Global block

bissplus@gmail.com

Global Menu

പ്രിയസുഹൃത്ത് വ്യവസായമന്ത്രി രാജീവിനോട് വി.ഡി. സതീശന് പറയാനുള്ളത്

 

1.കേരളത്തിലെ വ്യാവസായികാന്തരീക്ഷത്തിന്‌ 2001 മുതലിങ്ങോട്ട്‌ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്‌. പക്ഷേ അതുസംബന്ധിച്ച സന്ദേശം എത്തേണ്ടിടത്ത്‌ എത്തിയിട്ടില്ല. ഉദാഹരണത്തിന്‌ ഈസ്‌ ഓഫ്‌ ഡൂയിംഗ്‌ ബിസിനസൊക്കെ വന്നു. പക്ഷേ അതെക്കുറിച്ച്‌ അറിയേണ്ടവര്‍ അറിഞ്ഞിട്ടില്ല. പ്രവാസികളായ മലയാളി സംരംഭകര്‍ക്കിടയിലൊന്നും ഈ സന്ദേശം ശരിയായ രീതിയില്‍ എത്തിയിട്ടില്ല. അതുകൊണ്ടാണ്‌ പുനലൂരിലും ആന്തൂരിലുമൊക്കെ പ്രവാസിസംരംഭകര്‍ ജീവനൊടുക്കിയത്‌. അപ്പോള്‍ സംസ്ഥാനത്തെ വ്യാവസായികാന്തരീക്ഷത്തില്‍ ഉണ്ടായ വലിയ മാറ്റത്തെക്കുറിച്ചുളള സന്ദേശം സംസ്ഥാനത്തിനകത്തും വേണ്ട രീതിയില്‍ എത്തിക്കാനുളള നടപടികള്‍ വേണം.

2. വ്യവസായം തുടങ്ങാനുളള നടപടിക്രമങ്ങള്‍ കുറേക്കൂടി ലളിതമാക്കണം. ഏകജാലകസംവിധാനത്തെക്കുറിച്ചൊക്കെ പറയുന്നുണ്ടെങ്കിലും അത്‌ പൂര്‍ണ്ണമായ തോതില്‍ എല്ലായിടത്തുമില്ല. കെഎസ്‌ഐഡിസിപോലെയുളള സ്ഥാപനങ്ങളില്‍ മികച്ച ചില ഉദ്യോഗസ്ഥര്‍ ഇതൊക്കെ നല്ല രീതിയില്‍ ചെയ്യുന്നുണ്ടെങ്കിലും പൊതുവില്‍ അത്തരമൊരു സംസ്‌കാരം വളര്‍ന്നുവന്നിട്ടില്ല.ആ കുറവ്‌ പരിഹരിക്കണം.ഏതു ഉദ്യോഗസ്ഥന്‍ വന്നാലും ഏതു മന്ത്രി വന്നാലും കേരളത്തിന്‌ മെച്ചപ്പെട്ട ഒരു വ്യാവസായികാന്തരീക്ഷം വേണം.

3. മറ്റൊരു കാര്യം കേരളത്തില്‍ എല്ലാ വ്യവസായങ്ങളും തുടങ്ങാന്‍ പറ്റില്ല എന്നതാണ്‌. കാരണം കേരളത്തിന്റെ കിഴക്കന്‍ വനമേഖലകളില്‍ വനനിയമം കര്‍ശനമാണ്‌. തീരപ്രദേശങ്ങളില്‍ തീരദേശപരിപാലനവുമായി ബന്ധപ്പെട്ട നിയമങ്ങളും ഉള്‍പ്രദേശങ്ങളില്‍ നെല്‍വയല്‍ നികത്തലുമായി ബന്ധപ്പെട്ട നിയമങ്ങളുമുണ്ട്‌. അപ്പോള്‍ കേരളത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളും നിലവിലുളള നിയമങ്ങളും ജനസാന്ദ്രതയും ഒക്കെ കണക്കിലെടുത്തുകൊണ്ടുളള വ്യവസായങ്ങള്‍ മാത്രമേ ഇവിടെ തുടങ്ങാനാകൂ. അത്തരത്തില്‍ കേരളത്തില്‍ സാധ്യമായ വ്യവസായങ്ങള്‍ ഏതൊക്കെയെന്ന്‌ സര്‍ക്കാര്‍ കണ്ടെത്തണം. അതിനനുസരിച്ചുളള നിക്ഷേപങ്ങള്‍ കൊണ്ടുവരാനുളള ശ്രമമാണ്‌ സര്‍ക്കാര്‍ നടത്തേണ്ടത്‌. അത്തരത്തില്‍ വന്‍ നിക്ഷേപകരെ ആകര്‍ഷിക്കുവാന്‍ തക്ക വിധത്തിലുളള ഇന്‍ഡസ്‌ട്രിയല്‍ പാര്‍ക്കുകള്‍ യാഥാര്‍ത്ഥ്യമാക്കണം. ബ്ലൂഇക്കോണമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, സോളാര്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ചെയ്യാം. ഇത്രയും വിശാലമായ തീരപ്രദേശമുളള കേരളത്തില്‍ ബ്ലുഇക്കോണമിയുമായി ബന്ധപ്പെട്ട്‌ എന്തെല്ലാം നവസംരംഭങ്ങള്‍ കൊണ്ടുവരാനാകുമെന്ന്‌ ധനകാര്യമന്ത്രിയും വ്യവസായമന്ത്രിയും പരിശോധിക്കേണ്ടതുണ്ട്‌.

4.മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങളുടെ ഉത്‌പാദനം കേരളത്തില്‍ പ്രോത്സാഹിപ്പിക്കണം. ഉദാഹരണമായി നാളികേരത്തിന്റെ കാര്യം തന്നെയെടുക്കാം. ശ്രീലങ്കയിലെ വിമാനത്താവളങ്ങളിലെ ഷോപ്പുകളില്‍ നാളികേരത്തില്‍ നിന്ന്‌ ഉത്‌പാദിപ്പിച്ച ഇരുനൂറിലേറെ മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങള്‍ കാണാന്‍ കഴിയും.ഇവിടെ അത്തരത്തില്‍ സംരംഭങ്ങള്‍ വന്നാല്‍ നാളികേരത്തിന്‌ ഇപ്പോള്‍ ലഭിക്കുന്ന വിലയുടെ മൂന്നിരട്ടി കര്‍ഷകനും ലഭിക്കും. അതുപോലെ ഫലവര്‍ഗ്ഗകൃഷി കേരളത്തില്‍ ഇപ്പോള്‍ വ്യാപകമാകുന്നുണ്ട്‌. അപ്പോള്‍ ഫലവര്‍ഗ്ഗങ്ങളില്‍ നിന്നുളള മൂല്യവര്‍ദ്ധിതഉത്‌പന്നങ്ങളുടെ ഉത്‌പാദനം പ്രോത്സാഹിപ്പിക്കാം. ഫുഡ്‌പ്രോസസിംഗ്‌ യൂണിറ്റുകള്‍ തുടങ്ങാം. സ്റ്റോറേജ്‌ സംവിധാനങ്ങള്‍ ഉണ്ടാക്കുകയാണ്‌ ചെയ്യാവുന്ന മറ്റൊരു കാര്യം.ഇതുകൊണ്ട്‌ വലിയ നേട്ടമുണ്ടാക്കാം. മുളകിന്‌ സീസണില്‍ കിലോയ്‌ക്ക്‌ 30 രൂപയാണ്‌ വില. ആ സമയത്ത്‌ മുളക്‌ വാങ്ങി സൂക്ഷിച്ചാല്‍ സീസണല്ലാത്ത സമയത്ത്‌ കിലോയ്‌ക്ക്‌ 100 രൂപ വച്ച്‌ വില്‍ക്കാം. പൊതുജനത്തിന്‌ 40-50 രൂപയ്‌ക്ക്‌ വില്‍ക്കാം. സര്‍ക്കാരിന്‌ തന്നെ വെയര്‍ഹൗസ്‌, കോള്‍ഡ്‌ സ്‌റ്റോറേജ്‌ എന്നിവ തുടങ്ങാം. അതുവഴി കണ്‍സ്യൂമര്‍ഫെഡിനും സപ്ലൈകോയ്‌ക്കും വില കുറച്ച്‌ സാധനങ്ങള്‍ നല്‍കാം. പൊതുമാര്‍ക്കറ്റില്‍ വിലകുറച്ച്‌ സാധനങ്ങള്‍ എത്തിക്കാനാകും.അതുമല്ലെങ്കില്‍ പൊതു-സ്വകാര്യപങ്കാളിത്തത്തില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാം. സര്‍ക്കാര്‍ ഭൂമി മാത്രം നല്‍കി സ്വകാര്യവ്യക്തികളുടെ നിക്ഷേപം ഉപയോഗിച്ച്‌ ഇത്തരത്തില്‍ വെയര്‍ഹൗസും സ്‌റ്റോറേജ്‌ സൗകര്യങ്ങളും ഒരുക്കാവുന്നതാണ്‌. നിരവധി പേര്‍ക്ക്‌ തൊഴിലും ലഭിക്കും. അങ്ങനെയുളള കാര്യങ്ങള്‍ വ്യവസായവകുപ്പ്‌ ആലോചിക്കണം.

Post your comments