Global block

bissplus@gmail.com

Global Menu

ആദ്യ 100 കോടി പുലിമുരുകന്‌ 200 കോടി ലൂസിഫര്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ ബറോസ്‌?

ലാലേട്ടനുമായി ബന്ധപ്പെട്ടതെല്ലാം മലയാളിക്ക്‌, അദ്ദേഹത്തിന്റെ ആരാധകവൃന്ദത്തിന്‌ വാര്‍ത്തയാണ്‌....വലുതാണ്‌. അതുകൊണ്ടുതന്നെയാണ്‌ ഈ മഹാനടന്‍ ആദ്യമായി സംവിധായകന്റെ അങ്കിയണിയുന്ന ബറോസ്‌ എന്ന ചിത്രവും വാര്‍ത്തയാകുന്നത്‌. സംരംഭം ലാലേട്ടന്റേതാകുമ്പോള്‍ അത്‌ സാധാരണമാകില്ല എന്ന മലയാളിക്കറിയാം, സിനിമാക്കാര്‍ക്കും. നടനായി വന്ന ആരാധകരുടെ ഇടയില്‍ പ്രിയങ്കരനായി മാറിയ ശേഷം സംവിധായകനായ ഒരുപാടു പേര്‍ മലയാളത്തില്‍ ഉണ്ട്‌. ഏറ്റവും ഒടുവില്‍ പൃഥ്വിരാജ്‌ സുകുമാരനും കലാഭവന്‍ ഷാജോണും വരെ സംവിധായക പട്ടം അണിഞ്ഞു. നാല്‌ പതിറ്റാണ്ടായി മലയാളിയുടെ മനസ്സില്‍ സിംഹാസനമിട്ടിരിക്കുകയാണ്‌ മോഹന്‍ലാല്‍. ആ നടനവിസ്‌മയം സംവിധായകനാകുമ്പോള്‍ മലയാളിക്ക്‌ ചെറിയ പ്രതീക്ഷകളില്ല. ചെറുതൊന്നും തരാന്‍ ലാലേട്ടനും തയ്യാറല്ല.

കൊവിഡ്‌്‌ കാരണം നീണ്ടു
2019 ഏപ്രിലില്‍ ആണ്‌ 'ബറോസ്‌' ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌. മോഹന്‍ലാലിന്റെ സ്വപ്‌ന പ്രോജക്ട്‌ ആണിത്‌. ജിജോ പൊന്നൂസ്‌ ആണ്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‌ത ജിജോയുടെ കഥയെ ആസ്‌പദമാക്കിയാണ്‌ മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്‌. ജിജോയുമായുള്ള സംസാരത്തിനിടയിലാണ്‌ അദ്ദേഹം എഴുതിയ ഇംഗ്ലീഷ്‌ കഥയെ കുറിച്ച്‌ സംസാരിച്ചത്‌. അതൊരു മിത്തായിരുന്നു. ഒരു മലബാര്‍ തീരദേശ മിത്ത്‌-ബറോസ്സ്‌; ഗാര്‍ഡിയന്‍ ഓഫ്‌ ഡി ഗാമാസ്‌ ട്രഷര്‍. പോര്‍ച്ചുഗീസ്‌ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢ രചനയാണിത്‌. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ്‌ ബറോസ്‌. നാനൂറ്‌ വര്‍ഷങ്ങളായി നിധിക്ക്‌ കാവലിരിക്കുകയാണ്‌ ബറോസ്‌. കഥ കേട്ടപ്പോള്‍ ഇത്‌ സിനിമയാക്കിയാല്‍ കൊളളാമെന്ന്‌ മോഹന്‍ലാലിന്‌ തോന്നി. അങ്ങനെയാണ്‌ ബറോസ്‌ എന്ന സിനിമ പിറന്നത്‌. 2020ല്‍ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കൊവിഡ്‌ കാരണം നീട്ടിവെക്കുകയായിരുന്നു.ഒടുവില്‍ മാര്‍ച്ച്‌ 24ന്‌ ചിത്രത്തിന്റെ പൂജ നടന്നു. കാക്കനാട്‌ നവോദയ സ്റ്റുഡിയോയില്‍ വെച്ചാണ്‌ ചിത്രത്തിന്‍റെ പൂജ നടന്നത്‌. മമ്മൂട്ടി, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്‌, സിബി മലയില്‍, ലാല്‍, ദിലീപ്‌, പൃഥ്വിരാജ്‌, സിദ്ദീഖ്‌ ഉള്‍പ്പടെ സിനിമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു

വന്‍താരനിര
സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രമായ 'ഭൂത'ത്തെ മോഹന്‍ലാല്‍ തന്നെയാണ്‌ അവതരിപ്പിക്കുന്നത്‌. പാസ്‌ വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‌പാനിഷ്‌ താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ്‌ റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ്‌ വേഗ എത്തുക. സെക്‌സ്‌ ആന്‍ഡ്‌ ലൂസിയ, ഓള്‍ റോഡ്‌സ്‌ ലീഡ്‌സ്‌ ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ്‌ പാസ്‌ വേഗ. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്‌.

സവിശേഷതകളുടെ ബറോസ്‌
ശതകോടികള്‍ മുടക്കുന്ന ബറോസ്‌ ഒരു ത്രിമാന ചിത്രമാണ്‌. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന്റ തിരക്കഥയില്‍ മോഹന്‍ലാല്‍ സംവിധായകനാകുന്നു എന്ന സവിശേഷതയുമുണ്ട്‌. ഏറെ ആവേശത്തോടെയും ആസ്വദിച്ചുമാണ്‌ സംവിധായകന്റെ ജോലി മോഹന്‍ലാല്‍ നിര്‍വ്വഹിക്കുന്നത്‌. ബറോസിന്‍റെ സംഗീതം നിര്‍വ്വഹിക്കുന്നത്‌ 13 വയസുകാരനായ ലിഡിയന്‍ നാദസ്വരമാണ്‌. തമിഴ്‌നാട്‌ സ്വദേശിയായ ലിഡിയന്‍ ഇന്ത്യയുടെ നിധിയെന്നാണ്‌ എ.ആര്‍ റഹ്‌മാന്‍ മുന്‍പ്‌ വിശേഷിപ്പിച്ചത്‌. കാലിഫോര്‍ണിയയില്‍ നടന്ന സി.ബി.എസ്‌ ഗ്ലോബല്‍ ടാലന്റ്‌ ഷോയായ വേള്‍ഡ്‌ ബെസ്റ്റില്‍ ഒന്നാം സമ്മാനം നേടിയാണ്‌ ലിഡിയന്‍ ശ്രദ്ധയാകര്‍ഷിച്ചത്‌. കെ യൂ മോഹനന്‍ ഛായാഗ്രാഹണവും സേതു ശിവാനന്ദന്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു. ചിത്രത്തിലെ അനിമേഷന്‍ മുതലായ കാര്യങ്ങള്‍ സേതു ശിവാനന്ദന്‍ നിര്‍വഹിക്കുന്നു. വിഷല്‍ എഫക്ട്‌സിന്റെ ചുമതല ബ്രൈന്‍ലി കാഡ്‌മാനാണ്‌. എഡിറ്റിംഗ്‌ ശ്രീകര്‍ പ്രസാദ്‌. ആശീര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.

മലയാളം ബോക്‌സോഫീസില്‍ നിരവധി വിസ്‌മയകരമായ നേട്ടങ്ങള്‍ സൃഷ്ടിച്ച മഹാനടനാണ്‌ മോഹന്‍ലാല്‍. അദ്ദേഹം നായകനായ പുലി മുരുകനാണ്‌ മലയാളത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടംനേടിയ ആദ്യ ചിത്രം. പൃഥ്വിരാജ്‌ സുകുമാരന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പകര്‍ന്നാടിയ ലൂസിഫര്‍ ആണ്‌ 200 കോടി ക്ലബ്ബില്‍ ഇടംനേടിയ ആദ്യ ചിത്രം. ബോക്‌സോഫീസില്‍ മറ്റൊരു വിസ്‌മയമാകുമോ ബറോസ്‌ എന്നാണ്‌ ആരാധകര്‍ ഉറ്റുനോക്കുന്നത്‌.

ജീവിത വഴിത്താരയില്‍ വിസ്‌മയ ചാര്‍ത്തുകളില്‍ സ്വയം നടനായി, നിര്‍മ്മാതാവായി, സിനിമ തന്നെ ജീവനായി, ജീവിതമായി മാറി. ഇപ്പോഴിതാ, ആകസ്‌മികമായ മറ്റൊരു വിസ്‌മയത്തിന്‌ വിസ്‌മയത്തിനു തിരനോട്ടം കുറിക്കുന്നു. 24ന്‌ ചിത്രീകരണം ആരംഭിക്കുന്ന ബറോസ്‌ എന്ന ത്രിമാന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്‌ ഞാന്‍. ഈ നിയോഗത്തിനും എനിക്ക്‌ തിര-ജീവിതം തന്ന നവോദയയുടെ ആശിര്‍വാദവും, സാമീപ്യവും കൂടെയുണ്ടെന്നത്‌ ഈശ്വരാനുഗ്രഹം. ബറോസിനൊപ്പമുള്ള തുടര്‍ യാത്രകളിലും അനുഗ്രഹമായി, നിങ്ങള്‍ ഏവരും ഒപ്പമുണ്ടാകണമെന്ന്‌, ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു-മോഹന്‍ലാല്‍
 

Post your comments