Global block

bissplus@gmail.com

Global Menu

ആകാശ് ഇനി ബൈജൂസിന് സ്വന്തം

 

മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള എജ്യൂക്കേഷൻ ടെക്നോളജി സ്റ്റാർട്ട്അപ്പായ ബൈജൂസ് രാജ്യത്തെ ഏറ്റവും വലിയ എൻട്രൻസ് പരിശീലന സ്ഥാപനങ്ങളിലൊന്നായ ആകാശ് എജ്യൂക്കേഷണൽ സർവീസസിനെ ഏറ്റെടുത്തു. ബൈജൂസ് നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഇത്. ഇടപാട് എത്ര തുകയുടേതാണെന്ന് ഇരു കമ്പനികളും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, 100 കോടി ഡോളറിന്റേതാണ് ഇടപാട് എന്നാണ് സൂചന. അതായത്, 7,300 കോടി രൂപ. ഇടപാട് പൂർത്തിയാകുന്നതോടെ, ആകാശിന്റെ സ്ഥാപകരും നിക്ഷേപകരായ ബ്ലാക്‌സ്റ്റോണും ബൈജൂസിന്റെ ഓഹരിയുടമകളായി മാറും.

ഫെയ്സ്ബുക്കിന്റെ സ്ഥാപകൻ മാർക്ക് സുക്കർബെർഗും ഭാര്യ ചാൻ സുക്കർബെർഗും ചേർന്നുനടത്തുന്ന നിക്ഷേപക സംരംഭം, സെക്വയ, ടൈഗർ ഗ്ലോബൽ, മേരി മീക്കർ, യൂരീ മിൽനർ, ടെൻസെന്റ് തുടങ്ങിയ ആഗോള നിക്ഷേപകർ പലരും ബൈജൂസിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതുവരെ 200 കോടി ഡോളറിന്റെ മൂലധന ഫണ്ടിങ്ങാണ് ബൈജൂസ് നേടിയിട്ടുള്ളത്. 60-70 കോടി ഡോളർ കൂടി സമാഹരിക്കാനുള്ള ഒരുക്കത്തിലാണ്.

വിദ്യാഭ്യാസ പരിശീലനത്തിൽ ഓൺലൈൻ-ഓഫ്‌ലൈൻ മോഡൽ ശക്തിപ്പെടുത്താൻ ഇടപാട് വഴിവയ്ക്കും. എൻട്രൻസ് പരിശീലന രംഗത്ത് 33 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ആകാശിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 215 പരിശീലന കേന്ദ്രങ്ങളുണ്ട്. 2019-ൽ ബ്ലാക്‌സ്റ്റോൺ ആകാശിൽ മൂലധന നിക്ഷേപം നടത്തിയത് 50 കോടി ഡോളർ മൂല്യത്തിലാണ്. രണ്ട് വർഷം കൊണ്ട് മൂല്യം ഇരട്ടിയായി.

Post your comments