Global block

bissplus@gmail.com

Global Menu

ജെഫ് ബെസോസ് പടിയിറങ്ങി; ഇനി ആൻഡി ജസി നയിക്കും ആമസോണിനെ

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ജെഫ് ബെസോസ് ആമസോൺ തലപ്പത്തുനിന്ന് സ്ഥാനമൊഴിഞ്ഞു. ഇ-കൊമേഴ്സ് ഭീമനായ ആമസോണിന്റെ സ്ഥാപകനും സിഇഒയുമായി ബെസോസ് തിങ്കളാഴ്ചയാണ് കമ്പനിയിൽനിന്ന് പടിയിറങ്ങിയത്. നിലവിൽ ആമസോൺ വെബ് സേവനങ്ങളുടെ മേധാവിയായി സേവനമനുഷ്ഠിക്കുന്ന ആൻഡി ജസി പുതിയ സിഇഒ ആയി ചുമതലയേൽക്കും.

സിഇഒ സ്ഥാനം ഒഴിയുകയാണെങ്കിലും 57 കാരനായ ബെസോസ് ആമസോണിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ എന്ന നിലയിൽ നിർണായക പങ്ക് വഹിക്കും. എന്നാൽ അദ്ദേഹം ദൈനംദിന മാനേജ്മെന്റിന്റെ ഭാഗമാകില്ല. തന്റെ എയ്‌റോസ്‌പേസ് കമ്പനിയായ ബ്ലൂ ഒറിജിൻ ഉൾപ്പെടെയുള്ള മറ്റ് പ്രോജക്ടുകൾക്കായി കൂടുതൽ സമയം ചെലവഴിക്കാനാണ് ബെസോസിന്റെ ഇനിയുള്ള പദ്ധതി. 27 വർഷങ്ങൾക്ക് മുമ്പ് ഒരു ഗാരേജിൽ ഓൺലൈൻ പുസ്തകശാലയായിട്ടായിരുന്നു ആമസോണിന്റെ തുടക്കം.

ഓർഡറുകൾ പാക്ക് ചെയ്ത് പോസ്റ്റ് ഓഫീസുകൾ വഴിയായിരുന്നു ബെസോസ് ആവശ്യക്കാർ പുതസ്തകങ്ങൾ എത്തിച്ചുനൽകിയത്. പതുക്കെ പതുക്കെ ആമസോണിനെ ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായി അദ്ദേഹം ഉയർത്തിക്കൊണ്ടുവന്നു. ഇന്ന് ഓൺലൈൻ വ്യാപാരം മാത്രമല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിങ്, ഡിജിറ്റൽ സ്ട്രീമിങ് തുടങ്ങിയ മേഖലകളിലും ആമസോണിന് വ്യാപാരമുണ്ട്. ലോകത്തിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡായ ആമസോണിന്റെ വിപണി മൂല്യം 1.7 ട്രില്യൺ ഡോളറാണ്.

ആമസോണിലൂടെയാണ് ബെസോസ് ലോകത്തെ ഏറ്റവും വലിയ ധനികനായി മാറിയത്. ഫോബ്‌സ് മാസിക പുറത്തുവിട്ട ലോക സമ്പന്നരുടെ പട്ടികയിലെ ഒന്നാമനായ ജെഫ് ബെസോസിന്റെ മൊത്തം ആസ്തി 200 ബില്യൺ ഡോളറിലും അധികമാണ്. മുൻ ഭാര്യ മക്കെൻസി സ്കോട്ടിന് നൽകിയ ജീവനാംശവും കഴിച്ചുള്ള ആസ്തിയാണിത്. ഫോബ്‌സിന്റെ കണക്കനുസരിച്ച് 1998 മുതലാണ് ജെഫ് ബെസോസിന്റെ സമ്പാദ്യം കുത്തനെ ഉയർന്നത്. ഏകദേശം 196 ബില്യൺ ഡോളറിന്റെ വളർച്ചയായിരുന്നു അദ്ദേഹത്തിന്റെ ആസ്തിയിൽ ഉണ്ടായത്.

ഇതോടെ അന്ന് ഫോബ്സ് മാസിക പുറത്തുവിട്ട ഏറ്റവും സമ്പന്നരായ അമേരിക്കക്കാരുടെ പട്ടികയിൽ ബെസോസിന്റെ പേര് ആദ്യമായി അച്ചടിച്ചുവന്നു. 2019 ന് ശേഷം ബെസോസിന്റെ സമ്പാദ്യത്തിൽ 73 ശതമാനം വർധനവാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ സമ്പാദ്യത്തിന്റെ 90 ശതമാനവും ആമസോണിൽ നിന്നുള്ളതാണ്. ബാക്കിയുള്ളവ ബ്ലൂ ഒറിജിൻ, അമേരിക്കൻ ദിനപത്രമായ വാഷിംഗ്ടൺ പോസ്റ്റ് എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രോജക്ടുകളിൽനിന്നുള്ളതും.

ന്യൂയോർക്ക് സിറ്റി ആസ്ഥാനമായുള്ള സംഘടനയായ പ്രോപബ്ലിക്കയുടെ റിപ്പോർട്ട് പ്രകാരം 2007 ൽ ജെഫ് ബെസോസ് ഒരു രൂപ പോലും നികുതിയായി നൽകിയിട്ടില്ല. 2011ൽ 8 ബില്യൺ ഡോളർ ആസ്തിയുണ്ടായിരുന്നപ്പോഴും അദ്ദേഹം ഫെഡറൽ ടാക്സ് അടച്ചിരുന്നില്ല. ബെസോസിനെ കൂടാതെ ലോകത്തെ ഏറ്റവും സമ്പന്നരായ മൈക്കൽ ബ്ലൂംബെർഗ്, എലൻ മസ്‌ക് എന്നിവരും 2014നും 2018നും ഇടയിൽ കാര്യമായി നികുതിയൊന്നും നൽകിയിട്ടില്ല.

Post your comments