Global block

bissplus@gmail.com

Global Menu

സൂയസ്‌ കനാലിലെ ഗതാഗതക്കുരുക്ക്‌ വെളളത്തിലായത്‌ 3,00,000 കോടി; ആശങ്കയൊഴിഞ്ഞ്‌ കേരളം

രാജ്യാന്തര കപ്പല്‍പ്പാതയായ സൂയസ്‌ കനാലിലെ ഗതാഗതസ്‌തംഭനമായിരുന്നു ആഗോള വ്യവസായ, വാണിജ്യമേഖലയിലെ പ്രധാന ചര്‍ച്ചാവിഷയം. ലോകത്തെതന്നെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകളിലൊന്നായ `എവര്‍ ഗിവണ്‍' പ്രതികൂലകാലാവസ്ഥ മൂലം കനാലില്‍ കുടുങ്ങിയതാണ്‌ കാരണം. കനത്ത കാറ്റില്‍ മാര്‍ച്ച്‌ 23 ചൊവ്വാഴ്‌ച രാവിലെയാണു 400 മീറ്റര്‍ നീളമുള്ള ചരക്കുക്കപ്പല്‍ കടല്‍പാതയ്‌ക്കു കുറുകെ കുടുങ്ങിയത്‌. ഇതു ചൈനയില്‍നിന്നു റോട്ടര്‍ഡാമിലേക്കു പോകുകയായിരുന്നു എവര്‍ഗിവണ്‍.തയ്‌വാനിലെ എവര്‍ഗ്രീന്‍ മറീന്‍ എന്ന കമ്പനിയുടേതാണ്‌ ഗോള്‍ഡന്‍ ക്‌ളാസ്‌ വിഭാഗത്തില്‍പ്പെട്ട ഈ കപ്പല്‍. കൂറ്റന്‍ കപ്പലിന്റെ മുന്‍ഭാഗം കനാലിന്റെ കിഴക്കന്‍ മതിലിലും വാലറ്റം പടിഞ്ഞാറന്‍ മതിലും കുരുങ്ങിക്കിടക്കുന്ന അസാധാരണ സാഹചര്യം കനാലിന്റെ 150 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമാണ്‌.

നാലു ദിവസംകൊണ്ടു 3,00,000 കോടി
`എവര്‍ ഗിവണ്‍' സൂയസ്‌ കനാലില്‍ കുടുങ്ങിപ്പോയതുമൂലം നാലു ദിവസംകൊണ്ടു 3,00,000 കോടി രൂപയുടെയെങ്കിലും ചരക്കുനീക്കം സ്‌തംഭിച്ചതായാണ്‌ ഷിപ്പിങ്‌ വ്യവസായവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്‌. ഇതില്‍ ഗണ്യമായ ഒരു വിഹിതം ഇന്ത്യയില്‍നിന്നും ഇന്ത്യയിലേക്കുമുള്ള ഉത്‌പന്നങ്ങളാണ്‌. അതേസമയം, ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയെ സൂയസിലെ തടസ്സം കാര്യമായി ബാധിക്കില്ലെന്നാണ്‌ വിവരം. ഇന്ത്യയ്‌ക്ക്‌ ആവശ്യമായ അസംസ്‌കൃത എണ്ണയുടെ വളരെ ചെറിയൊരു വിഹിതം മാത്രമേ സൂയസ്‌ കനാല്‍ വഴി എത്തിക്കേണ്ടതുള്ളൂ എന്നതാണ്‌ കാരണം.വെനസ്വേലയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്കാണു തടസ്സം നേരിടുക.ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലുകളൊന്നും ഗതാഗതക്കുരുക്കില്‍ പെട്ടിട്ടില്ലെന്നാണ്‌ ഇതുവരെയുള്ള വിവരം.

കേരളത്തിന്റെ ആശങ്ക
സൂയസ്‌ കനാലിലെ ഗതാഗത സ്‌തംഭനം നാനൂറോളം കപ്പലുകളുടെ നീക്കത്തെയാണ്‌ ബാധിച്ചത്‌. സ്‌തംഭനം മൂലം പല കപ്പലുകളും കൊളംബോ ഉള്‍പ്പെടെ വിവിധ തുറമുഖങ്ങളില്‍ കാത്തുകിടന്നു. കൊളംബോ പ്രതിസന്ധിയിലാകുമ്പോള്‍ കൊച്ചി തുറമുഖത്തും അതിന്റെ പ്രത്യാഘാതമുണ്ടാകുമായിരുന്നു. ചരക്കുനീക്കത്തിലെ തടസ്സം നീണ്ടുപോയിരുന്നെങ്കില്‍ കേരളത്തില്‍നിന്നു യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള കയറ്റുമതി പ്രതിസന്ധിയിലാകുമായിരുന്നു. കുരുമുളക്‌, ഏലം, കാപ്പി, തേയില തുടങ്ങി അനേകം ഉത്‌പന്നങ്ങളുടെ കയറ്റുമതി തടസ്സപ്പെടുമായിരുന്നു. കോവിഡ്‌ വ്യാപനത്തെ തുടര്‍ന്നും കണ്ടെയ്‌നര്‍ ക്ഷാമം മൂലവുമൊക്കെ ഇവയുടെ കയറ്റുമതി കുറഞ്ഞിരിക്കെ പുതിയൊരു പ്രതിസന്ധി കൂടിയായാല്‍ അതു മേഖലയ്‌ക്ക്‌ വലിയ ആഘാതം സൃഷ്ടിച്ചേനെ. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയുടെ 35 ശതമാനവും യൂറോപ്പിലേക്കും യുഎസിലേക്കുമാണ്‌. അതില്‍ ഗണ്യമായ വിഹിതം കേരളത്തിന്റേതാണ്‌. സൂയസ്‌ കനാലിനെ ആശ്രയിച്ചാണ്‌ ഈ കയറ്റുമതിയത്രയും.

ഏഴാംദിവസം കുരുക്കഴിഞ്ഞു
ഏഴാം ദിവസമാണ്‌ കപ്പലിനെ വലിച്ചുനീക്കാനുളള ശ്രമങ്ങള്‍ ഭാഗികമായി ഫലം കണ്ടത്‌. വന്‍ ഭാരമുള്ള കപ്പലായതിനാല്‍ വലിയ രീതിയില്‍ ഡ്രഡ്‌ജിങ്ങ്‌ വേണ്ടിവന്നു. ഡ്രഡ്‌ജറുകള്‍ 60 അടി താഴേക്ക്‌ കുഴിച്ചു 9,50,000 ഘനയടിയിലധികം മണല്‍ മാറ്റി. പത്തിലേറെ ടഗ്ഗുകള്‍ ഏറെ പണിപ്പെട്ടാണു കനാലിന്റെ അടിത്തട്ടില്‍ ഉറച്ച മുന്‍ഭാഗം (അണിയം) ഇളക്കിയെടുത്തു കപ്പലിന്റെ കുരുക്കഴിച്ചത്‌ എന്നാണ്‌ അധികൃതര്‍ പറയുന്നത്‌. പക്ഷേ, യഥാര്‍ഥത്തില്‍ നന്ദി പറയേണ്ടത്‌ സൂപ്പര്‍മൂണ്‍ എന്ന പ്രതിഭാസത്തിനാണെന്ന്‌ വിദഗ്‌ദ്ധര്‍. പൂര്‍ണചന്ദ്രന്‍ ഭൂമിയുമായി വളരെയടുത്തു വരുന്ന പ്രതിഭാസമാണു സൂപ്പര്‍മൂണ്‍. വേലിയേറ്റ സമയത്താണു കപ്പല്‍ നീക്കിയത്‌. സൂപ്പര്‍മൂണ്‍ മൂലമുണ്ടായ ഉയര്‍ന്ന വേലിയേറ്റം സൃഷ്ടിച്ച തിരമാലകളാണു കണ്ടെയ്‌നറിനെ ഇളക്കാന്‍ സഹായിച്ചതെന്നാണു റിപ്പോര്‍ട്ട്‌. ഇതോടൊപ്പം 14 ടഗ്ഗുകള്‍ കൂടി അണിനിരന്നതോടെ കപ്പലിന്റെ തടസ്സം നീക്കാനായെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള വ്യാപാരത്തിന്റെ 15 ശതമാനം വരെ കൈകാര്യം ചെയ്യുന്ന കനാലിലുണ്ടായ തടസ്സം ചരക്കുനീക്കത്തെ വന്‍തോതില്‍ ബാധിച്ചിരുന്നു.

രണ്ടു ദിവസത്തിനകം കടന്നുപോയത്‌ 250 കപ്പലുകള്‍
തടസ്സം മാറിയതോടെ കാത്തുകിടന്ന കപ്പലുകള്‍ വരിവരിയായി സൂയസ്‌ കനാലിലൂടെ നീങ്ങിത്തുടങ്ങി. രണ്ടു ദിവസത്തിനകം 250 ലേറെ കപ്പലുകളാണു കനാല്‍ കടന്നത്‌. ഗതാഗതം പുനരാരംഭിച്ചതോടെ മാര്‍ച്ച്‌ 30 പുലര്‍ച്ചെയ്‌ക്കകം 113 കപ്പലുകള്‍ ഇരുവശത്തേക്കുമായി കടത്തിവിട്ടു. പിന്നീട്‌ 140 കപ്പലുകള്‍ കൂടി കടന്നു പോയതായി സൂയസ്‌ കനാല്‍ അതോറിറ്റി ചെയര്‍മാന്‍ ഒസാമ റാബി പറഞ്ഞു. 4 ദിവസത്തിനകം കനാല്‍ സാധാരണ നിലയിലാകുമെന്നാണു പ്രതീക്ഷ. 400 ലേറെ കപ്പലുകളാണു ക്യൂവിലുള്ളത്‌. ഇതിനുപുറമേ വിവിധ തുറമുഖങ്ങളിലായി നങ്കൂരമിട്ടിരുന്ന കപ്പലുകളുമുണ്ട്‌.

എവര്‍ ഗിവണ്‍ നെവര്‍ ഗിവണാകുമോ
ഗതാഗതസ്‌തംഭനം ഉണ്ടാക്കിയ എവര്‍ ഗിവണ്‍ കപ്പലില്‍ സൂയസ്‌ കനാല്‍ അതോറിറ്റിയുടെ പരിശോധന ആരംഭിച്ചു. കനാലിന്റെ മധ്യഭാഗത്തുള്ള വീതിയേറിയ ഗ്രേറ്റ്‌ ബിറ്റര്‍ തടാകത്തിലാണു കപ്പലിപ്പോഴുള്ളത്‌. കപ്പലിനു കേടുപാടുകളുണ്ടോ എന്നതിനൊപ്പം അപകടത്തിന്‌ ഇടയാക്കിയ കാരണങ്ങളും സാങ്കേതിക വിദഗ്‌ധരുടെ സംഘം പരിശോധിക്കും. കേടുപാടുകളില്ലെന്നു ഉറപ്പാക്കിയാലേ തുടര്‍യാത്ര അനുവദിക്കൂ. നഷ്ടപരിഹാരം, പിഴ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും പരിശോധന നിര്‍ണായകമാണ്‌. കപ്പല്‍ വലിച്ചുനീക്കിയതിനുള്‍പ്പെടെ വന്ന ചെലവുകള്‍ കപ്പല്‍ ഉടമസ്ഥര്‍ കനാല്‍ അതോറിറ്റിക്കു നല്‍കും. എന്നാല്‍ ഗതാഗതം തടസ്സപ്പെട്ടതിനുള്ള പിഴ കൂടി അതോറിറ്റി ആവശ്യപ്പെട്ടേക്കും. ഇതോടെ, വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന നിയമ നടപടികള്‍ക്കും സംഭവം വഴിതുറക്കുമെന്ന്‌ കപ്പല്‍ വ്യവസായ രംഗത്തുള്ളവര്‍ പറയുന്നു. ജപ്പാനിലെ ഷൂയി കിസെന്‍ കെയ്‌ഫയാണ്‌ കപ്പലിന്റെ ഉടമസ്ഥര്‍. ഓപ്പറേറ്റ്‌ ചെയ്യുന്നത്‌ തയ്‌വാന്‍ ആസ്ഥാനമായ എവര്‍ഗ്രീന്‍ കമ്പനി. കപ്പല്‍ രജിസ്റ്റര്‍ ചെയ്‌തത്‌ പാനമയില്‍. അപകടം നടന്നത്‌ ഈജിപ്‌തില്‍. അങ്ങനെ വിവിധ രാജ്യങ്ങള്‍കൂടി ഉള്‍പ്പെട്ടതിനാല്‍ വ്യവഹാരനടപടികള്‍ നീളും.

 

Post your comments