത്രയൊക്കെ പഠിച്ചപ്പോള്‍ ഗാനഗന്ധര്‍വ്വനൊപ്പമോ പി.ജയചന്ദ്രനൊപ്പമോ ഒരു ഗാനം ആലപിക്കണമെന്ന്‌ തോന്നിയിട്ടില്ലേ?
ഇല്ല. എന്റെ കാഴ്‌ചപ്പാടോ ആഗ്രഹങ്ങളോ അങ്ങനെയല്ല. സംഗീതം എന്നു പറയുന്നത്‌ സിനിമ സംഗീതം മാത്രമല്ലല്ലോ. കര്‍ണാടക സംഗീതമാണ്‌ ഞാന്‍ പഠിച്ചത്‌. ലളിതഗാനങ്ങളും പാടുമായിരുന്നെങ്കിലും സിനിമ, സിനിമയിലെ ഗായകര്‍ക്കൊപ്പം പാടുക എന്നൊന്നുമുളള ചിന്ത എനിക്കില്ല. നൃത്തത്തിലായാലും അതേ. സിനിമയില്‍ നിന്ന്‌ നിരവധി നല്ല അവസരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്‌. പക്ഷേ, വേണ്ട എന്നതാണ്‌ എന്ന തീരുമാനം.

നൃത്തമാണ്‌ സ്വന്തം വഴിയെന്ന്‌ ഉറപ്പിച്ചത്‌?
20-ാം വയസ്സിലാണ്‌ നൃത്തം എന്റെ പ്രൊഫഷനാണെന്ന്‌ തീരുമാനിക്കുന്നത്‌. നൃത്തം വളരെ ചെറുപ്പത്തിലേ പഠിച്ചുവരുന്നു. പിന്നീട്‌ അതില്‍ അക്കാദമിക്ക്‌ യോഗ്യതയും നേടി. മറ്റൊരു കാര്യം എന്റെ മാതാപിതാക്കള്‍ എപ്പോഴും മകള്‍ പാടും നൃത്തം ചെയ്യും എന്ന മട്ടില്‍ വേദികളിലെ താരമാകുക എന്ന ലക്ഷ്യത്തോടെയല്ല പ്രോത്സാഹിപ്പിച്ചത്‌. മറിച്ച്‌ അവര്‍ എന്നെ നല്ല സംഗീതം കേള്‍പ്പിച്ചു. മികച്ച നൃത്താവതരണങ്ങള്‍ കാണിച്ചുതന്നു. നാട്യഗ്രഹത്തിന്റെ നാടകങ്ങള്‍, പുരോഗമന കലാസാഹിത്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട നാടകങ്ങള്‍, സിനിമകള്‍ ഒക്കെ കാണിച്ചുതന്നു. ജോണ്‍ എബ്രഹാമിന്റെയൊക്കെ സിനിമകള്‍ കണ്ടത്‌ ഇന്നും കണ്ണിലുണ്ട്‌. അതൊക്കെ എന്റെ നൃത്താവിഷ്‌ക്കാരത്തെ സ്വാധീനിച്ചിട്ടുമുണ്ട്‌. നീ ഒന്നാമതാകണം എന്ന കാഴ്‌ചപ്പാടല്ല അവര്‍ പകര്‍ന്നുനല്‍കിയത്‌. പ്രൊഫഷണല്‍ ആവണം എന്ന്‌ ഇപ്പോള്‍ പോലും അവര്‍ ചിന്തിക്കുന്നതായി തോന്നുന്നില്ല. അതാണ്‌ എനിക്ക്‌ കിട്ടിയ അനുഗ്രഹവും എന്നു ഞാന്‍ കരുതുന്നു. എന്റെ കോമ്പോസിഷന്‍സ്‌ പലതും ഞാന്‍ തന്നെയാണ്‌ എഴുതാറുളളത്‌, താളം തീരുമാനിക്കുന്നത്‌ അതിലൊക്കെ എന്റെ മാതാപിതാക്കള്‍ പകര്‍ന്നുതന്ന, കാട്ടിത്തന്ന അറിവുകളുടെയും കാഴ്‌ചകളുടെയും സ്വാധീനമുണ്ട്‌.

നൃത്തം പ്രൊഫഷനായി തിരഞ്ഞെടുക്കുന്നതില്‍ രക്ഷിതാക്കളുടെ പിന്തുണ?
അതിലൊന്നും അവര്‍ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. കലാകാരി അഥവാ നര്‍ത്തകി എന്ന നിലയില്‍ എന്നും എന്റെ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം നിന്നു. ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്‌; പക്ഷേ അതൊരിക്കലും എന്റെ കരിയറുമായി ബന്ധപ്പെട്ടല്ല.

കൊവിഡ്‌ കാലത്ത്‌ എല്ലാം ഓണ്‍ലൈനിലേക്ക മാറുകയാണ്‌. കലകാരി എന്ന നിലയില്‍ ഇതെങ്ങനെ കാണുന്നു?

ഓണ്‍ലൈന്‍ എന്നതിന്‌ ഗുണവുമുണ്ട്‌ ദോഷവുമുണ്ട്‌. എത്ര അകലെയുളള ഒരാള്‍ക്കും ഒരു നല്ല ഗുരുവില്‍ നിന്ന്‌ കല അഭ്യസിക്കണമെങ്കില്‍ അതിന്‌ ഒരു നല്ല വാതായനമാണ്‌ ഓണ്‍ലൈന്‍. അതേസമയം നൃത്തം അഭ്യസിക്കുന്നത്‌ ഗുരുവിന്റെ സാന്നിധ്യത്തിലാകണം എന്നുളള കാര്യം നിലനില്‍ക്കെ ഈ ഓണ്‍ലൈന്‍ ഒരുപാട്‌ കുറവുകളാണ്‌ ഉണ്ടാക്കുന്നത്‌. ദൃഷ്ടി ഇങ്ങനെയാവണം, കൈ ഇങ്ങനെ വയ്‌്‌ക്കണം എന്നുളളതൊക്കെ ഓണ്‍ലൈന്‍ വീഡിയോയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാം. തിരുത്തല്‍ അവിടെ വളരെ ബുദ്ധിമുട്ടാണ്‌. നൃത്തമായാലും സംഗീതമായാലും ഗുരുസവിധത്തിലാണ്‌ അഭ്യസിക്കേണ്ടത്‌. പഠനശേഷം സ്വയം മെച്ചപ്പെടുത്താന്‍ ഓണ്‍ലൈന്‍ ഗുണകരമാണ്‌.

അവതാരക എന്ന നിലയില്‍?

സ്‌കൂള്‍ ,കോളേജ്‌ തലത്തില്‍ആകാശാവാണിയിലെ പരിപാടികള്‍ ചെയ്‌തിരുന്നു. അതിന്റെ ഭാഗമായാണ്‌ ദുരദര്‍ശനില്‍ പരിപാടി അവതരിപ്പിച്ചത്‌. കവിത, സാഹിത്യ ചര്‍ച്ച,സമീക്ഷ തുടങ്ങിയ പരിപാടികളാണ്‌ അവതരിപ്പിച്ചത്‌. പിന്നീടാണ്‌ ഏഷ്യാനെറ്റില്‍ അവതാരകയായത്‌. ഏഷ്യാനെറ്റിന്റെ തുടക്കത്തില്‍ ചതുരവടിവിലുളള ഭാഷ, സംഭാഷണം ഒക്കെയായിരുന്നു. പിന്നീട്‌ അതുമാറി സാധാരക്കാരന്റേതായ തലത്തിലേക്ക്‌ വന്നു. അതിന്‌ തുടക്കമിട്ടത്‌ ഞാനാണെന്നു പറയാം. സുപ്രഭാതത്തിന്റെ ആദ്യദിവസം ഞാനും സനല്‍പോറ്റിയുമാണ്‌ അവതരിപ്പിച്ചത്‌. കേരളത്തിന്റെ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു തത്സമയ അവതരണം ചെയ്യുന്നത്‌ ദൂരദര്‍ശനിലെ ജോണ്‍ ഉലഹന്നാന്‍ ആണ്‌. ദൂരദര്‍ശനില്‍ അല്ലാതെ ആദ്യമായി തത്സമയ പരിപാടി ചെയ്‌ത വ്യക്തി ഞാനാണ്‌. തിരുവനന്തപുരത്തുവച്ചുളള ജ്ഞാനപീഠ പുരസ്‌കാര ചടങ്ങിനാണ്‌ ഞാന്‍ തത്സമയം പരിപാടി ചെയ്‌തത്‌. അതൊക്കെ ഒരു വഴിത്തിരിവായിരുന്നു. തിരഞ്ഞെടുപ്പ്‌ റിപ്പോര്‍ട്ടിംഗ്‌ ചെയ്‌തിട്ടുണ്ട്‌. ജേണലിസത്തില്‍ ഡിപ്ലോമയുണ്ട്‌. ടെലിവിഷനില്‍ ഞാന്‍ അവതരിപ്പിച്ചതെല്ലാം സാഹിത്യസംബന്ധിയായ പരിപാടികളാണ്‌. എന്റെ ഇഷ്ടവും അതൊക്കെയാണ്‌. വളരെ അറിവുളള വ്യക്തികളുമായി കുറച്ചുനേരമുളള സംഭാഷണത്തില്‍ നിന്ന്‌ വളരെയേറെ അറിവുകള്‍ പകര്‍ന്നുകിട്ടി. വളരെ സുന്ദരമായ അനുഭവങ്ങളുണ്ടായി. അതൊക്കെയാണ്‌ നേട്ടങ്ങള്‍.ഏഷ്യാനെറ്റിന്‌ വേണ്ടി പൈതൃക കേരളം എന്നൊരു പരിപാടി പ്രൊഡ്യൂസ്‌ ചെയ്‌തു. അതിന്റെ സ്‌ക്രിപ്‌റ്റും സംവിധാനവുമെല്ലാം സ്വയമാണ്‌ ചെയ്‌തത്‌. അതുപോലെ തന്നെ അമൃത ചാനലിനായി സപര്യ എന്ന പരിപാടിയും ചെയ്‌തു.

പുസ്‌തകങ്ങളും എഴുതിയിട്ടുണ്ടല്ലോ?

അതെ രണ്ടു പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഡിസി ബുക്‌സ്‌ പ്രസിദ്ധീകരിച്ച നര്‍ത്തകിയാണ്‌ ആദ്യത്തേത്‌. ഡിസി ബുക്‌സിന്റെ പച്ചക്കുതിര എന്ന ലിറ്റററി ജേണലിന്‌ വേണ്ടി എങ്ങനെയാണ്‌ ഒരു ചിന്ത നൃത്തമായി ആവിഷ്‌ക്കരിക്കപ്പെടുന്നത്‌ എന്നൊക്കെയുളള നിരീക്ഷണങ്ങള്‍ നടത്തുന്ന ഒരു പംക്തി ചെയ്‌തിരുന്നു. ഡിസി തന്നെയാണ്‌ അതെല്ലാം സമാഹരിച്ച്‌ പുസ്‌തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്‌. പിന്നീട്‌ ചിന്താ പബ്ലിക്കേഷന്‍സിന്‌ വേണ്ടി ഒരു പുസ്‌തകം എഴുതി.

അംഗീകാരങ്ങളെപ്പറ്റി?
2008ലാണ്‌ ഇറ്റലിയില്‍ ഒരു കലാമേളയില്‍ പങ്കെടുത്തിരുന്നു. കേരളത്തില്‍ നിന്നുളള ഒരു സംഘത്തിനൊപ്പം പോയതാണ്‌. അതൊരു എക്‌സിപിരിമെന്റല്‍ തിയേറ്ററാണ്‌. ഭരതനാട്യമല്ല അവിടെ ചെയ്‌തത്‌. ഒരു മാസം അവിടെ തങ്ങി 16 പെര്‍ഫോമന്‍സ്‌ ചെയ്‌തു. അവിടെ മലയാളിയാണെന്നോ, നമ്മുടെ പ്രൊഫൈല്‍ ഇന്നതാണെന്നോ, പോപ്പുലറാണെന്നോ ഒന്നുമില്ല. മറിച്ച്‌ കലയെ ഗൗരമായി കാണുന്ന, ആസ്വദിക്കുന്ന ഒരു കൂട്ടം ആസ്വാദകരാണ്‌ അവിടെ കാണികളായെത്തുന്നത്‌. അവിടെ ഒരു നര്‍ത്തകി എന്ന നിലയില്‍ ഒരു ഇംപാക്ട്‌ ഉണ്ടാക്കാന്‍ സാധിച്ചു. അന്ന്‌ അവിടെ കണ്ട ഒരു മ്യൂസിക്‌ കണ്ടക്ടര്‍, നമ്മുടെ വേദസംഹിതകളെ കുറിച്ചൊക്കെ ആഴത്തില്‍ അറിവുളള ഒരു വ്യക്തിയാണദ്ദേഹം, വര്‍ഷങ്ങള്‍ക്കു ശേഷം ന്യൂയോര്‍ക്കില്‍ വച്ച്‌ എനിക്ക്‌ പരിചയമുളള മദ്രാസിലുളള ഒരു ഡാന്‍സറോട്‌ പറഞ്ഞു ഒരിക്കല്‍ മാത്രമേ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഇന്ത്യന്‍ രീതിയിലുളള നൃത്തം താന്‍ കണ്ടിട്ടുളളു, അത്‌ ഇറ്റലിയില്‍ നടന്ന ഇന്ന പരിപാടിയാണെന്നും എന്റെ പേരും പറഞ്ഞു. അപ്പോള്‍ തന്നെ ആ പയ്യന്‍ എന്നെ വിളിച്ചുപറഞ്ഞു. ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം ഒരാള്‍ ആ പെര്‍ഫോമന്‍സ്‌ ഓര്‍ത്തുവയ്‌ക്കുന്നു. അതൊക്കെയാണ്‌ എന്നെ സംബന്ധിച്ച്‌ വലിയ അംഗീകാരം.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഭരതനാട്യം എന്ന കലയ്‌ക്കുണ്ടായ മാറ്റം?

വലിയ മാറ്റമാണ്‌ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കുളളില്‍ ഉണ്ടായിട്ടുളളത്‌. 150-200 പേര്‍ കാണുന്ന തലത്തില്‍ നിന്ന്‌ 2000-3000 പേര്‍ ആസ്വദിക്കുന്ന തലത്തിലേക്കെത്തി. അപ്പോള്‍ വേദി വലുതായി. വലിയ വേദിക്കുവേണ്ടി ചിട്ടപ്പെടുത്തിയപ്പോള്‍ ഭരതനാട്യത്തില്‍ മുഖത്തിനുണ്ടായിരുന്ന പ്രാധാന്യം (ഭരതനാട്യത്തില്‍ മുഖം പ്രധാനമാണ്‌) പതുക്കെ അപ്രത്യക്ഷമായി. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇന്ത്യയുടെ ഒരു എയ്‌സ്‌തെറ്റിക്‌ സെന്‍സിബിലിറ്റി എന്നതിലേക്ക്‌ ഭാഗ്യത്തിന്‌ നാം തിരിച്ചുവന്നു. അക്രോബാറ്റിക്‌സ്‌ ഒരുപാട്‌ വന്നു. ഭരതനാട്യമാണോ കളരിയാണോ ചെയ്യുന്നത്‌ എന്നറിയാനാവാത്ത അവസ്ഥ. കളരി ചെയ്യുന്നവര്‍ അതു ചെയ്യട്ടെ. അതല്ലെങ്കില്‍ അതുരണ്ടും കൂടി കലര്‍ത്തിയാണ്‌ ചെയ്യുന്നതെന്ന്‌ പറയണം. അല്ലാതെ ഭരതനാട്യമാണെന്ന്‌ പറഞ്ഞ്‌ ചെയ്യരുത്‌.

കൃഷ്‌ണഭക്തി?
ഭക്തി എന്നെ വല്ലാതെ സ്വാധീനിച്ച ഒരു കാലമുണ്ട്‌. എന്നാല്‍ ഇപ്പോള്‍ ഭക്തിയുടെ തലം മാറിയിട്ടുണ്ട്‌. അത്‌ ഒരു ദേവാലയപരിസരത്ത്‌ നില്‍ക്കുമ്പോള്‍ ലഭിക്കുന്നത്‌ എന്ന രീതിയില്‍ നിന്ന്‌ മാനസികമായി സന്തോഷം ഉളവാക്കുന്നത്‌ എന്നതായി മാറിയിട്ടുണ്ട്‌. കൃഷ്‌ണന്‍ എന്ന ഫിലോസഫിയോടും രൂപത്തോടും ജീവിതത്തോടും എനിക്ക്‌ വലിയ താല്‌പര്യമാണ്‌. ചിരിക്കുന്ന ദൈവമല്ലേ. കൃഷ്‌ണന്റെ ഒരു ചിത്രം കണ്ടാല്‍ നമുക്കൊരു സന്തോഷം തോന്നും, ചിരിക്കാന്‍ തോന്നും. നൈമിഷികമാണെങ്കിലും ആ സന്തോഷം ജീവിതത്തില്‍ വളരെ പ്രധാനമാണ്‌. ആത്യന്തികമായ സന്തോഷമെന്നൊക്കെ പറയാറുണ്ടെങ്കിലും അതൊരു നിമിഷത്തില്‍ നിന്നു തന്നെയല്ലേ തുടങ്ങുന്നത്‌. അപ്പോള്‍ ആ തത്വത്തെ കുറിച്ച്‌ ചിന്തിക്കുന്തോറും എനിക്കിഷ്ടം കൂടി വരും. അതൊരു സാധാരണ ഭക്തിയല്ല.

നാട്ടുമൊഴിയെ പറ്റി?
അത്‌ ഒരു പരമ്പരയായിട്ടാണ്‌ പ്ലാന്‍ചെയ്‌തത്‌. പല നാടുകളിലെ മൊഴികളെ പരിചയപ്പെടുത്തുന്ന പരമ്പരയാണ്‌ ഉദ്ദേശിച്ചത്‌. പക്ഷേ ഒരെണ്ണേ ചെയ്യാന്‍ പറ്റിയുളളു. അപ്പോഴേക്കും കൊവിഡ്‌ പ്രതിസന്ധി വന്നു. ഭഗോതിചിന്ത്‌ എന്ന ഞാന്‍ തന്നെയെഴുതിയ മൊഴിയാണ്‌. നാട്ടുതമിഴിലാണ്‌ അതെഴുതിയത്‌. പാര്‍ശ്വവത്‌കൃത ജനവിഭാഗത്തിന്റെ മൊഴിയാണത്‌. അല്ലാതെ കുലീന വര്‍ഗ്ഗത്തെ പ്രതിനിധീകരിക്കുന്ന സംസ്‌കൃതമോ തമിഴോ അല്ല. ഒരു മത്സ്യവില്‌പനക്കാരനെ നമുക്കൊരിക്കലും ഭരതനാട്യത്തില്‍ കാണാന്‍ കഴിയില്ല. എന്നാല്‍ അത്തരം ബിംബങ്ങളെ കൂടി എത്തിക്കാനുളള ഒരു ശ്രമമായിരുന്നു അത്‌. ഭാഗ്യത്തിന്‌ എന്നിലേക്ക്‌ വന്നിട്ടുളള ഈ കലാരൂപത്തിന്റെ ഭാഷ വളരെ ശക്തമാണ്‌. അതെനിക്ക്‌ വളരെ ഭംഗിയായി പറയാന്‍ കഴിയും. അതേ ഞാന്‍ പറയൂ. വിരഹം മാത്രമല്ല കലയിലൂടെ അവതരിപ്പിക്കേണ്ടതെന്ന്‌ ഞാന്‍ ചിന്തിച്ചു. നാലുനേരം ഭക്ഷണം കഴിക്കാനുളളവനാണ്‌ വിരഹത്തെക്കുറിച്ച്‌ ചിന്തിക്കു. അല്ലെങ്കില്‍ നാം ഭക്ഷണത്തെ കുറിച്ചല്ലേ ചിന്തിക്കൂ. സാധാരണമനുഷ്യരുടെ വികാരങ്ങള്‍ കൂടി കലയില്‍ കൊണ്ടുവരണം. അതിന്‌ എനിക്ക്‌ സാധിച്ചു. അതിന്റെ തുടക്കമായിരുന്നു നാട്ടുമൊഴി.

മറ്റ്‌ പരീക്ഷണങ്ങള്‍
ഭരതനാട്യത്തില്‍ ശിഖണ്ഡിയെയും കൊണ്ടുവന്നു. ആണ്‌, പെണ്ണ്‌ എന്ന ദ്വയത്തില്‍ മാത്രം നിന്ന കലയിലേക്ക്‌ ഇതുരണ്ടുമല്ലാത്ത ഒരാളുടെ ചിന്തകള്‍ കൊണ്ടുവന്നു. പഞ്ചതന്ത്രം കഥകളുടെ നൃത്താവിഷ്‌ക്കാരം...അങ്ങനെ പലതും ചെയ്‌തു.

കൊവിഡ്‌ കാലത്ത്‌ കലാകാരന്മാര്‍ നേരിടുന്ന പ്രതിസന്ധികള്‍

രണ്ടു തരത്തിലുളള മനുഷ്യരാണ്‌. ഒന്ന്‌ മറ്റെല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും അതിനോടൊപ്പം തന്നെ കല കൊണ്ടുപോകുന്ന ഒരു വിഭാഗം. രണ്ടാമത്തേത്‌ കല മാത്രം ഉപജീവനമാക്കിയ കുറെ മനുഷ്യര്‍. ഈ രണ്ടു വിഭാഗത്തെയും കൊവിഡ്‌ പ്രതിസന്ധി രണ്ടു രീതിയിലാണ്‌ ബാധിച്ചിരിക്കുന്നത്‌. ഇതിനിടയില്‍ പെട്ട മറ്റൊരു വിഭാഗവുമുണ്ടെന്ന്‌ പറയാം. പെര്‍ഫോമന്‍സില്ല, കാണികളില്ല, വേദികളില്ല അങ്ങനെയൊരു സാഹചര്യത്തില്‍ കലാകാരിയുടെ അഥവാ കലാകാരന്റെ അസ്ഥിത്വദുഃഖത്താല്‍ ഉഴറുന്നവരാണ്‌ ഇക്കൂട്ടര്‍. ഒരു നേരം ആഹാരത്തിനുപോലും വഴിയില്ലാത്ത കലാകാരര്‍ (ആ പ്രയോഗമാണ്‌ എനിക്കിഷ്ടം. കാരണം അതൊരു ലിംഗഭേദമില്ലാത്ത പ്രയോഗമാണ്‌) ഉണ്ട്‌. വളരെ അസംഘടിതമായ ഒരു മേഖലയിലുളള ഇക്കൂട്ടരുടെ സങ്കടം കേള്‍ക്കാന്‍ ആരുമില്ല എന്നതാണ്‌ വാസ്‌തവം. ഈ പ്രതിസന്ധിഘട്ടത്തില്‍ അവര്‍ക്ക്‌ വേണ്ടി എന്താണ്‌ ചെയ്യാന്‍ കഴിയുക എന്ന്‌ സമൂഹം അഥവാ സര്‍ക്കാര്‍ ചിന്തിക്കേണ്ടതുണ്ടെന്നാണ്‌ എന്റെ പക്ഷം. കാരണം കലയെ ഉപാസിക്കുന്നവര്‍ അല്‌പം ആത്മാഭിമാനക്കൂടുതല്‍ ഉളള കൂട്ടത്തിലാണ്‌. എത്ര കഷ്ടപ്പാടായാലും അവര്‍ ആരുടെയും മുന്നില്‍ കൈനീട്ടാന്‍ കൂട്ടാക്കില്ല. കര്‍ഷകരുടെ കാര്യം പറഞ്ഞതുപോലെ തന്നെയാണ്‌ കലാകാരന്മാരുടെ കാര്യവും സങ്കടങ്ങളെല്ലാം അവര്‍ കഴിയുന്നത്ര ഉളളിലടക്കും. പിന്നെ കേള്‍ക്കുന്നത്‌ ആത്മഹത്യയും മറ്റുമാണ്‌.

ഭാവി പദ്ധതികള്‍
തല്‌ക്കാലം അങ്ങനെയൊന്നുമില്ല. രോഗാതുരമായ ഈ സാഹചര്യത്തില്‍ നിന്ന്‌ ലോകം മുക്തമാകട്ടെ എന്ന പ്രാര്‍ത്ഥന മാത്രമാണുളളത്‌. പ്രതിസന്ധികാലത്ത കലാകാരന്മാര്‍ക്കുണ്ടാകുന്ന സങ്കടങ്ങളെ കുറിച്ച്‌ അറിയാന്‍ കഴിഞ്ഞു. ഡാന്‍സ്‌ ടീച്ചേഴ്‌സ്‌ യൂണിയന്റെ പരിപാടിക്ക്‌ കൊവിഡിന്റെ ആരംഭഘട്ടത്തില്‍ ഞാന്‍ പോകുകയുണ്ടായി. മത്സരങ്ങള്‍ക്ക്‌ കാശുണ്ടാക്കുന്ന ഒരു വിഭാഗമുണ്ട്‌. കലയിലെ മികവിനേക്കാള്‍ അത്‌ വില്‍ക്കാനുളള മികവുളളവര്‍.അത്‌ തെറ്റല്ല. ഒന്നും സൗജന്യമായി കിട്ടാത്ത ലോകത്ത്‌ കലാകാരനും അതു ചെയ്യേണ്ടതില്ല. പക്ഷേ അതിനുവേണ്ടി മാത്രമുളള മത്സരങ്ങള്‍ നാം കാണുന്നു. ഇതിന്‌ പുറത്തൊരു വിഭാഗമുണ്ട്‌ . പട്ടിണിപ്പാവങ്ങളായ കലാകാരന്മാര്‍. അവര്‍ക്കുവേണ്ടി എന്തു ചെയ്യാനാവും എന്നതാണ്‌ എന്റെ ചിന്ത. ഞങ്ങള്‍ കുറച്ചുപേര്‍ (സംഗീതരംഗത്തുളളവരും) ചേര്‍ന്ന്‌ ഒരു ഗഡു സഹായമെത്തിച്ചിരുന്നു. പക്ഷേ വ്യക്തികളുടെ കൂട്ടായ്‌മയ്‌ക്ക്‌ പരിധിയുണ്ടല്ലോ. അതിനൊക്കെ വലിയ സ്ഥാപനങ്ങളും മറ്റും രംഗത്തുവരണം.

പുതുതലമുറയ്‌ക്കുളള സന്ദേശം

കലയെ പ്രശസ്‌തിയിലേക്കുളള വഴിയായി കാണരുത്‌. കല ശ്വസിക്കുക എന്നു പറയുന്നതുപോലെയാണ്‌. എല്ലാവരും പാട്ടുപാടുക, നൃത്തം ചെയ്യുക എന്നല്ല. കല ജന്മസിദ്ധമാണ്‌. ഓരോരുത്തരുടെയും കഴിവ്‌ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക. കേരളത്തില്‍ പൊതുവെ കണ്ടിട്ടുളള സങ്കടകരമായ വസ്‌തുത മത്സരമാണ്‌. കൊവിഡ്‌ പശ്ചാത്തലത്തില്‍ എനിക്ക്‌ പറയാനുളളത്‌ മനുഷ്യന്റെ കൈയില്‍ ഒന്നുമില്ല എന്ന്‌ മനസ്സിലാക്കൂ എന്നാണ്‌. എല്ലാം പ്രകൃതിയുടെ കൈയിലാണ്‌. മനുഷ്യന്‍ മാത്രമാണ്‌ ഇപ്പോള്‍ കൂട്ടിലായത്‌. മറ്റ്‌ സസ്യജന്തുജാലങ്ങളെല്ലാം സ്വതന്ത്രരാണ്‌. അവരെ കൂട്ടിലിട്ട്‌ ഗര്‍വ്വ്‌ കാട്ടിയ മനുഷ്യന്റെ അവസ്ഥയെന്താണ്‌.്‌അപ്പോള്‍ ഒന്നും നിസാരമല്ല എന്ന്‌ നാം മനസ്സിലാക്കണം.

കേരളീയ സമൂഹത്തെ സംബന്ധിച്ച്‌ സിനിമ മാത്രമാണ്‌ കല. സിനിമയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നവര്‍ മാത്രമാണ്‌ കല കൈകാര്യം ചെയ്യുന്നതെന്ന ചിന്തയാണുളളത്‌. സിനിമ ഒരു വലിയ കലാരൂപം തന്നെയാണ്‌.പക്ഷേ, സിനിമയുമായി ബന്ധപ്പെട്ട്‌ നില്‍ക്കുന്നതുകൊണ്ടു മാത്രം ഒരാള്‍ വലിയ കലാകാരന്‍ അല്ലെങ്കില്‍ കലാകാരി ആവേണ്ട കാര്യമില്ല. അവരുടെ മേഖലയില്‍ അവര്‍ കഴിവുതെളിയിച്ചാല്‍ മാത്രമേ അംഗീകരിക്കപ്പെടേണ്ടതുളളു എന്ന പക്ഷക്കാരിയാണ്‌ ഞാന്‍. സിനിമയിലുളള ഒരാളുടെ ബന്ധു, സിനിമാക്കാരുമായുളള അടുപ്പം എന്നിവയെയൊക്കെ നല്ല വണ്ണം പ്രയോജനപ്പെടുത്തുന്ന കലാകാരന്മാരുടെയും കലാകാരികളുടെയും ഇടയിലാണ്‌ ഞാനൊക്കെ ജീവിക്കുന്നത്‌. പ്രയോജനപ്പെടുത്തുന്നതിനൊപ്പം തന്നെ അത്‌ നിരാകരിക്കുകയും ചെയ്യും.അപ്പോള്‍ അത്‌ സംതുലിതമാകും. അങ്ങനെ വളരെ ബുദ്ധിപൂര്‍വ്വം നിലനില്‍ക്കുന്ന ആര്‍ട്ടിസ്‌്‌റ്റുകളുളള ഒരു സമൂഹമാണിത്‌.

വളരെ ബുദ്ധിയുളള സമൂഹമാണ്‌ മലയാളികള്‍. എന്നാല്‍ ഇതിലെ നെല്ലും പതിരും തിരിച്ചറിയാനുളള കാഴ്‌ചപ്പാടോ ശ്രദ്ധയോ പലരിലും കാണാറില്ല. സാധാരണക്കാരുടെ കാര്യമല്ല പറയുന്നത്‌, വളരെ പ്രോഗ്രസീവ്‌ ആണെന്ന്‌ സ്വയം അവകാശപ്പെടുന്നവരിലും കാണാറില്ല. കൊവിഡ്‌ കാലത്ത്‌ മാത്രമല്ല അതിനും മുമ്പും കലാരംഗത്തുളളവര്‍ക്ക്‌ ബുദ്ധിമുട്ടുകള്‍ ധാരാളമുണ്ട്‌. പക്ഷേ അന്നന്നത്തെ അന്നത്തിനുളള വക കിട്ടിയിരുന്നതുകൊണ്ട്‌ അവര്‍ പരാതി കൂടാതെ കഴിച്ചു. എന്നാല്‍ കൊവിഡിന്റെ വരവോടെ അര്‍ദ്ധപ്പട്ടിണിയില്‍ നിന്ന്‌ മുഴുപ്പട്ടിണിയിലേക്ക്‌ അവര്‍ വീണു.

 

Post your comments