Global block

bissplus@gmail.com

Global Menu

ഇന്ത്യയിലെ വിപണി പ്രവേശനം ഗംഭീരമാക്കാൻ ഒരുങ്ങി ടെ‍സ്‍ല

 

ഇന്ത്യയിൽ ടെസ്‍ല ഇല്ലെന്ന ആരാധകരുടെ പരാതികൾക്ക് വിരാമമാകുന്നു. ഇന്ത്യയിലെ വിപണി പ്രവേശനം ഗംഭീരമാക്കാൻ ഒരുങ്ങി ടെസ്‍ല. അധികം വൈകാതെ തന്നെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഷോറൂമുകൾ തുറന്നേക്കുമെന്ന് വിവിധ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു ഈ വർഷം ആദ്യം ടെസ്‌ല ഇന്ത്യയിൽ എത്തുമെന്ന് ടെസ്‍ല സ്ഥാകൻ എലൻ മസ്ക് പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ആദ്യം ‘ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിൽ മസ്‌ക് കമ്പനി രജിസ്റ്റർ ചെയ്തിരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.

കർണാടകയിലെ ബെംഗളൂരുവിലാണ് ടെ‍സ്‍ലയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനം. ബ്രാൻഡ് ആദ്യം പ്രീമിയർ മോഡൽ 3 ഇലക്ട്രിക് സെഡാൻ പുറത്തിറക്കും എന്നാണ് സൂചന , ഇത് പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന കാറായിരിക്കും. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഏകദേശം 60-70 ലക്ഷം രൂപയോളമാണ് വില.ഇന്ത്യയുടെ ബിസിനസ് വികസനത്തിനായി ടെസ്‌ല മനുജ് ഖുറാനയെ നിയമിച്ചു. ആഗോള നിക്ഷേപം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി രൂപീകരിച്ച ഇൻവെസ്റ്റ് ഇന്ത്യയുടെ മുൻ എക്സിക്യൂട്ടീവ്കൂടെയാണ് ഖുറാന. ഇന്ത്യയിലെ വിപണി പ്രവേശനത്തിൻെറ ആദ്യ ഘട്ടത്തിൽ മുംബൈ, ദില്ലി, ബെംഗളൂരു എന്നിവിടങ്ങളിൽ ഷോറൂമുകൾ സ്ഥാപിക്കാൻ ടെസ്‌ലയ്ക്ക് പദ്ധതിയുണ്ട് . 20,000 മുതൽ 30,000 ചതുരശ്ര അടി വരെ വിസ്തൃതിയിലാകും അത്യാധുനിക ഷോറൂമുകൾ. ടെസ്‌ല കര്‍ണാടകയിൽ പ്ലാൻറും ഗവേഷണ-വികസന കേന്ദ്രവും വികസിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വ്യക്തമാക്കി. ബെംഗളൂരുവിൽ ആയിരിക്കും ഇതെന്നാണ് സൂചന, കഴിഞ്ഞ ആറുമാസമായി സ്ഥലം വാങ്ങുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കും അനുമതികൾക്കുമായി പ്രാദേശിക ഉദ്യോഗസ്ഥരുമായി ടെസ്‍ല അധികൃതര്‍ ചർച്ച നടത്തി വരികയാണത്രെ.

അതേസമയം ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനും സര്‍ക്കാര്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ഇലക്ട്രിക് വാഹന ഹബ് ആക്കാൻ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനിടയിലാണ് ഈ രംഗത്തെ ആഗോള ഭീമൻെറ കടന്നു വരവ്. ഇന്ത്യൻ നിര്‍മാതാക്കൾക്കുള്ള ഇളവുകളും ആനുകൂല്യങ്ങും ടെ‍സ്‍ലയ്ക്ക് ലഭിക്കുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. അസംബിൾ ചെയ്യാതെ രാജ്യത്ത് തന്നെ കാര്‍ നിര്‍മിക്കാൻ ടെ‍സ്‍ല നിര്‍ബന്ധിതരായേക്കും.

Post your comments