Global block

bissplus@gmail.com

Global Menu

ഇന്ത്യയും വേണ്ട ചൈനയും വേണ്ട - സിറ്റി ബാങ്ക്

ഇന്ത്യയും ചൈനയും ഉൾപ്പെടെ 13 രാജ്യങ്ങളിലെ ബാങ്കിങ് സേവനങ്ങൾ നിർത്താൻ യുഎസ് ബാങ്കായ സിറ്റിഗ്രൂപ്പ് തീരുമാനിച്ചു. താരതമ്യേന ചെറിയ വിപണികളിലെ സേവനം നിർത്തുന്നതിന്റെ ഭാഗമായാണ് സിറ്റി ബാങ്ക് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. ക്രെഡിറ്റ് കാർഡ്, റീട്ടെയിൽ ബാങ്കിങ്, ഭവന വായ്പ, ആസ്തി കൈകാര്യം ഉൾപ്പെടെയുള്ള പ്രവർത്തനമാണ് ബാങ്ക് അവസാനിപ്പിക്കുക. 1902 മുതൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച സിറ്റി ബാങ്കിന് രാജ്യത്തുടനീളം 35 ശാഖകളാണുള്ളത്. ഇതിലെല്ലാമായി 19,000 ജീവനക്കാരുമുണ്ട്. സിറ്റി ഗ്രൂപ്പ് തങ്ങളുടെ ആഗോള ഉപഭോക്തൃ ബാങ്കിംഗ് ബിസിനസ് സിംഗപ്പൂർ, ഹോങ്കോംഗ്, ലണ്ടൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ നാല് വിപണികളിൽ കേന്ദ്രീകരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

മാർച്ചിൽ സിറ്റി ഗ്രൂപ്പ് സി‌ഇ‌ഒ സ്ഥാനത്തേക്കെത്തിയ ജെയിൻ ഫ്രേസറാണ് കുടുതൽ വളർച്ചാ സാധ്യതയുള്ള സാമ്പത്തിക മാനേജ്മെൻറിലേക്ക് കമ്പനിയെ മാറ്റുന്നത്. സിറ്റിഗ്രൂപ്പിന്റെ ആഗോള ഉപഭോക്തൃ ബാങ്കിംഗ് ബിസിനസിന് 6.5 ബില്യൺ ഡോളർ വരുമാനവും 224 റീട്ടെയിൽ ബ്രാഞ്ചുകളും 123.9 ബില്യൺ ഡോളർ നിക്ഷേപവുമുള്ളത് ഏഷ്യയിലാണെന്നാണ് 2020 ന്റെ അവസാനത്തോടെ പുറത്തുവിട്ട കണക്ക് സൂചിപ്പിക്കുന്നത്. ഈ വിപണി ഉപേക്ഷിച്ചുകൊണ്ടാണ് സിറ്റി ഗ്രൂപ്പ് മറ്റ് ആഗോള വിപണികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. സിറ്റിഗ്രൂപ്പിന്റെ ആദ്യ പാദത്തിലെ ലാഭം 7.9 ബില്യൺ ഡോളറായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയിലധികം ലാഭമാണ് കമ്പനി ഇപ്പോൽ കൈവരിച്ചിട്ടുള്ളത്. അതേ സമയം വരുമാനം ഏഴ് ശതമാനം ഇടിഞ്ഞ് 19.3 ബില്യൺ ഡോളറിലേക്കെത്തുകയും ചെയ്തിട്ടുണ്ട്.  ഓസ്‌ട്രേലിയ, ബഹ്‌റൈൻ, ചൈന, ഇന്തോനേഷ്യ, കൊറിയ, മലേഷ്യ, ഫിലിപ്പീൻസ്, പോളണ്ട്, റഷ്യ, തായ്‌വാൻ, തായ്ലൻഡ്, വിയറ്റ്നാം എന്നിവയാണ് സിറ്റി ബാങ്ക് പ്രവർത്തനം നിർത്തുന്ന മറ്റ് 12 രാജ്യങ്ങൾ. കൂടുതലും ഏഷ്യൻ രാജ്യങ്ങളിലെ പ്രവർത്തനമാണ് കമ്പനി നിർത്തുന്നത്.

നിയന്ത്രണ അതോറിറ്റികളുടെ അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും പ്രവർത്തനം നിർത്തുക. അതുവരെ സേവനം തുടരുമെന്നും കമ്പനിയുടെ തീരുമാനം ജീവനക്കാരെയോ ഇന്ത്യയിലെ പ്രവർത്തനങ്ങളെയോ ബാധിക്കില്ലെന്നും സിറ്റി ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് അഷു ഖുല്ലാർ പറഞ്ഞു. സിറ്റി ബാങ്കിന്റെ വിൽപന നടക്കുകയാണ്. വിൽ‌പന പൂർത്തിയാകുന്നത് വരെ ഇന്ത്യയിലെ ഉപഭോക്താക്കളെയും സ്റ്റാഫുകളെയും ഇത് ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറ്റി ബാങ്കിന് ഇന്ത്യയിൽ 2.9 കോടി റീട്ടെയിൽ ഉപഭോക്താക്കളും 1.2 കോടി ബാങ്ക് അക്കൗണ്ടുകളും 2.2 കോടി ക്രെഡിറ്റ് കാർഡ് അക്കൗണ്ടുകളുമാണുള്ളത്. അതേസമയം ബാങ്കിങ് സേവനങ്ങൾ നിർത്തിയാലും മുംബൈ, ബെംഗളൂരു, ചെന്നൈ, ഗുരുഗ്രാം എന്നിവിടങ്ങളിലെ സിറ്റി ബാങ്കിന്റെ പ്രധാന ഓഫീസുകൾ പ്രവർത്തിക്കും.

Post your comments