Global block

bissplus@gmail.com

Global Menu

വെള്ളാരം കണ്ണുള്ള സുന്ദരി - ശ്രിയ രമേശ്

ടിവി പരമ്പരകളിലൂടെ മലയാളിയുടെ മനസ്സിലിടം നേടുകയും പിന്നീട്‌ മലയാളം തമിഴ്‌ സിനിമകളില്‍ സജീവമാകുകയും ചെയ്‌ത നടിയാണ്‌ ശ്രീയ രമേശ്‌. 2013ല്‍ പുറത്തിറങ്ങിയ കുങ്കുമപ്പൂവ്‌ എന്ന പരമ്പരയില്‍ മീര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ്‌ ശ്രിയ മുഖ്യധാരയിലെത്തുന്നത്‌. സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍ ചിത്രം എന്നും എപ്പോഴുമാണ്‌ ആദ്യ സിനിമ. ഇതുവരെ ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ച ശ്രേയയുടെ സിനിമ,കുടുംബവിശേഷങ്ങളിലൂടെ...

1. അഭിനയരംഗത്തേക്ക്‌ എത്തിയത്‌?
വിവാഹം കഴിഞ്ഞ്‌ ഭര്‍ത്താവിനൊപ്പം ഷാര്‍ജയില്‍ പോയശേഷമാണ്‌ അഭിനയരംഗത്ത്‌ സജീവമാകുന്നത്‌. നാടകങ്ങളിലൂടെയായിരുന്നു തുടക്കം. പിന്നീട്‌ അവതാരകയായി. ചില ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചു. 2013ലാണ്‌ ടിവി പരമ്പരകളിലേക്ക്‌ എത്തുന്നത്‌. കുങ്കുമപ്പൂവ്‌ ആയിരുന്നു ആദ്യ സീരിയല്‍. സത്യമേവ ജയതേ, ഏഴു സുന്ദര രാത്രികള്‍, മായാമോഹിനി, അയ്യപ്പ ശരണം തുടങ്ങിയ മലയാളം സീരിയലുകളിലും ഒരു തെലുങ്കു പരമ്പരയിലും അഭിനയിച്ചു.

2. സിനിമയിലേക്ക്‌

2015ലാണ്‌ സിനിമയിലെത്തുന്നത്‌. സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും എന്ന ചിത്രത്തില്‍ ഡോ.ഉഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ്‌ തുടക്കം. പിന്നീട്‌ ഒപ്പം, വേട്ട, മോഹന്‍ലാല്‍, ഒടിയന്‍, ലൂസിഫര്‍, തമിഴില്‍ കൃഷ്‌ണം, ഉന്‍ കാതല്‍ ഇരുന്താല്‍ കന്നഡയില്‍ കസ്‌തൂരി മഹല്‍ തുടങ്ങി പതിനാലോളം ചിത്രങ്ങളില്‍ അഭിനയിച്ചു.

3. സിനിമയില്‍ വലിയ മാറ്റങ്ങള്‍ വരുന്ന കാലമാണ്‌ എങ്ങിനെ നോക്കിക്കാണുന്നു?

തീര്‍ച്ചയായും സ്വാഗതാര്‍ഹമായ ഒന്നാണത്‌. പുതിയ കാലഘട്ടം പുതിയ കാഴ്‌ചപ്പാടുകള്‍ ഇതെല്ലാം വളരെ വേഗത്തില്‍ സിനിമയിലും കടന്നുവരുന്നു. അതിന്റെ വേഗത ഇനിയും വര്‍ദ്ധിക്കുകയും ചെയ്യും. പുതു തലമുറയുടെ ശൈലി തികച്ചും വ്യത്യസ്‌തമാണ്‌. കോവിഡ്‌ കാലം സൃഷ്ടിച്ച ഒരു ബ്രേക്ക്‌ ഒരു പക്ഷെ സിനിമയുടെ ചരിത്രത്തിലെ വലിയ വഴിത്തിരിവാകാനും ഇടയുണ്ട്‌. വെബ്‌ സീരീസുകള്‍ ജനപ്രിയമായത്‌ ഈ കാലത്താണ്‌. കൂടുതല്‍ പേര്‍ അ രംഗത്തേക്ക്‌ കടന്നുവരികയും നമ്മുടെ ആസ്വാദന രീതികള്‍ മാറും എന്നുമാണ്‌ കരുതുന്നത്‌.

സിനിമയായാലും വെബ്‌ സീരീസ്‌ ആയാലും ഒരു ചെറിയ പരസ്യം ആയാല്‍ പോലും കൂടുതല്‍ ക്വാളിറ്റി നല്‍കുവാന്‍ അണിയറ ശില്‌പികള്‍ ശ്രദ്ധിക്കും. സ്‌ക്രീനില്‍ നിന്നും കണ്ണെടുക്കാതെ ഇരുന്ന്‌ കാണുന്ന വിധത്തില്‍ ഉള്ള മികവ്‌ പുലര്‍ത്തിയില്ലെങ്കില്‍ ആളുകള്‍ തിരസ്‌കരിക്കും എന്ന ഒരു അവസ്ഥയിലേക്കും എത്തുന്നുണ്ട്‌.

4. സിനിമയില്ലാതെ കോവിഡ്‌ കാലത്ത്‌ എങ്ങിനെ ചിലവഴിച്ചു?

ലോക്‌ഡൗണിന്റെ ആദ്യഘട്ടത്തില്‍ തിരക്കുകളില്‍ നിന്നൊഴിഞ്ഞ്‌ വിശ്രമത്തിന്റെ ഒരു മൂഡിലായിരുന്നു. കുടുംബത്തോടൊപ്പം ചിലവഴിച്ചും പാചകം ചെയ്‌തും, സിനിമകളും വെബ്‌ സീരീസും കണ്ടും, വായിച്ചുമെല്ലാം സമയം ചിലവിട്ടു. യൂറ്റൂബില്‍ ഒരു ചാനല്‍ ആരംഭിച്ചു. ഇതിനിടയില്‍ എന്റെ മനസ്സില്‍ കിടന്നിരുന്ന കഥകളോ അനുഭവങ്ങളൊ എന്നൊക്കെ പറയാവുന്ന ചില ആശയങ്ങള്‍ കുറിച്ചുവെയ്‌ക്കുവാന്‍ സമയം കണ്ടെത്തി.
ലൂസിഫറിനു ശേഷം ഉന്‍ കാതല്‍ ഇരുന്താല്‍, കൊണ്ടോട്ടി പൂരം, ഗോസ്റ്റ്‌ റൈറ്റര്‍, തട്ടുകട മുതല്‍ സെമിത്തേരി വരെ കസ്‌തൂരിമഹല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു എന്നാല്‍ കോവിഡ്‌ ലോക്ക്‌ ഡൗണും മറ്റും കാരണം റിലീസ്‌ ആയിട്ടില്ല.

5. ഇതിനിടയില്‍ ചില അന്യഭാഷാ ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു അല്ലെ?
കന്നഡയില്‍ കസ്‌തൂരിമഹള്‍ എന്ന ഒരു ചിത്രം ചെയ്‌തു ദിനേശ്‌ ബാബു സാറാണ്‌ സംവിധായകന്‍, ഹൊറര്‍ പശ്ചാത്തലത്തില്‍ ഉള്ള ചിത്രമായിരുന്നു. പിന്നീട്‌ ഒരു തെലുങ്ക്‌ വര്‍ക്കും വന്നു. രാമോജിറാവു സ്റ്റുഡിയോയില്‍ ആയിരുന്നു അതിന്റെ ചിത്രീകരണം. കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്‌ ആയിരുന്നു ഷൂട്ടിംഗ്‌. ഭാഷ ഒരു പ്രശ്‌നമായിരുന്നു, പ്രത്യേകിച്ച്‌ തെലുങ്ക്‌. മലയാളികള്‍ക്ക്‌ നല്ല റെസ്‌പ്‌കെട്‌ നല്‍കുന്നു എന്നത്‌ എടുത്ത്‌ പറയേണ്ടതുണ്ട്‌.

7. ഉടന്‍ റിലീസിന്‌ ഒരുങ്ങുന്ന ചിത്രം?

തട്ടുകട മുതല്‍ സെമിത്തേരി വരെ എന്ന സിനിമയാണ്‌ ഉടന്‍ റിലീസിന്‌ ഒരുങ്ങുന്നത്‌. ജഗദീഷ്‌ ചേട്ടനാണ്‌ നായകന്‍. സിറാജ്‌ സംവിധാനം ചെയ്‌ത ചിത്രമാണ്‌, അദ്ദേഹം തന്നെയാണ്‌ കഥയും തിരക്കഥയും എഴുതിയത്‌. സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള ഒരു ചിത്രം. വയനാട്ടില്‍ വച്ചായിരുന്നു അതിന്റെ ഷൂട്ടിംഗ്‌. ഷൂട്ടിംഗ്‌ തുടങ്ങാന്‍ ഇരിക്കുന്ന വലിയ താരങ്ങളുടെ ചിത്രങ്ങളില്‍ ഉള്‍പ്പെടെ ഉണ്ട്‌. തല്‍ക്കാലം കൂടുതല്‍ വിവരങ്ങള്‍ പറയുവാന്‍ അനുവാദം ഇല്ല.

8. ബിസിനസ്സ്‌ രംഗത്ത്‌ വലിയ തകര്‍ച്ചകള്‍ ഉണ്ടായ സമയമാണ്‌ ഇത്‌. ശ്രീയുടെ കാഴ്‌ചപ്പാട്‌ എന്താണ്‌?

ബിസിനസ്സ്‌ രംഗത്ത്‌ കോവിഡ്‌ വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചു എന്നത്‌ യാഥാര്‍ഥ്യമാണ്‌. എങ്കിലും പോസിറ്റീവായ പല മാറ്റങ്ങളും ഈ കാലത്ത്‌ ഉണ്ടായിട്ടുണ്ട്‌. യാതൊരു വിചിന്തനവും ഇല്ലാതെ പോയിക്കൊണ്ടിരുന്ന മനുഷ്യര്‍ പെട്ടെന്ന്‌ വലിയ മാറ്റത്തിനു വിധേയരായി. പ്രതിസന്ധികള്‍ മനുഷ്യരുടെ ഉള്ളിലെ പല കഴിവുകളേയും പുറത്ത്‌ കൊണ്ടുവരും എന്ന്‌ കേട്ടിട്ടില്ലെ. ധാരാളം പേര്‍ ചെറിയ ചെറിയ ബിസിനസ്സുകളിലേക്ക്‌ കടന്നു വന്നു. പ്രത്യേകിച്ച്‌ സ്‌തീകള്‍ കേക്ക്‌ ഉള്‍പ്പെടെ പല ഭക്ഷ്യ വസ്‌തുക്കള്‍ വീട്ടില്‍ ഉണ്ടാക്കാനും വിപണിയിലേക്ക്‌ എത്തിക്കാനും തുടങ്ങി, ചിലര്‍ ഫാഷന്‍ ഡിസൈനിംഗ്‌ ചിത്ര രചന കരകൗശലം തുടങ്ങിയവയിലേക്ക്‌ തിരിഞ്ഞു. അവര്‍ക്കത്‌ തുടര്‍ന്ന്‌ കൊണ്ടു പോകുവാന്‍ പറ്റിയാല്‍ നല്ല കാര്യമാണ്‌.ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിച്ചതോടെ വലിയ തുക ചിലവിട്ട്‌ ഷോപ്പുകളും മറ്റും തുടങ്ങേണ്ട ആവശ്യം ഇല്ലാതായി. വീട്ടില്‍ ഇരുന്നുകൊണ്ട്‌ തന്നെ വിപണി കണ്ടെത്തുവാന്‍ സാധിക്കുന്നു.

9. കോവിഡ്‌ കാലത്ത്‌ വളരെ അധികം ആളുകള്‍ നേരിടേണ്ടി വന്ന ഒന്നാണ്‌ ഡിപ്രഷന്‍. പ്രത്യേകിച്ച്‌ ബിസിനസ്സ്‌, സിനിമ രംഗത്ത്‌ നിന്നൊക്കെ അത്തരം വാര്‍ത്തകളും വന്നിരുന്നു. അത്തരം ഒരു അവസ്ഥ ഉണ്ടായിട്ടുണ്ടോ?
പ്രതിസന്ധികള്‍ എക്കാലത്തും ഉണ്ടാകും എന്ന്‌ കരുതുന്ന ആളല്ല. ശുഭാപ്‌തി വിശ്വാസമാണ്‌ എന്റെ പ്ലസ്‌ പോയന്റ്‌.
ടെന്‍ഷനുകള്‍ തുറന്ന്‌ പറയാന്‍ ആരുമില്ല എന്ന അവസ്ഥ വലിയ ഭീകരമാണ്‌. അങ്ങിനെ ഒറ്റപ്പെട്ടു പോകുമ്പോള്‍, അതല്ലെങ്കില്‍ പരീക്ഷയില്‍ പ്രൊഫഷനില്‍ പരാജയപ്പെടുമ്പോള്‍ ഒക്കെ ആണ്‌ പൊതുവില്‍ ഡിപ്രഷന്‍ ഉണ്ടാകുന്നത്‌. എന്നാല്‍ എന്നെ സംബന്ധിച്ച്‌ ശക്തമായ ഒരു കുടുംബ അന്തരീക്ഷം നിലനില്‍ക്കുന്നതിനാലും ഒപ്പം നല്ല സുഹൃത്ത്‌ ബന്ധങ്ങളും ഉള്ളതിനാലും അത്തരം പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നില്ല.

10. ഓണ്‍ലൈനില്‍ വിവിധ വിഷയങ്ങളില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്താറുണ്ട്‌, ചിലപ്പോഴെല്ലാം വലിയ വിമര്‍ശനങ്ങളും വരാറുണ്ട്‌. അടുത്തിടെ ഒരു പോസ്റ്റില്‍ പറയുകയുണ്ടായി പൊതു സമൂഹത്തിലെ പോലെ ഓണ്‍ലൈന്‍ ജീവിതത്തിലും ചില മര്യാദകള്‍ പാലിക്കുന്നതില്‍ മലയാളികള്‍ പഠിക്കേണ്ടിയിരിക്കുന്നു എന്ന്‌. അത്തരം ഒരു അഭിപ്രായത്തിലേക്ക്‌ എത്തുവാന്‍ കാരണം?

ഒരേ സമയം പൊതു ജീവിതവും ഓണ്‍ലൈന്‍ ജീവിതവുമെന്ന ദ്വന്ദ്വങ്ങളിലേക്ക്‌ മാറിയിരിക്കുന്നു നമ്മുടെ ജീവിതം. കോവിഡാനന്തര കാലത്ത്‌ പൊതുജീവിതം ചുരുങ്ങുകയും ഓണ്‍ലൈന്‍ ജീവിതം വര്‍ദ്ധിക്കുകയും ചെയ്യും. ഓണ്‍ലൈനില്‍ ആരെപറ്റിയും എന്തും പറയാം ആരുടേയും സ്വകാര്യതയിലേക്ക്‌ കടന്നു കയറാം എന്ന്‌ ഒരു തെറ്റായ ധാരണ പലര്‍ക്കും ഉണ്ട്‌. എന്നാല്‍ പൊതു ജീവിതത്തില്‍ പാലിക്കുന്ന മര്യാദകള്‍ ഓണ്‍ലൈനില്‍ ജീവിതത്തിലും പുലര്‍ത്തേണ്ടതുണ്ട്‌ എന്ന ഒരു ബോധ്യം മലയാളിക്ക്‌ ഉണ്ടാകേണ്ടിയിരിക്കുന്നു. അച്ഛന്റെയും മകളുടേയും ചിത്രമോ, അതല്ലെങ്കില്‍ മകള്‍ക്കും മരുമകനും ഒപ്പമുള്ള ഒരു ചിത്രമോ സാമൂഹ്യമാധ്യമത്തില്‍ ഇട്ടാല്‍ ഉടനെ അതിനെ അങ്ങേയറ്റം മ്ലേച്ഛമായ രീതിയില്‍ കമന്റിടുന്നത്‌ ഒട്ടും നന്നല്ല. അത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന ആളുകള്‍ക്കൊപ്പം ജീവിക്കുന്ന സ്‌ത്രീകള്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു.ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ മുന്നോട്ട്‌ പോകലിന്‌ അനിവാര്യമാണ്‌ എന്നാണ്‌ ഞാന്‍ കരുതുന്നത്‌.

11. രാഷ്ടീയത്തെ പറ്റി ചില പോസ്റ്റുകള്‍ കാണാറുണ്ട്‌. ശ്രീയുടെ രാഷ്ടീയം വ്യക്തമക്കാമോ?

വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ഞാന്‍ അഭിപ്രായം പറയാറ്‌. ഏതെങ്കിലും രാഷ്ടീയ പാര്‍ട്ടിയുടെ അണിയായി ഇരിക്കുവാന്‍ ആഗ്രഹിക്കുന്നില്ല, കാരണം അഭിപ്രായങ്ങള്‍ തുറന്ന്‌ പറയുവാന്‍ അതൊരു പരിമിതിയാണ്‌. നെറികേടുകളെ ന്യായീകരിക്കേണ്ടതായി വരും. എല്ലാ കാര്യത്തിലും അഭിപ്രായം പറയുക എന്നതല്ല, എനിക്ക്‌ അഭിപ്രായം പ്രകടിപ്പിക്കണം എന്ന്‌ തോന്നുന്ന വിഷയങ്ങളില്‍ അന്നേരം തന്നെ അഭിപ്രായം പറയാറുണ്ട്‌.
വികസനം വാക്കുകളില്‍ അല്ല വ്യക്തമായ കാഴ്‌ചപ്പാടോടെ കേരളത്തിനു ഒരു വികസന പ്ലാന്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു എന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. അതിനു സങ്കുചിതമായ രാഷ്ടീയ കാഴ്‌ചപ്പാടുകള്‍ മാറ്റി, കാലഘട്ടത്തിനു മുന്നേ ചിന്തിക്കുന്ന, കൃത്യമായ വിഷന്‍ ഉള്ള മിടുക്കുള്ള നേതൃത്വം നമ്മുടെ നാടിന്‌ വേണം.

12. മലയാളി അഭിമുഖീകരിക്കുന്നതും എന്നാല്‍ ശ്രദ്ധിക്കാത്തതുമായ ഒരു വലിയ പ്രതിസന്ധിയെ പറ്റി ചോദിച്ചാല്‍?
മാധ്യമങ്ങളിലെ വിവാദങ്ങളില്‍ ആണ്‌ പലപ്പോഴും നമ്മുടെ ശ്രദ്ധ. സ്വര്‍ണ്ണക്കടത്തു കേസും അതിന്റെ ബഹളങ്ങളും ആയിരുന്നു കുറേ മാസങ്ങള്‍ അങ്ങനെ പോയി. മഞ്ഞ ഗോള്‍ഡല്ല ബ്ലൂ ഗോള്‍ഡ്‌ അഥവാ കുടിവെള്ള ക്ഷാമം അതാണ്‌ മലയാളി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി ഞാന്‍ കാണുന്നത്‌, എന്നാല്‍ അതെ പറ്റി പൊതുവായ ആശങ്ക ഒരിക്കലും പ്രകടിപ്പിച്ചു കാണുന്നില്ല. ഒരോ വര്‍ഷവും നമ്മുടെ കുടിവെള്ളത്തിന്റെ ആവശ്യം വര്‍ദ്ധിക്കുകയും എന്നാല്‍ ജല ലഭ്യതയുടെ അളവ്‌ കുറയുകയും ചെയ്യുന്നു. ഭാവിയെ മുന്‍ കൂട്ടി കണ്ട്‌ ഇപ്പോഴേ ശ്രദ്ധിച്ചില്ലെങ്കില്‍ നമുക്ക്‌ വലിയ ദുരിതത്തെ ആകും അഭിമുഖീകരിക്കേണ്ടിവരിക.

ഈ ഇലക്ഷന്‍ കാലത്ത്‌ ചര്‍ച്ച മഞ്ഞ ഗോള്‍ഡിനെ പറ്റിയല്ല ബ്ലൂഗൊള്‍ഡിനെ പറ്റിയാകണം, കുടിവെള്ള പ്രശ്‌നത്തിനു പരിഹാരം കാണുന്നതിന്‌ രാഷ്ടീയ-ഭരണ നേതൃത്വത്തെക്കൊണ്ട്‌ സത്വരമായ നടപടികള്‍ സ്വീകരിപ്പിക്കുവാന്‍ ആകണം നമ്മുടെ പരിശ്രമം.

കുടുംബം
അച്ഛന്‍ രാമചന്ദ്രന്‍ പിളള, അമ്മ രത്‌നമ്മ. ഭര്‍ത്താവ്‌ രമേശ്‌ നായര്‍. ഞങ്ങള്‍ക്ക്‌ രണ്ടുമക്കളാണ്‌ അദ്രജ, അദ്രിത്‌ .

Post your comments