Global block

bissplus@gmail.com

Global Menu

ഇന്ത്യയുടെ അഭിമാനമായി സിറം ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്ത്യ

കൊവിഡ്‌ വാക്‌സിന്‍ വികസിപ്പിക്കാനുളള ശ്രമങ്ങള്‍ ലോകമെമ്പാടും നടന്നുവരുന്നു. അവയില്‍ ചിലത്‌ ലക്ഷ്യം കാണുകയും വാക്‌സിനേഷന്‍ ആരംഭിക്കുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ കൊവിഡ്‌ വാക്‌സിനുളള ശ്രമങ്ങള്‍ ആരംഭിച്ചതു മുതല്‍ ലോകശ്രദ്ധയാകര്‍ഷിച്ച സ്ഥാപനമാണ്‌ പൂനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട്‌ ഒഫ്‌ ഇന്ത്യ. ഇന്ത്യയിലെ ഏറ്റവും വലിയ ബയോ ടെക്‌നോളജി കമ്പനികളിലൊന്നായ സിറം ഇന്‍സ്റ്റിറ്റിയൂട്ട ്‌ ഓഫ്‌ ഇന്ത്യ ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിന്‍ നിര്‍മ്മാണ സ്ഥാപനമാണ്‌.2020ലെ കണക്കുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാണ സ്ഥാപനമാണിത്‌. ലോകത്തിലെവര്‍ഷം 150 കോടി ഡോസ്‌ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ശേഷിയുണ്ട്‌. ഇത്രയും ശേഷിയുള്ള വാക്‌സിന്‍ പ്ലാന്റ്‌ ലോകത്ത്‌ എവിടെയുമില്ല.

1966ല്‍ സൈറസ്‌.എസ്‌.പൂനാവാല സ്ഥാപിച്ച സിറം ഇന്‍സ്റ്റിറ്റിയൂട്ട്‌ ഒഫ്‌ ഇന്ത്യ പൂനാവാല ഇന്‍വെസ്റ്റ്‌മെന്റ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി എന്ന ഹോള്‍ഡിംഗ്‌ കമ്പനിയുടെ സബ്‌സിഡിയറി സ്ഥാപനമാണ്‌. പൂനെയാണ്‌ ആസ്ഥാനം. 5000 കോടി രൂപയുടെ വാര്‍ഷിക വരുമാനമുളള ഈ സ്ഥാപനം നിര്‍മ്മിക്കുന്ന വാക്‌സിനുകള്‍ 170ലേറെ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നു. ലോകാരോഗ്യസംഘടന, യുനിസെഫ്‌, പാന്‍ അമേരിക്കന്‍ ഹെല്‍ത്ത്‌ ഓര്‍ഗനൈസേഷന്‍ എന്നിവയുടെ വാക്‌സിനേഷന്‍ പ്രോഗ്രാമുകള്‍ക്ക്‌ ഇത്‌ ഉപയോഗിക്കുന്നു. പേവിഷത്തിനെതിരെ റാബി ഷീല്‍ഡ്‌ എന്ന മരുന്ന്‌ വികസിപ്പിച്ച സിറം ഇന്‍സ്റ്റിറ്റിയൂട്ട്‌ വാക്‌സിനുകള്‍ നിര്‍മ്മിക്കുകമാത്രമല്ല, അവ വികസിപ്പിക്കുകയും വിവിധ രോഗങ്ങള്‍ക്കുളള വാക്‌സിനുകളെ കുറിച്ച്‌ ഗവേഷണം നടത്തുകയും ചെയ്യുന്നു. അത്തരത്തില്‍ വിപുലമായ നിര്‍മ്മാണ, വികസന, ഗവേഷണ യൂണിറ്റുകളും വിദഗ്‌ദ്ധരും വിശാലമായ പ്ലാന്റുകളും കമ്പനിക്കുണ്ട്‌. അഞ്ചാം പനി, മുണ്ടിനീര്‌, റൂബെല്ല, ഹെപ്പറ്റൈറ്റിസ്‌, കുട്ടികള്‍ക്കുള്ള ഡി - ടി - പി ( ഡിഫ്‌ത്തീരിയ, ടെറ്റനസ്‌, വില്ലന്‍ ചുമ (പെര്‍ടുസിസ്‌))എന്നീ വാക്‌സിനുകള്‍ നിര്‍മ്മിച്ചുവരുന്നു.

2009 മുതല്‍ മൂക്കില്‍ ഒഴിക്കുന്ന പന്നിപ്പനി വാക്‌സിന്‍ വികസിപ്പിക്കുന്ന തിരക്കിലാണ്‌ കമ്പനി. അതിനിടെയാണ്‌ കൊവിഡ്‌ എത്തിയത്‌. കൊവിഡിനെതിരായ നാല്‌ വാക്‌സിനുകളാണ്‌ സിറം ഇന്‍സ്റ്റിറ്റിയൂട്ട്‌ ഉത്‌പാദിപ്പിക്കുന്നത്‌. ഓക്‌സ്‌ഫോഡ്‌ യൂണിവേഴ്‌സിറ്റിയുടെ കൊവിഷീല്‍ഡ്‌, അമേരിക്കന്‍ ബയോടെക്ക്‌ കമ്പനിയായ കോഡാജെനിക്‌സ്‌ വികസിപ്പിച്ച സിഡിഎക്‌സ്‌-005, നൊവാവാക്‌സിന്റെ എന്‍വിഎക്‌സ്‌-കൊവി2373 വാക്‌സിന്‍ എന്നിവയാണ്‌ മൂന്നെണ്ണം. മൂന്നാമത്തേത്‌ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തന്നെ നവീകരിച്ച ബി.സി.ജി വാക്‌സിനാണ്‌.

ചരിത്ര നിമിഷത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം

ചരിത്ര നിമിഷത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന്‌ സിറം ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്ത്യയുടെ സിഇഒ അഡാര്‍ പൂനാവാല. കൊറോണ പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡ്‌ വാക്‌സിന്‍ സ്വയം സ്വീകരിച്ച ശേഷം ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വാക്‌സിന്റെ സുരക്ഷയും ഗുണവും സാക്ഷ്യപ്പെടുത്തുന്നതിനാണ്‌ തങ്ങളുടെ സ്ഥാപനമായ സിറം ഇന്‍സ്റ്റിറ്റിയൂട്ട്‌ തന്നെ നിര്‍മ്മിച്ച വാക്‌സിന്‍ സ്വയം സ്വീകരിക്കുന്നതെന്ന്‌ കുത്തിവെയ്‌പ്പ്‌ സ്വീകരിച്ചതിന്‌ ശേഷം അദ്ദേഹം അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ കൊറോണ വാക്‌സിനേഷന്‍ പ്രക്രിയയ്‌ക്ക്‌ തുടക്കം കുറിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോട്‌ നന്ദി അറിയിക്കുന്നെന്നും അദാര്‍ പൂനെവാല കൂട്ടിച്ചേര്‍ത്തു.

വാക്‌സിനുകള്‍ക്ക്‌ ഒരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളുമില്ല: പി.സി. നമ്പ്യാര്‍
സിറം ഇന്‍സ്റ്റിറ്റിയൂട്ട്‌ നിര്‍മ്മിക്കുന്ന വാക്‌സിനുകള്‍ക്ക്‌ ഒരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളുമില്ലെന്നും മറ്റു രോഗമുള്ളവര്‍ ഡോക്ട്‌ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ വാക്‌സിന്‍ എടുക്കാന്‍ പാടുള്ളൂവെന്നും സിറം ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്ടര്‍ ഡോ.പി.സി.നമ്പ്യാര്‍. വാക്‌സിന്‍ എടുത്ത ശേഷവും കൊവിഡ്‌ പ്രോട്ടോക്കോള്‍ പാലിക്കണം. രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിച്ച്‌ ഇരുപത്തിയൊന്ന്‌ ദിവസത്തിന്‌ ശേഷം മാത്രമേ പ്രതിരോധ ശക്തി നേടുകയുള്ളൂ. ഇതിനു ശേഷവും ഇവര്‍ കോവിഡിന്റെ വാഹകാരാവാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലിന്‌ ശേഷം വാക്‌സിന്‍ നിര്‍മ്മാണം ഇരുപത്‌ കോടിയായി വര്‍ധിപ്പിക്കുമെന്നും വ്യവസായ അടിസ്ഥാനത്തില്‍ വാക്‌സിന്‍ വിതരണത്തിനായി സര്‍ക്കാറിന്റെ അനുമതി തേടിയിട്ടുണ്ടെന്നും നമ്പ്യാര്‍ പറഞ്ഞു.

കൊവിഷീല്‍ഡിനു പുറമെ നാല്‌ കൊവിഡ്‌ വാക്‌സിനുകള്‍ കൂടി സിറം ഇന്‍സ്റ്റിറ്റിയൂട്ട്‌ നിര്‍മ്മിക്കും. പൂനെ സിറം ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്‌ടര്‍ പി.സി. നമ്പ്യാര്‍. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഒക്ടോബര്‍ മാസത്തോടെ പുറത്തിറക്കും. ജനിതക മാറ്റം സംഭവിച്ച കൊവിഡ്‌ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി കോവിഷീല്‍ഡിനുണ്ട്‌. ഈ വര്‍ഷം തന്നെ മറ്റ്‌ വാക്‌സിനുകളുടെ നിര്‍മ്മാണം നടക്കും. രണ്ടാമത്തെ വാക്‌സിനായ നൊവാ വാക്‌സിന്റെ മൃഗങ്ങളിലുള്ള പരീക്ഷണം കഴിഞ്ഞെന്നും മനുഷ്യരിലെ പരീക്ഷണങ്ങള്‍ നടക്കുകയാണെന്നും നമ്പ്യാര്‍ അറിയിച്ചു. ജൂണ്‍ മാസത്തില്‍ നൊവാ വാക്‌സിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മ്മാണം ആരംഭിക്കും. മൂന്നാമത്തെ വാക്‌സിനായ കൊഡെജെനിക്‌സിന്റെ മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണം കഴിഞ്ഞു. ഓഗസ്റ്റ്‌ മാസത്തില്‍ ഈ വാക്‌സിന്‍ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

നവജാത ശിശുക്കള്‍ക്കുള്ള വാക്‌സിനും ഉടന്‍ നിര്‍മ്മിക്കും. കുട്ടികള്‍ക്ക്‌ ജനിച്ചയുടനെ തന്നെ കൊവിഡ്‌ പ്രതിരോധത്തിനുള്ള കുത്തിവെപ്പായി ഇത്‌ നല്‍കാന്‍ കഴിയുമെന്നും നമ്പ്യാര്‍ പറഞ്ഞു. ഇതേ വാക്‌സിന്‍ കൊവിഡ്‌ ബാധിതരായ ആളുകളുടെ ചിക്തസയ്‌ക്ക്‌ ഉപയോഗപെടുത്താനുള്ള പരീക്ഷണങ്ങള്‍ ഇപ്പോള്‍ നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൈറസ്‌ പുനാവാല
പൂനാവാല ഗ്രൂപ്പിന്റെ ചെയര്‍മാനാണ്‌ സൈറസ്‌ പൂനാവാല. 1941ല്‍ ഒരു പാഴ്‌സി കുടുംബത്തിലാണ്‌ ജനനം. അദ്ദേഹത്തിന്റെ പിതാവ്‌ ഒരു കുതിരക്കച്ചവടക്കാരനായിരുന്നു. 2020ലെ ഫോര്‍ബ്‌സിന്റെ 100 ശതകോടീശ്വരന്മാരുടെ ഇന്ത്യാക്കാരുടെ പട്ടികയില്‍ ആറാം സ്ഥാനക്കാരനാണ്‌ ഈ ബിസിനസുകാരന്‍. 11.5 ബില്യണ്‍ ഡോളറാണ്‌ സമ്പാദ്യം. മെഡിസിന്‍ രംഗത്തെ സംഭാവനകള്‍ കണക്കിലെടുക്ക്‌ 2005ല്‍ ഇന്ത്യാ ഗവണ്മെന്റ്‌ പത്മശ്രീ നല്‍കി ആദരിച്ചു. 2007,2014 വര്‍ഷങ്ങളില്‍ ഏണസ്റ്റ്‌ ആന്‍ഡ്‌ യംഗ്‌ ഓണ്‍ട്രാപ്രെണര്‍ അവാര്‍ഡ്‌, 2018 ഡോക്ടര്‍ ഓഫ്‌ ഹ്യുമേയ്‌ന്‍ ലെറ്റേഴ്‌സ്‌(യൂണിവേഴ്‌സിറ്റി ഓഫ്‌ മസാച്ചുസെറ്റ്‌സ്‌ മെഡിക്കല്‍ സ്‌കൂള്‍) 2019ല്‍ ഓക്‌സ്‌ഫഡ്‌ സര്‍വ്വകലാശാലയുടെ ഡോക്ടര്‍ ഓഫ്‌ സയന്‍സ്‌ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ തേടിയെത്തി.

അഡാര്‍ പൂനാവാല
സിറം ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്ത്യയുടെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറാണ്‌ അഡാര്‍ പൂനാവാല. സൈറസ്‌ പൂനാവാല-വില്ലൂ പൂനാവാല ദമ്പതികളുടെ മകന്‍. പൂനെയിലെ ദി ബിഷപ്‌സ്‌ സ്‌കൂളിലും കാന്റര്‍ബറിയിലെ സെയ്‌ന്റ്‌ എഡ്‌മണ്ട്‌സ്‌ സ്‌കൂളിലും യൂണിവേഴ്‌സിറ്റി ഓഫ്‌ വെസ്റ്റ്‌മിനിസ്റ്ററിലുമായി വിദ്യാഭ്യാസം. 2016ല്‍ ജിക്യൂ മാഗസിന്റെ ഫിലാന്ത്രോപിസ്റ്റ്‌ ഓഫ്‌ ദ്‌ ഇയര്‍ അവാര്‍ഡ്‌ 2017ല്‍ ഹ്യുമാനിറ്റേറിയന്‍ എന്‍ഡവര്‍ അവാര്‍ഡ്‌, സിഎന്‍എന്‍ ന്യൂസിന്റെ സിഎസ്‌ആര്‍ ബിസിനസ്‌ വിഭാഗത്തില്‍ ഇന്ത്യന്‍ ഓഫ്‌ ദ്‌ ഇയര്‍ അവാര്‍ഡ്‌ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടി. 2020ല്‍ ഫോര്‍ച്യൂണ്‍ മാഗസിന്റെ ഹെല്‍ത്ത്‌കെയര്‍ വിഭാഗത്തിലെ 40 അണ്ടര്‍ 40 പട്ടികയിലും ഇടം നേടി.

സിറം ഇന്‍സ്റ്റിറ്റിയൂട്ട്‌ ഒഫ്‌ ഇന്ത്യ

ആസ്ഥാനം: പൂനെ

സ്ഥാപിച്ചത്‌ :1966 ല്‍

സ്ഥാപകന്‍: സൈറസ്‌ എസ്‌. പൂനാവാല

വാര്‍ഷിക വരുമാനം: 5,000 കോടി രൂപ

"അപൂര്‍വ്വഭാഗ്യം"- ആര്‍.അശോക്‌ കുമാര്‍

കൊവിഡ്‌ വാക്‌സിന്‍ വരുംവരെ സിറം ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്ത്യ എന്ന കമ്പനിയെക്കുറിച്ച്‌ അറിയുന്നവര്‍ കുറവായിരുന്നു. എന്നാല്‍ ഇന്ന്‌ സ്ഥിതി മാറി. ഏവരും ഈ കമ്പനിയെ കുറിച്ച്‌ അന്വേഷിക്കുന്നു, ചര്‍ച്ചചെയ്യുന്നു, ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യുന്നു. എന്നാല്‍ ഞാന്‍ ഭാഗ്യവാനാണ്‌. 1997ല്‍ മാനേജ്‌മെന്റ്‌ പഠനത്തിന്‌ ശേഷം എനിക്ക്‌ ആദ്യമായി ജോലി ലഭിച്ചത്‌ സിറം ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്ത്യ എന്ന ലോകോത്തര വാക്‌സിന്‍ മാനുഫാക്‌ചറിംഗ്‌ കമ്പനിയിലാണ്‌. ജോലിക്കായി അഭിമുഖത്തില്‍ പങ്കെടുക്കുമ്പോള്‍ ഈ സ്ഥാപനത്തിന്റെ യഥാര്‍ത്ഥ മഹിമ എനിക്ക്‌ അജ്ഞാതമായിരുന്നു. സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഡയറക്ടറായിരുന്ന എസ്‌ എസ്‌ ചന്ദ്രബാബു എന്ന വലിയ മനുഷ്യനാണ്‌ എന്നെ ഇന്റര്‍വ്യൂ ചെയ്‌തത്‌. ആദ്യ പോസ്‌റ്റിംഗ്‌ ബാംഗ്ലൂര്‍ മഹാനഗരിയില്‍. അന്ന്‌ കമ്പനിയുടെ അസിസ്റ്റന്റ്‌ സെയില്‍സ്‌ മാനേജര്‍ ആയിരുന്ന അജിത്‌ സാറില്‍ നിന്നാണ്‌ എനിക്ക്‌ സിറം ഇന്‍സ്റ്റിറ്റിയൂട്ടിനെ കുറിച്ച്‌ കൂടുതല്‍ അറിയാനായത്‌. എന്നെ മകനെ പോലെ സ്‌നേഹിച്ച പി.പി.നായര്‍ സാറായിരുന്നു റീജിയണ്‍ മാനേജര്‍. അക്കാലത്ത്‌ കമ്പനി പല പുതിയ വാക്‌സിനുകളും രൂപപ്പെടുത്തുന്ന ഘട്ടമായിരുന്നു. ഈ കമ്പനിയുടെ മഹത്വം ഇന്ത്യയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. പോളിയോ, ടെറ്റനസ്‌, മീസില്‍സ്‌, റൂബെല്ല, ഹെപ്പറ്റൈറ്റിസ്‌ തുടങ്ങി എത്രയോ രോഗങ്ങള്‍ക്കുളള പ്രതിരോധവാക്‌സിനുകള്‍ നിര്‍മ്മിച്ച്‌ ലോകമെമ്പാടും എത്തിക്കുന്ന സ്ഥാപനമാണിത്‌.

സ്റ്റോക്ക്‌മാര്‍ക്കറ്റില്‍ ലിസ്‌റ്റ്‌ ചെയ്യാത്ത ഈ കമ്പനിയുടെ മൂല്യം കേരളത്തിലെ പല പൊതുമേഖലാസ്ഥാപനങ്ങളുടെയും മൂല്യത്തേക്കാള്‍ വരും. ഈ കമ്പനിയില്‍ കരിയര്‍ തുടങ്ങാനായാത്‌ പൂര്‍വ്വജന്മസുകൃതം തന്നെ. അതിന്‌ ഞാന്‍ എന്റെ ഗുരുസ്ഥാനീയനായ എസ്‌.എസ്‌.ചന്ദ്രബാബു സാറിനോട്‌ കടപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ പൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇന്ത്യയുടെ പങ്ക്‌ നിസ്‌തുലമാണ്‌. കൊവിഡ്‌ വാക്‌സിന്‍ ഈ സ്ഥാപനത്തെ ഒരു ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ആയി വളര്‍ത്തുമെന്നതില്‍ സംശയമില്ല.

 

Post your comments