Global block

bissplus@gmail.com

Global Menu

മഹാമാരി കാലത്ത് പ്രിയസുഹൃത്ത് ധനമന്ത്രി കെ.എൻ. ബാലഗോപാലിനോടുള്ള വി.ഡി. സതീശന്റെ നാല് നിർദ്ദേശങ്ങൾ

1.ജി.എസ്‌.ടിയുടെ പശ്ചാത്തലത്തില്‍ നികുതിസംവിധാനം മൊത്തത്തില്‍ ഉടച്ചുവാര്‍ക്കണം. വാറ്റ്‌ (VAT)നിലവിലുണ്ടായിരുന്നപ്പോഴുളള സംവിധാനമാണ്‌ ഇപ്പോഴുമുളളത്‌. കെജിഎസ്‌ടിയില്‍ നിന്ന്‌ വാറ്റിലേക്ക്‌ പോയപ്പോള്‍ അന്ന്‌ ധനമന്ത്രിയായിരുന്ന തോമസ്‌ ഐസക്‌ വളരെ നന്നായി കാര്യങ്ങള്‍ ചെയ്‌തു. ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്‌തു. പക്ഷേ അതേ ഐസക്‌ വാറ്റില്‍ നിന്ന്‌ ജിഎസ്‌ടിയിലേക്ക്‌ മാറിയപ്പോള്‍ ഒന്നും ചെയ്‌തില്ല. അതിന്റെ നഷ്ടം സംസ്ഥാനം സഹിച്ചുകൊണ്ടിരിക്കുകയാണ്‌. വാറ്റില്‍ തുടക്കത്തിലാണ്‌ ടാക്‌സ്‌ ഈടാക്കുന്നത്‌. പിന്നെ നമ്മള്‍ ഇന്‍പുട്ട്‌ ക്രെഡിറ്റ്‌ തിരിച്ചുകൊടുക്കുകയാണ്‌.വാറ്റില്‍ ഉപഭോക്തൃസംസ്ഥാനങ്ങള്‍ക്കാണ്‌ നഷ്ടം. ജിഎസ്‌ടിയില്‍ ലാസ്റ്റ്‌പോയിന്റിലാണ്‌ ടാക്‌സ്‌ ഈടാക്കുന്നത്‌. അതുകൊണ്ടുതന്നെ ഉ്‌ത്‌പാദക സംസ്ഥാനങ്ങള്‍ക്കാണ്‌ നഷ്ടം. കേരളം ഉപഭോക്തൃസംസ്ഥാനമാണ്‌. ജിഎസ്‌ടിയില്‍ കേരളത്തിന്റെ യഥാര്‍ത്ഥത്തില്‍ നികുതിവരുമാനം 30% വര്‍ദ്ധിക്കേണ്ടതാണ്‌. അതെങ്ങനെ 10% ആയി. കാരണം സംവിധാനത്തിലെ പിഴവാണ്‌.

മറ്റൊരു പിഴവ്‌ കോമ്പന്‍സേഷന്‍ കിട്ടുന്നതുകൊണ്ട്‌ നികുതി പിരിക്കണ്ട എന്ന തീരുമാനമാണ്‌. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ ഞാനത്‌ പറഞ്ഞു. നമ്മള്‍ ഏതൊരു സിസ്റ്റം കൊണ്ടുവരുമ്പോഴും അതൊരു കള്‍ച്ചര്‍ ആവുകയാണ്‌. കഴിഞ്ഞ സര്‍ക്കാര്‍ ശ്രദ്ധിക്കാതിരുന്നത്‌ കൊണ്ട്‌ ടൈല്‍ ബാംഗ്ലൂരില്‍ നിന്ന്‌ കടത്തിക്കൊണ്ടുവന്ന്‌ ബ്ലാക്കില്‍ വിറ്റു. സര്‍ക്കാര്‍ അത്‌ കാര്യമാക്കിയില്ല. അത്‌ നിസാരമാക്കി തളളരുതെന്ന്‌ അന്നത്തെ ധനമന്ത്രിയോട്‌ പറഞ്ഞതാണ്‌. കാരണം സര്‍ക്കാരിന്‌ നഷ്ടപരിഹാരം കിട്ടുമായിരിക്കും. പക്ഷേ യഥാര്‍ത്ഥ ഒരു നികുതിദായകന്‍ ഒരു കടയും തുറന്നുവച്ചിരിക്കുകയാണ്‌. ബ്ലാക്കില്‍ കച്ചവടം പൊടിപൊടിക്കുമ്പോള്‍ സ്വാഭാവികമായും അയാളുടെ കട പൂട്ടും. അപ്പോള്‍ വാസ്‌തവത്തില്‍ നഷ്ടം ആര്‍ക്കാണ്‌. ഇന്‍ഡസ്‌ട്രിയെ താങ്ങിനിര്‍ത്തുക എന്നത്‌ സര്‍ക്കാരിന്റെ കടമയാണ്‌. അപ്പോല്‍ മേല്‍പ്പറഞ്ഞ വിഷയത്തില്‍ ടൈല്‍ വ്യാപാരം നടത്തുന്ന യഥാര്‍ത്ഥ ഒരു നികുതിദായകനെ സംരക്ഷിക്കുക എന്നത്‌ സര്‍ക്കാരിന്റെ കടമയാണ്‌. സാമ്പത്തികമാന്ദ്യം വരുമ്പോള്‍ പോലും അവനെ സംരക്ഷിക്കാനുളള നടപടികള്‍ എടുക്കേണ്ടത്‌ സര്‍ക്കാരിന്റെ കടമയാണ്‌. ഇവിടെ സര്‍ക്കാര്‍ എന്താണ്‌ ചെയ്യുന്നത്‌ നികുതിവെട്ടിപ്പ്‌ നോക്കിനില്‍ക്കുന്നു. അതിന്‌ നാം വലിയ വില കൊടുക്കേണ്ടി വരും. അപ്പോള്‍ ജിഎസ്‌ടി സംവിധാനം പുനഃസംഘടിപ്പിക്കുക എന്നതാണ്‌ എനിക്ക്‌ കെ.എന്‍.ബാലഗോപാലിനോട്‌ പറയാനുളള ഒരു കാര്യം.

2. സംസ്ഥാനത്തിന്‌ 13000 കോടി രൂപയോളം നികുതിക്കുടിശ്ശിക പിരിഞ്ഞുകിട്ടാനുണ്ട്‌. ഇത്‌ പിരിച്ചെടുക്കാനായി ചില സോഫ്‌റ്റ്‌ വെയറുകള്‍ കൊണ്ടുവന്നെങ്കിലും പൊളിഞ്ഞു. നഷ്ടവും വന്നു. കുറേ ആളുകളെ തെറ്റായി വിലയിരുത്തി. പിന്നെ കുറേ ആംനസ്റ്റി പദ്ധതികള്‍ കൊണ്ടുവന്നതെല്ലാം പൊളിഞ്ഞു. എന്തുകൊണ്ടാണ്‌ ആംനസ്റ്റി പൊളിയുന്നത്‌. ഉദാഹരണമായി നിങ്ങള്‍ ഒരു കച്ചവടക്കാരനാണ്‌. 50 ലക്ഷം രൂപ നികുതി അടയ്‌ക്കണം എന്ന്‌ നിങ്ങളെ തെറ്റായി അസെസ്‌ ചെയ്‌തുവച്ചിരിക്കുകയാണ്‌. അപ്പോള്‍ നിങ്ങള്‍ ഒരു ആംനെസ്‌റ്റി അഡോപ്‌റ്റ്‌ ചെയ്‌തുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക്‌ കുറെ സൗകര്യങ്ങള്‍ ലഭിക്കും. പക്ഷേ അഞ്ച്‌ ലക്ഷം രൂപ നികുതി നല്‍കേണ്ട ഒരാളെ 50 ലക്ഷം രൂപ നല്‍കണം എന്ന്‌ തെറ്റായാണ്‌ അസെസ്‌ ചെയ്‌തിരിക്കുന്നത്‌. ആംനെസ്റ്റി മുഖേന 50 ലക്ഷം എന്നത്‌ 30 ലക്ഷമായി കുറയുന്നു. പക്ഷേ, യഥാര്‍ത്ഥത്തില്‍ അഞ്ചുലക്ഷം കൊടുത്താല്‍ മതി. അങ്ങനെയുളളപ്പോള്‍ ആരാണ്‌ മുപ്പത്‌ ലക്ഷം അടയ്‌ക്കുക. ഇത്തരത്തില്‍ കേരളത്തില്‍ നടന്ന 80% നികുതിനിര്‍ണ്ണയവും തെറ്റാണ്‌. അങ്ങനെയുളളപ്പോള്‍ ആ
നികുതിദായകരൊന്നും ആംനെസ്‌റ്റി സ്വീകരിച്ചില്ല. അപ്പോള്‍ നികുതിദായകരെ ബുദ്ധിമുട്ടിക്കാതെ ഈ പ്രശ്‌നത്തിന്‌ ഒരു ശാശ്വത പരിഹാരം കണ്ടെത്തണം. നികുതി വെട്ടിക്കുന്നവരെ പിടിക്കണം, പക്ഷേ കച്ചവടക്കാരെല്ലാം നികുതിവെട്ടിപ്പുകാരാണെന്ന മുന്‍വിധി പാടില്ല. അവര്‍ നികുതിദായകരാണ്‌. അപ്പോള്‍ വ്യാപാരികളെ വിശ്വാസത്തിലെടുത്തുകൊണ്ട്‌ ശരിയായ രീതിയില്‍ നികുതി അടപ്പിക്കുന്ന രീതിയിലുളള പുതിയ സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ട്‌. വ്യാപാരികളെ ദ്രോഹിക്കുന്ന തരത്തിലാകരുത്‌ കുടിശ്ശിക പിരിക്കല്‍ എന്ന ലക്ഷ്യത്തോടെയാണ്‌ വര്‍ഷാവര്‍ഷം അസെസ്‌മെന്റ്‌ നടത്തുക എന്ന രീതി പ്രതിപക്ഷം മുന്നോട്ടുവച്ചത്‌. സ്വാഭാവിക നികുതിദായകരായി വ്യാപാരികളെ കാണണം. അവരെ മികച്ച നികുതിദായകരാക്കി മാറ്റുന്നതിനുളള പുതിയൊരു വ്യാപാരിസൗഹൃദസംസ്‌കാരം വളര്‍ത്തിയെടുക്കണം.

3. സാമ്പത്തികമാന്ദ്യത്തിന്‌ സമാനമായ സാഹചര്യത്തിലൂടെയാണ്‌ നാം കടന്നുപോകുന്നത്‌. ഈ സാഹചര്യത്തില്‍ ഡയറക്ട്‌ ബെനഫിറ്റ്‌ ട്രാന്‍സ്‌ഫര്‍ അതായത്‌ സഹായങ്ങള്‍ ഗുണഭോക്താവിലേക്ക്‌ നേരിട്ടെത്തുന്ന വിധത്തിലാണ്‌ വിഭാവനം ചെയ്യേണ്ടത്‌. അതായത്‌ 20,000 കോടി രൂപയുടെ സഹായ പാക്കേജൊന്നും പ്രഖ്യാപിക്കേണ്ടതില്ല. പകരം 40 -50 ലക്ഷം നിര്‍ധന കുടുംബങ്ങള്‍ക്ക്‌ അയ്യായിരമോ പതിനായിരമോ രൂപ വീതം നല്‍കുക. സ്ഥിരശമ്പളക്കാര്‍ക്ക്‌ കൊടുക്കേണ്ട കാര്യമില്ല. പാവപ്പെട്ട കുടുംബത്തിന്‌ 10,000 രൂപ ലഭിക്കുമ്പോള്‍ അവരത്‌ സാധനങ്ങളും മറ്റും വാങ്ങാനായി ചെലവാക്കും.അതായത്‌ ജനങ്ങളുടെ കൈയില്‍ അവന്റെ അത്യാവശ്യങ്ങള്‍ക്കുളള കാശുമുണ്ടാകും വിപണിയും സജീവമാകും. ഇത്തരത്തില്‍ 10,000 കോടി രൂപ സര്‍ക്കാര്‍ നിര്‍ധന കുടുംബങ്ങള്‍ക്കായി നല്‍കിയാല്‍ ആദ്യ റൗണ്ടില്‍ തന്നെ അതില്‍ 1800 കോടി രൂപ നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക്‌ തന്നെ വരും. അതായത്‌ ഒരു സാധാരണക്കാരന്‌ 10,000 രൂപ കിട്ടിയാല്‍ അവന്‍ വീട്ടിലേക്കുളള സാധനം വാങ്ങും മരുന്നുവാങ്ങും അങ്ങനെ ആദ്യ റൗണ്ട്‌ ഉപയോഗത്തില്‍ തന്നെ 18% തുക നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക്‌ തിരിച്ചെത്തും. ഇനി ഈ സാധാരണക്കാരന്‍ സാധനങ്ങള്‍ വാങ്ങിയ കടയുടമ ഈ കാശ്‌ കൊണ്ട്‌ മൊത്തക്കച്ചവടക്കാരന്‌ കൊടുത്ത്‌്‌ പര്‍ച്ചേസ്‌ ചെയ്യുകയാണ്‌. അപ്പോഴും സര്‍ക്കാരിന്‌ നികുതി ലഭിക്കും. അങ്ങനെ മൂന്നോ നാലോ മാസം കൊണ്ട്‌ ഈ കാശിന്റെ ആറേഴ്‌ റൗണ്ട്‌ ഉപയോഗം കഴിയുമ്പോള്‍ 10,000 കോടിയും സര്‍ക്കാരിലേക്ക്‌ തിരികെയെത്തും. ഇതൊരു ചാക്രികമായ സംവിധാനമാണ്‌. 1930ലെ ഗ്രേറ്റ്‌ ഡിപ്രഷന്‍ മുതലിങ്ങോട്ട്‌ നടന്നുവരുന്ന സംവിധാനമാണിത്‌.അത്തരത്തില്‍ മാര്‍ക്കറ്റിലേക്ക്‌ പണമെത്തിക്കുവാനും ആളുകള്‍ അത്‌ ചെലവഴിക്കുക വഴി മാര്‍ക്കറ്റിനെ ഉദ്ദീപിപ്പിക്കുവാനുമുളള സംവിധാനങ്ങള്‍ കൊണ്ടുവരണം.

4. നികുതി ആനുപാതികമല്ലാതാകുമ്പോഴാണ്‌ ആളുകള്‍ നികുതിവെട്ടിക്കുന്നത്‌. അങ്ങനെയല്ലെങ്കില്‍ ആരും നികുതിവെട്ടിക്കാന്‍ ശ്രമിക്കില്ല. ഉദാഹരണമായി വിദേശമദ്യത്തിനും കളളിനും ഒരേ നികുതി കൊണ്ടുവന്നാല്‍ ശരിയാകുമോ? മദ്യത്തിന്റെ കാര്യം പറയുകയാണെങ്കില്‍ നികുതി വര്‍ദ്ധിപ്പിക്കണം എന്ന്‌ ചിലര്‍ പറയും. പക്ഷേ, അതെങ്ങനെ ശരിയാകും? മദ്യത്തിന്‌ വില കൂടിയെന്ന്‌ വച്ച്‌ പതിവായി രണ്ട്‌ പെഗ്‌ കഴിക്കുന്ന സാധാരണക്കാരനായ ഒരാള്‍ ഒരു പെഗ്ഗാക്കി കുറയ്‌ക്കുമോ? ഇല്ല. അവന്‍ രണ്ട്‌ പെഗ്‌ തന്നെ കഴിക്കും. അപ്പോള്‍ എന്താണ്‌ സംഭവിക്കുന്നത്‌ വീട്ടില്‍ എത്തുന്ന കാശ്‌ കുറയും. സ്‌ത്രീകളും കുട്ടികളുമാണ്‌ ഈ നടപടിയുടെ ഇരകള്‍. അപ്പോള്‍ ഇതിന്റെയൊക്കെ ഇക്കണോമിക്‌സ്‌ എന്നുപറയുന്നത്‌ ഒരു ഇരുമ്പുലക്കയല്ല. അതിനൊരു സോഷ്യല്‍ ഇംപാക്ട്‌ ഉണ്ട്‌. മനുഷ്യന്റെ ജീവിതസാഹചര്യവുമായി അത്‌ ബന്ധപ്പെട്ടുകിടക്കുന്നു. അങ്ങനെ വരുമ്പോള്‍ ഓരോ കാര്യവും നടപ്പിലാക്കുമ്പോള്‍ അത്‌ കേവലമൊരു ഉദ്യോഗസ്ഥതല തീരുമാനമാകരുത്‌. മറിച്ച്‌ ആ തീരുമാനം സമൂഹത്തിലുണ്ടാക്കുന്ന പ്രതിഫലനം, സ്വാഭാവിക നികുതിദായകന്‌ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ എന്നിവ വിശദമായി പഠിച്ചശേഷമാകണം നടപ്പിലാക്കേണ്ടത്‌.

Post your comments