Global block

bissplus@gmail.com

Global Menu

എംഎല്‍എ സ്‌പീക്കിംഗ്‌- വികസനം വാഴും..... വി.കെ.പ്രശാന്ത്‌ എംഎല്‍എ

വി.കെ.പ്രശാന്ത്‌- നഗരപിതാവില്‍ നിന്ന്‌ നിയമസഭാംഗത്തിലേക്ക്‌ ഉയര്‍ന്ന തിരുവനന്തത്തോരത്തുകാരുടെ സ്വന്തം ബ്രോ. മാലിന്യക്കൂമ്പാരങ്ങളാല്‍ ചീഞ്ഞുനാറിയ തിരുവനന്തപുരത്തെ അടിച്ചുവാരി വൃത്തിയാക്കി, ഇ-ടോയ്‌ലറ്റുകളും കംഫര്‍ട്ട്‌ സ്റ്റേഷനുകളും ഹരിതപ്രോട്ടോക്കോളുമടക്കം ശുചിത്വത്തിന്റെ നവനവങ്ങളായ പദ്ധതികള്‍ നടപ്പിലാക്കിയ മേയര്‍. പ്രളയകാലത്ത്‌ രാപ്പകലില്ലാത്ത അശ്രാന്ത പരിശ്രമം ചെയ്‌ത, എല്ലായിടത്തും സഹായഹസ്‌തവുമായി ഓടിയെത്തിയ ചുറുചുറുക്കുളള മേയര്‍. പിന്നീട്‌ യുഡിഎഫില്‍ നിന്ന്‌ വട്ടിയൂര്‍ക്കാവ്‌ മണ്ഡലം പിടിച്ചെടുത്ത ഇടതുയുവത്വം. വട്ടിയൂര്‍ക്കാവ്‌ മണ്ഡലത്തില്‍ 17 മാസം കൊണ്ട്‌ വികസനത്തിന്റെ പുതുചരിത്രം രചിച്ച സാമാജികന്‍. അഡ്വ.വി.കെ.പ്രശാന്ത്‌ എംഎല്‍എയ്‌ക്ക്‌ വിശേഷണങ്ങള്‍ നിരവധിയാണ്‌. കക്ഷി-രാഷ്ട്രീയ ഭേദമെന്യേ തിരുവനന്തപുരത്തുകാര്‍ ഹൃദയത്തിലേറ്റിയ വി.കെ.പ്രശാന്ത്‌ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ച്‌ വാചാലനാകുന്നു. ഉറപ്പാണ്‌ എല്‍ഡിഎഫ്‌ എന്ന മുദ്രാവാക്യത്തിന്‌ പിന്നെ കാര്യകാരണങ്ങളെ കുറിച്ച്‌ അദ്ദേഹം ബിസിനസ്‌ പ്ലസിനോട്‌ മനസ്സുതുറക്കുന്നു....

സാധാരണക്കാരന്റെ സര്‍ക്കാര്‍
ഭരണത്തുടര്‍ച്ച ഉറപ്പാണ്‌ എന്നു പറയുന്നത്‌ പല കാരണങ്ങള്‍ കൊണ്ടാണ്‌. അതായത്‌ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനം അംഗീകരിച്ചു. ഒരു വീടും പട്ടിണി കിടക്കരുത്‌ എന്നത്‌ പ്രാവര്‍ത്തികമാക്കി. ഭക്ഷ്യകിറ്റ്‌ കൊടുക്കുന്നു, കറന്റ്‌ ചാര്‍ജ്ജ്‌ കൂട്ടുന്നില്ല, ബസ്‌ ചാര്‍ജ്‌ വര്‍ദ്ധിപ്പിക്കുന്നില്ല, പെന്‍ഷന്‍ കൃത്യമായി വീട്ടിലെത്തിക്കുന്നു, സബ്‌സിഡിയായി അരി നല്‍കുന്നു, വീട്ടുകരം വര്‍ദ്ധിപ്പിക്കുന്നില്ല അങ്ങനെയങ്ങനെ ജനങ്ങളെ സംബന്ധിച്ച്‌ ആനുകൂല്യങ്ങളെല്ലാം പ്രത്യക്ഷമായി ലഭിക്കുകയാണ്‌. അതില്‍ അവര്‍ തൃപ്‌തരുമാണ്‌. ഏത്‌ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴും പാലം വന്നു, വികസനം വന്നു എന്നതിനപ്പുറം തനിക്ക്‌ എന്തു ലഭിച്ചു എന്നാണ്‌ സാധാരണക്കാരന്‍ ചിന്തിക്കുന്നത്‌. അവര്‍ക്ക്‌ വേണ്ടതെല്ലാം ഈ സര്‍ക്കാര്‍ നല്‍കി. കൊവിഡ്‌ പശ്ചാത്തലത്തില്‍ ഭക്ഷണം വരെ അര്‍ഹരായവര്‍ക്ക്‌ വീട്ടിലെത്തിച്ചു നല്‍കി. ഒരു വര്‍ഷമായി ഭക്ഷ്യക്കിറ്റ്‌ വിതരണം ചെയ്യുന്നു. മുന്‍കാലങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി സാധാരണക്കാരന്‌ വേണ്ടതെല്ലാം നല്‍കിയ സര്‍ക്കാരാണിത്‌.

വികസനം വീണ്‍വാക്കല്ല
ഇനി വികസനത്തിന്റെ കാര്യമെടുത്താലും മികച്ച പ്രവര്‍ത്തനമാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ കാഴ്‌ചവച്ചത്‌. പാലങ്ങള്‍, റോഡുകള്‍, വന്‍കിട പദ്ധതികള്‍ തുടങ്ങി മുമ്പ്‌ കേവലം വാചടോപം മാത്രമായിരുന്നവയെല്ലാം യാഥാര്‍ത്ഥ്യമാക്കി. നൂറ്‌ പാലങ്ങള്‍, 100 റോഡുകള്‍, 80 ഹൈടെക്‌ സ്‌കൂളുകള്‍ എന്നിങ്ങനെയാണ്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുന്നത്‌. കൊവിഡ്‌ സാഹചര്യത്തിലാണ്‌ ഒരുമിച്ച്‌ ഉദ്‌ഘാടനം ചെയ്യേണ്ടിവന്നതെങ്കിലും അത്രയേറെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നതു കൂടി കാണണം. വട്ടിയൂര്‍ക്കാവ്‌ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പട്ടം സ്‌കൂളിന്റെ ഉദ്‌ഘാടനസമയത്ത്‌ 90 സ്‌കൂളുകളുടെ ഉദ്‌ഘാടനമാണ്‌ നിര്‍വ്വഹിച്ചത്‌. പൊതുവിദ്യാലയങ്ങളെ ആധുനീകരിച്ച്‌ സുസജ്ജമാക്കിയ മറ്റൊരു സര്‍ക്കാരില്ല തന്നെ. ഇതൊരു വലിയ മാറ്റമാണ്‌. പോളിങ്‌ ബൂത്തുകള്‍ സ്‌കൂളുകളില്‍ നിന്ന്‌ മാറ്റണമെന്ന പ്രതിപക്ഷനേതാവിന്റെ അഭിപ്രായത്തില്‍ തന്നെ ഈ വികസനത്തിന്റെ സൂചനയുണ്ട്‌. അതായത്‌ ഹൈടെക്‌ ആയി മാറിയ സ്‌കൂളുകള്‍ കണ്ട്‌ ജനം എല്‍ഡിഎഫിന്‌ തന്നെ വോട്ടുചെയ്യുമെന്ന ഭയം അദ്ദേഹത്തിന്‌ ഉണ്ട്‌. അത്തരത്തില്‍ പിണറായി സര്‍ക്കാരിനും ഇടതുമുന്നണിക്കും അനുകൂലമായ ഒരു അന്തരീക്ഷമാണ്‌ നിലവിലുളളത്‌. അതുകൊണ്ടുതന്നെയാണ്‌ ഉറപ്പാണ്‌ എല്‍ഡിഎഫ്‌, ഉറപ്പാണ്‌ വികസനം, ഉറപ്പാണ്‌ ക്ഷേമം എന്ന മുദ്രാവാക്യമുയര്‍ത്തുന്നത്‌. തദ്ദേശ തിരഞ്ഞെടുപ്പില്‍ അത്‌ തെളിയിക്കപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിലും അത്‌ തുടരും.

വട്ടിയൂര്‍ക്കാവിലെ വികസന വിപ്ലവം
പൊതുവെ യുഡിഎഫ്‌ ചായ്‌ വുളള മണ്ഡലമായിരുന്നു വട്ടിയൂര്‍ക്കാവ്‌. അത്തരമൊരു സാഹചര്യത്തിലാണ്‌ 2019ലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ വിജയിക്കുന്നത്‌. തുടര്‍ന്ന്‌ എല്‍ഡിഎഫിന്‌ ലഭിച്ചത്‌ 17 മാസമാണ്‌.17 മാസത്തില്‍ ഏഴുമാസം വരെ കൊവിഡിനെ തുടര്‍ന്ന്‌ നിശ്ചലമായി. ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുകയും ചെയ്‌തു. ഫലത്തില്‍ കിട്ടിയത്‌ 9 മാസമാണ്‌. അപ്പോള്‍ ഈ കുറഞ്ഞ സമയം കൊണ്ട്‌ കൂടുതല്‍ കാര്യങ്ങള്‍ ചെയ്‌തു. കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ഏറ്റവും കൂടുതല്‍ ചര്‍ച്ചാവിഷയം തകര്‍ന്ന റോഡുകളായിരുന്നു. എവിടെ ചെന്നാലും ഈ റോഡൊന്നു ശരിയാക്കി തരണം എന്ന ആവശ്യമാണുയര്‍ന്നത്‌. ആ വാഗ്‌ദാനം പാലിക്കാന്‍ കഴിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട്‌ 106 റോഡുകളുടെ പണി പൂര്‍ത്തിയാക്കി. 45 റോഡുകളുടെ നവീകരണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്‌. ഈ ടേം പൂര്‍ണ്ണമായും ലഭിച്ചിരുന്നെങ്കില്‍ അവയുടെ പണിയും പൂര്‍ത്തിയാക്കുമായിരുന്നു. അടിമുടി മാറിയ റോഡുകള്‍ ജനങ്ങള്‍ക്ക്‌ പ്രത്യക്ഷമായി അനുഭവവേദ്യമായ ഒന്നാണ്‌. 26 കോര്‍പറേഷന്‍ വാര്‍ഡുകളാണ്‌ വട്ടിയൂര്‍ക്കാവ്‌ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്‌. 24 എണ്ണം പൂര്‍ണ്ണമായും രണ്ടെണ്ണം ഭാഗികമായും. കക്ഷി-രാഷ്ട്രീയഭേദമില്ലാതെയാണ്‌ റോഡുകള്‍ വികസിപ്പിച്ചത്‌.

ചുരുങ്ങിയ കാലയളവില്‍ 1080 കോടിയുടെ വികസനമാണ്‌ മണ്ഡലത്തില്‍ നടപ്പാക്കിയത്‌. വട്ടിയൂര്‍ക്കാവിന്റെ ചിരകാല സ്വപ്‌നമായ വട്ടിയൂര്‍ക്കാവ്‌ ജങ്‌ഷന്‍ വികസന പദ്ധതി(320 കോടി രൂപ), പേരൂര്‍ക്കട മേല്‍പാലം (160 കോടി രൂപ),പട്ടം മേല്‍പ്പാലം (138 കോടി രൂപ) തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ അടിസ്ഥാനസൗകര്യ വികസനം (139 കോടി രൂപ), കൂടാതെ വട്ടിയൂര്‍ക്കാവ്‌, പട്ടം, പേരൂര്‍ക്കട, കാച്ചാണി, കുമാരപുരം തുടങ്ങി നിരവധി പ്രദേശങ്ങളിലെ സ്‌കൂളുകളുടെ നവീകരണം, പേരൂര്‍ക്കട ആശുപത്രി നവീകരണം (9 കോടി രൂപ), കുലശേഖരം പാലം 80% പണി പൂര്‍ത്തീകരിച്ചു, ബാര്‍ട്ടന്‍ ഹില്‍ എന്‍ജിനീയറിംഗ്‌ കോളജ്‌ വികസനം, വട്ടിയൂര്‍ക്കാവില്‍ റവന്യൂ ടവര്‍ (2 കോടി രൂപ), ശാസ്‌തമംഗലം റവന്യൂടവര്‍ (3.5 കോടി രൂര), കുടപ്പനക്കുന്ന്‌ കളക്ടറേറ്റ്‌ കോമ്പൗണ്ട്‌ വികസനം (1.5 കോടി രൂപ) തുടങ്ങി എണ്ണമറ്റ വികസനപ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട്‌ കൊണ്ടുവരാനായി. ഇതെല്ലാം വോട്ടാകുമെന്നു തന്നെയാണ്‌ പ്രതീക്ഷ.

വികസനം ജനം തൊട്ടറിയും
വികസനം ജനങ്ങളിലേക്ക്‌ എത്തിക്കാനായോ എന്ന ചോദ്യം സ്വാഭാവികമാണ്‌. റോഡുവികസനം പോലെയുളളവ ജനങ്ങള്‍ക്ക്‌ നേരിട്ട്‌ ബോധ്യപ്പെടുന്നവയാണ്‌. 17 മാസം മുമ്പുളള റോഡുകളുടെ അവസ്ഥയും ഇപ്പോഴത്തെ നിലവാരവും അവര്‍ക്ക്‌ നേരിട്ട്‌ ബോധ്യപ്പെടും. പിന്നെ കൊവിഡ്‌ കാലത്തും വെറുതെയിരുന്നില്ല. സര്‍ക്കാരിന്റെ കൃഷി പദ്ധതി ഏറ്റെടുത്ത്‌ എല്ലാ വീടുകളിലും സൗജന്യമായി വിത്തും തൈകളും എത്തിച്ചു.ഹോമിയോ പ്രതിരോധ മരുന്ന്‌ എത്തിച്ചു. ആയുര്‍വേദക്യാമ്പ്‌, സിദ്ധ ക്യാമ്പ്‌, ഹോമിയോ ക്യാമ്പ്‌ എന്നിവ സംഘടിപ്പിച്ചു.ഓണ്‍ലൈന്‍ പഠനസഹായത്തിനായി ടെലിവിഷന്‍, ലാപ്‌ടോപ്പ്‌, മൊബൈല്‍ തുടങ്ങിയവ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ഇരുനൂറോളം കുട്ടികള്‍ക്ക്‌ വിതരണം ചെയ്‌തു. 80 വയസ്സ്‌ കഴിഞ്ഞ അമ്മമാര്‍ക്കെല്ലാം ഓണക്കോടി വീടുകളിലെത്തിച്ചു. 11 സ്‌കൂള്‍ ലൈബ്രറികള്‍ക്കായി പുസ്‌തകങ്ങള്‍ നല്‍കി.അങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്‌തു. കൊവിഡ്‌ കാലത്ത്‌ വീട്ടിലിരിക്കുന്ന അമ്മമാര്‍ക്കായി കമ്പ്യൂട്ടര്‍ ലിറ്ററസി പ്രോഗ്രാം നടത്തി സര്‍ട്ടിഫിക്കറ്റ്‌ നല്‍കി. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ തൊഴില്‍ പരിശീലനം, വട്ടിയൂര്‍ക്കാവ്‌ യൂത്ത്‌ ബ്രിഗേഡ്‌ രൂപീകരണം തുടങ്ങി ജനങ്ങളിലേക്കിറങ്ങിചെന്നുളള നിരവധി പ്രവര്‍ത്തനങ്ങളാണ്‌ നടത്തിയത്‌.

മേയറോ എംഎല്‍എയോ
രണ്ടും രണ്ട്‌ പദവിയാണ്‌. മേയറുടെ ചുമതലാ പരിധി വലുതാണ്‌. തിരുവനന്തപുരം നഗരസഭാ പരിധിക്കുളളില്‍ നാല്‌ നിയമസഭാ മണ്ഡലങ്ങള്‍ പൂര്‍ണ്ണമായും ഒരു നിയമസഭാമണ്ഡലം ഭാഗികമായും ഉള്‍പ്പെടുന്നു. കോവളം, തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ്‌, കഴക്കൂട്ടം എന്നിവയാണവ. അതില്‍ ഒരു മണ്ഡലത്തിന്റെ എംഎല്‍എയാകുമ്പോള്‍ ചുമതലാപരിധി കുറവാണെന്ന്‌ പറയാം. മേയര്‍ എക്‌സിക്യൂട്ടീവ്‌ ഹെഡ്‌ കൂടിയാണ്‌. എന്നാല്‍ എംഎല്‍എയ്‌ക്ക്‌ എക്‌സിക്യൂട്ടീവ്‌ പവര്‍ ഇല്ല. പക്ഷേ രാഷ്ട്രീയപരമായി കുറച്ചുകൂടി ഉയര്‍ന്ന പദവിയാണെന്ന വ്യത്യാസമുണ്ട്‌. മാത്രമല്ല ചുമതലാപരിധി ഒരു മണ്ഡലത്തിലേക്കായി ചുരുങ്ങുമ്പോള്‍ ജനങ്ങളുമായി കൂടുതല്‍ അടുത്ത്‌ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു. വീണ്ടും അവസരം ലഭിച്ചാല്‍ ഇപ്പോള്‍ തുടങ്ങിവച്ച വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കുക എന്നതിനാണ്‌ പ്രഥമപരിഗണന.

കഴമ്പില്ലാത്ത ആരോപണങ്ങള്‍
പ്രതിപക്ഷം കൊണ്ടുവരുന്ന ആരോപണങ്ങളിലൊന്നും തന്നെ കഴമ്പില്ല. നിയമനവിവാദത്തിന്റെ കാര്യം തന്നെയെടുക്കാം, കഴിഞ്ഞ സര്‍ക്കാരിനെ അപേക്ഷിച്ച്‌ 1,70,000ല്‍പരം നിയമനങ്ങള്‍ നടത്തിയ സര്‍ക്കാരാണിത്‌. മാത്രമല്ല തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും പൊലീസിലും ഉള്‍പ്പെടെ പുതിയ തസ്‌തികകള്‍ സൃഷ്ടിച്ചു. ഈ വര്‍ഷത്തെ ബജറ്റില്‍ പോലും ആരോഗ്യവകുപ്പില്‍ അയ്യായിരത്തില്‍പരം പുതിയ ഒഴിവുകള്‍ സൃഷ്ടിക്കുമെന്നറിയിച്ചിട്ടുണ്ട്‌. ഓഖി, നിപ, രണ്ട്‌ പ്രളയങ്ങള്‍, കൊവിഡ്‌ തുടങ്ങി നിരന്തരമായ പ്രതിസന്ധികള്‍ക്കിടയിലാണ്‌ ഇതെല്ലാമെന്നത്‌ കണക്കിലെടുക്കണം. മാത്രമല്ല വസ്‌തുതകള്‍ മനസ്സിലാക്കേണ്ടതുമുണ്ട്‌. ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്‌ പൊലീസ്‌ റാങ്ക്‌ ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷമായി ചുരുക്കിയത്‌. ഉദ്യോഗാര്‍ത്ഥികള്‍ സമരം ചെയ്യുന്നതോ ഇടതുസര്‍ക്കാരിനെതിരെയും. അതാണ്‌ വിരോധാഭാസം. എംഎല്‍എ എന്ന നിലയില്‍ ഞാന്‍ യുവജനക്ഷേമ സമിതിയില്‍ അംഗമാണ്‌. അതിന്റെ ഭാഗമായി ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനായി ഒരു അദാലത്ത്‌ നടത്തി. 1800ല്‍ പരം പരാതികളാണ്‌ ലഭിച്ചത്‌. അവ പരിശോധിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ്‌ ഫെബ്രുവരി മാസം വരെ കാലാവധിയുളള റാങ്ക്‌ ലിസ്റ്റുകളുടെ കാലാവധി 6 മാസത്തേക്ക്‌ കൂടി നീട്ടിയത്‌. അപ്പോള്‍ ചെയ്യാവുന്ന പരമാവധി കാര്യങ്ങള്‍ ഈ സര്‍ക്കാര്‍ ചെയ്‌തു.

മികച്ച രീതിയില്‍ ലൈഫ്‌
മേയറായിരിക്കുമ്പോള്‍ തന്നെ 12,000 പേര്‍ക്കാണ്‌ ലൈഫ്‌ പദ്ധതിപ്രകാരം വീടുകള്‍ അനുവദിച്ചത്‌. ഇതുവരെ 19000 പേര്‍ക്കാണ്‌ നഗരസഭയില്‍ നിന്ന്‌ വീട്‌ അനുവദിച്ചത്‌. നഗരത്തില്‍ ഭൂമിയുളള മുഴുവന്‍ ഭവനരഹിതര്‍ക്കും വീട്‌ അനുവദിച്ചു. ഭൂമിയില്ലാത്തവരുടെ പ്രശ്‌നം പരിഹരിച്ചുവരികയാണ്‌. കേരളത്തില്‍ മാത്രമാണ്‌ ഭവനനിര്‍മ്മാണത്തിനായി 4 ലക്ഷം രൂപ നല്‍കുന്നത്‌. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്രയും തുക നല്‍കുന്നില്ല. എന്നാല്‍ പലരും ഇതിനെ കേന്ദ്രപദ്ധതിയായി വ്യാഖ്യാനിക്കുകയാണ്‌. പിഎംഎവൈയുമായി കൂട്ടിയോജിപ്പിച്ചുവെന്നത്‌ വസ്‌തുതയാണ്‌. പക്ഷേ കേന്ദ്രം നഗരമേഖലയില്‍1.5 ലക്ഷം രൂപയും ഗ്രാമപ്രദേശങ്ങളില്‍ 72,000 രൂപയും മാത്രമേ നല്‍കുന്നുളളു. കേരളത്തില്‍ സംസ്ഥാനസര്‍ക്കാര്‍ 2.75 ലക്ഷം രൂപ കൂടി അനുവദിച്ചത്‌ കൊണ്ടാണ്‌ പദ്ധതി വിജയിച്ചത്‌. പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ പോലും പിഎംഎവൈ 2040 ലേ പൂര്‍ണ്ണമാകൂ എന്നാണ്‌ പറയുന്നത്‌. എന്നാല്‍ കേരളത്തില്‍ ഭൂമിയുളള മുഴുവന്‍ പേര്‍ക്കും വീട്‌ നല്‍കി കഴിഞ്ഞു. അതുപോലെ തന്നെ പട്ടികജാതി വിഭാഗക്കാര്‍ക്ക്‌ ഭൂമി വാങ്ങുന്നതിന്‌ 6 ലക്ഷം രൂപ അനുവദിക്കുന്നു. ജനറല്‍ വിഭാഗക്കാര്‍ക്ക്‌ വസ്‌തുവാങ്ങാന്‍ 5 ലക്ഷം രൂപ നല്‍കും. അതായത്‌ പട്ടികജാതിവിഭാഗക്കാരെ സംബന്ധിച്ചിടത്തോളം വസ്‌തുവാങ്ങാന്‍ 6ലക്ഷവും വീട്‌ വയ്‌ക്കാന്‍ 4 ലക്ഷവും ലഭിക്കുന്നു. ജനറല്‍ വിഭാഗക്കാരനാകട്ടെ അഞ്ചും നാലും ഒന്‍പത്‌ ലക്ഷം രൂപ ലഭിക്കുന്നു.

മികച്ച മുഖ്യമന്ത്രി
കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി ശ്രീ പിണറായി വിജയന്‍ മാറിയിട്ടുണ്ട്‌. അദ്ദേഹം പ്രതിസന്ധിഘട്ടത്തില്‍ എടുത്ത നിലപാടുകളും നടത്തിയ പ്രവര്‍ത്തനവും ജനങ്ങളില്‍ വലിയ മതിപ്പുണ്ടാക്കിയിട്ടുണ്ട്‌. വന്‍കിട പദ്ധികള്‍ കൊണ്ടുവരുന്നു, മികച്ച ക്രൈസിസ്‌ മാനേജ്‌മെന്റ്‌, കിഫ്‌ബി പോലുളള പദ്ധതികള്‍ വഴിയുളള വന്‍ വികസനപദ്ധതികള്‍ തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ നേതൃഗുണം പ്രകടമാക്കുന്നവയാണ്‌. അദ്ദേഹത്തിന്റെ ആ പ്രതിച്ഛായ ഇടതുമുന്നണിക്ക്‌ ഗുണകരമാകും, വിജയം പ്രദാനം ചെയ്യും.

മേയര്‍ എന്ന നിലയിലും എംഎല്‍എ എന്ന നിലയിലും മികച്ച പ്രകടനം കാഴ്‌ചവച്ച പൊതുപ്രവര്‍ത്തകനാണ്‌ വി.കെ.പ്രശാന്ത്‌. ജനങ്ങള്‍ ആഗ്രഹിക്കുന്നതുപോലൊരു മാതൃകാ യുവനേതാവ്‌. ഇത്തവണയും വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിന്റെ പേരുതന്നെയാണ്‌ ഉയര്‍ന്നുകേള്‍ക്കുന്നത്‌. ജനം വികസനത്തിന്‌ വോട്ടുനല്‍കിയാല്‍ ഒരു പക്ഷേ ചുറുചുറുക്കുളള ഒരു മന്ത്രിയെ കേരളത്തിന്‌ ലഭിച്ചേക്കും. അത്രത്തോളമാണ്‌ ഈ യുവസാമാജികന്റെ ജനപ്രീതി.

Post your comments