Global block

bissplus@gmail.com

Global Menu

"ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹനങ്ങളുടെ വിപണി കേന്ദ്രമായി ഇന്ത്യ മാറും"- നിതിന്‍ ഗഡ്കരി

ലോകം മുഴുവന്‍ വൈദ്യുത വാഹനങ്ങളിലേക്ക് വരും കാലങ്ങളില്‍ മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോളിയം ഇന്ധനങ്ങളുടെ ലഭ്യത ഇനി എത്രകാലം ഉണ്ടാകുമെന്ന് ഒരു ഉറപ്പുമില്ല. അത് മാത്രമല്ല, അന്തരീക്ഷ മലിനീകരണവും വലിയ പ്രതിസന്ധിയാണ്. വരും വര്‍ഷങ്ങളില്‍ ലോകത്തിലെ വൈദ്യുത വാഹന നിര്‍മാണ കേന്ദ്രമായി ഇന്ത്യ മാറും എന്നാണ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറയുന്നത്. നിലവില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് വലിയ നിര്‍മാണ ചെലവാണുള്ളത്. ഇത് വരുംകാലങ്ങളില്‍ കുറയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലിഥിയം അയോണ്‍ ബാറ്ററികളുടെ വില കുറയുമ്പോള്‍ വൈദ്യുത വാഹനങ്ങളുടെ നിര്‍മാണ ചെലവും കുറയും. ഇപ്പോള്‍ പെട്രോളിയം ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളേക്കാള്‍ ഉയര്‍ന്ന വിലയാണ് വൈദ്യുത വാഹനങ്ങള്‍ക്കുള്ളത്. ആറ് മാസത്തിനകം ലിഥിയം അയോൺ ബാറ്ററികൾ ഇന്ത്യയിൽ തന്നെ ഉത്പ്പാദിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആമസോണിന്റെ 'സംഭവ് സമ്മിറ്റി'പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ ഫ്ലെക്സ് ഫ്യുവൽ എഞ്ചിനുകൾ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ സർക്കാർ വാഹന നിർമ്മാതാക്കളെ കൂടുതൽ പ്രോത്സാഹിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് വാഹന നിർമ്മാതാക്കളുമായി ചർച്ച ചെയ്യാനും കേന്ദ്ര സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് വൻ കുതിച്ചുചാട്ടമാണ് നടത്തുന്നത്. ആഗോള തലത്തിലെ എല്ലാ ഇലക്ടിക് വാഹന ബ്രാൻഡുകളും ഇന്ത്യയിലുള്ള ഇലക്ട്രിക് വാഹന വിപണി രംഗത്ത് അതിവേഗ വളർച്ച രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിനകത്ത് വികസിപ്പിക്കുന്ന ബാറ്ററി ടെക്നോളജി ഇലക്ട്രിക് വാഹനങ്ങളെ കൂടുതൽ ഗതാഗത യോഗ്യമാക്കുകയും ചെയ്യും.

ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്നതോടെ രാജ്യത്ത് ക്രൂഡ് ഓയിൽ ഇറക്കുമതി കുറക്കാൻ സാധിക്കും. നിലവില്‍ കേന്ദ്ര സർക്കാർ ഹൈഡ്രജൻ ഫ്യൂവൽ ടെക്നോളജി വികസിപ്പിക്കാനും സാധ്യതയുണ്ട്. രാജ്യം എട്ട് ലക്ഷം കോടി രൂപയുടെ ക്രൂഡ് ഓയിലാണ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നത്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യകത ഇരട്ടിയാകുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ കടന്നുവരുന്നതോടെ മലിനീകരണത്തിന്റെ തോത് കുറക്കാൻ സധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങളുടെ വില രാജ്യത്ത് കുറയും. പെട്രോൾ-ഡീസൽ‌ വാഹനങ്ങളെ പോലെ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ മത്സാരിതിഷ്ടിതമാവുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Post your comments