Global block

bissplus@gmail.com

Global Menu

ഉറപ്പാണ്‌ എല്‍ഡിഎഫ്‌- കെ.പ്രകാശ്‌ബാബു (അസിസ്റ്റന്റ്‌ സെക്രട്ടറി, സിപിഐ)

ഉറപ്പാണ്‌ എല്‍ഡിഎഫ്‌ എന്ന മുദ്രാവാക്യവുമായി ഭരണത്തുടര്‍ച്ചാ പ്രതീക്ഷയോടെ ഇടതുമുന്നണി നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനൊരുങ്ങുമ്പോള്‍...ഇടതുസര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ചും സിപിഐ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പാര്‍ട്ടി നയങ്ങളെക്കുറിച്ചും സിപിഐ അസിസ്‌്‌റ്റന്റ്‌ സെക്രട്ടറി കെ.പ്രകാശ്‌ബാബു പറയുന്നു......

ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക്‌ കേരളത്തില്‍ ഒരു തുടര്‍ഭരണം ലഭിക്കും എന്ന കാര്യത്തില്‍ സംശയമേയില്ല. ഇടതു സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്ക്‌ ഉറപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങളുമാണ്‌ തുടര്‍ഭരണമുണ്ടാകും എന്ന ഉറപ്പിന്‌ കാരണമായ പ്രധാനഘടകങ്ങള്‍. മുന്‍പ്‌ ഒരു സര്‍ക്കാരും ചെയ്യാത്ത അത്രയും സാമൂഹികസുരക്ഷാപദ്ധതികള്‍ ഈ സര്‍ക്കാര്‍ കൊണ്ടുവന്നു. ജനം അതൊന്നും മറക്കില്ല എന്ന വിശ്വാസമാണ്‌ ഉറപ്പാണ്‌ എല്‍ഡിഎഫ്‌ എന്ന മുദ്രാവാക്യത്തിന്റെ ചാലകശക്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള മന്ത്രിസഭ സുസ്ഥിരവികസനം കേരളത്തിന്‌ ഉറപ്പാക്കാന്‍ കഴിയുന്ന നടപടികളാണ്‌ കൈകൊണ്ടത്‌. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ സുസ്ഥിരവികസനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം കേരളമാണ്‌. അതൊരു വലിയ അംഗീകാരമാണ്‌. സിപിഐയുടെ മന്ത്രിമാരും അതില്‍ അവരവരുടേതായ പങ്ക്‌ വഹിച്ചു.

അടിമുടി മാറിയ കാര്‍ഷിക മേഖല
കാര്‍ഷികമേഖലയിലും അനുബന്ധമേഖലകളിലുമായി വലിയ മാറ്റമാണ്‌ ഈ അഞ്ചുവര്‍ഷക്കാലത്തിനുളളില്‍ കൊണ്ടുവരാനായത്‌. നെല്ലുത്‌പാദനത്തില്‍ 1987-91 കാലഘട്ടത്തിലാണ്‌ ഇതിനുമുമ്പ്‌ ചെറിയരീതിയിലുളള മാറ്റം കൊണ്ടുവരാനായത്‌. സഖാവ്‌ വി.പി.രാഘവന്റെ നേതൃത്വത്തില്‍ ഗ്രൂപ്പ്‌ ഫാമിംഗ്‌ കൊണ്ടുവന്നപ്പോഴായിരുന്നു അത്‌. അതിനുശേഷം വലിയ ഒരു മാറ്റം ഈ മേഖലയില്‍ വരുന്നത്‌ ഇപ്പോഴാണ്‌. തരിശുനിലം കൃഷിയും, കുടുംബശ്രീ യൂണിറ്റുകളെ പങ്കാളികളാക്കലും അതുവഴി നെല്ലുത്‌പാദനം വര്‍ദ്ധിപ്പിക്കുന്നതിലും സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ വളരെ മികച്ച നേട്ടമുണ്ടാക്കി. സര്‍ക്കാര്‍ നടപടികളുടെ ഫലമായി നെല്ലുത്‌പാദനം വര്‍ദ്ധിച്ചു, നിലത്തിന്റെ വിസ്‌തൃതി വര്‍ദ്ധിച്ചു ഇതിനൊക്കെ പുറമെ പരിസ്ഥിതി സംതുലനത്തിലും നെല്‍വയലുകള്‍ പ്രധാനപങ്കുവഹിക്കുന്നുണ്ട്‌. മാത്രമല്ല നിലം നിലമായി നിലനിര്‍ത്തുന്നവര്‍ക്ക്‌ റോയല്‍റ്റി കൊടുക്കുമെന്നത്‌ എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. അതുപ്രകാരം റോയല്‍റ്റി കൊടുക്കാന്‍ തീരുമാനിച്ചു. പ്രാരംഭനടപടി എന്ന നിലയില്‍ ഒരു ഹെക്ടറിന്‌ 2500 രൂപയാണ്‌ റോയല്‍റ്റി കൊടുക്കാന്‍ തീരുമാനിച്ചത്‌. ഇന്ത്യയിലൊരു സംസ്ഥാനത്തും ഈ സംവിധാനമില്ല. നിലം കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും അതിനെ നമ്മുടെ സംസ്‌കൃതിയുടെ ഭാഗമായി നിലനിര്‍ത്തുന്നതിനുമുളള പരിശ്രമത്തിന്റെ ഭാഗമായി ഈ സര്‍ക്കാര്‍ കൊണ്ടുവന്ന നടപടിയാണിത്‌.

മറ്റൊരു കാര്യം കൊവിഡ്‌ കാലത്തും അതിനുതൊട്ടുമുമ്പുമായി കേരളത്തില്‍ ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചു. മുമ്പ്‌ സഖാവ്‌ വി.കെ.രാജന്‍ കൃഷിമന്ത്രിയായിരുന്ന സമയത്താണ്‌ ഈ പരിശ്രമം തുടങ്ങിവച്ചത്‌. പിന്നീടുവന്ന എല്‍ഡിഎഫ്‌ സര്‍ക്കാരുകള്‍ അത്‌ പടിപടിയായി ഉയര്‍ത്തി. ഇപ്പോഴത്തെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വലിയ നേട്ടമാണുണ്ടാക്കിയത്‌. അതായത്‌ ഒരു വര്‍ഷം കേരളത്തിന്‌ വേണ്ടത്‌ 15 ലക്ഷം മെട്രിക്‌ ടണ്‍ പച്ചക്കറിയാണ്‌. നിലവില്‍ 14.75 ലക്ഷം മെട്രിക്ക്‌ ടണ്‍ പച്ചക്കറി ഇവിടെ ഉത്‌പാദിപ്പിക്കുന്നു. അതായത്‌ ലക്ഷ്യത്തിലേക്ക്‌ എത്തുന്നു എന്നത്‌ ചെറിയ കാര്യമല്ല.

അതുപോലെ കേരളത്തില്‍ പാലക്കാടും കുട്ടനാട്ടിലും മാത്രമാണ്‌ വ്യാവസായികാടിസ്ഥാനത്തില്‍ നെല്ലുത്‌പാദനം നടക്കുന്നത്‌. ഈ നെല്ലിന്റെ കാലോചിതമായ സംഭരണം വലിയ കടമ്പയായിരുന്നു. എന്നാല്‍ ഇടതുസര്‍ക്കാരിന്റെ കാര്യക്ഷമമായി ഇടപെടലിനെ തുടര്‍ന്ന്‌ സപ്ലൈകോ വഴി നെല്ല്‌ സംഭരിക്കുന്നു.ഒരു കിലോ നെല്ലിന്‌ 27.48 പൈസ വീതം നല്‍കിയാണ്‌ കര്‍ഷകരില്‍ നിന്ന്‌ നേരിട്ട്‌ നെല്ല്‌ സംഭരിക്കുന്നത്‌. ഏപ്രില്‍ മാസം മുതല്‍ കിലോയൊന്നിന്‌ 28 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്‌. ഇത്രയും വില കര്‍ഷകര്‍ക്ക്‌ നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനവും കേരളമാണ്‌. അത്തരത്തില്‍ കാര്‍ഷികരംഗത്ത്‌ വലിയ മാറ്റം കൊണ്ടുവന്ന സര്‍ക്കാരാണിത്‌.

പാലുത്‌പാദനത്തില്‍ ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍
ഇനി കാര്‍ഷിക അനുബന്ധ മേഖല എടുത്താല്‍ ഇന്ത്യയില്‍ തന്നെ ക്ഷീരോത്‌പാദനരംഗത്ത്‌ വലിയ വളര്‍ച്ച കൈവരിച്ച സംസ്ഥാനമാണ്‌ കേരളം. പാലുത്‌പാദനത്തില്‍ ദേശീയ ശരാശരി 6.43 ആണ്‌. കേരളത്തിലത്‌ 12.42 ആണ്‌. പാലുത്‌പാദനത്തില്‍ 12% വളര്‍ച്ച കൈവരിച്ച സംസ്ഥാനമാണ്‌ കേരളം. അതായത്‌ ഇപ്പോള്‍ കേരളം പാലുത്‌പാദനത്തില്‍ സ്വയം പര്യാപ്‌തമാണ്‌. അധികം വരുന്ന പാല്‍ പാല്‍പ്പൊടിയാക്കി വിപണിയിലെത്തിക്കുന്നതിനെ പറ്റിയാണ്‌ ഇപ്പോള്‍ ആലോചിക്കുന്നത്‌. മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങള്‍ വേറെയും നിര്‍മ്മിക്കുന്നുണ്ട്‌.

ഭക്ഷ്യക്കിറ്റ്‌ വിപ്ലവം
ഒരു സര്‍വ്വേ പ്രകാരം ഈ സര്‍ക്കാരിന്‌ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിക്കൊടുത്ത ഒരു നടപടി എന്നു പറയുന്നത്‌ ഭക്ഷ്യകിറ്റ്‌ വിതരണമാണ്‌. അതില്‍തന്നെ ഏറ്റവും കൂടുതല്‍ കേരളത്തെ വേറിട്ടുനിര്‍ത്തിയത്‌ റേഷന്‍ കാര്‍ഡില്ലെങ്കിലും അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്‌തതാണ്‌. മഹാമാരി കാലത്ത്‌ ആരും പട്ടിണി കിടക്കരുതെന്ന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ്‌ ഈ നടപടി. 88 ലക്ഷം റേഷന്‍ കാര്‍ഡ്‌ ഉടമകള്‍ക്ക്‌ പുറമെയാണ്‌ കാര്‍ഡില്ലാത്ത കുടിയേറ്റ തൊഴിലാളികള്‍ക്കും ഭക്ഷ്യകിറ്റ്‌ നല്‍കിയത്‌. അതുപോലെ അനാഥമന്ദിരങ്ങളിലെ അന്തേവാസികള്‍ക്കും ഭക്ഷ്യകിറ്റ്‌ നല്‍കി.

1,57,000 പേര്‍ക്ക്‌ ഭൂമി
കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ പട്ടയത്തിന്റെ കടലാസ്‌ ലഭിച്ചവര്‍ ഭൂമി ലഭിക്കാതെ വലഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 1,57,000 പേര്‍ക്ക്‌ ഭൂമി നല്‍കി. അടുത്ത കൊടുക്കുന്നതിനുളള നടപടികളുമെടുത്തുവരികയാണ്‌.

ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ ആഗോളനിലവാരം
ആരോഗ്യ-വിദ്യാഭ്യാസമേഖലയില്‍ ഈ സര്‍ക്കാര്‍ കൈവരിച്ച നേട്ടം പാശ്ചാത്യരാജ്യങ്ങളെയും കവച്ചുവയ്‌ക്കുന്നതാണ്‌. കേരളത്തിന്റെ ആരോഗ്യമേഖലയിലെ നേട്ടങ്ങളെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല.കെ.കെ.ശൈലജ ടീച്ചര്‍ വളരെ സമര്‍പ്പിതമായ സമീപനമാണ്‌ സ്വീകരിച്ചത്‌. സര്‍ക്കാരിന്റെ നായകന്‍ അത്തരമൊരു രീതിയില്‍ നീങ്ങുമ്പോള്‍ മറ്റുളളവരും അതേ പാതയില്‍ സഞ്ചരിക്കും എന്നതാണ്‌ വസ്‌തുത. അതുപോലെ പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനായി ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന നടപടികള്‍ വിപ്ലവാത്മകമാണ്‌. സിബിഎസ്‌ഇ, ഐസിഎസ്‌ഇ സിലബസുകളുളള സ്വകാര്യഇംഗ്ലീഷ്‌മീഡിയം സ്‌കൂളുകളിലേക്ക്‌ ഒഴുകിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചുപിടിക്കാന്‍ സാധിച്ചുവെന്നത്‌ ചെറിയ കാര്യമല്ല. 45,000 ക്ലാസ്‌ മുറികള്‍ ഹൈടെക്കായി. ഒരു ക്ലാസ്‌മുറിക്ക്‌ ഒരു ലക്ഷം രൂപവച്ച്‌ കണക്കാക്കിയാല്‍ പോലും സര്‍ക്കാര്‍ ഇതിനായി ചെലവിട്ട തുക വളരെ വലുതാണ്‌. സാധാരണക്കാരന്റെ മക്കള്‍ക്കും ഉന്നതനിലവാരമുളള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സര്‍ക്കാര്‍ ഈ നടപടികള്‍ സ്വീകരിച്ചത്‌.

വ്യാവസായികമേഖലയിലെ വികസനം ഒരു രാഷ്ട്രീയനയത്തിന്റെ ഭാഗമാണ്‌. കാരണം കോണ്‍ഗ്രസ്‌, ബിജെപി പാര്‍ട്ടികള്‍ എന്നും പൊതുമേഖലയ്‌ക്ക്‌ എതിരാണ്‌. 1991ല്‍ ആഗോളവത്‌ക്കരണം കൊണ്ടുവരുന്നതു തന്നെ കോണ്‍ഗ്രസ്‌ സര്‍ക്കാരാണ്‌. പൊതുമേഖലാ ഓഹരികള്‍ വിറ്റഴുക്കുക എന്നതാണ്‌ അവരുടെ നയം. ഇപ്പോള്‍ ബിജെപിയുടെ പ്രധാനമന്ത്രിയും പറയുന്നത്‌ സര്‍ക്കാരിന്റെ ജോലി ബിസിനസ്‌ നടത്തലല്ല എന്നാണ്‌. ശരിയാണ്‌ സര്‍ക്കാരിന്റെ ജോലി ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ്‌. പക്ഷേ മോദി ഇവിടെ ഉദ്ദേശിക്കുന്നത്‌ ആധുനികവത്‌ക്കരിക്കുക, പണമുണ്ടാക്കുക (ങീറലൃിശലെ മിറ ങീിലശ്വേല) എന്നതാണ്‌. അത്‌ അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. അതായത്‌ മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റഴിക്കുകയാണ്‌. ഇത്‌ മറച്ചുവയ്‌ക്കാന്‍ പുറമേ പറയുന്ന ന്യായം നഷ്ടത്തില്‍ ഓടുന്ന സ്ഥാപനങ്ങള്‍ക്കായി എന്തിന്‌ ബജറ്റില്‍ നിന്ന്‌ പണം മുടക്കണം എന്നതാണ്‌. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമാണ്‌ ഒഎന്‍ജിസി. അത്രയും ലാഭത്തിലോടുന്ന മറ്റൊരു വ്യവസായ സ്ഥാപനം പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഇല്ല. അത്തരത്തില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒഎന്‍ജിസിയുടെ ഓഹരികള്‍ വില്‌പനയ്‌ക്ക്‌ വച്ചിരിക്കുകയാണ്‌. അതുപോലെ ഭാരത്‌ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്‌ തുടങ്ങി കോടികള്‍ ആസ്‌തിയുളള സ്ഥാപനങ്ങളുടെ ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കുകയാണ്‌. അപ്പോള്‍ ഇതൊക്കെ വലതുപക്ഷ സര്‍ക്കാരുകളുടെ നയത്തിന്റെ ഭാഗമാണ്‌. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ എപ്പോഴും പൊതുമേഖലയെ സംരക്ഷിക്കുന്നവരാണ്‌. അതവരുടെ സോഷ്യലിസ്‌റ്റ്‌ ചിന്താഗതിയുടെ ഭാഗമാണ്‌. കേരളത്തില്‍ ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നഷ്ടത്തിലായിരുന്ന 17 പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കി. സ്ഥാപനങ്ങള്‍ ലാഭത്തിലാകുമ്പോള്‍ തൊഴിലവസരങ്ങളും ഉണ്ടാകും. പൊതുമേഖലയിലെ തൊഴിലവസരങ്ങള്‍ എന്നു പറയുമ്പോള്‍ നല്ല കഴിവുളള ആള്‍ക്കാര്‍ ആദ്യം പരിഗണിക്കപ്പെടും. സംവരണവിഭാഗങ്ങള്‍ക്ക്‌ തൊഴില്‍ ലഭിക്കും. അതുവഴി സാമൂഹിക നീതി ഉറപ്പാക്കപ്പെടുന്നു. ഇതൊക്കെ ജനം കണ്ടുകൊണ്ടിരിക്കുകയാണ്‌്‌. ഈ നേട്ടങ്ങളുടെയെല്ലാം പ്രതിഫലനം വോട്ടെടുപ്പിലുണ്ടാകുമെന്നും തുടര്‍ഭരണം ഉണ്ടാകുമെന്നുമാണ്‌ എന്റെ വിശ്വാസവും പ്രതീക്ഷയും.

ആരും കമ്മ്യൂണിസ്റ്റായി ജനിക്കുന്നില്ല
കമ്മ്യൂണിസ്റ്റുകാരുടെ സ്വകാര്യജീവിതവും പൊതുജീവിതവും തമ്മില്‍ വലിയ അന്തരമില്ല. അതവര്‍ പാര്‍ട്ടിയുടെ ചട്ടക്കൂടിനുളളില്‍ പ്രവര്‍ത്തിച്ചുനേടിയെടുക്കുന്നതാണ്‌. ആരും കമ്മ്യൂണിസ്റ്റായി ജനിക്കുന്നില്ല. പോകെപ്പോകെ കമ്മ്യൂണിസ്‌റ്റായി മാറുകയാണ്‌. കൃത്യമായ ചട്ടക്കൂടിനുളളില്‍ നിന്നുളള പ്രവര്‍ത്തനത്തിലൂടെ നേടിയെടുക്കുന്ന അച്ചടക്കം അവരുടെ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും പ്രതിഫലിക്കുന്നത്‌ സ്വാഭാവികമാണ്‌.

സിപിഐയുടെ നയവും വിജയവും
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70% വിജയം കൈവരിച്ച പാര്‍ട്ടിയാണ്‌ സിപിഐ. 27 സീറ്റുകളില്‍ മത്സരിക്കുകയും 19 സീറ്റുകളില്‍ വിജയിക്കുകയും ചെയ്‌തു. പല കാര്യങ്ങളിലും പാര്‍ട്ടിയെടുത്ത നിലപാടുകള്‍ക്കുളള അംഗീകാരമായിരുന്നു ആ വിജയം. ആ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം സിപിഐക്കായിരുന്നു. അത്‌ നിലനിര്‍ത്തണം എന്ന രീതിയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സഖാവ്‌ വെളിയം ഭാര്‍ഗവന്‍ സെക്രട്ടറിയായിരുന്ന കാലം മുതല്‍ക്കാണ്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‌ ടേം നിശ്ചയിച്ചത്‌. പുതുതലമുറയ്‌ക്കു കൂടി അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്‌ അത്തരമൊരു സംവിധാനം കൊണ്ടുവന്നത്‌. 2011ല്‍ സഖാവ്‌ സി.കെ.ചന്ദ്രപ്പന്‍ പാര്‍ട്ടിസെക്രട്ടറിയായിരിക്കെ രണ്ടു തവണ മത്സരിച്ചവര്‍ മറ്റുളളവര്‍ക്കായി മാറിനില്‍ക്കണം എന്നത്‌ വളരെ കര്‍ശനമായി നടപ്പിലാക്കി തുടങ്ങി. ഈ തിരഞ്ഞെടുപ്പില്‍ അത്‌ മൂന്ന്‌ ടേം ആക്കി. അതായത്‌ മൂന്നുതവണ മത്സരിച്ചവര്‍ മാറിനില്‍ക്കണം എന്നതാണ്‌ പാര്‍ട്ടി നയം. താന്‍ മന്ത്രി അഥവാ എംഎല്‍എ ആയാലേ ഭരണം ശരിയായി നടക്കൂ എന്ന ചിന്ത ഉണ്ടാകുന്നത്‌ കമ്മ്യൂണിസ്റ്റ്‌ ചിന്താഗതിക്ക്‌ ചേര്‍ന്നതല്ല.2011ലെ അച്യൂതാനന്ദന്‍ സര്‍ക്കാരിലെ നാല്‌ സിപിഐ മന്ത്രിമാരും പുതിയ ആളുകളായിരുന്നു. അവര്‍ മൂന്നുപേരും വളരെ കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചു. യാതൊരു പേരുദോഷവും കേള്‍പ്പിച്ചില്ല. പിണറായി സര്‍ക്കാരിലെ നാലു സിപിഐ മന്ത്രിമാരും പുതുമുഖങ്ങളാണ്‌. അവരുടെ ഭാഗത്തുനിന്നും യാതൊരു പാളിച്ചയുമുണ്ടായില്ല. സിപിഐയുടെ നാല്‌ മന്ത്രിമാരും ഈ സര്‍ക്കാരിന്റെ പൊതുകാഴ്‌ചപ്പാടിനൊപ്പം നിന്ന്‌ മികച്ച പ്രകടനമാണ്‌ കാഴ്‌ചവച്ചത്‌.

Post your comments