Global block

bissplus@gmail.com

Global Menu

വ്യവസായങ്ങളുടെ സമഗ്ര വളര്‍ച്ച: കർമ പദ്ധതി നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി

മെഡിക്കൽ ഉപകരണങ്ങൾ, ഇലക്‌ട്രോണിക്‌സ്, ഭക്ഷ്യ സംസ്‌കരണ വ്യവസായ മേഖലകൾക്ക് ഊന്നൽ നൽകും. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലയിൽ മൂന്നു ലക്ഷം യൂണിറ്റുകൾ തുടങ്ങാനും ആറു ലക്ഷം തൊഴിൽ സൃഷ്ടിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വ്യവസായങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തും. കേരളത്തിൽ ഒരു ട്രേഡ് സെന്റർ സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസൽ നിലവിലുണ്ട്. ഇത് വേഗത്തിൽ യാഥാർത്ഥ്യമാക്കാൻ നടപടി സ്വീകരിക്കും

കേരളത്തിലേക്ക് കൂടുതൽ വ്യവസായങ്ങളെ ആകർഷിക്കുന്നതിനും നിലവിലുള്ളവയുടെ വികസനത്തിനും ഇതിലൂടെ കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നതിനുമായി സമഗ്ര കർമ പദ്ധതി നടപ്പാക്കാനാണ് ശ്രമിക്കുന്നത് വ്യവസായ മന്ത്രി പി രാജീവ്. അതിൻ്റെ ഭാഗമായി കേരളത്തിലെ വിവിധ വ്യവസായികളുമായി ഓൺലൈനിൽ സംസാരിച്ചു. നൂറുദിനം, ഒരു വർഷം, അഞ്ചു വർഷം എന്നിങ്ങനെ കാലപരിധി നിശ്ചയിച്ചുകൊണ്ടാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. കഴിഞ്ഞ ബഡ്ജറ്റിലും പ്രകടന പത്രികയിലുമുൾപ്പെടുത്തിയിട്ടുള്ള പ്രഖ്യാപനങ്ങളെ അടിസ്ഥാനമാക്കിയാവും കർമപദ്ധതി തയ്യാറാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക വ്യവസായ ക്‌ളസ്റ്ററുകൾ സ്ഥാപിക്കുന്നതിന് രൂപരേഖ തയ്യാറാക്കും. വ്യവസായങ്ങൾക്കുള്ള ഏകജാലക സംവിധാനം ശക്തിപ്പെടുത്തും. വിജയകരമായ വ്യവസായങ്ങളെക്കുറിച്ച് പഠനം നടത്തുകയും ഇവയുടെ വിജയവഴികളെക്കുറിച്ചുള്ള മാർഗരേഖ പുതിയ വ്യവസായികളെ പരിചയപ്പെടുത്തുകയും ചെയ്യും. വ്യാവസായിക നിക്ഷേപത്തിനായി വരുന്നവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്ന കേന്ദ്രങ്ങളായി ജില്ലാ വ്യവസായ കേന്ദ്രങ്ങളെ മാറ്റും. തോട്ടം മേഖലയെ വ്യവസായമായാണ് സർക്കാർ കാണുന്നതെന്നും പ്ലാന്റേഷൻ ഡയറക്‌ട്രേറ്റ് രൂപീകരിക്കാനും  ഉദ്ദേശിക്കുന്നു .

വ്യവസായ വകുപ്പിന്റെ പ്രവർത്തനം സുതാര്യമായിരിക്കും. വ്യവസായങ്ങളുടെ പ്രശ്‌നങ്ങൾ പരിശോധിക്കാനും പരിഹരിക്കാനുമായി പ്രത്യേക സംവിധാനം ഒരുക്കും. ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയിട്ടുണ്ട്. വ്യവസായ, നിയമ, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സെക്രട്ടറിമാർ ഉൾപ്പെട്ട കമ്മിറ്റി ഇതിനായി രൂപീകരിച്ചിട്ടുണ്ട് .അവർ തയ്യാറാക്കുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നിയമനിർമ്മാണം നടത്തും. വിവിധ മേഖലകളെ പ്രതിനിധാനം ചെയ്ത് 80 വ്യവസായികൾ യോഗത്തിൽ പങ്കെടുത്തു. ചെറുകിട, വനിത, യുവ സംരംഭകരുടെ പ്രതിനിധികളുമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Post your comments