Global block

bissplus@gmail.com

Global Menu

പതിനാറ്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അമ്മ കണ്ട സ്വപ്‌നം `മിസ്‌ ടീന്‍ എര്‍ത്ത്‌ ഇന്ത്യ 2020' ഐശ്വര്യ വിനു നായര്‍

ഇരുപത്തിയാറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു തെന്നിന്ത്യന്‍ പെണ്‍കൊടി ലോകത്തിന്റെ സൗന്ദര്യറാണിയായി വാര്‍ത്തകളിലെ താരമായി. പിന്നീട്‌ നടിയായി, ഭാര്യയായി, അമ്മയായി എന്നിട്ടും രണ്ടരപ്പതിറ്റാണ്ടിനിപ്പുറവും അവളെ സംബന്ധിച്ചതെന്തും വാര്‍ത്തയാണ്‌. സൗന്ദര്യവും ബുദ്ധിയും പെരുമാറ്റത്തിലെ മാന്യതയും കൊണ്ട്‌ ലോകം കീഴടക്കിയ സുന്ദരി-ഐശ്വര്യ റായ്‌, ഇപ്പോള്‍ ഐശ്വര്യ റായ്‌ ബച്ചന്‍. 1994ല്‍ ഐശ്വര്യ ലോകസുന്ദരി പട്ടമണിഞ്ഞ്‌ തിളങ്ങിനില്‍ക്കുമ്പോള്‍ ആ വാര്‍ത്ത ടിവിയില്‍ കണ്ട ഒരു ഡിഗ്രി വിദ്യാര്‍ത്ഥിനിയുടെ സ്വപ്‌നമാണ്‌ ഇക്കഴിഞ്ഞ 2021 ജനുവരി 25ന്‌ ഗുരുഗ്രാമിലെ വേദിയില്‍ സഫലമായത്‌.

ഐശ്വര്യ വിനു നായര്‍ എന്ന ആലപ്പുഴക്കാരി മിസ്‌ ടീന്‍ ദിവ 2020 ബ്യൂട്ടി പാജന്റ്‌ ഗ്രാന്‍ഡ്‌ ഫിനാലെയില്‍ `മിസ്‌ ടീന്‍ എര്‍ത്ത്‌ ഇന്ത്യ 2020' കിരീടമണിഞ്ഞപ്പോള്‍ സഫലമായത്‌ ഇരുപത്തിയാറ്‌ വര്‍ഷം മുമ്പ്‌ അമ്മ സീന കാണാന്‍ തുടങ്ങിയ സ്വപ്‌നമാണ്‌. 16 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തനിക്ക്‌ ഒരു മകള്‍ പിറന്നപ്പോള്‍ അവള്‍ക്ക്‌ തന്റെ ആരാധ്യസുന്ദരിയുടെ പേരിട്ട്‌ ആ വഴിയിലൂടെ നടത്തിയതും സീന തന്നെ. അതുകൊണ്ടാണ്‌ `മിസ്‌ ടീന്‍ എര്‍ത്ത്‌ ഇന്ത്യ' കിരീടം ചൂടിയ ഐശ്വര്യ അവതാരകയുടെ ചോദ്യത്തിന്‌ `പതിനാറ്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അമ്മ കണ്ട സ്വപ്‌നമാണ്‌ മിസ്‌ ഇന്ത്യ ബ്യൂട്ടി പാജന്റില്‍ ഞാന്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്‌. അതിലേക്കുള്ള ആദ്യപടിയാണ്‌ ഈ നേട്ടം. അമ്മയുടെ സ്വപ്‌നമാണ്‌ ഇപ്പോള്‍ എന്റെ ലക്ഷ്യം' എന്ന ഉറച്ച മറുപടി നല്‍കിയതും.

ഐശ്വര്യയുടെ അമ്മ സീന ആര്‍.നായരുടെ ഡിഗ്രി പഠനകാലത്താണ്‌ ഐശ്വര്യ റായ്‌ ലോകസുന്ദരി പട്ടം നേടുന്നത്‌. അന്ന്‌ ദൂരദര്‍ശനിലൂടെ സീനയും പരിപാടികള്‍ കണ്ടു. ഇങ്ങനെയൊരു വേദിയില്‍ നില്‍ക്കുക എന്നതു സ്വപ്‌നമായിരുന്നു. തനിക്കൊരു മകള്‍ ജനിച്ചാല്‍ അവളിലൂടെ ഈ സ്വപ്‌നം നേടിയെടുക്കണമെന്ന്‌ അന്നേ മനസ്സില്‍ കരുതിയിരുന്നു. മകള്‍ ജനിച്ചപ്പോള്‍ അവള്‍ക്ക്‌ ഐശ്വര്യ എന്നു തന്നെ പേരിട്ടു. ഫാഷന്‍ രംഗത്തെ ഐശ്വര്യ വിനുനായരുടെ റോള്‍ മോഡലും ഐശ്വര്യ റായ്‌ ബച്ചന്‍ തന്നെ. ദുബായിലെ ഇന്ത്യന്‍ ഹൈസ്‌കൂളില്‍ പതിനൊന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ ഐശ്വര്യ വിനു നായരുടെ വിശേഷങ്ങളിലൂടെ...

പതിനാറാം വയസ്സില്‍ ഗ്ലാമറിന്റേതായ ലോകത്തിലേക്ക്‌
സൗന്ദര്യമത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നത്‌ തന്റെ ചെറുപ്പകാലം മുതല്‍ക്കേ ഉളള സ്വപ്‌നമാണെന്ന്‌ ഐശ്വര്യ പറയുന്നു. പതിനാറാം വയസ്സിലാണ്‌ മിസ്‌ ദിവ നേട്ടം. നര്‍ത്തകി കൂടിയായ ഈ കൊച്ചുസുന്ദരി തന്റെ കഴിവുകളും പ്രതിഭയും മാറ്റുരയ്‌ക്കാനുളള വേദിയായാണ്‌ സൗന്ദര്യമത്സരവേദിയെ കാണുന്നത്‌.

പഠനവും പാഷനും ഒരുമിച്ച്‌
സൗന്ദര്യമത്സരങ്ങള്‍ക്കായുളള തയ്യാറെടുപ്പും യാത്രകളും മോഡലിംഗും മറ്റും പഠനത്തെ ബാധിക്കില്ലേ എന്ന ചോദ്യത്തിന്‌ കുടുംബത്തിന്റെ പിന്തുണ നിര്‍ലോഭം ഉളളപ്പോള്‍ അതൊരു പ്രശ്‌നമേ അല്ലെന്നാണ്‌ ഐശ്വര്യയുടെ മറുപടി. പഠനം തനിക്ക്‌ പ്രധാനമാണ്‌ ഒപ്പം നൃത്തവും മോഡലിംഗും സൗന്ദര്യമത്സരങ്ങളും എല്ലാം ഒരു പോലെ പ്രിയങ്കരങ്ങളാണ്‌. എല്ലാം ഒരുമിച്ച്‌ കൊണ്ടുപോകാന്‍ സാധിക്കുമെന്നും ഐശ്വര്യ പറയുന്നു.

പരിസ്ഥിതി ശാസ്‌ത്രജ്ഞയാകണം
പ്രകൃതിസ്‌നേഹി കൂടിയായ ഈ കൊച്ചു കലാകാരി പഠനത്തിലും മിടുക്കിയാണ്‌. ഭാവിയില്‍ പരിസ്ഥിതി ശാസ്‌ത്രത്തില്‍ സ്‌പെഷ്യലൈസ്‌ ചെയ്‌ത്‌ ഒരു പരിസ്ഥിതി ശാസ്‌ത്രജ്ഞയാകാനാണ്‌ ഐശ്വര്യയ്‌ക്ക്‌ താല്‌പര്യം.

കൊക്കോബെറിയിലെ ഓണ്‍ലൈന്‍ പരിശീലനം
മുംബൈയിലെ കോക്കോ ബെറി ടാലന്റ്‌ അക്കാദമിയിലാണു ഐശ്വര്യ മിസ്‌ ദിവ 2020 സൗന്ദര്യമത്സരത്തിനായി പരിശീലനം നടത്തിയത്‌. പരിശീലനകേന്ദ്രങ്ങള്‍ക്കായുളള തിരിച്ചില്‍ അവസാനിച്ചത്‌ കൊക്കോ ബെറിയിലാണെന്ന്‌ ഐശ്വര്യ പറയുന്നു. നേരിട്ടുളള പരിശീലനത്തിന്‌ എത്താനിരിക്കെയാണ്‌ കൊവിഡ്‌ ലോക്‌ഡൗണ്‍ എത്തിയത്‌. തുടര്‍ന്ന്‌ ഒണ്‍ലൈനായി പരിശീലനം നടത്തി. അഞ്‌ജലി റാവത്ത്‌, അലീസ്യ റാവത്ത്‌ എന്നിവരായിരുന്നു പരിശീലകര്‍. ക്യാറ്റ്‌ വോക്ക്‌, വ്യക്തിത്വവികസനം, ആശയവിനിമയ പാടവം, വസ്‌ത്രധാരണം തുടങ്ങിയ മേഖലകളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള പൊടിക്കൈകള്‍ അവര്‍ പറഞ്ഞുതന്നു.

കുടുംബം ഒപ്പം
അമ്മ സീന ഫാര്‍മസിസ്റ്റാണ്‌. അമ്മയാണ്‌ ഐശ്വര്യയെ ചെറുപ്പം കാലം മുതലേ ഈ സ്വപ്‌നത്തിലേക്ക്‌ കൈപിടിച്ചു നടത്തിയത്‌. അച്ഛന്‍ വിനു വേണുഗോപാല്‍ സ്വകാര്യ കമ്പനിയില്‍ ബിസിനസ്‌ ഡവലപ്‌മെന്റ്‌ മാനേജരായി ജോലി ചെയ്യുന്നു. സഹോദരന്‍ ദേവ്‌ നാരായണ്‍ ആറാം ക്ലാസ്‌ വിദ്യാര്‍ഥി.അമ്മയുടെ അച്ഛന്‍ റിട്ട. ഡപ്യൂട്ടി കലക്ടര്‍ കെ.കെ.രാജശേഖരന്‍ നായര്‍ എല്ലാ ദിവസവും പൊതുവിജ്ഞാനത്തിന്റെ പാഠങ്ങള്‍ പറഞ്ഞുതന്നിരുന്നവെന്നും അച്ഛനും സഹോദരനും പിന്തുണയുമായി ഒപ്പമുണ്ടെന്നും ഐശ്വര്യ പറയുന്നു.

ലോകസുന്ദരി വേദിയില്‍ മറ്റൊരു ഐശ്വര്യകൂടി ഇന്ത്യയുടെ അഭിമാനമുയര്‍ത്തുമോ എന്ന്‌ കാത്തിരുന്നു കാണാം.
 

Post your comments