Global block

bissplus@gmail.com

Global Menu

ഉറപ്പാണ് എൽഡിഎഫ് എന്തുകൊണ്ട്?

അസാധ്യമെന്നു കരുതിയിരുന്ന പലതും സാധ്യമാക്കിക്കൊണ്ട്‌ വികസന രംഗത്ത്‌ കേരളം അഭൂതപൂര്‍വമായ കുതിച്ചു ചാട്ടമാണ്‌ അങ്ങയുടെ ഭരണകാലയളവില്‍ നടത്തിയിട്ടുള്ളത്‌. വികസനനേട്ടങ്ങളുടെ പട്ടികയില്‍ അങ്ങ്‌ ഏറ്റവും സംതൃപ്‌തിയോടെ ചൂണ്ടിക്കാട്ടാന്‍ ആഗ്രഹിക്കുന്നത്‌ ഏതായിരിക്കും?

ഒരു പദ്ധതി മാത്രമല്ല ചൂണ്ടിക്കാണിക്കാന്‍ കഴിയുക. നവകേരള കര്‍മപദ്ധതിയുടെ ഭാഗമായ നാല്‌ മിഷനുകള്‍ ഉള്‍പ്പെടെ അനേകം പദ്ധതികളാണ്‌ സംതൃപ്‌തി നല്‍കിയിട്ടുള്ളത്‌. കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ കഴിയുന്ന വിധത്തിലുള്ള നാല്‌ മിഷനുകള്‍ക്കാണ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഘട്ടത്തില്‍ത്തന്നെ ആരംഭം
കുറിച്ചത്‌. ഹരിതകേരളം മിഷന്റെ ഭാഗമായി പുഴകളും തോടുകളും കിണറുകളും വൃത്തിയാക്കാനും തരിശുനിലങ്ങള്‍ വീണ്ടെടുക്കാനും കൃഷിയിടങ്ങള്‍ വിപുലപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്‌. ഇത്‌ കാര്‍ഷിക മേഖലയില്‍ നാം നടത്താന്‍ ഒരുങ്ങുന്ന കുതിച്ചുചാട്ടത്തിന്‌ ശക്തമായ അടിത്തറ പാകുകയാണ്‌ ചെയ്‌തത്‌.
ആര്‍ദ്രം മിഷനിലൂടെ സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനത്തെയാകെ രോഗീസൗഹൃദമാക്കി. ജില്ലാ, താലൂക്ക്‌ ആശുപത്രികളില്‍ വരെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുകയും ആവശ്യമായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റു ജീവനക്കാരെയും നിയമിച്ചുകൊണ്ട്‌ ആരോഗ്യസേവന രംഗത്തെ ശാക്തീകരിക്കാനും കഴിഞ്ഞിട്ടുണ്ട്‌. അങ്ങനെ നമ്മുടെ ആരോഗ്യമേഖലയെ പുത്തന്‍ വെല്ലുവിളികളെ
നേരിടാന്‍ കഴിയു വിധത്തില്‍ സജ്ജമാക്കുകയാണ്‌ ചെയ്‌തത്‌.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ
അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയര്‍ത്താന്‍ കഴിഞ്ഞു. 45,000 ഹൈടെക്‌ ക്ലാസ്‌മുറികള്‍
തയ്യാറാക്കാനും അവയ്‌ക്കാവശ്യമായ ലക്ഷകണക്കിന്‌ കമ്പ്യൂട്ടറുകളും മറ്റും ലഭ്യമാക്കാനും സാധിച്ചു. എല്ലാ നിയോജകമണ്ഡലത്തിലും ഒരുകോടി മുതല്‍ അഞ്ചുകോടി രൂപയുടെ വരെ സഹായം ലഭ്യമാക്കിക്കൊണ്ട്‌ പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പണികഴിപ്പിച്ചിട്ടുണ്ട്‌. അങ്ങനെ വരുംതലമുറയുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടികളാണ്‌ കൈക്കൊണ്ടത്‌.

ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനോടൊപ്പം തന്നെ പാര്‍പ്പിടവും പൗരന്റെ അവകാശമാണ്‌ എന്ന കാഴ്‌ചപ്പാട്‌ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്‌ ലൈഫ്‌ മിഷന്‍ നടപ്പാക്കിയത്‌. രണ്ടരലക്ഷം കുടുംബങ്ങള്‍ക്ക്‌ ആദ്യ രണ്ടു ഘട്ടങ്ങളിലായി വീടുകള്‍ ലഭ്യമാക്കിയിട്ടുണ്ട്‌. മൂന്നാം ഘട്ടത്തിലെ ഭവനസമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്‌. ഇനിയും ആവശ്യമുള്ളവര്‍ക്ക്‌ വീടുകള്‍ നിര്‍മിച്ചുകൊടുക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്‌. വാഗ്‌ദാനം ചെയ്‌തതുപോലെ തന്നെ നവകേരള കര്‍മപദ്ധതി യാഥാര്‍ത്ഥ്യമാക്കാനായി എന്നതില്‍ അതിയായ സന്തോഷമുണ്ട്‌. അവയോടൊപ്പം അടിസ്ഥാനസൗകര്യ മേഖലയില്‍ വലിയ കുതിച്ചുചാട്ടം നടത്താനായി. അഞ്ചുവര്‍ഷം കൊണ്ട്‌ അമ്പതിനായിരം കോടി രൂപയുടെ പദ്ധതികളാണ്‌ ലക്ഷ്യമിട്ടതെങ്കില്‍ നാലരവര്‍ഷം കൊണ്ട്‌ അറുപതിനായിരത്തിലധികം കോടി രൂപയുടെ പദ്ധതികള്‍ക്ക്‌ തുടക്കം കുറിക്കാനായി. വികസന കാര്യങ്ങളില്‍ ധനലഭ്യതയുടെ അപര്യാപ്‌തത കാരണമാക്കി കേരളം പിന്നോട്ടുപോകരുത്‌ എന്ന നിര്‍ബന്ധത്തിലാണ്‌ ഇതെല്ലാം ചെയ്‌തത്‌. അതില്‍ വലിയ അഭിമാനവുമുണ്ട്‌.

കോവിഡ്‌ പ്രമാണിച്ച്‌ ഈ സര്‍ക്കാര്‍ വിതരണം ചെയ്‌ത സൗജന്യ കിറ്റുകള്‍ കനത്ത
സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത്‌ അവിശ്വസനീയമായ ഒരു സമ്മാനം പോലെയാണ്‌ ഓരോ കുടുംബവും ഏറ്റുവാങ്ങിയത്‌. പ്രതിമാസം 1600 രൂപ ക്ഷേമപെന്‍ഷന്‍ നല്‍കുക എതും മറ്റൊരു അത്ഭുതമാണ്‌. ഈ ക്ഷേമനടപടികള്‍ നമ്മുടെ സമ്പദ്‌ഘടനയെ എങ്ങനെയാണ്‌ ബാധിക്കുക?

ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കുന്നത്‌ സമൂഹത്തിന്റെ അതിജീവനത്തിനാണ്‌. ഭക്ഷണം ഇല്ലാതെ എന്ത്‌ സാമൂഹ്യ പുരോഗതിയാണുണ്ടാവുക? കിറ്റുകള്‍ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ഫണ്ട്‌ വിനിയോഗിച്ചിട്ടുണ്ട്‌. ദുരിതാശ്വാസനിധിയിലെ ഏറിയ പങ്കും മനുഷ്യസ്‌നേഹികളായ ആളുകള്‍ നല്‍കിയ സംഭാവനയാണ്‌. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകളെ തടയാന്‍ പല തരത്തിലുള്ള ശ്രമങ്ങള്‍ നടന്നിട്ടും അതില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചതുകൊണ്ടാണ്‌ ഇപ്പോള്‍ ഇത്തരത്തില്‍ ആശ്വാസം നല്‍കാന്‍ കഴിയുന്നത്‌. ഇതുവരെ കിറ്റുകള്‍ക്കായി ചെലവഴിച്ചത്‌ 2845.79 കോടി രൂപയാണ്‌ (ഡിസംബര്‍ വരെ).
1600 രൂപയായി ക്ഷേമ പെന്‍ഷന്‍ നിരക്ക്‌ ഉയര്‍ത്തി എന്നു പറയുമ്പോള്‍ അത്‌ സമ്പദ്‌ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന്‌ വാദിക്കുന്നത്‌ അത്തരം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തരുത്‌ എന്ന ഉദ്ദേശമുള്ളതുകൊണ്ടാണ്‌. അങ്ങനെയുള്ളവരാണ്‌ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യാതെയിരിക്കുന്നത്‌. ഇതുവരെ ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ ചെലവഴിച്ചിട്ടുള്ളത്‌ 30,515.91 കോടി രൂപയാണ്‌ (നവംബര്‍ വരെ, ഏപ്രില്‍ മുതലാണ്‌ 1600 വീതം നല്‍കുക). യഥാര്‍ഥത്തില്‍ ക്ഷേമ പെന്‍ഷന്‌ അര്‍ഹരായിട്ടുള്ളവര്‍ ഈ തുക സംസ്ഥാനത്തിന്റെ സമ്പദ്‌ വ്യവസ്ഥയെ ചലിപ്പിക്കാന്‍ ഉതകുന്ന വിധത്തില്‍ ചെലവാക്കുകയാണ്‌ ചെയ്യുന്നത്‌. അത്‌ വലിയതോതില്‍ ചെറുകിട കച്ചവടക്കാര്‍ക്കും മറ്റും പ്രയോജനപ്പെടുതോടൊപ്പം അതിന്റെ ചെറിയ ഒരംശം നികുതിയായി തിരികെ ഖജനാവിലെത്തുകയും ചെയ്യും.

ഈ സര്‍ക്കാരിന്റെ അവശേഷിക്കുന്ന കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്വപ്‌നം എന്തായിരിക്കും?

പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്ന സര്‍ക്കാരാണ്‌ എന്ന വിശ്വാസം കൂടുതല്‍ ശക്തിപ്പെടുത്തുക; നവകേരളത്തിന്റെ കുതിപ്പിനുതകുന്ന സാഹചര്യം സൃഷ്ടിക്കുക. ലൈഫ്‌ മിഷന്റെ ഭാഗമായ ഭവനസമുച്ചയങ്ങളില്‍ ഏറിയ പങ്കും പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയാണ്‌. ദേശീയപാതാ, ജലപാതാ എിവയുടെ വികസനം പൂര്‍ത്തീകരണത്തിലേക്ക്‌ എത്തിക്കാനും ശ്രമിക്കുന്നു.

പ്രളയം മുതല്‍ കോവിഡുവരെ കേരള ചരിത്രത്തില്‍ തുല്യതയില്ലാത്ത പ്രതിസന്ധികളുടെ പരമ്പരയാണ്‌ ഈ സര്‍ക്കാരിന്‌ നേരിടേണ്ടി വന്നത്‌. ഇവയില്‍ തരണം ചെയ്യാന്‍ ഏറ്റവും പ്രയാസപ്പെടേണ്ടി വന്നത്‌ ഏത്‌ ഘട്ടമായിരുന്നു?

ഓഖി, നിപ, പ്രളയം, കാലവര്‍ഷക്കെടുതി, കൊവിഡ്‌ 19 എന്നിങ്ങനെ ഒന്നിനുപിറകെ ഒന്നൊന്നായി വലിയ വെല്ലുവിളികള്‍ ഈ സര്‍ക്കാരിന്‌ നേരിടേണ്ടിവന്നിട്ടുണ്ട്‌. ഓഖിയുടെ സമയത്ത്‌ രക്ഷാപ്രവര്‍ത്തനം ശ്രമകരമായിരുന്നു. കാണാതായവര്‍ക്കു കൂടി നഷ്ടപരിഹാരം നല്‍കാന്‍ ചട്ടങ്ങളില്‍ ഭേദഗതി വരെ വരുത്തേണ്ടിവന്നു. നിപ നമ്മുടെ ആരോഗ്യമേഖലയുടെ ശക്തിയെയും ശേഷിയെയും പരീക്ഷിക്കുന്ന ഒന്നായിരുന്നു. തുടര്‍ച്ചയായ കാലവര്‍ഷങ്ങളിലുണ്ടായ നഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്‌. ഇങ്ങനെ ഓരോന്നും ഓരോ തരത്തില്‍ വിഷമകരമായിരുന്നു എന്നാല്‍, ഇവയില്‍ ഏറ്റവും പ്രയാസമേറിയത്‌ ഇപ്പോള്‍ നാം അകപ്പെട്ടിരിക്കുന്ന മഹാമാരി തന്നെയാണ്‌. അത്‌ നമ്മുടെ ശാരീരിക ശേഷിയോടൊപ്പം മാനസിക ശേഷിയെയും സാമ്പത്തിക ശേഷിയെയും പരീക്ഷിക്കുന്ന ഒന്നാണ്‌. ഒരു സമൂഹമെന്ന നിലയ്‌ക്ക്‌ പ്രതിസന്ധിയെ അതിജീവിക്കാനുള്ള കഴിവും
പരീക്ഷിക്കപ്പെടുകയാണ്‌. മറ്റു പ്രതിസന്ധികള്‍ നമ്മെ മാത്രം ബാധിച്ചവയാണെങ്കില്‍ ഈ മഹാമാരി ലോകത്തെ ആകെ ഗ്രസിച്ചിരിക്കുന്ന ഒന്നാണ്‌. അതുകൊണ്ടുതന്നെ ഇതിനെ അതിജീവിക്കാന്‍ നമുക്കു മാത്രമായി കഴിയുകയുമില്ല. എന്നിരുാലും മറ്റു പല പ്രദേശങ്ങളെയും രാജ്യങ്ങളെയും അപേക്ഷിച്ച്‌ കേരളം
ഏറ്റവും മികച്ച രീതിയില്‍ തന്നെയാണ്‌ കോവിഡ്‌ 19നോട്‌ പൊരുതുന്നത്‌.

മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലും പുനര്‍ നിര്‍മാണത്തിലും ലോകത്തിലെമ്പാടും നിന്ന്‌ വന്‍തോതിലുള്ള പിന്തുണയാണ്‌ കേരളത്തിന്‌ ലഭിച്ചത്‌. ആ അനുഭവം എങ്ങനെയാണ്‌ സ്‌മരിക്കുന്നത്‌?

ലോകമാകെയുള്ള മലയാളികള്‍ ആഗോള കേരളീയ സമൂഹമാണ്‌ സൃഷ്ടിച്ചിട്ടുള്ളത്‌.
ആ സമൂഹത്തിനാണ്‌ മഹാപ്രളയത്തിന്റെ ഫലമായി അഭൂതപൂര്‍വമായ നാശനഷ്ടങ്ങള്‍
നേരിടേണ്ടിവന്നത്‌. അതുകൊണ്ടുതന്നെ സ്വാഭാവികമായും ലോകമാകെ ആ ദുരന്തഘട്ടത്തില്‍ കേരളത്തെ കരുതാനായി മുന്നോട്ടുവന്നു. അത്‌ കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ മറക്കാനാവാത്ത ഒരേടാണ്‌.

മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്നുവെന്നതായിരുന്നു മുഖ്യമന്ത്രി എന്ന നിലയില്‍ ആദ്യം അങ്ങയെ കുറിച്ചുണ്ടായ പരാതി. എന്നാല്‍ കോവിഡ്‌ ഘട്ടമായപ്പോള്‍ ദിവസവും മാധ്യമങ്ങളെ കാണുന്നു എന്നതായി ആക്ഷേപം. ഈ മാറ്റത്തെ എങ്ങനെയാണ്‌ വിലയിരുത്തുന്നത്‌ ?

മുഖ്യമന്ത്രി മാധ്യമങ്ങളെ കാണണോ വേണ്ടയോ എന്നത്‌ വിഷയങ്ങളുടെ ഗൗരവവും സവിശഷതയും അത്‌ എങ്ങനെ അറിയിക്കണം എന്നതിന്റെ സൗകര്യപ്രദമായ മാര്‍ഗവും കണക്കിലെടുത്താണ്‌ തീരുമാനിക്കപ്പെടുക. ഗൗരവതരമായ വിഷയങ്ങള്‍ ഉയര്‍ന്നുവന്നിട്ടുള്ള എല്ലാ ഘട്ടത്തിലും മാധ്യമങ്ങളെ കണ്ടിട്ടുണ്ട്‌. കോവിഡിന്റെ സമയത്ത്‌ ആരംഭിച്ചതല്ല ദിവസേനയുള്ള പത്രസമ്മേളനങ്ങള്‍. ഓഖിയുടെയും 2018ലെ മഹാപ്രളയത്തിന്റെയും 2019ലെ കാലവര്‍ഷക്കെടുതിയുടെയും ഒക്കെ ഘട്ടത്തില്‍ സ്ഥിരമായി മാധ്യമങ്ങളെ കണ്ടിട്ടുണ്ട്‌. മാധ്യമങ്ങളെ കാണുന്നു എന്നും കാണുന്നില്ല എന്നും തരാതരം പോലെ പറയുന്നത്‌ കേവലവിമര്‍ശനം എന്നതിനപ്പുറം
മറ്റൊന്നുമല്ല.

കോവിഡ്‌ പ്രതിരോധത്തില്‍ കേരളം തുടക്കത്തില്‍ അന്താരാഷ്ട്ര ശ്രദ്ധനേടുകയുണ്ടായി. പിന്നീട്‌ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധന മഹാമാരിക്കെതിരായ കേരളത്തിന്റെ പോരാട്ടത്തെ എങ്ങനെയാണ്‌ ബാധിച്ചിട്ടുള്ളത്‌?

കോവിഡ്‌ പ്രതിരോധത്തിന്റെ കാര്യത്തില്‍ കേരളം ഇപ്പോഴും ഏറ്റവും മികച്ച നിലയില്‍ തന്നെയാണ്‌ ഉള്ളത്‌. മരണനിരക്ക്‌ പരിശോധിച്ചാല്‍ അതു മനസ്സിലാകും. മറ്റു പലയിടങ്ങളെയും അപേക്ഷിച്ച്‌ ഓരോ രോഗിയെയും കണ്ടെത്താന്‍ വിപുലമായ ശ്രമങ്ങള്‍ നടത്തുന്നതുകൊണ്ട്‌ രോഗത്തിന്റെ വ്യാപനം കൃത്യമായി മനസ്സിലാക്കാനും അത്‌ തടയാനും വേണ്ട ഇടപെടലുകള്‍ ഫലപ്രദമായി നടത്താന്‍ കഴിയുന്നുണ്ട്‌. കോവിഡ്‌ ടെസ്റ്റിങ്ങും ചികിത്സയും സൗജന്യമായി നല്‍കുന്ന ഏക സംസ്ഥാനമാണ്‌ കേരളം എന്നതും ഇവിടെ വാക്‌സിനേഷനും സൗജന്യമായി എല്ലാവര്‍ക്കും ലഭ്യമാക്കും എന്നതും നാം ഓര്‍ക്കണം.

ലോകത്തിന്റെ സാമ്പത്തികസാമൂഹിക മേഖലകളെ അപ്പാടെ ഗ്രസിച്ച ഒരു സമ്പൂര്‍ണ ദുരന്തമായി കോവിഡ്‌
പിടിമുറുക്കിയിരിക്കുകയാണ്‌. ആരോഗ്യമേഖലയ്‌ക്കപ്പുറം കോവിഡിന്റെ ആഘാതങ്ങള്‍ നേരിടുന്നതിന്‌ കേരളം സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ്‌?

കേവലം ഒരു രോഗം എന്നതിനപ്പുറം സമൂഹത്തെയും സമ്പദ്‌ഘടനയെയും വലിയ പ്രതിസന്ധികളിലേക്ക്‌ തള്ളിവിടുന്ന തരത്തില്‍ നിരവധി മാനങ്ങളുള്ള പ്രശ്‌നമായാണ്‌ കോവിഡ്‌ 19 ഇന്ന്‌ ലോകമെമ്പാടും നിലനില്‍ക്കുന്നത്‌. അതിനെ തരണം ചെയ്യാന്‍ നമ്മളാല്‍ കഴിയുന്ന കാര്യങ്ങളെല്ലാം കേരളം ചെയ്യുന്നുണ്ട്‌. ലോക്ക്‌ഡൗണ്‍ ഘട്ടത്തില്‍ ഗുരുതര പ്രതിസന്ധിയിലായിരുന്ന ജനങ്ങള്‍ക്ക്‌ പ്രത്യേക കോവിഡ്‌ ധനസഹായ
പാക്കേജിലൂടെ ആശ്വാസം പകരാന്‍ കഴിഞ്ഞിട്ടുണ്ട്‌. അത്തരമൊരു പാക്കേജ്‌ നടപ്പാക്കിയ ഏക സംസ്ഥാനമായിരുന്നു കേരളം. അതേത്തുടര്‍ന്ന്‌ ഭക്ഷ്യ കിറ്റുകള്‍ മാസംതോറും നല്‍കുകയും ക്ഷേമ പെന്‍ഷന്‍ നിരക്കുകള്‍ ഉയര്‍ത്തുകയും ചെയ്‌തിട്ടുണ്ട്‌. ഇപ്പോള്‍ സുഭിക്ഷ കേരളത്തിലൂടെ നമ്മുടെ നാടിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും വ്യവസായ ഭദ്രതയിലൂടെ വ്യവസായങ്ങളെ സംരക്ഷിക്കാനും ഡ്രീം കേരളയിലൂടെ മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാനും ഒക്കെ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌ നാം.

അഴിമതിരഹിത ഭരണം അങ്ങയുടെ സര്‍ക്കാരിന്റെ സുപ്രധാന വാഗ്‌ദാനമായിരുന്നു. നാലു വര്‍ഷം
കഴിയുമ്പോള്‍ ഈ വാഗ്‌ദാനം എത്രത്തോളം നിറവേറ്റാനായി എന്നാണ്‌ അങ്ങു വിലയിരുത്തുന്നത്‌?

പൂര്‍ണമായി നിറവേറ്റാന്‍ കഴിഞ്ഞു എന്നാണ്‌ കരുതുന്നത്‌. അറുപതിനായിരം കോടിയിലധികം രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുമ്പോള്‍ ഇവിടെ ഒരൊറ്റ അഴിമതി ആരോപണം പോലും സര്‍ക്കാരിനെതിരെ ആര്‍ക്കും ഉന്നയിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടുതന്നെയാണ്‌ അഴിമതിരഹിത ഭരണമെന്ന വാഗ്‌ദാനം പൂര്‍ണമായും നിറവേറ്റി എന്നു പറഞ്ഞത്‌.

ഓരോ ഫയലും ഓരോ ജീവിതമായി കാണണമൊണ്‌ അധികാരമേറ്റയുടന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്‌ അങ്ങു നല്‍കിയ സന്ദേശം. അത്‌ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ക്രിയാത്മകവും മാനുഷികവുമായ ഒരു പരിവര്‍ത്തനം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ ഉണ്ടായിട്ടുണ്ടോ?

ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വലിയ വ്യത്യാസം പ്രകടമായിട്ടുണ്ട്‌. ഇ-ഫയലുകള്‍ വ്യാപകമാക്കിയതോടെ ഓരോ ഫയലിന്റെയും സ്ഥിതി കൃത്യമായി അറിയാമെന്ന നില ഉണ്ടായിട്ടുണ്ട്‌. എന്നിരുന്നാലും ഇനിയുമേറെ ഇക്കാര്യത്തില്‍ മുന്നോട്ടു പോകാനാകും എന്നാണ്‌ കരുതുന്നത്‌. നവകേരള നിര്‍മിതിക്കു വേണ്ടി ഒട്ടേറെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും ഈ സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്‌.

ഒരു വികസിത കേരളത്തിന്‌ വേണ്ടി അങ്ങ്‌ കാണുന്ന ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രധാന സ്വപ്‌നങ്ങള്‍
എന്തൊക്കെയാണ്‌?

സുസ്ഥിര വികസനമാണ്‌ നവകേരള നിര്‍മിതിയുടെ മുഖമുദ്ര. സുസ്ഥിര വികസന കാഴ്‌ചപ്പാടില്‍ അടിസ്ഥാനപ്പെടുത്തിക്കൊണ്ട്‌ സര്‍വതല സ്‌പര്‍ശിയും സാമൂഹിക നീതിയില്‍ അധിഷ്‌ഠിതവുമായ വികസനം യാഥാര്‍ത്ഥ്യമാക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. അതിന്റെ ഭാഗമായ മിഷനുകളെയും അടിസ്ഥാന സൗകര്യ വികസന പദ്ധതികളെയും കുറിച്ച്‌ മുമ്പ്‌ സൂചിപ്പിച്ചിരുന്നു. ഇതൊക്കെ നടപ്പാക്കുന്നത്‌ കഴിവുകളും ശേഷികളുമുള്ള നമ്മുടെ പുതിയ തലമുറയ്‌ക്ക്‌ ഇവിടെത്തന്നെ തൊഴിലുകള്‍ ലഭ്യമാക്കാനാണ്‌. തങ്ങളുടെ സമൂഹത്തിലുള്ള ആളുകള്‍ക്ക്‌ തൊഴില്‍ നല്‍കുന്നതിനു പുറമെ മറ്റിടങ്ങളിലുള്ള ആളുകള്‍ക്കു കൂടി തൊഴില്‍ നല്‍കാന്‍ കഴിയുന്ന വിധത്തില്‍ സാമൂഹിക സാമ്പത്തിക രംഗങ്ങള്‍ മെച്ചപ്പെടുന്നു എന്നതാണ്‌ വികസിത നാടുകളുടെ പ്രത്യേകത. ആ നിലയിലേക്ക്‌ കേരളത്തെയും ഉയര്‍ത്താനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ലോകത്തിന്റെ ഏതു ഭാഗത്തു പോയാലും മലയാളി അനുഭവിക്കുന്ന സൗകര്യങ്ങള്‍ കേരളത്തിലും ലഭ്യമാക്കുമ്പോഴേ കേരളവും വികസിതമായി എന്ന്‌ പറയാന്‍ കഴിയൂ. എന്നാല്‍, ഈ വികസനത്തിന്റെ ഗുണം ചുരുക്കം ചില ആളുകള്‍ക്കു മാത്രമല്ല, സമൂഹത്തിനാകെ ലഭ്യമാക്കാനാണ്‌ നവകേരള നിര്‍മിതിയിലൂടെ നാം ഉദ്ദേശിക്കുന്നത്‌.

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം കൂടുതലായി എന്തെല്ലാം ഉത്തരവാദിത്തങ്ങളാണ്‌ ഈ സര്‍ക്കാരില്‍ നിക്ഷിപ്‌തമാക്കുന്നത്‌?

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുണിക്കുണ്ടായിട്ടുള്ള വിജയം
വ്യക്തമാക്കുന്നത്‌ ജനങ്ങള്‍ ഈ സര്‍ക്കാരിനെ വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്നു എന്നാണ്‌. ജനങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിക്കുന്ന ആ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയര്‍ന്ന്‌ പ്രവര്‍ത്തിക്കാനായിരിക്കും സര്‍ക്കാര്‍
ശ്രമിക്കുക. കൂടുതല്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിക്കൊണ്ട്‌ സമൂഹത്തെ
പുരോഗമനപരമായി നിലനിര്‍ത്താനും പുരോഗതിയുടെ പാതയിലൂടെ മുന്നോട്ടുകൊണ്ടുപോകാനുമാണ്‌ സര്‍ക്കാര്‍ ശ്രമിക്കുക.

അങ്ങ്‌ നടത്തിയ കേരളപര്യടനത്തിന്റെ അനുഭവങ്ങള്‍ എന്തൊക്കെയാണ്‌?

വിവിധ മേഖലകളുടെയും പ്രദേശങ്ങളുടെയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും
അവയ്‌ക്ക്‌ സാധ്യമായ പരിഹാരങ്ങള്‍ കാണാനും ഉദ്ദേശിച്ചുകൊണ്ടാണ്‌
കേരള പര്യടനം സംഘടിപ്പിച്ചത്‌. ഇത്തരത്തില്‍ സംസ്ഥാനമാകെ സന്ദര്‍ശിച്ച്‌ വിവിധ ജനവിഭാഗങ്ങളോട്‌ സംവദിക്കുന്നത്‌ വികസനം ഏതെങ്കിലുമൊരു പ്രദേശത്തിനു മാത്രമായോ ഏതെങ്കിലുമൊരു മേഖലയ്‌ക്കു മാത്രമായോ ചുരുങ്ങിപ്പോകുന്നില്ല എന്ന്‌ ഉറപ്പുവരുത്താന്‍ കൂടിയാണ്‌. സംസ്ഥാനത്തെ ജനങ്ങളുടെയാകെ അഭിലാഷങ്ങള്‍ മനസ്സിലാക്കാനും അതിനനുസൃതമായ രീതിയില്‍ ഭരണനിര്‍വഹണം നടത്താനും സര്‍ക്കാരിനെ സഹായിക്കുന്ന ഒന്നായാണ്‌ കേരള പര്യടനം മാറിയിട്ടുള്ളത്‌.

കേന്ദ്ര സര്‍ക്കാരുമായുള്ള കേരളത്തിന്റെ ബന്ധം അങ്ങ്‌ എങ്ങനെയാണ്‌ വിലയിരുത്തുന്നത്‌? സ്വര്‍ണക്കടത്ത്‌
പോലുള്ള കേസുകളില്‍ കേന്ദ്രഏജന്‍സികള്‍ നടത്തുന്ന അന്വേഷണം കേന്ദ്രസംസ്ഥാന ബന്ധത്തില്‍ എന്തെങ്കിലും മാറ്റത്തിന്‌ ഇടയാക്കിയിട്ടുണ്ടോ?

ഇന്ത്യയിലുള്ള ഫെഡറല്‍ സംവിധാനത്തിനു നിരക്കു വിധത്തില്‍ കേന്ദ്ര സര്‍ക്കാരുമായി
സഹകരിക്കേണ്ട വിഷയങ്ങളില്‍ സഹകരിക്കാനും കേന്ദ്രത്തോട്‌ വിയോജിക്കേണ്ട ഘട്ടങ്ങളില്‍ വിയോജിക്കാനും സംസ്ഥാന സര്‍ക്കാര്‍ ഒട്ടും മടിച്ചിട്ടില്ല. ബഹുമാനപ്പെട്ട കേരള ഗവര്‍ണറുടെ പല നടപടികളും ദേശീയതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുകയും കേരളചരിത്രത്തില്‍ പുതിയ പല കീഴ്‌വഴക്കങ്ങള്‍ക്കും തുടക്കമിടുകയും ചെയ്‌തിട്ടുണ്ട്‌.

ബഹുമാനപ്പെട്ട ഗവര്‍ണറും ഈ മന്ത്രിസഭയുമായുള്ള ബന്ധം അങ്ങ്‌ എങ്ങനെയാണ്‌ കാണാന്‍ ആഗ്രഹിക്കുന്നത്‌?

ഒരേ വിഷയത്തെക്കുറിച്ച്‌ വ്യത്യസ്‌തമായ അഭിപ്രായങ്ങള്‍ ഉള്ളപ്പോള്‍ പോലും സംസ്ഥാന
സര്‍ക്കാരിന്റെ നിലപാടുകള്‍ അംഗീകരിക്കപ്പെടുന്ന നിലയാണ്‌ ഇപ്പോഴുള്ളത്‌.

കോവിഡ്‌ തീര്‍ത്ത പ്രതിസന്ധിക്കു മുന്നില്‍ അന്ധാളിച്ചു നില്‍ക്കുന്ന കേരളീയരോട്‌
പൊതുവിലും പ്രവാസികളോടും യുവാക്കളോടും പ്രത്യേകിച്ചും അങ്ങേക്ക്‌ നല്‍കാനുള്ള സന്ദേശം എന്താണ്‌?

ഏതു പ്രതിസന്ധിയും പുതിയ സാധ്യതകള്‍ തുറക്കുന്നവയാണ്‌, ഉയര്‍ന്ന ഉത്തരവാദിത്ത ബോധത്തോടെ പ്രവര്‍ത്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നവയുമാണ്‌. ആ സാധ്യതകള്‍ തിരിച്ചറിഞ്ഞ്‌ പ്രവര്‍ത്തിക്കാനും
ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത്‌ സാമൂഹിക പ്രതിബദ്ധതയോടെ ജീവിക്കാനും നമുക്ക്‌ ഓരോരുത്തര്‍ക്കും കഴിയണം. പ്രവാസികള്‍ എന്നും കേരളത്തെ കരുതിയിട്ടുണ്ട്‌. ഈ ദുര്‍ഘട ഘട്ടത്തില്‍ കേരളം പ്രവാസികളെ കൂടുതലായി കരുതും. സാങ്കേതികവിദ്യയുടെയും ശാസ്‌ത്രത്തിന്റെയും ആരോഗ്യത്തിന്റെയും മറ്റും മേഖലകളില്‍ നൂതന ഇടപെടലുകള്‍ക്കുള്ള അവസരമാണ്‌ കോവിഡ്‌ തുറുതിരിക്കുന്നത്‌. അതുപയോഗിക്കാന്‍ കഴിയുന്ന ചെറുപ്പക്കാരാണ്‌ കേരളത്തിലുള്ളത്‌. ഈ ഘട്ടത്തില്‍ ക്രിയാത്മകമായി ഇടപെട്ടുകൊണ്ട്‌ കേരളത്തിന്റെ യശസ്സുയര്‍ത്താന്‍ നമ്മുടെ യുവതീ യുവാക്കള്‍ക്ക്‌ കഴിയുമെന്നാണ്‌ ഞാന്‍ കരുതുന്നത്‌. പ്രവാസികള്‍ക്കും വിദേശത്ത്‌ അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ്‌ പദ്ധതിയും നടപ്പാക്കുകയാണ്‌.
 

Post your comments