Global block

bissplus@gmail.com

Global Menu

ഇടതുകോട്ട പൊളിച്ച കരുത്തന്‍ ഇരുത്തംവന്ന ജനനായകന്‍

പ്രതിസന്ധികളില്‍ തളരാത്ത പോരാട്ടവീര്യത്തിന്റെയും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന നിശ്ചയദാര്‍ഢ്യത്തിന്റെയും നേര്‍സാക്ഷ്യമാണു വി.ഡി.സതീശന്‍ എന്ന ജനനായകന്‍. മന്ത്രിപദം ഉള്‍പ്പെടെ പല സ്ഥാനങ്ങളും പലതവണ വഴുതി മാറിയിട്ടും ശക്തമായി തിരികെയെത്തിയ സതീശനെ ഒടുവില്‍ തേടിയെത്തിയതോ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട കോണ്‍ഗ്രസിനും യുഡിഎഫിനും പുതുജീവന്‍ പകരുകയെന്ന നിയോഗവും.

1964 മെയ്‌ 31ന്‌ നെട്ടൂരില്‍ ദാമോദരമേനോന്‍-വി.വിലാസിനി അമ്മ ദമ്പതികളുടെ മകനായി ജനിച്ച വി.ഡി.സതീശന്‍ അഭിഭാഷകനാണ്‌. വിദ്യാഭ്യാസ കാലത്തു തന്നെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമായ വി.ഡി.സതീശന്‍ കേരള, എംജി സര്‍വകലാശാലകളില്‍ ദീര്‍ഘകാലം യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായും എംജി സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാനായും തിളങ്ങി.1996 ലെ തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങുമ്പോള്‍ പറവൂര്‍ ഇടതു കോട്ടയായിരുന്നു. ആദ്യ വട്ടം സിപിഐയിലെ പി.രാജുവിനോടു പരാജയപ്പെട്ടെങ്കിലും നിരാശപ്പെടാതെ പറവൂരിനെ പ്രവര്‍ത്തന കേന്ദ്രമാക്കി, ആ നാടിന്റെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ചു. 2001 ല്‍ രണ്ടാം പോരില്‍ സിറ്റിങ്‌ എംഎല്‍എ പി.രാജുവിനെ വീഴ്‌ത്തി ആദ്യമായി നിയമസഭയിലെത്തി. പിന്നീടു സതീശന്റെ വിജയങ്ങള്‍ തുടര്‍ക്കഥയായി. കെ.എം.ദിനകരന്‍, മുതിര്‍ന്ന സിപിഐ നേതാവ്‌ പന്ന്യന്‍ രവീന്ദ്രന്‍, പികെവിയുടെ മകള്‍ ശാരദ മോഹന്‍, സിപിഐ സംസ്ഥാന സമിതി അംഗം എം.ടി. നിക്‌സണ്‍ എന്നിവര്‍ക്കൊന്നും അതു തടയാനായില്ല. രണ്ട്‌ പതിറ്റാണ്ടായി പറവൂരില്‍ കോണ്‍ഗ്രസ്‌ അല്ലെങ്കില്‍ യുഡിഎഫ്‌ എന്നാല്‍ സതീശനാണ്‌. ഇടതു തരംഗം ആഞ്ഞടിച്ച ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയത്‌ 21,301 വോട്ടുകളുടെ ഭൂരിപക്ഷം. സംസ്ഥാനത്തു കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി നേടിയ രണ്ടാമത്തെ മികച്ച ഭൂരിപക്ഷമാണിത്‌. വികസന, ജനക്ഷേമ പദ്ധതികളും നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിനുള്ള സ്വാധീനവും കോണ്‍ഗ്രസിന്റെ സംഘടനാ മികവുമാണു സതീശന്റെ വിജയ രഹസ്യം. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്‌ കോണ്‍ഗ്രസ്‌ പുനഃസംഘടനയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയായി. പിന്നീട്‌ കെപിസിസി വൈസ്‌ പ്രസിഡന്റായും തിളങ്ങി.

മികച്ച പാര്‍ലമെന്റേറിയന്‍
മികച്ച എംഎല്‍എയ്‌ക്കുള്ള രണ്ട്‌ ഡസനിലേറെ അവാര്‍ഡുകളാണ്‌ ഇതിനകം വി.ഡി.സതീശനെ തേടിയെത്തിയത്‌. ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ 33 അടിയന്തര പ്രമേയങ്ങളാണ്‌ അദ്ദേഹം നിയമസഭയില്‍ അവതരിപ്പിച്ചത്‌. അതു കേരള നിയമസഭാ ചരിത്രത്തിലെ റെക്കോര്‍ഡാണ്‌. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത്‌ അവതരിപ്പിച്ചത്‌ 25 അടിയന്തര പ്രമേയങ്ങളാണ്‌. അതാകട്ടെ, കഴിഞ്ഞ സഭയിലെ റെക്കോര്‍ഡും്‌. ഒരു പതിറ്റാണ്ടിനിടെ നിയമസഭ പാസാക്കിയ മിക്ക നിയമങ്ങളിലും അദ്ദേഹത്തിന്റെ സ്വാധീനവും സംഭാവനയും ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭയില്‍ പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി ചെയര്‍മാനുമായിരുന്നു. വിഷയങ്ങളെ കുറിച്ച്‌ ഗഹനമായി പഠിക്കാനുളള താല്‌പര്യവും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെ തന്നെയും സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെടുത്തി കാര്യങ്ങള്‍ അവതരിപ്പിക്കാനുളള കഴിവുമാണ്‌ സതീശനെ വ്യത്യസ്‌തനാക്കുന്നത്‌.

വി.എസ്‌. സര്‍ക്കാരിന്റെ കാലത്ത്‌ ലോട്ടറി വിഷയത്തില്‍ അന്നത്തെ ധനമന്ത്രിയുമായി സഭയില്‍ നടത്തിയ സംവാദങ്ങള്‍ സതീശനിലെ സാമാജികന്റെ പോരാട്ടവീര്യത്തിന്‌ തെളിവായി. പൊതുജനസംബന്ധിയായ വിഷയങ്ങളില്‍ മാധ്യമ ചര്‍ച്ചകളിലെ മികച്ച പ്രകടനം അദ്ദേഹത്തെ രാഷ്ട്രീയമില്ലാത്തവരുടെ കൂടി പ്രിയ താരമാക്കി. തുടര്‍ഭരണത്തിന്റെ കോട്ടയില്‍ കൂടുതല്‍ ശക്തമായ പിണറായി സര്‍ക്കാരിനെ നേരിടാന്‍ സതീശനെപ്പോലൊരു പോരാളി തന്നെ വേണമെന്നു കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിനും നേതാക്കള്‍ക്കും തോന്നിയതില്‍ അദ്‌ഭുതമില്ല തന്നെ.

കോണ്‍ഗ്രസ്‌ കൊടുങ്കാറ്റായി തിരികെ വരും
ഒരു സമുദായ സംഘടനയ്‌ക്കും കീഴ്‌പ്പെടാതെ നെഹ്രുവിയന്‍ സോഷ്യലിസത്തില്‍ അധിഷ്‌ഠിതമായ കോണ്‍ഗ്രസിന്റെ ആശയങ്ങളില്‍ ഊന്നി ഒരു തിരിച്ചു വരവിനുള്ള പ്രവര്‍ത്തനമായിരിക്കും നടത്തുകയെന്നാണ്‌ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തുകൊണ്ട്‌ വി.ഡി.സതീശന്‍ പറഞ്ഞത്‌. ഈ വലിയ ഉത്തരവാദിത്വം തന്നെ വിശ്വസിച്ചേല്‌പിച്ച കോണ്‍ഗ്രസ്‌ ഹൈക്കമാന്റിനോടും കേരളത്തിലെ മുതിര്‍ന്ന നേതാക്കന്മാരോടും നന്ദി പ്രകാശിപ്പിച്ച സതീശന്‍ ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയെയും ഒരു പോലെ എതിര്‍ത്തു തോല്‌പ്പിക്കുന്ന പോരാട്ടമാവണം നടത്തേണ്ടതെന്നും ഫെയ്‌സ്‌ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. പാര്‍ട്ടി തന്നെ ഏല്‌പിച്ച ഈ ദൗത്യം ഏറ്റവും ഉത്തരവാദിത്വ ബോധത്തോടെ ഏറ്റെടുക്കുന്നുവെന്നും പുഷ്‌പകിരീടം ആണെന്ന മിഥ്യാധാരണയിലല്ല ഈ പദവി ഏറ്റെടുക്കുന്നതെന്നും സതീശന്‍ കുറിച്ചു. പുതിയ തലമുറയെയും പുതിയ രാഷ്ട്രീയത്തെയും അഡ്രസ്‌ ചെയ്യുന്ന ഒരു പ്രതിപക്ഷ പ്രവര്‍ത്തനമാണ്‌ ജനം ആഗ്രഹിക്കുന്നത്‌. കാലാനുസൃതമായ മാറ്റം എല്ലാ രംഗത്തും ഉണ്ടാകണം. എല്ലാ ഘടകക്ഷികളെയും ജനവിഭാഗങ്ങളെയും ഒരുമിച്ചു ചേര്‍ത്ത്‌ ഈ പ്രവര്‍ത്തനം ശക്തമായി മുന്നോട്ടു കൊണ്ടുപോകും. അവരുടെ ആഗ്രഹത്തോടൊപ്പം നിന്നു ക്രിയാത്മകമായ ഒരു പ്രതിപക്ഷമായി നിയമസഭയിലും പുറത്തും പ്രവര്‍ത്തിക്കും. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ആണ്‌ കേരളത്തിന്റെ പൊതുബോധം. ആശയപരമായ പോരാട്ടത്തിലൂടെ ഈ മണ്ണല്‍ വര്‍ഗീയതയുടെ രാഷ്ട്രീയത്തെ കുഴിച്ചു മൂടുക എന്നതാവും യു.ഡി.എഫിന്റെ പ്രഥമ പരിഗണന. ഓരോ യു ഡി എഫ്‌ പ്രവര്‍ത്തകനും ഈ പോരാട്ടത്തിന്‌ തയ്യാറെടുക്കണം. ഒരു സംശയവും വേണ്ട കോണ്‍ഗ്രസ്‌ ഒരു കൊടുങ്കാറ്റു പോലെ തിരിച്ചു വരുമെന്നും സതീശന്‍ ഉറപ്പുനല്‍കുന്നു.

കുടുംബം
ഭാര്യ ലക്ഷ്‌മിപ്രിയ, മകള്‍ ഉണ്ണിമായ

കരുത്തുറ്റ പ്രതിപക്ഷം
ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ടുതന്നെ നിയമസഭയ്‌ക്കകത്ത്‌ പ്രതിപക്ഷം ശക്തമായി സാന്നിധ്യമറിയിച്ചു. അംഗബലം കുറവാണെങ്കിലും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട പ്രതിപക്ഷമാണെന്ന ശക്തമായ വിലയിരുത്തല്‍ ഭരണപക്ഷത്തിനുണ്ട്‌ എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. 41 അംഗങ്ങളെയുള്ളുവെന്നതിനാല്‍ ചെറുതായി കാണാവുന്ന പ്രതിപക്ഷമല്ല ഇത്‌. ഒരാഴ്‌ചയ്‌ക്കുളളില്‍ തന്നെ ഞങ്ങള്‍ സഭയില്‍ ഉന്നയിച്ച വിഷയങ്ങളുടെ വ്യാപ്‌തി മനസ്സിലാക്കിയവര്‍ പ്രതിപക്ഷം ദുര്‍ബലമാണെന്ന്‌ പറയുമെന്ന്‌ തോന്നുന്നില്ല.

മതനിരപേക്ഷതയില്‍ വെളളം ചേര്‍ക്കില്ല
കോണ്‍ഗ്രസ്‌ ഒരു മതേതര പാര്‌ട്ടിയാണ്‌. എല്ലാ മതവിഭാഗങ്ങള്‍ക്കും പൂര്‍ണ്ണമായും വിശ്വസിക്കാന്‍ കഴിയുന്ന എല്ലാവരെയും ഒരു കുടക്കീഴില്‍ ചേര്‍ത്തുനിര്‍ത്തുന്ന സമുദായ മൈത്രിക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവരിലും വിശ്വാസമുണ്ടാക്കാന്‍ കഴിയുന്ന ഒരു മതേതര കാഴ്‌ചപ്പാടാണ്‌ കോണ്‍ഗ്രസ്‌ മുന്നോട്ടുവെക്കുന്നത്‌. അതില്‍ ഒരു കാരണവശാലും ഒരവസരത്തിലും വെള്ളം ചേര്‍ക്കില്ല. ആ ഉറപ്പാണ്‌ കേരളത്തിന്റെ പൊതുസമൂഹത്തോട്‌ കേരളത്തിലെ പ്രതിപക്ഷ നേതാവ്‌ എന്ന നിലയില്‍ യുഡിഎഫിന്റെ ചെയര്‍മാനെന്ന നിലയില്‍ എനിക്ക്‌ നല്‌കാവുന്ന ഉറപ്പ്‌

ഞാന്‍ എന്നും പറഞ്ഞിട്ടുള്ളത്‌ പോലെ വര്‍ഗീയതയോടു സന്ധിയില്ലാത്ത സമരം ആണ്‌ എന്റെ രാഷ്ട്രീയം. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയെയും ഒരു പോലെ എതിര്‍ത്തു തോല്‌പ്പിക്കുന്ന പോരാട്ടം ആവണം നമ്മള്‍ നടത്തേണ്ടത്‌.
 

Post your comments