Global block

bissplus@gmail.com

Global Menu

ചോക്ലേറ്റിന് ഡിമാൻഡ് കൂടുന്നു ; കൊക്കോ കർഷർക്ക് നല്ല കാലം

കൊക്കോയുടെ വിലനിലവാരത്തിൽ അടുത്ത ദിവസങ്ങളിലൊന്നും മാറ്റമുണ്ടായിട്ടില്ലാത്തതിൽ വിഷമിക്കുന്ന കർഷകർക്കു സന്തോഷിക്കാം: ലോകമെങ്ങും ചോക്ലേറ്റിനു ‍ഡിമാൻഡ് വലിയ തോതിൽ വർധിക്കുകയാണ്. ചോക്ലേറ്റിനോട് ഏറ്റവും കൂടുതൽ പ്രിയമുള്ള യൂറോപ്പിൽ മാത്രമല്ല മികച്ച വിപണികളിലൊന്നായ ഇന്ത്യയിലും ഡിമാൻഡ് ഉയരുന്നു. 2020ൽ രാജ്യത്തെ ചോക്ലേറ്റ് വിപണി 15,000 കോടിയോളം രൂപയുടേതായിരുന്നെങ്കിൽ അടുത്ത അഞ്ചു വർഷവും വളർച്ച 11 ശതമാനത്തിനു മുകളിലായിരിക്കുമെന്നാണ് അനുമാനം. ചോക്ലേറ്റിനു ‍ഡിമാൻഡ് കൂടുന്നതിന് ആനുപാതികമായി കൊക്കോയ്ക്കു വില മെച്ചപ്പെടണം. കൊക്കോയുടെ ആഗോള ഉൽപാദനത്തിന്റെ 40 ശതമാനവും ചോക്ലേറ്റിനുവേണ്ടിയാണ്. ചോക്ലേറ്റിനു പുറമെ സൗന്ദര്യവർധക വസ്തുക്കൾ, ഔഷധങ്ങൾ, ന്യൂട്രസ്യൂട്ടിക്കലുകൾ എന്നിവയുടെ ഉൽപാദനത്തിലും കൊക്കോയ്ക്കു പങ്കുണ്ട്. അവയുടെ വിപണിയും വികസിക്കുകയാണല്ലോ. 

കേരോൽപന്നങ്ങൾക്കു മരവിപ്പ് 

തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽനിന്നുള്ള ഉൽപന്ന വരവു വർധിച്ചതോടെ വെളിച്ചെണ്ണ, കൊപ്ര വിലകളിൽ മരവിപ്പ്. തന്മൂലം കൊച്ചിയിൽ മില്ലിങ് ഇനം വെളിച്ചെണ്ണയുടെ വില കഴിഞ്ഞ ആഴ്ചയിലുടനീളം 17,200 രൂപ നിലവാരത്തിലായിരുന്നു; തയാർ വില 16,600 രൂപയിലും. കൊപ്ര വില 10,400 രൂപയിൽ തുടർന്നു. അതിനിടെ, ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിയിൽ കഴിഞ്ഞ മാസം നല്ല കുറവുണ്ടായെന്നാണു സോൾവെന്റ് എക്സ്ട്രേക്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കണക്കാക്കുന്നത്. പാമോയിലിന്റെ ഇറക്കുമതി മേയിൽ 7.69 ലക്ഷം ടൺ ആയിരുന്നതു കഴിഞ്ഞ മാസം 5.87 ടണ്ണിലൊതുങ്ങിയെന്നാണു കണക്ക്. കുറവ് 23.67%. ആഭ്യന്തര വിപണിയിൽ പാമോയിലിന്റെ വില ആഴ്ചയുടെ തുടക്കത്തിൽ 11,450 രൂപയായിരുന്നതു വാരാന്ത്യത്തിൽ 12,050 രൂപയിലേക്ക് ഉയർന്നു.

റബർ വിലയിൽ നേരിയ കയറ്റം 

റബറിനു കടന്നുപോയ ആഴ്ചയിലും നില നേരിയ തോതിൽ മെച്ചപ്പെടുത്താനായി. കൊച്ചിയിൽ ആർഎസ്എസ് നാലാം ഗ്രേഡ് റബറിനു 16,700 രൂപയായിരുന്നതു 16,950 രൂപയായി. അഞ്ചാം ഗ്രേഡിന് 200 രൂപ വർധിച്ചു 16,650 രൂപയിലേക്കെത്തി. രാജ്യാന്തര വിപണിയിൽ കഴിഞ്ഞ ആഴ്ചയും വിലയിടിവിന്റേതായിരുന്നു. ബാങ്കോക്കിൽ ആർഎസ്എസ് നാലാം ഗ്രേഡ് റബറിന്റെ വില 13,506 ൽ നിന്നു 13,375 രൂപയിലേക്കു താഴ്ന്നു. ആർഎസ്എസ് – 5 ന്റെ വില 13,403 ൽനിന്നു 13,272 രൂപയിലേക്കാണു താഴ്ന്നത്.

കുരുമുളകിൽ വലിയ പ്രതീക്ഷ 

ഗാർബ്ൾഡ് ഇനം കുരുമുളകിന്റെ വില കൊച്ചിയിൽ ക്വിന്റലിനു 42,000 രൂപയിലും അൺഗാർബ്ൾഡിന്റെ വില 40,000 രൂപയിലും തുടർന്നെങ്കിലും ഉത്തരേന്ത്യയിൽനിന്നുള്ള ഉത്സവകാല ഡിമാൻഡ് വർധിക്കുമെന്ന വലിയ പ്രതീക്ഷയിലാണു വിപണി. ഇപ്പോഴത്തെ പ്രതിരോധ നിലവാരം ഭേദിച്ച് 46,000 രൂപയ്ക്കു മുകളിലേക്കു വരെ വില ഉയർന്നേക്കാമെന്നാണു ചില കേന്ദ്രങ്ങളുടെ അനുമാനം.

ജാതിക്ക, ഗ്രാമ്പൂ  വിലകൾ മേലോട്ട് 

ജാതിക്ക തൊണ്ടൻ വില 250 – 280 നിലവാരത്തിൽനിന്ന് 250 – 290 രൂപയായി. തൊണ്ടില്ലാത്തതിന്റെ വില 470 – 530 നിലവാരത്തിൽനിന്ന് 500 – 550 രൂപയായിട്ടുണ്ട്. ജാതിപത്രി (ചുവപ്പ്) വില 1250 രൂപയിൽ തുടർന്നപ്പോൾ ജാതിപത്രി (മഞ്ഞ) വില 1450 ൽനിന്ന് 1500 രൂപയിലെത്തി. ഗ്രാമ്പൂ വില 710 രൂപയായിരുന്നു കടന്നുപോയ ആഴ്ചയുടെ തുടക്കത്തിൽ. വാരാന്ത്യത്തോടെ വില 725 രൂപയിലേക്ക് ഉയർന്നു.

മഞ്ഞൾ വിപണിക്കു മഞ്ഞളിപ്പ് 

മഞ്ഞളിന്റെ ഡിമാൻഡിലുണ്ടായ ഇടിവു മൂലം രാജ്യത്തെ വിവിധ വിപണികളിൽ വില പത്തു ശതമാനത്തോളം ഇടിഞ്ഞു. എന്നാലും മുൻ വർഷത്തെ അപേക്ഷിച്ച് ഇപ്പോഴത്തെ വില കൂടുതലാണ്. ആഭ്യന്തര വിപണിയിൽ ഡിമാൻഡ് കുറവാണെങ്കിലും കയറ്റുമതി നല്ല നിലയിൽത്തന്നെ, പ്രത്യേകിച്ചു ഗൾഫ് മേഖലയിലേക്കും ബംഗ്ളദേശിലേക്കുമുള്ള കയറ്റുമതി. കഴിഞ്ഞ സാമ്പത്തിക വർഷവും കയറ്റുമതി നല്ല തോതിലായിരുന്നു. 1.87 ലക്ഷം ടൺ കയറ്റുമതി ചെയ്തു. 2019 – ’20ൽ കയറ്റുമതി 1.37 ലക്ഷം ടൺ മാത്രമായിരുന്നു. അതിനിടെ, മഞ്ഞൾ കൃഷിക്കു കൂടുതൽ സ്ഥലം വിനിയോഗിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇത് അടുത്ത വിളവെടുപ്പിൽ 25 – 30% വരെ വർധനയ്ക്കു സഹായകമാകുമെന്നാണ് ഈറോഡ് വിപണിയുടെ വിലയിരുത്തൽ. കൊച്ചിയിൽ മഞ്ഞൾ സേലം 6800 രൂപ നിലവാരത്തിലായിരുന്നു കഴിഞ്ഞ ആഴ്ചയിലെ വ്യാപാരം. ഈറോഡ് ഇനം 7300 രൂപ നിലവാരത്തിലും. 

Post your comments