Global block

bissplus@gmail.com

Global Menu

ലോക്ക്ഡൗണിന്‌ ഒരു വയസ്സ്‌ കുഴങ്ങിയവരും തിളങ്ങിയവരും

കൊവിഡ്‌-19 മഹാമാരിയെ തുടര്‍ന്ന്‌ ഇന്ത്യയില്‍ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചത്‌ 2020 മാര്‍ച്ച്‌ 21നാണ്‌. 2021 മാര്‍ച്ച്‌ 21 ആയപ്പോള്‍ ഈ അടച്ചുപൂട്ടല്‍ പ്രഖ്യാപനത്തിന്‌ ഒരു വയസ്സ്‌ പൂര്‍ത്തിയായി. അടച്ചുപൂട്ടല്‍ ഇളവുകളൊക്ക്‌ പാടേ മാറിയെങ്കിലും ആ കാലം കടപുഴക്കിയ മേഖലകള്‍ നിരവധിയാണ്‌. ലോകത്തെ എല്ലാ സമ്പദ്‌ വ്യവസ്ഥകളും അതുവരെയുണ്ടായിരുന്ന വളര്‍ച്ചയുടെ ഗ്രാഫില്‍ നിന്ന്‌ താഴേക്കിറങ്ങിയ കാലം കൂടിയായിരുന്നു അത്‌. എന്നാല്‍ കൊവിഡ്‌ കാലത്തും അടിപതറാതെ നിന്നവരും ഉണ്ട്‌. കൊവിഡ്‌ പഠിപ്പിച്ച പാഠങ്ങളും നിരവധിയാണ്‌. കൊവിഡ്‌ ഗ്രസിച്ച ഒരു സാമ്പത്തിക വര്‍ഷം തിരശ്ശീലയ്‌ക്കുള്ളിലേക്ക്‌ മറയുമ്പോള്‍ ഇതെക്കുറിച്ച്‌ രസകരമായ ഒരു അവലോകനം ആവാം...

പുതുമേഖലകള്‍ തുറന്നു
കൊവിഡ്‌ പരമ്പരാഗത മേഖലകള്‍ക്ക്‌ തിരിച്ചടിയായെങ്കിലും ആരോഗ്യ-വിദ്യാഭ്യാസ-വിനോദവ്യവസായ മേഖലകളില്‍ പുതുസംരംഭങ്ങള്‍ക്ക്‌ വഴിതുറുന്നുവെന്നതാണ്‌ വാസ്‌തവം. മാസ്‌ക്‌, സാനിറ്റൈസര്‍ നിര്‍മ്മാണം തന്നെയെടുക്കാം. കുടില്‍വ്യവാസായം മുതല്‍ ബ്രാന്‍ഡഡ്‌ വ്യവസായം എന്ന നിലയിലേക്കു വരെ ഇവ വളര്‍ന്നു. പുതുജീവിതശൈലിയുടെ ഭാഗമായി ഇവ മാറുകയും ചെയ്‌തു. വിനോദവ്യവസായരംഗത്തെ ഒടിടി പ്ലാറ്റ്‌ഫോം കീഴടക്കിയ കാലം കൂടിയാണ്‌ കൊവിഡ്‌ കാലം. ട്യൂഷന്‍ മുതല്‍ സര്‍വ്വകലാശാല പരീക്ഷവരെ ഓണ്‍ലൈനായി വിദ്യാഭ്യാസവിപ്ലവം സൃഷ്ടിച്ചു.

ഇന്ത്യയെ സംബന്ധിച്ച്‌ പറയുകയാണെങ്കില്‍ കോവിഡും ലോക്‌ഡൗണും രാജ്യത്തെ ഡിജിറ്റല്‍ പശ്ചാത്തലം മാറ്റിയെന്നും കൂടുതല്‍പേര്‍ ഇന്റര്‍നെറ്റ്‌ സഹായത്തോടെ വിവിധ മേഖലകളില്‍ സജീവമായെന്നും ഗൂഗിള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ തിരക്കിയ ചോദ്യങ്ങളില്‍ 50 ശതമാനത്തിലേറെയും എന്തുകൊണ്ട്‌(why) എന്നു തുടങ്ങുന്നത്‌ ആയിരുന്നെന്നും ഗൂഗിളിന്റെ `ഇയര്‍ ഇന്‍ സേര്‍ച്‌ 2020' ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. ശബ്ദം, വിഡിയോ, പ്രാദേശിക ഭാഷ (വോയ്‌സ്‌, വിഡിയോ, റീജനല്‍ ലാംഗ്വേജ്‌) എന്നിവ ഉപയോഗിക്കുന്നവര്‍ വര്‍ദ്ധിച്ചു. വോയ്‌സ്‌ സേര്‍ച്‌ കൂടിയെന്നും യുട്യൂബില്‍ വിഡിയോ കാണുന്നവര്‍ ഇരട്ടിയായി എന്നും പ്രാദേശിക ഭാഷകളിലെ സാന്നിധ്യം വര്‍ദ്ധിച്ചെന്നുമാണു റിപ്പോര്‍ട്ട്‌.

ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട തിരച്ചിലുകള്‍ മുന്‍പില്ലാത്തവിധം വര്‍ദ്ധിച്ചു. പ്രാദേശിക വിവരങ്ങള്‍, പ്രാദേശിക ഭാഷയില്‍ തിരക്കുന്നവരായി കൂടുതല്‍പേരും. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിന്റെ സഹായത്തോടെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ എണ്ണം ചെറുനഗരങ്ങളില്‍ വര്‍ദ്ധിച്ചു. ഓവര്‍ ദി ടോപ്‌(ഒടിടി) പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട തിരച്ചില്‍ മെട്രോ നഗരങ്ങളെക്കാള്‍ 1.5% കൂടുതലായിരുന്നു ചെറുകിട, ഇടത്തരം നഗരങ്ങളിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ 90% ഉപയോക്താക്കളും ഇന്ത്യന്‍ ഭാഷകളിലെ യുട്യൂബ്‌ വിഡിയോകള്‍ കാണാനാണു താല്‍പര്യപ്പെട്ടത്‌. ഇന്ത്യന്‍ ഭാഷകളിലേക്കു പരിഭാഷപ്പെടുത്താന്‍ 11700 കോടി തവണയാണു ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിന്റെ സഹായം ഉപയോഗിച്ചത്‌. ഗൂഗിള്‍ അസിസ്റ്റന്റ്‌ സഹായം ഉപയോഗിക്കുന്ന മൂന്നില്‍ ഒന്നു പേരും പ്രാദേശിക ഭാഷയാണ്‌ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്‌.

വിവിധ സേര്‍ച്ചുകളില്‍ വന്ന വര്‍ദ്ധന ചുവടെ:

വീടുകളില്‍ ഇരുന്നു ചെയ്യാന്‍ സാധിക്കുന്ന ജോലി 160%
ഐപിഎല്‍ 100%
ലോക്കല്‍ ന്യൂസ്‌ 80%
മൊബൈല്‍ ആപ്ലിക്കേഷന്‍ എങ്ങനെ നിര്‍മിക്കാം 79%
ഓണ്‍ലൈന്‍ ജോലികള്‍ 52%
ഓണ്‍ലൈന്‍ ബിസിനസ്‌ 40%
സെക്കന്‍ഡ്‌ ഹാന്‍ഡ്‌ കാര്‍ എന്ന കീവേഡിന്റെ തിരച്ചില്‍ 30% വര്‍ധിച്ചപ്പോള്‍
സെക്കന്‍ഡ്‌ ഹാന്‍ഡ്‌ ലാപ്‌ടോപ്പുകള്‍ക്കു വേണ്ടിയുള്ള അന്വേഷണം വര്‍ധിച്ചത്‌ 64%.
ഓണ്‍ലൈന്‍ സ്റ്റോര്‍ എന്ന വാക്കിന്റെ തിരച്ചില്‍ 45% വര്‍ധിച്ചു.

ശതകോടീശ്വരന്മാരുടെ കാലം

കോവിഡും തദന്തരമുളള ലോക്‌ഡൗണും കാരണം ലോകം സ്‌്‌തംഭിച്ചപ്പോഴും ശതകോടീശ്വരന്‍മാരുടെ എണ്ണം കുതിച്ചുകയറിയെന്നതാണ്‌ വൈപരീത്യം. ബില്യനര്‍ അഥവാ 100 കോടി ഡോളറിന്റെ മൂല്യം ഉള്ളവര്‍ ലോകമാകെയും ഇന്ത്യയിലും 2020ല്‍ വര്‍ദ്ധിച്ചു. രൂപയില്‍ പറഞ്ഞാല്‍ ഏകദേശം 7200 കോടി രൂപ സ്വന്തമായുള്ളവരാണ്‌ ബില്യനര്‍ അഥവാ ശതകോടീശ്വരന്‍. കോവിഡ്‌ കാലമായിരുന്ന 2020ല്‍ ലോകമാകെ 412 ശതകോടീശ്വരന്മാരാണ്‌ അധികമായി ഉയര്‍ന്നുവന്നത്‌. അതായത്‌ ഓരോ ആഴ്‌ചയിലും 8 പേര്‍ വീതം പുതുതായി ഉണ്ടായി. നിലവില്‍ ലോകമാകെ 3228 കോടി ശതകോടീശ്വരന്മാരുണ്ട്‌. അവരുടെ ആകെയുള്ള സ്വത്തിന്റെ മൂല്യം 14.7 ട്രില്യന്‍ ഡോളറാണ്‌. ധനികരെ കൂടുതല്‍ ധനികരാക്കുന്ന സമ്പദ്‌ വ്യവസ്ഥയാണ്‌ു ലോകത്ത്‌ നിലനില്‍ക്കുന്നത്‌. അത്തരത്തില്‍ സമ്പത്ത്‌ വര്‍ധിക്കുമ്പോള്‍ അതിനനുസരിച്ച്‌ തൊഴിലവസരങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കുന്നുതിനാല്‍ ദോഷമൊന്നുമില്ലെന്നാണ്‌ വിദഗ്‌ദ്ധര്‍ പറയുന്നത്‌. ബില്യനര്‍മാരായ ബില്‍ ഗേറ്റ്‌സും വാറന്‍ ബഫറ്റും മറ്റും അവരുടെ സമ്പാദ്യത്തിന്റെ സിംഹഭാഗവും ചാരിറ്റിക്കു വേണ്ടി ചെലവഴിക്കുന്നത്‌ ഉദാഹരണം.

ശതകോടീശ്വരന്‍മാര്‍ ഏറ്റവും കുടുതലുള്ളത്‌ ചൈനയിലും യുഎസിലുമാണ്‌ ചൈനയില്‍ 1058, യുഎസില്‍ 696 പേര്‍. ഭൂഖണ്ഡങ്ങളെടുത്താല്‍ ഏഷ്യ വന്‍കരയിലാണ്‌ ശതകോടീശ്വരന്‍മാരുടെ ബാഹുല്യം 1653 പേര്‍. വടക്കേ അമേരിക്കയില്‍ 759 പേരും യൂറോപ്പില്‍ 660 പേരും മാത്രം. ലാറ്റിന്‍ അമേരിക്കയിലുണ്ട്‌ 95 പേര്‍. ഓസ്‌ട്രേലിയ ഉള്‍പ്പെടുന്ന ഭൂഭാഗത്ത്‌ 44 പേര്‍. ആഫ്രിക്ക ഇത്ര വലിയ ഭൂഖണ്ഡമായിട്ടും 18 ശതകോടീശ്വരന്മാര്‍ മാത്രമാണുളളത്‌. ശതകോടീശ്വരിമാരായി ലോകത്ത്‌ 231 വനിതകളുണ്ട്‌. കഴിഞ്ഞ വര്‍ഷം 51 പേര്‍ കൂടി. വോള്‍മാര്‍ട്ടിന്റെ ഉടമസ്ഥ ആലിസ്‌ വോള്‍ട്ടനാണ്‌ ലോകൈക ശതകോടീശ്വരി. 74 ബില്യന്‍ ഡോളറാണ്‌ സമ്പാദ്യം. ആണുങ്ങളില്‍ പഴയ പേരുകള്‍ തന്നെ. ടെസ്‌ല കാറിന്റെ ഇലോണ്‍ മസ്‌ക്‌ തന്നെയാണ്‌ നമ്പര്‍ വണ്‍ (197 ബില്യന്‍ ഡോളര്‍). രണ്ടാമത്‌ ആമസോണിന്റെ ജെഫ്‌ ബെസോസ്‌ (189 ബില്യന്‍ ഡോളര്‍), ബില്‍ ഗേറ്റ്‌സ്‌ (110ബില്യന്‍ ഡോളര്‍), മാര്‍ക്ക്‌ സക്കര്‍ബര്‍ഗ്‌ (101 ബില്യന്‍ ഡോളര്‍) എന്നിങ്ങനെ പോകുന്നു പട്ടിക.

ഇന്ത്യയില്‍ അംബാനി തന്നെ

ഇന്ത്യയിലെ ശതകോടീശ്വരന്മാരില്‍ മുമ്പന്‍ മുകേഷ്‌ അംബാനി തന്നെ. 83 ബില്യന്‍ ഡോളറാണ്‌ സമ്പാദ്യം. ഗൗതം അദാനി 32 ബില്യന്‍ ഡോളറിന്റെ സമ്പാദ്യവുമായി രണ്ടാം സ്ഥാനത്തുണ്ട്‌. എച്ച്‌സിഎല്ലിന്റെ ശിവ്‌ നാടെര്‍ (27ബില്യന്‍ ഡോളര്‍), കുമാര്‍മംഗലം ബിര്‍ല (9.2 ബില്യന്‍ ഡോളര്‍). ഇന്‍ഫോസിസ്‌ സഹസ്ഥാപകന്‍ എന്‍.ആര്‍.നാരായണ മൂര്‍ത്തിക്ക്‌ ഓഹരിയുടെ വില കണക്കാക്കിയാല്‍ 3.1 ബില്യനുണ്ട്‌. മിക്കവരുടെയും മൂല്യം ഇങ്ങനെ കടലാസ്‌ പണമാകുന്നു. ഓഹരി വില ഇടിഞ്ഞാല്‍ നാളെ പാപ്പരാകാം. ലോകമാകെ സമ്പന്നരുടെ ബിസിനസ്‌ ചില പ്രത്യേക രംഗങ്ങളിലാണ്‌ ഹെല്‍ത്ത്‌ കെയര്‍, റിയല്‍ എസ്റ്റേറ്റ്‌, ഉപഭോക്തൃ ഉല്‍പന്നങ്ങള്‍, റീട്ടെയില്‍, ഭക്ഷണപാനീയരംഗം, നിക്ഷേപങ്ങള്‍.

കോവിഡില്‍ കുലുങ്ങാതെ ഓഹരിയും രൂപയും
കോവിഡ്‌ പിടിച്ചുലച്ച 2020-21 സാമ്പത്തിക വര്‍ഷം ഓഹരി വിപണിയിലുണ്ടായത്‌ വമ്പന്‍ തകര്‍ച്ചയും അതേസമയം അതിശയിപ്പിക്കുന്ന തിരിച്ചുകയറ്റവുമാണ്‌. ഓഹരി സൂചികയായ ബിഎസ്‌ഇ സെന്‍സെക്‌സ്‌ ഒരു വര്‍ഷത്തിനിടെ കുതിച്ചത്‌ 66ശതമാനമാണ്‌. കോവിഡ്‌ ഭീതിക്കിടയിലും നിക്ഷേപകര്‍ക്കു നല്‍കിയത്‌ ഉയര്‍ന്ന നേട്ടം. ലോക്‌ഡൗണിന്റെ ആദ്യ ദിനങ്ങളിലൊന്നായ 2020 ഏപ്രില്‍ 3ന്‌ സെന്‍സെക്‌സ്‌ ഒരു വര്‍ഷത്തെ ഏറ്റവും താഴ്‌ന്ന നിലയിലെത്തിയിരുന്നു; 27,500.79 പോയിന്റ്‌. എന്നാല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ സെന്‍സെക്‌സ്‌ കുതിച്ചു. ഏറ്റവും ഉയര്‍ന്ന നിലവാരമായ 52,516.76 പോയിന്റിലേക്ക്‌ 2021 ഫെബ്രുവരി 16ന്‌ എത്തുകയും ചെയ്‌തു. 19,540.01 പോയിന്റിന്റെ(66.30%) നേട്ടം. രാജ്യത്തെ അണ്‍ലോക്ക്‌ പ്രക്രിയയും വാക്‌സീന്റെ വരവുമാണ്‌ കാളക്കൂറ്റന്മാര്‍ക്ക്‌(bull run) കരുത്തായത്‌. ലോകമാകമാനം ഓഹരിവിപണികളിലും ഉണര്‍വ്‌ പ്രകടമായി. നവംബറില്‍ ലോത്തെ എല്ലാ ഓഹരിവിപണികളിലും വന്‍ കുതിപ്പാണുണ്ടായത്‌. കേന്ദ്ര ബജറ്റ്‌ ഉണര്‍ത്തിയ അനുകൂലതരംഗത്തെ തുടര്‍ന്ന്‌ ഫെബ്രുവരി 3നാണ്‌ സെന്‍സെക്‌സ്‌ 50000 പോയിന്റ്‌ എന്ന റെക്കോര്‍ഡ്‌ പിന്നിട്ടത്‌.

ഈ സാമ്പത്തിക വര്‍ഷം രൂപ കൈവരിച്ചത്‌ 4% വളര്‍ച്ചയാണ്‌. ഓഹരി വിപണിയിലെ വിദേശ നിക്ഷേപം കൂടിയതും റിസര്‍വ്‌ ബാങ്ക്‌ നയങ്ങളുമാണ്‌ രൂപയ്‌ക്കു കരുത്തായത്‌. കോവിഡിന്റെ ആദ്യ ദിനങ്ങളില്‍ ഓഹരിവിപണി വില്‍പനസമ്മര്‍ദത്തിലായതോടെ ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 76.90 എന്ന താഴ്‌ന്ന നിലവാരത്തിലേക്ക്‌ എത്തിയിരുന്നു. ലോക്‌ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവു വരികയും, സര്‍ക്കാരും ആര്‍ബിഐയും ഉത്തേജക പാക്കേജ്‌ പ്രഖ്യാപിക്കുകയും ചെയ്‌തതോടെ രൂപ തിരിച്ചുകയറാന്‍ തുടങ്ങി. ഡോളറിന്‌ 72 രൂപ നിലവാരത്തിലേക്കു വരെ എത്തി.

വാറന്‍ ബഫറ്റ്‌ 10,000 കോടി ഡോളര്‍ ആസ്‌തി പട്ടികയില്‍

പതിറ്റാണ്ടുകളോളം ലോകത്ത്‌ ഏറ്റവും ധനികനായിരുന്ന വാറന്‍ ബഫറ്റ്‌ 10,000 കോടി ഡോളര്‍ (7.2 ലക്ഷം കോടി രൂപ) ആസ്‌തിയുള്ളവരുടെ പട്ടികയില്‍ ആദ്യമായി ഇടം നേടി. ഇലോണ്‍ മസ്‌ക്‌, ജെഫ്‌ ബെസോസ്‌, ബില്‍ ഗേറ്റ്‌സ്‌ എന്നിവരാണ്‌ ലോകത്തെ അതിസമ്പന്നരില്‍ അതിസമ്പന്നരുടെ ഈ പട്ടികയില്‍ മുന്‍പ്‌ ഇടം നേടിയത്‌. നിക്ഷേപ സ്ഥാപനമായ ബെര്‍ക്‌ഷൈര്‍ ഹാത്‌വേയുടെ ചെയര്‍മാനാണ്‌ തൊണ്ണൂറുകാരനായ വാറന്‍ ബഫറ്റ്‌. ഓഹരിവിപണിയിലെ മുന്നേറ്റമാണ്‌ അദ്ദേഹത്തിനു നേട്ടമായത്‌. 2021 മാര്‍ച്ചിലാണ്‌ വാറന്‍ ബഫറ്റിന്റെ സമ്പത്ത്‌ 10,000 കോടി ഡോളര്‍ പിന്നിട്ടത്‌. ലോകത്ത്‌ ഏറ്റവും വിജയകരമായി നിക്ഷേപം നടത്തുന്നയാള്‍ എന്ന വിശേഷണത്തിന്‌ അര്‍ഹനായ വാറന്‍ ബഫറ്റ്‌ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും മുന്‍പിലാണ്‌. 10,000 കോടി ഡോളര്‍ ക്ലബിലേക്ക്‌ അദ്ദേഹത്തിന്റെ വരവ്‌ വൈകിച്ചതും ഈ ദാന ശീലമാണ്‌. 2006ല്‍ 3700 കോടി ഡോളര്‍ മൂല്യമുള്ള ബെര്‍ക്‌ഷൈര്‍ ഹാത്‌വേ ഓഹരികളാണ്‌ വാറന്‍ ബഫറ്റ്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി കയ്യൊഴിഞ്ഞത്‌.

 

Post your comments