Global block

bissplus@gmail.com

Global Menu

ഈ പാപമെല്ലാം എവിടെ കൊണ്ട് കളയും ബാങ്കുകൾ ? പാവങ്ങളെ പിഴിഞ്ഞ് നേടിയത് 300 കോടി

എസ്‌ബി‌ഐ ഉൾപ്പെടെയുള്ള രാജ്യത്തെ മുൻനിര ബാങ്കുകൾ പാവങ്ങളെ പിഴിഞ്ഞ് കോടികൾ‌ സമ്പാദിക്കുന്നതായി റിപ്പോർട്ട്. സീറോ ബാലൻസ് അഥവാ ബേസിക് സേവിങ്സ് ബാങ്ക് (ബി‌എസ്‌ബിഡി‌) അക്കൗണ്ടുകൾക്ക് നൽകുന്ന ചില സേവനങ്ങൾക്ക് ഉയർന്ന നിരക്കാണ് എസ്ബിഐ ഈടാക്കുന്നതെന്ന് ഐഐടി ബോംബെ നടത്തിയ പഠനത്തിൽ കണ്ടെത്തി. സീറോ ബാലൻസ്‌ അക്കൗണ്ടുകളിൽ നിന്ന് നാല് തവണയിൽ കൂടുതൽ നടത്തുന്ന ഓരോ പിൻവലിക്കലിനും 17.70 രൂപയാണ് എസ്ബിഐ ഈടാക്കുന്നത്. ഇത് നീതിയുക്തമല്ലെന്നും ഐഐടി ബോംബെ പറഞ്ഞു.

പാവപ്പെട്ടവരിൽനിന്ന് അനധികൃതമായാണ് എസ്ബിഐ സേവന നിരക്കുകൾ ഈടാക്കുന്നത്. 2015 മുതൽ 2020 വരെയുള്ള അഞ്ച് വർഷ കാലയളവിൽ 12 കോടി ബി‌എസ്‌ബി‌ഡി‌എ ഉടമകളിൽ നിന്ന് 300 കോടി രൂപയാണ് ബാങ്ക് ഈടാക്കിയത്. ഇതിൽ 2018-19 കാലയളവിൽ മാത്രം 72 കോടി രൂപയും 2019-20 കാലയളവിൽ 158 കോടി രൂപയുമാണ് അനധികൃതമായി പിരിച്ചെടുത്തതെന്ന് ഐഐടി ബോംബെ പ്രൊഫസർ ആശിഷ് ദാസ് നടത്തിയ പഠനത്തിൽ വ്യക്തമാക്കി.

2013 സെപ്റ്റംബർ‌ വരെയുള്ള ആർ‌ബി‌ഐ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ അനുസരിച്ചാണ് ബി‌എസ്‌ബി‌ഡി‌എ നിരക്കുകൾ ഈടാക്കുന്നത്. ആർബിഐ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ അനുസരിച്ച് ബി‌എസ്‌ബി‌ഡി‌എ അക്കൗണ്ട് ഉടമകൾക്ക് മാസത്തിൽ നാല് തവണയിൽ‌ കൂടുതൽ‌ തുക പിൻ‌വലിക്കാൻ അനുവാദമുണ്ട്. ബാങ്കിന്റെ വിവേചനാധികാരത്തിൽ‌ ഇതിന് ബാങ്കിന് ചാർജ് ഈടാക്കാനാകില്ല. എന്നാൽ ആർ‌ബി‌ഐയുടെ ഈ ചട്ടങ്ങൾ ലംഘിച്ചാണ് ബി‌എസ്‌ബി‌ഡി‌എ അക്കൗണ്ട് ഉടമകളിൽനിന്ന് നാല് തവണയിൽ കൂടുതലുള്ള പിൻവലിക്കലിന് എസ്ബിഐ നിരക്കുകൾ ഈടാക്കുന്നത്. 2013 ന്റെ തുടക്കത്തിൽ തന്നെ റിസർവ് ബാങ്ക് ചട്ടങ്ങൾ ലംഘിച്ച് എസ്‌ബി‌ഐ ഓരോ ഡെബിറ്റ് ഇടപാടുകൾക്കും ഉടമകളോട് കൂടുതൽ തുക ഈടാക്കുന്നുണ്ടായിരുന്നു.

നെഫ്റ്റ്, ഐ‌എം‌പി‌എസ് പോലുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് പോലും 17.70 രൂപ വരെയുള്ള ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. ഇത് റിസർവ് ബാങ്ക് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് പഠനം വിമർശിച്ചു. കൂടാതെ ഒരു വശത്ത് രാജ്യം ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളെ ശക്തമായി പ്രോത്സാഹിപ്പിക്കുമ്പോള്‍ മറുവശത്ത് എസ്‌ബി‌ഐ ആളുകളെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഓരോ ഡിജിറ്റൽ ഇടപാടിനും ഉപഭോക്താക്കളിൽനിന്ന് ബാങ്ക് 17.70 രൂപയാണ് ഈടാക്കുന്നതെന്നും പഠനം വ്യക്തമാക്കി.

എസ്ബിഐയെ കൂടാതെ രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കും (പി‌എൻ‌ബി) ഉപഭോക്താക്കളിൽനിന്ന് അധിക ചാർജുകൾ ഈടാക്കിയിട്ടുണ്ട്. 2015 മുതൽ 2020 വരെയുള്ള കാലയളവിൽ 9.9 കോടി രൂപയോളമാണ് പിഎൻബി സമാഹരിച്ചത്. ബിഎസ്ബിഡി അക്കൗണ്ടുകളിൽ നിന്ന് മാത്രം 3.9 കോടിയോളം ബാങ്ക് നേടിയിട്ടുണ്ട്.

Post your comments