Global block

bissplus@gmail.com

Global Menu

ഹാൾമാർക്കിങ് ; ഇടുക്കിക്ക് ഇളവ്

സ്വർണാഭരണങ്ങൾക്കുള്ള ഗുണമേന്മ മുദ്രയായ ‘ഹാൾമാർക്കിങ്’ നടപടികളിൽ കൂടുതൽ വ്യക്തത വരുത്തി ബ്യൂറോ ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബി.ഐ.എസ്.). നിർബന്ധിത ഹാൾമാർക്കിങ് ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് തീരുമാനമെന്ന് ബി.ഐ.എസ്. ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി അറിയിച്ചു. ജൂൺ 16-ന് ആരംഭിച്ച ആദ്യ ഘട്ടത്തിൽ 14, 18, 22 കാരറ്റ് സ്വർണാഭരണങ്ങളാണ് ഹാൾമാർക്കിങ് പരിധിയിൽ വരുന്നത്. ഘട്ടം ഘട്ടമായി 20, 23, 24 കാരറ്റ് സ്വർണാഭരണങ്ങൾ കൂടി ഹാൾമാർക്കിങ്ങിന്റെ പരിശുദ്ധിയിൽ കൊണ്ടുവരും.

സ്വർണാഭരണങ്ങളുടെ നിർമാണവും വിപണനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കെതിരേ ഓഗസ്റ്റ് 31 വരെ ജൂവലറികളിൽ പരിശോധന, പിഴ, പിടിച്ചെടുക്കൽ തുടങ്ങി ഏതെങ്കിലും തരത്തിലുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കില്ലെന്നും തിവാരി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അനധികൃത ഇടപാടുകൾക്കെതിരേ നടപടിയെടുക്കില്ലെന്ന് ഇതുകൊണ്ട് അർത്ഥമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തിൽ ഒരു ഹാൾമാർക്കിങ് സെന്ററെങ്കിലുമുള്ള രാജ്യത്തെ 256 ജില്ലകളിലാണ് നിർബന്ധിത ഹാൾമാർക്കിങ് നടപ്പാക്കുന്നത്. കേരളത്തിൽ ഇടുക്കിയൊഴികെയുള്ള 13 ജില്ലകളിലും നിർബന്ധിത ഹാൾമാർക്കിങ് നടപ്പാക്കി. ഇടുക്കിയിൽ ഹാൾമാർക്കിങ് സെന്ററില്ലാത്തതിനാലാണിത്. കേരളത്തിൽ ആകെ 75-ഓളം ബി.ഐ.എസ്. അംഗീകൃത ഹാൾമാർക്കിങ് സെന്ററുകളാണുള്ളത്.

 

വില്പനയ്ക്കുള്ള പഴയ സ്വർണാഭരണം (ജൂവലറികളിലെ ഓൾഡ് സ്റ്റോക്ക്) ഹാൾമാർക്ക് ചെയ്യുന്നതിന് ഓഗസ്റ്റ് 31 വരെ സമയം ലഭിക്കും. ബി.ഐ.എസ്. ലൈസൻസിനായുള്ള രജിസ്‌ട്രേഷൻ ഒരിക്കൽ മാത്രം എടുത്താൽ മതിയാകും. കാലാവധി കഴിഞ്ഞ് പുതുക്കുന്നതിന് യാതൊരു ഫീസും അടയ്ക്കേണ്ടതില്ലെന്നും പ്രമോദ് കുമാർ തിവാരി വ്യക്തമാക്കി.

അതേസമയം, ജൂവലറികൾക്ക് ഉപഭോക്താവിൽനിന്ന് ഹാൾമാർക്കിങ് മുദ്രയില്ലാത്ത പഴയ സ്വർണാഭരണങ്ങൾ തിരികെ വാങ്ങുന്നത് തുടരാം. അതായത്, ഉപഭോക്താക്കൾക്ക് ഹാൾമാർക്കിങ് ഇല്ലാത്ത സ്വർണാഭരണം കൈവശം വെക്കാൻ തടസ്സമില്ല.

ഹാൾമാർക്ക് ചെയ്ത ആഭരണങ്ങളിൽ രണ്ട് ഗ്രാം വരെയുള്ള മാറ്റങ്ങളും അനുവദിക്കും. ഒരു ആഭരണം ഹാൾമാർക്ക് ചെയ്യുന്നതിനുള്ള നിരക്ക് 35 രൂപയും 18 ശതമാനം നികുതിയുമാണ്.

ഒഴിവാക്കിയവ

* 40 ലക്ഷം രൂപയിൽ താഴെ വാർഷിക വിറ്റുവരവുള്ള ജൂവലറികളെ നിർബന്ധിത ഹാൾമാർക്കിങ്ങിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്

* കേന്ദ്ര സർക്കാരിന്റെ വ്യാപാര നയമനുസരിച്ച് കയറ്റുമതി ചെയ്യുകയും വീണ്ടും ഇറക്കുമതി ചെയ്യുന്നതുമായ ആഭരണങ്ങൾ

* അന്താരാഷ്ട്ര എക്‌സിബിഷനുകൾക്കുള്ള ആഭരണങ്ങൾ

* സർക്കാർ അംഗീകാരമുള്ള ബി-2-ബി ആഭ്യന്തര എക്‌സിബിഷനുകൾക്കുള്ള ആഭരണങ്ങൾ

* ഗോൾഡ് വാച്ച്, ഫൗണ്ടൻ പേന

* കുന്ദൻ, പോൾകി, ജാദോ എന്നിങ്ങനെ പ്രത്യേക വിഭാഗത്തിലുള്ള ആഭരണങ്ങൾ

* സ്വർണപ്പണിക്കാർക്ക് ഹാൾമാർക്കിങ് നിർബന്ധമില്ല

Post your comments