Global block

bissplus@gmail.com

Global Menu

ഇതാ... സതീശന്‍ മോഡല്‍ സര്‍ഗ്ഗാത്മക പ്രതിപക്ഷം

മികച്ച പാര്‍ലമെന്റേറിയന്‍, ഗവേഷണകുതുകി, പൊതുനീതിക്കുവേണ്ടിയുളള നിരന്തരമായ പോരാട്ടം ഇതൊക്കെയാണ്‌ വി.ഡി.സതീശന്‍ എന്ന പൊതുപ്രവര്‍ത്തകനെ, സാമാജികനെ പൊതുസമ്മതനാക്കിയത്‌. സഭയില്‍ സതീശന്‍ ഒരു പ്രശ്‌നം ഏറ്റെടുത്തപ്പോഴെല്ലാം അത്‌ ചരിത്രമായി. അന്യസംസ്ഥാന ലോട്ടറി തുടങ്ങി ഉദാഹരണങ്ങള്‍ നിരവധി. ലോട്ടറിവിഷയത്തില്‍ അന്നത്തെ ധനമന്ത്രി തോമസ്‌ ഐസക്കും സതീശനും തമ്മില്‍ നടന്ന സംവാദങ്ങളില്‍ സതീശന്റെ വാദമുഖങ്ങള്‍ സാക്ഷരകേരളം സശ്രദ്ധം വിലയിരുത്തി. അത്രയ്‌ക്കുണ്ട്‌ നിലപാടുകളിലെ സതീശന്‍ ടച്ച്‌. നിയമസഭയില്‍ ഏതു വിഷയവും സൂക്ഷ്‌മതയോടെ തലനാരിഴ കീറി പരിശോധിക്കുന്ന പാര്‍ലമെന്റേറിയനാണ്‌ അദ്ദേഹം കൃത്യമായ, നല്ല ബോധ്യമുളള കാര്യങ്ങളെ വി.ഡി.സതീശന്‍ പറയൂ. കേരള ജനതയുടെ വിശ്വാസമാണത്‌. ആ വിശ്വാസം തന്നെയാണു യുഡിഎഫും കോണ്‍ഗ്രസും നേരിടുന്ന പ്രതിസന്ധിയുടെ വേളയില്‍ സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്ത്‌ എത്തിച്ചത്‌. നിയമസഭയിലെ പ്രതിപക്ഷ പടനായകന്‍ സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി ബിസിനസ്‌ പ്ലസിനോട്‌ മനസ്സുതുറക്കുന്നു.

തുടര്‍ഭരണകാലത്ത്‌ പ്രതിപക്ഷനേതാവിന്റെ ഉത്തരവാദിത്തം വളരെ വലുതാണ്‌?അതെങ്ങനെ നോക്കിക്കാണുന്നു?

പാര്‍ട്ടി ഏല്‌പിച്ച ഉത്തരവാദിത്തം സന്തോഷത്തോടെ ശിരസ്സാ വഹിക്കുന്നു. ഈ സ്ഥാനത്തേക്ക്‌ നമ്മുടെ തലമുറയില്‍പ്പെട്ട ഒരാളെ പാര്‍ട്ടിനേതൃത്വം കൊണ്ടുവന്നത്‌ മാറ്റത്തിന്‌ വേണ്ടിയാണ്‌. മാറ്റം എന്ന വാക്കിന്‌ വളരെ വലിയ അര്‍ത്ഥമാണുളളത്‌. അതിന്‌ ഒരുപാട്‌ തലങ്ങളുണ്ട്‌. പ്രവര്‍ത്തനരീതിയില്‍ മാറ്റം, സമീപനത്തില്‍ മാറ്റം, ആറ്റിറ്റിയൂഡില്‍ മാറ്റം അങ്ങനെയങ്ങനെ. അതിനര്‍ത്ഥം ഇതിന്‌ മുമ്പുണ്ടായിരുന്നവര്‍ മോശക്കാരാണല്ല. കാലഘട്ടത്തിനനുസരിച്ചുളള മാറ്റമാണ്‌ ലക്ഷ്യമിടുന്നത്‌. ഇത്‌ ഒരു പുതിയ ചിന്താധാരയാണ്‌. അപ്പോള്‍ പുതിയ തലമുറയുടെ ആശയങ്ങളും മനസ്സിലുളള കാര്യങ്ങളും കൂടി കണക്കിലെടുത്ത്‌ സമൂലമായ മാറ്റം ആണ്‌ ഉദ്ദേശിക്കുന്നത്‌. പ്രതിപക്ഷത്തെക്കുറിച്ച്‌ സാമ്പ്രദായികമായ ഒരു ധാരണയുണ്ട്‌-അതായത്‌ പ്രതിപക്ഷം എന്നാല്‍ എല്ലാദിവസവും പ്രശ്‌നമുണ്ടാക്കുക, സര്‍ക്കാരിനെ വിമര്‍ശിക്കുക, സമരം ചെയ്യുക എന്നിങ്ങനെ- വിമര്‍ശിക്കാന്‍ വേണ്ടി മാത്രമുളള സംവിധാനം എന്നാണ്‌ ധാരണ. ഞങ്ങള്‍ അത്‌ മാറ്റുകയാണ്‌. ഉദാഹരണമായി, ഈ മഹാമാരി കാലത്ത്‌ ഉപാധികളില്ലാത്ത പിന്തുണ സര്‍ക്കാരിന്‌ കൊടുക്കുകയാണ്‌. കാരണം, നിരവധി ആളുകള്‍ മരിക്കുന്നു. നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നു. നമുക്ക്‌ അസുഖം വന്നാല്‍ അത്‌ നമ്മുടെ രക്ഷിതാക്കള്‍ക്ക്‌ വരുമോ മക്കള്‍ക്ക്‌ വരുമോ എന്നൊക്കെയുളള ആശങ്ക ജനങ്ങളില്‍ നിലനില്‍ക്കുന്നു. ഇത്തരത്തില്‍ ജീവിതകാലത്ത്‌ ഇതുവരെ നാം നേരിട്ടിട്ടില്ലാത്ത ഒരു ഭീതിജനകമായ സാഹചര്യമാണ്‌. ഈ സമയത്ത്‌ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലടിച്ചാല്‍ ജനങ്ങള്‍ക്ക്‌ രാഷ്ട്രീയക്കാരെക്കുറിച്ച്‌ പുച്ഛംതോന്നും. അത്‌ കേരളത്തില്‍ ഒരു അരാഷ്ട്രീയവാദത്തിന്‌ സാഹചര്യമൊരുക്കും. ഞാന്‍ അരാഷ്ട്രീയ വാദത്തിന്‌ എതിരാണ്‌. കാരണം അരാഷ്ട്രീയവാദം വര്‍ഗ്ഗീയവാദത്തിനും തീവ്രവാദത്തിനും വഴിമരുന്നിടുമെന്ന്‌ വിശ്വസിക്കുന്നയാളാണ്‌ ഞാന്‍. എല്ലാം പൊളിറ്റിക്കല്‍ ആവണം. അതിനര്‍ത്ഥം ഏതെങ്കിലും ഒരു രാഷ്ട്രീയകക്ഷിയില്‍ അംഗമാകണമെന്നല്ല. കാരണം രാഷ്ട്രീയകക്ഷികളില്‍ അംഗമായ പലരും പൊളിറ്റിക്കല്‍ അല്ല. ഒരു രാഷ്ട്രീയപാര്‍ട്ടിയും അംഗമല്ലാത്ത പലരും പൊളിറ്റിക്കല്‍ ആണുതാനും. അപ്പോള്‍ പറഞ്ഞുവന്നത്‌ ഇതുപോലൊരു സാഹചര്യം വരുമ്പോള്‍ എല്ലാവരും ഒരുമിച്ചുനില്‍ക്കുന്ന എന്നൊരു ഫീല്‍ ജനങ്ങള്‍ക്കുണ്ടാവും. അത്‌ നമ്മുടെ കൂടി ഉത്തരവാദിത്വമാണ്‌. അപ്പോള്‍ മാധ്യമങ്ങളെന്നോട്‌ ചോദിച്ചത്‌ സര്‍ക്കാരിന്‌ ഒരു വീഴ്‌ച വന്നാല്‍ വിമര്‍ശിക്കില്ലേ എന്നാണ്‌? ഞാന്‍ പറഞ്ഞു, വിമര്‍ശിക്കില്ല...ചൂണ്ടിക്കാട്ടും അല്ലെങ്കില്‍ അവരുടെ ശ്രദ്ധയില്‍പ്പെടുത്തും. നമ്മള്‌ ഒരുമിച്ചൊരു കാര്യം നേരിടുമ്പോള്‍ അതാണ്‌ വേണ്ടത്‌. അതാണ്‌ പ്രതിപക്ഷം നിയമസഭയിലും ചെയ്‌തത്‌.

പ്രതിപക്ഷരീതികള്‍ അടിമുടി മാറുകയാണോ?

അതെ, "ക്രിയാത്മകപ്രതിപക്ഷം' എന്ന ക്ലീഷേയില്‍ നിന്ന്‌ "സര്‍ഗ്ഗാത്മക പ്രതിപക്ഷ'ത്തിലേക്ക്‌ മാറുകയാണ്‌. അതായത്‌ എല്ലാ കാര്യത്തിലും ഒരു മാറ്റം വേണം. പ്രതിപക്ഷം ഏറ്റെടുക്കുന്ന വിഷയത്തിന്‌ ഒരു റിസള്‍ട്ട്‌ ഉണ്ടാവണം. ഈ സര്‍ക്കാര്‍ വന്ന ശേഷം ഞങ്ങള്‍ ആദ്യം ഏറ്റെടുത്ത വിഷയം തീരദേശമേഖലയിലെ പാവങ്ങളുടെ ദുരിതമാണ്‌. അത്‌ ഞങ്ങള്‍ നേരിട്ടുകണ്ട്‌ മനസ്സിലാക്കിയതാണ്‌. കണ്ടാല്‍ ആരുടെയും കണ്ണുനിറയും. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിഷ്‌കളങ്കരായ കുട്ടികള്‍ തങ്ങളുടെ ഭാവിയെന്തെന്നറിയാതെ ഓടിക്കളിക്കുന്നു. ക്യാമ്പില്‍നിന്ന്‌ മടങ്ങിയാല്‍ അവര്‍ക്ക്‌ കൂര കുത്താന്‍ ഇടമില്ല. നേരത്തേ അവരുടെ വീടിരുന്ന സ്ഥലം കടല്‍ കയറിക്കിടക്കുകയാണ്‌. ചിലയിടങ്ങളില്‍ വീടുകളുടെ അടുത്ത്‌ കുട്ടികള്‍ ഓടിക്കളിക്കുന്നു. മണ്‍സൂണ്‍ വരുമ്പോല്‍ ആ വീടും സ്ഥലവും ഒന്നും അവിടെ ഉണ്ടാകണമെന്നില്ല. അത്രയ്‌ക്ക്‌ പരിതാപകരമാണ്‌ അവരുടെ അവസ്ഥ. ഇത്‌ പരിഹരിക്കാന്‍ ഉറച്ച ഒരു നടപടി ഇതുവരെയുണ്ടായില്ല. അപ്പോള്‍ പ്രതിപക്ഷം ആ വിഷയം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. അതിനൊപ്പം സജീവമായി നിന്നു. പണ്ട്‌ ലോട്ടറി വിഷയത്തിലും ഞാന്‍ ഇത്തരം നിലപാടാണ്‌ എടുത്തത്‌.ഏട്ടു മാസം വരെ നീണ്ടെങ്കിലും അവസാനം അന്യസംസ്ഥാന ലോട്ടറി കേരളത്തില്‍ നിര്‍ത്തലാക്കി. അത്‌ നിസാരകാര്യമല്ല. പ്രതിവര്‍ഷം 20,000 കോടി രൂപയാണ്‌ കേരളത്തിന്റെ സമ്പദ്‌ വ്യവസ്ഥയില്‍ നിന്ന്‌ ചോര്‍ത്തിക്കൊണ്ടുപോയിരുന്നത്‌. നാല്‌ കൊല്ലം കൊണ്ട്‌ അന്യസംസ്ഥാന ലോട്ടറിക്കാര്‍ കൊണ്ടുപോയത്‌ 80,000 കോടി രൂപയാണ്‌. അത്‌ അവസാനിപ്പിച്ചത്‌ നിരന്തരമായ പോരാട്ടത്തിലൂടെയാണ്‌. അതായത്‌ ഒരു വിഷയം കൊണ്ടുവന്നാല്‍ അതിനൊരു റിസള്‍ട്ട്‌ ഉണ്ടാവണം.

ഓണ്‍ലൈന്‍ ക്ലാസിന്റെ കാര്യമെടുക്കാം. ഒരു കൊല്ലമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയിട്ട്‌. ആരെങ്കിലും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്‌തിരുന്നോ? ഏഴ്‌ ലക്ഷം കുട്ടികള്‍ ഈ ക്ലാസിന്‌ പുറത്താണ്‌. അതായത്‌ തീരപ്രദേശത്തെ കുട്ടികള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികള്‍, തോട്ടം തൊഴിലാളികളുടെ മക്കള്‍ അങ്ങനെ. അവര്‍ക്ക്‌ ടിവിയില്ല, ഫോണില്ല, ഇന്റര്‍നെറ്റ്‌ സൗകര്യമില്ല അങ്ങനെ ഏഴ്‌ ലക്ഷം കുട്ടികള്‍ കേരളത്തിലെ വിദ്യാഭ്യാസസൗകര്യത്തിന്‌ പുറത്താണെന്ന്‌ പറയുമ്പോള്‍, അത്‌ ഉത്തരേന്ത്യയില്‍ പോലും സംഭവ്യമല്ല. അപ്പോള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങി ആറുമാസം കഴിയുമ്പോള്‍ അതെപ്പറ്റി പരിശോധിക്കണം, ഒരു വര്‍ഷമാകുമ്പോള്‍ പുനഃപരിശോധിക്കണം. രണ്ടുമാസത്തെ അവധിക്കാലം വരുമ്പോള്‍ വന്നുഭവിച്ച പിഴവുകള്‍ പരിഹരിച്ച്‌ വേണമായിരുന്നു പുതിയ അധ്യയനവര്‍ഷത്തിലേക്ക്‌ കടക്കാന്‍. ഞാനത്‌ പറവൂരില്‍ ചെയ്‌തതാണ്‌. ഡിജിറ്റല്‍ ഡിവൈഡില്ലാത്ത ആദ്യനിയോജകമണ്ഡലം എന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തു.

ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയോ?

തീര്‍ച്ചയായും, ഈ വിഷയം മുഖ്യമന്ത്രിയുമായി സംസാരിച്ചു. അദ്ദേഹം അത്‌ പരിശോധിക്കാം എന്നു പറയുകയും ചെയ്‌തു. പിന്നീടാണ്‌ ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചത്‌. അതോടെ വിഷയം ഗൗരവമായി കാണാന്‍ തുടങ്ങി. ഇതെപ്പറ്റി കൂടുതല്‍ യോഗങ്ങളും ചര്‍ച്ചകളുമൊക്കെ നടക്കുന്നു. കെഎസ്‌എഫ്‌ഇ വഴി 10,000 രൂപ വായ്‌പ അനുവദിച്ച്‌ ലാപ്‌ടോപ്പും ഫോണും ഒക്കെ നല്‍കാമെന്ന്‌ പറഞ്ഞിട്ട്‌ നല്‍കിയിട്ടില്ല. പത്തോ ഇരുപത്തഞ്ചോ ലക്ഷം രൂപ വീതം എംഎല്‍എ ഫണ്ടില്‍ നിന്ന്‌ കൊടുക്കാന്‍ അനുവദിക്കണമെന്നാണ്‌ പ്രതിപക്ഷം ആവശ്യപ്പെടുന്നത്‌. അങ്ങനെ വരുമ്പോള്‍ 250-300 ഫോണ്‍ വരെ കൊടുക്കാനാവും. ബാക്കി ഒരു 300 എണ്ണം കൂടിയേ വരൂ. അത്‌ ഏതെങ്കിലും സിഎസ്‌ആര്‍ ഫണ്ട്‌ ഉപയോഗിച്ച്‌ ചെയ്യാം. ഇപ്പോള്‍ ഞാനൊക്കെ സിഎസ്‌ആര്‍ ഫണ്ട്‌ ഉപയോഗിച്ചാണ്‌ ചെയ്യുന്നത്‌. പക്ഷേ, എല്ലാവര്‍ക്കും സിഎസ്‌ആര്‍ കിട്ടണമെന്നില്ല. ഇപ്പോള്‍ വിഷയം ഗൗരവമായി ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ ഇന്റര്‍നെറ്റ്‌ സേവനദാതാക്കളും മറ്റും പുതിയ ടവര്‍ സ്ഥാപിക്കാനും മറ്റും മുന്നോട്ടുവന്നു. സര്‍ക്കാര്‍ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു എന്നാണ്‌ ഈ വിഷയത്തില്‍ പ്രതിപക്ഷം പറഞ്ഞത്‌. അത്‌ ഇനി ആയാലും മതി.

കൊവിഡുമായി ബന്ധപ്പെട്ട വിവാദങ്ങള്‍?
കൊവിഡ്‌ മരണവുമായി ബന്ധപ്പെട്ട്‌ ഒരു പ്രമുഖ ചാനലില്‍ പരമ്പര വന്നു. അതായത്‌ കാന്‍സര്‍ രോഗത്തിന്‌ ചികിത്സയിലുളള ഒരാള്‍ കൊവിഡ്‌ വന്ന്‌ ഗുരുതരാവസ്ഥയിലായി വെന്റിലേറ്ററില്‍ കിടന്ന്‌ മരിച്ചാലും അത്‌ സര്‍ക്കാര്‍ കണക്കില്‍ കൊവിഡ്‌ മരണത്തില്‍പ്പെടില്ല. എന്നാല്‍ ഇതെപ്പറ്റി ലോകാരോഗ്യസംഘടനയും ഐസിഎംആറും ഒക്കെ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശമുണ്ട്‌. മരണകാരണം നിര്‍ണ്ണയിക്കേണ്ടത്‌ ചികിത്സിച്ച ഡോക്ടര്‍മാരാണ്‌ എന്നാണ്‌ അതില്‍ പറയുന്നത്‌. പക്ഷേ കേരളത്തില്‍ അത്‌ തീരുമാനിച്ചിരുന്നത്‌ വിദഗ്‌ദ്ധ സമിതിയാണ്‌. ആ വിഷയം ഗൗരവതരമായ പ്രശ്‌നമായി പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടി. പ്രധാനമായും രണ്ട്‌ കാര്യങ്ങളാണ്‌ ഉയര്‍ത്തിക്കാട്ടിയത്‌ ഒന്ന്‌ നാളെ ഏതെങ്കിലും സര്‍ക്കാര്‍ കൊവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ എന്തെങ്കിലും സഹായം നല്‍കാന്‍ തീരുമാനിച്ചാല്‍ ഇത്തരത്തില്‍ കൊവിഡ്‌ മരണത്തിന്‌ പുറത്തായവര്‍ക്ക്‌ അത്‌ കിട്ടില്ല. ഇപ്പോഴിതാ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നു കൊവിഡ്‌ ബാധിതരായി മരിച്ചവര്‍ക്ക്‌ ആനുകൂല്യം നല്‍കണമെന്ന്‌. സര്‍ക്കാര്‍ വേണ്ടത്‌ ചെയ്യാമെന്ന പറഞ്ഞിട്ടുണ്ട്‌, പക്ഷേ തീരുമാനമൊന്നും ആയിട്ടില്ല. അപ്പോള്‍ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കൊവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ ലിസ്‌റ്റ്‌ പുനഃപരിശോധിച്ച്‌ ഐസിഎംആര്‍ മാനദണ്ഡങ്ങള്‍ പാലിച്ച്‌ മരണകാരണം നിര്‍ണയിച്ച്‌ മറ്റ്‌ രോഗങ്ങളുളളവരും കൊവിഡ്‌ ബാധിച്ചാണ്‌ മരിച്ചതെങ്കില്‍ അവരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തണം.

മറ്റൊരു പ്രശ്‌നം എന്ന്‌ പറയുന്നത്‌. കൊവിഡുമായി ബന്ധപ്പെട്ട്‌ ഗവേഷണങ്ങള്‍ നടക്കുന്നു. ഒന്നാം തരംഗവും രണ്ടാം തരംഗവും വന്നു. മൂന്നാം തരംഗം വരുമെന്നു പറയുന്നു. ആ സാഹചര്യത്തില്‍ രണ്ടാം തരംഗത്തില്‍ എന്താണ്‌ സംഭവിച്ചത്‌? ക്യാന്‍സര്‍ ബാധിതരെ കൂടുലായി ബാധിച്ചിട്ടുണ്ടോ? മരണം സംഭവിച്ചോ? അതുപോലെ കരള്‍ സംബന്ധിയായ രോഗമുളളവരെ കൂടുതല്‍ ബാധിച്ചിട്ടുണ്ടോ? അവരില്‍ എത്രത്തോളം മരണകാരകമായിട്ടുണ്ട്‌. ഹൃദയസംബന്ധിയായ രോഗമുളളവരെ എത്രത്തോളം ബാധിച്ചു?എത്രത്തോളം മരണകാരകമായി? കുട്ടികളെ ബാധിച്ചിട്ടുണ്ടോ? സ്‌ത്രീകളെ എത്രത്തോളം ബാധിച്ചു? പ്രായമായവരില്‍ എത്രത്തോളം? ഏത്‌ പ്രായത്തില്‍ പെട്ടവരാണ്‌ കൂടുതല്‍ മരണത്തിന്‌ കീഴടങ്ങിയത്‌? എന്നിങ്ങനെ ഒരു ഡാറ്റ അനാലിസിസ്‌ നടത്തണം. എന്നാല്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ സുഗമമാകൂ. ആരോഗ്യസംബന്ധിയായ വിവരങ്ങള്‍ തന്നെ നിങ്ങള്‍ മാനിപുലേറ്റ്‌ ചെയ്‌താല്‍ പിന്നെങ്ങനെ ഗവേഷണം സാധ്യമാകും. അപ്പോള്‍ പ്രതിപക്ഷം നിലവില്‍ അത്രത്തോളം കണ്‍സ്‌ട്രക്ടീവ്‌്‌ ആണ്‌.

ചില വിഷയങ്ങളില്‍ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്നുണ്ടല്ലോ?

ഇതിനകം നിരവധി വിഷയങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടു വന്നു. കുട്ടനാട്‌ വിഷയം തന്നെയെടുക്കാം. സാധാരണഗതിയില്‍ ഒറ്റ ദിവസം കൊണ്ട്‌ അത്‌ സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിക്കുകയാണ്‌ പതിവ്‌. പക്ഷേ, ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വതപരിഹാരം ഉണ്ടാവുന്നതുവരെ പ്രതിപക്ഷം അതില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കും. അതാണ്‌ തീരുമാനം. അതുപോലെ നിരവധി പ്രശ്‌നങ്ങളുണ്ട്‌. അവയിന്മേലെല്ലാം സമാനമായ നിലപാടാണ്‌ എടുക്കുക.

നിശിതമായി സര്‍ക്കാരിനെ വിമര്‍ശിക്കേണ്ട സാഹചര്യങ്ങളില്‍ പ്രതിപക്ഷം അതുചെയ്യുക തന്നെ ചെയ്യും. ഉദാഹരണമായി മരംകൊളള തന്നെയെടുക്കാം, സര്‍ക്കാരിനെതിരെ ശക്തമായ നിലപാടാണ്‌ പ്രതിപക്ഷം എടുത്തിരിക്കുന്നത്‌. അതില്‍ യോജ്യമായ നടപടിയുണ്ടാകും വരെ പിന്നോട്ടില്ല തന്നെ. അതുപോലെ ക്രിമിനലുകളുടെ അഴിഞ്ഞാട്ടം, സ്വര്‍ണ്ണക്കള്ളക്കടത്ത്‌ തുടങ്ങിയ വിഷയങ്ങളിലും ശക്തമായ നിലപാടാണ്‌ എടുക്കുന്നത്‌.

സ്വര്‍ണ്ണക്കടത്തിന്‌ പിന്നിലെ സാമ്പത്തികവശത്തെ കുറിച്ച്‌ വളരെ മുമ്പേ തന്നെ വ്യക്തമായ നിലപാടെടുത്ത ആളാണല്ലോ?

അതെ, സ്വര്‍ണ്ണക്കടത്ത്‌ കേസൊക്കെ വരുന്നതിന്‌ മുമ്പ്‌, ഒരു ഇക്കണോമിക്‌ ആംഗിളില്‍ ഈ വിഷയത്തില്‍ ഞാന്‍ നിയമസഭയില്‍ ഒരു അടിയന്തരപ്രമേയം അവതരിപ്പിച്ചിരുന്നു. ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണക്കളളക്കടത്ത്‌ നടക്കുന്നത്‌ കേരളത്തിലാണ്‌. ഈ സ്വര്‍ണ്ണം മുഴുവന്‍ ബ്ലാക്ക്‌ മാര്‍ക്കറ്റില്‍ വില്‍ക്കുകയാണ്‌. നഷ്ടം സംസ്ഥാനസര്‍ക്കാരിനാണ്‌. സര്‍ക്കാരിന്റെ റവന്യൂ ആണ്‌ നഷ്ടമാകുന്നത്‌. 5000 കോടി രൂപ മുതല്‍ 10000 കോടി രൂപ വരെ സര്‍ക്കാരിന്‌ നഷ്ടമാകുകയാണ്‌. ഈ തുക നികുതിയായി സര്‍ക്കാരിന്‌ ലഭിച്ചാല്‍ എന്തൊക്കെ ചെയ്യാനാകും. എത്ര പാവങ്ങളെ സഹായിക്കാം. ഈ മഹാമാരി കാലമൊക്കെ അനായാസം തരണംചെയ്യാന്‍ കഴിയില്ലേ? അപ്പോള്‍ ഈ സ്വര്‍ണ്ണം എവിെട നിന്ന്‌ വരുന്നു?എവിടെ എങ്ങനെ വിറ്റഴിക്കുന്നു?ഇതിന്റെ ഉറവിടം ഏവിടെയാണ്‌? അതിനെപ്പറ്റി ഒരു പഠനം നടത്തണം. എന്നൊക്കെ ഒരു നികുതിവരുമാനത്തിന്റെ ആംഗിളില്‍ നിന്നാണ്‌ ഞാനന്ന്‌ കാര്യങ്ങള്‍ അവതരിപ്പിച്ചത്‌. എക്‌സ്‌പോര്‍ട്ട്‌ പ്രൊമോഷന്‍ സോണിലെ കമ്പനിയെ ഏല്‍പ്പിച്ചാല്‍ എത്ര കിലോ സ്വര്‍ണ്ണമാണ്‌ അവര്‍ അടിച്ചുമാറ്റുന്നത്‌ എന്നറിയാമോ? ഒരു കോടീശ്വരന്റെ മകളുടെ വിവാഹം നിശ്ചയിക്കുമ്പോള്‍ തന്നെ ആളുകള്‍ ക്യാന്‍വാസ്‌ ചെയ്യാനെത്തുകയാണ്‌. എത്ര സ്വര്‍ണ്ണം വേണം? ഏതു തരത്തിലുളളതു വേണം?എന്നൊക്കെ ചോദിച്ച്‌. ഒരു കോടി രൂപയുടെ സ്വര്‍ണ്ണം വാങ്ങിയാല്‍ സര്‍ക്കാരിന്‌ നല്‍കേണ്ട ടാക്‌സ്‌ മൂന്നു ലക്ഷമാണ്‌. അതു നല്‍കാന്‍ തയ്യാറല്ല. അതുകൊണ്ട്‌ ബ്ലാക്കില്‍ വാങ്ങും. അങ്ങനെ ഒരു പാരലല്‍ ഇക്കോണമി വളര്‍ന്നുവരികയാണ്‌. സ്വര്‍ണ്ണക്കളളക്കടത്ത്‌ ഒരു സാമ്പത്തിക കുറ്റം മാത്രമല്ല അതോടൊപ്പം ക്രിമിനല്‍ സംഘങ്ങള്‍ കൂടി വളര്‍ന്നുവരുമെന്നും അതൊരു ക്രമസമാധാന പ്രശ്‌നം കൂടിയാണെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ ഞാന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അത്‌ അറംപറ്റിയതുപോലെയായി. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട്‌ ഇപ്പോഴിതാ നാലുപേര്‍ മരിച്ചു, കുഴല്‍പ്പണക്കവര്‍ച്ച,ഹൈവേ കൊളള എല്ലാം സംഭവിച്ചു.

കിറ്റക്‌സുമായി ബന്ധപ്പെട്ട വിവാദത്തെപ്പറ്റി?
പി.ടി.തോമസ്‌ എംഎല്‍എ പറഞ്ഞത്‌ കടമ്പ്രയാര്‍ മലിനീകരണപ്രശ്‌നവുമായി ബന്ധപ്പെട്ടാണ്‌. അത്‌ തൃക്കാക്കര നഗരസഭ നേരത്തേ ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയമാണ്‌. ഈ വിഷയത്തില്‍ എന്റെ അഭിപ്രായം പറയാം. മലിനീകരണം എവിടെയുണ്ടോ അത്‌ നിയന്ത്രിക്കാനുളള സംവിധാനവും ഉണ്ടാവണം. അത്തരത്തിലുളള നിയന്ത്രണസംവിധാനം ഉണ്ടാക്കാന്‍ മലിനീകരണത്തിന്‌ കാരണക്കാരായാവര്‍ തന്നെ മുതല്‍മുടക്കണം. നിറ്റ ജലാറ്റിന്‍ വിഷയത്തിലും എന്റെ നിലപാട്‌ അതായിരുന്നു. അവര്‍ക്ക്‌ 36 കോടി രൂപയാണ്‌ അവിടെ ചെലവിടേണ്ടിവന്നത്‌. ഇത്തരത്തില്‍ മലിനീകരണസംബന്ധിയായ പരാതി ഉയര്‍ന്നാല്‍ അത്‌ പരിശോധിക്കാന്‍ ഇവിടെ സര്‍ക്കാര്‍ സംവിധാനങ്ങളുണ്ട്‌. അവര്‍ പരാതിയുടെ നിജസ്ഥിതി പരിശോധിച്ച്‌ മലിനീകരണം ഉണ്ടെങ്കില്‍ കാരണക്കാരോട്‌ അത്‌ നിയന്ത്രണിക്കാനുളള സംവിധാനങ്ങള്‍ വയ്‌ക്കാന്‍ നിര്‍ദ്ദേശിക്കണം. നദിയിലേക്ക്‌ പാഴ്‌ജലം ഒഴുക്കിവിടുന്നുണ്ടെങ്കില്‍ അത്‌ ട്രീറ്റ്‌ ചെയ്‌ത്‌ വിടാനുളള സംവിധാനം കമ്പനി തന്നെ ചെയ്യണം. ഇത്‌ സംബന്ധിച്ച്‌ സുപ്രീംകോടതി വിധിയുണ്ട്‌.

മറ്റൊരു കാര്യം കിറ്റെക്‌സ്‌ ആരോപിക്കുന്നത്‌ രാഷ്ട്രീയപരമാണ്‌. അവിടത്തെ ട്വന്റി 20 സീറ്റിനെ കുറിച്ചാണ്‌. അവിടുത്തെ മുന്‍ എംഎല്‍എ സജീന്ദ്രന്‍ എല്ലാ കാര്യങ്ങളിലും നല്ല നിലപാടുകളെടുത്ത്‌ മുന്നോട്ടുപോയ ആളാണ്‌. ട്വന്റി 20 മത്സരരംഗത്തുവന്നതുകൊണ്ടാണ്‌ യുഡിഎഫ്‌ അവിടെ പരാജയപ്പെട്ടത്‌. അപ്പോള്‍ കമ്പനിയുടെ തന്നെ പ്രൊഡക്ടാണ്‌ ഇപ്പോഴത്തെ എംഎല്‍എ. അവരെടുത്ത നടപടി ശരിയായിരുന്നോ? തിരുത്തണോ?എന്നൊക്കെ അവര്‍ രാഷ്ട്രീയമായി ആലോചിക്കട്ടെ.

പക്ഷേ ഇത്തരം പ്രശ്‌നങ്ങള്‍ ഒരു നെഗറ്റീവ്‌ ചിന്ത ജനങ്ങള്‍ക്കിടയിലുണ്ടാക്കില്ലേ? വ്യവസായ സൗഹൃദസംസ്ഥാനമെന്ന നിലയില്‍ ഒരടി മുന്നോട്ട്‌ രണ്ടടി പിന്നോട്ട്‌ എന്ന രീതിയിലല്ലേ ജനം ചിന്തിക്കുക?

അതൊക്കെ ഓരോ പ്രശ്‌നവും പ്രത്യേകമായി പരിശോധിച്ച്‌ തീരുമാനിക്കേണ്ടതാണ്‌. പ്രശ്‌നമുണ്ടെങ്കില്‍ ഉണ്ടെന്ന്‌ പറയണം. ഇല്ലെങ്കില്‍ ഇല്ല എന്നു കണ്ടെത്തണം. അത്‌ സര്‍ക്കാര്‍ അത്‌ പരിശോധിക്കട്ടെ. വ്യവസായവകുപ്പിനും പരിശോധിക്കാം. ഒരു എംഎല്‍എ വിചാരിച്ചാല്‍ ഒരു സ്ഥാപനം പൂട്ടിക്കാന്‍ പറ്റുമോ?

ഇന്ധനവില വര്‍ദ്ധന കുതിക്കുകയാണ്‌. അത്‌ സമ്പദ്‌ വ്യവസ്ഥയെ മോശമായി ബാധിക്കില്ലേ?

തീര്‍ച്ചയായും. നോട്ടുനിരോധനം, ജി.എസ്‌.ടി തുടങ്ങിയ പരിഷ്‌ക്കാരങ്ങളില്‍ തട്ടി ഇടറിത്തുടങ്ങിയ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയ്‌ക്കേറ്റ അപ്രതീക്ഷിത പ്രഹരമാണ്‌ കൊവിഡ്‌. ഒപ്പം അനിയന്ത്രിതമായ ഇന്ധന വില വര്‍ദ്ധന കൂടിയാകുമ്പോള്‍ വളരെ മോശമായി ബാധിക്കും. അത്‌ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുകയും ചെയ്‌തു. നേരത്തേ എല്ലാവരും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി. മുമ്പുണ്ടായിരുന്ന പ്രൈസ്‌ അഡ്‌മിനിസ്‌ട്രേഷന്‍ സിസ്റ്റം ഡീ റഗുലേറ്റ്‌ ചെയ്‌തത്‌ ഞങ്ങള്‍ കേന്ദ്രം ഭരിച്ചിരുന്നപ്പോഴാണ്‌ എന്നാണ്‌ ആരോപണം. പക്ഷേ കോണ്‍ഗ്രസ്‌ അത്‌ ഡീ റെഗുലേറ്റ്‌ ചെയ്‌തത്‌ നല്ല ഉദ്ദേശ്യത്തോടെ തന്നെയാണ്‌. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില വര്‍ദ്ധനയ്‌ക്ക്‌ അനുസരിച്ച്‌ വില ഇവിടെ ഉയരും കുറയുമ്പോള്‍ കുറയും. ക്രൂഡ്‌ ഓയിലിന്‌ 142 ഡോളര്‍ റെക്കോര്‍ഡ്‌ വില വരെ കോണ്‍ഗ്രസ്‌ ഭരണകാലത്ത്‌ ഉണ്ടായി. അന്ന്‌ പെട്രോളിന്‌ പരമാവധി വില ലിറ്ററിന്‌ 71 രൂപയാണ്‌. ഇപ്പോള്‍ അന്താരാഷ്ട്രവിപണയില്‍ ക്രൂഡ്‌ ഓയില്‍ വില 66 ഡോളറാണ്‌. അതായത്‌ അന്നത്തേതിനേക്കാള്‍ 40% കുറഞ്ഞു. അപ്പോള്‍ 70 ന്റെ 40% ശതമാനം കുറഞ്ഞ്‌ 30 രൂപയ്‌ക്ക്‌ പെട്രോള്‍ വില്‍ക്കേണ്ടതല്ലേ?എന്തുകൊണ്ടാണ്‌ ഈ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക്‌ ലഭിക്കാത്തത്‌. കേന്ദ്രം എക്‌സൈസ്‌ തീരുവ കൂട്ടിയതുകൊണ്ടാണ്‌. നേരത്തേ ഒന്‍പത്‌ രൂപയായിരുന്ന സ്ഥാനത്ത്‌ ഇപ്പോള്‍ 33 രൂപയാണ്‌ എക്‌സൈസ്‌ തീരുവ. അതിനനുസരിച്ച്‌ സംസ്ഥാന തീരുവയും നികുതിയും കൂടി , 30.08 രൂപയാണ്‌ നിലവില്‍ ഈടാക്കുന്നത്‌.

Post your comments