Global block

bissplus@gmail.com

Global Menu

തുർകിക്ക് വേണ്ടാ ക്രിപ്റ്റോകറൻസി; ബിറ്റ്കോയിൻ മൂല്യം ഇടിഞ്ഞു

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ വില കുത്തനെ ഇടിഞ്ഞു. തുർക്കിയിലെ ക്രിപ്റ്റോകറൻസികളുടെ നിരോധനത്തെത്തുടർന്നാണ് ബിറ്റ്കോയിന്റെ മൂല്യം 4.6 ശതമാനം ഇടിഞ്ഞ് 60,333 ഡോളറിലെത്തിയത്. അപകടസാധ്യത ചൂണ്ടിക്കാട്ടിയാണ് തുർക്കിയിലെ സെൻട്രൽ ബാങ്ക് ക്രിപ്റ്റോകറൻസികൾക്ക് നിരോധനമേർപ്പെടുത്തിയത്.

ബിറ്റ്കോയിനെ കൂടാതെ എതേറിയം, എക്‌സ്ആർപി തുടങ്ങിയ ക്രിപ്‌റ്റോകറൻസികളുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്. എതേറിയത്തിന്റെയും എക്‌സ്ആർപിയുടെയും മൂല്യത്തിൽ 6 മുതൽ 12 ശതമാനം വരെ ഇടിവാണുണ്ടായത്. അതേസമയം തുർക്കിയിൽ എല്ലാ ക്രിപ്‌റ്റോ ആസ്തികളുടെ ഇടപാടുകളും നിരോധിച്ചിട്ടുണ്ട്. ഉത്പന്നങ്ങൾ വാങ്ങുന്നതിനോ സേവനങ്ങൾക്കുള്ള പ്രതിഫലമായോ നേരിട്ടോ അല്ലാതേയോ ക്രിപ്‌റ്റോ കറൻസികൾ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. ഏപ്രിൽ 30 മുതൽ തുർക്കിയിൽ ക്രിപ്റ്റോകറൻസികൾ ഉപയോഗിച്ച് പേയ്മെന്റുകൾ നടത്താനാകില്ല. ക്രിപ്റ്റോകറൻസികൾക്ക് പിന്നിലുള്ള അജ്ഞാതയും വീണ്ടെടുക്കാനാകാത്ത നഷ്ടവും അപകടസാധ്യത വർധിപ്പിക്കുന്നുവെന്ന് തുർക്കി സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടി. 

കഴിഞ്ഞദിവസം റോൾസ് റോയ്‌സ്, ലോട്ടസ് കാർസ് എന്നിവയുടെ തുർക്കിയിലെ വിതരണക്കാരായ റോയൽ മോട്ടോഴ്‌സ് ക്രിപ്‌റ്റോകറൻസി ഉപയോഗിച്ചുള്ള പേയ്മെന്റ് സ്വീകരിക്കാൻ തുടങ്ങിയിരുന്നു.

 

ഇതിനുപിന്നാലെയാണ് നിയമംവഴി ക്രിപ്‌റ്റോ ഇടപാടുകൾക്ക് തുർക്കി നിരോധനമേർപ്പെടുത്തിയത്. നിരോധിച്ച കറൻസികളുമായി ഇടപാട് നടത്തുമ്പോൾ കനത്ത നഷ്ടമുണ്ടായേക്കാമെന്നും അതുകൊണ്ട് ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോകറൻസികളുടെ വിനിമയം ഉടൻ നിർത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ക്രിപ്‌റ്റോകറൻസി നിരോധനവുമായി മുന്നോട്ടുപോകുകയാണ്. ഭാവിയിൽ കൂടുതൽ രാജ്യങ്ങൾ ഇത്തരത്തിലുള്ള ഡിജിറ്റൽ കറൻസി നിരോധനവുമായി എത്തിയേക്കാം.

Post your comments