Global block

bissplus@gmail.com

Global Menu

എംജി ജോര്‍ജ് മുത്തൂറ്റിന്റെ മരണം; ആടിയുലഞ് മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ

രാജ്യത്തെ തന്നെ പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ ഓഹരിയില്‍ വമ്പന്‍ ഇടിവ്. മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എംജി ജോര്‍ജ് മുത്തൂറ്റിന്റെ മരണത്തിന് പിന്നാലെയാണ് കമ്പനിയുടെ ഓഹരി ഇടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് 71കാരനായ എംജി ജോര്‍ജ് മുത്തൂറ്റ് ദില്ലിയിലെ വസതിയില്‍ മരണപ്പെട്ടത്. വീടിന്റെ നാലാം നിലയില്‍ നിന്നും വീണാണ് എംജി ജോര്‍ജ് മുത്തൂറ്റിന്റെ മരണം എന്നാണ് ചില മാധ്യമ വാര്‍ത്തകള്‍. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ ഇതാദ്യമായാണ് മുത്തൂറ്റിന്റെ ഓഹരിയില്‍ ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തുന്നത്. മുത്തൂറ്റ് ഗ്രൂപ്പിന്റെ ആസ്ഥാനം കേരളം ആണെങ്കിലും കമ്പനിയെ ദേശീയ തലത്തിലേക്ക് വളര്‍ത്തി എടുത്തത് എംജി ജോര്‍ജ് മുത്തൂറ്റിന്റെ പ്രയത്‌നമായിരുന്നു.

1993ലാണ് എംജി ജോര്‍ജ് മുത്തൂറ്റ് കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുന്നത്. തുടര്‍ന്നങ്ങോട്ട് മുത്തൂറ്റ് ഗ്രൂപ്പിന് വളര്‍ച്ചയുടെ കാലമായിരുന്നു. രാജ്യത്താകമാനം 4500 ബ്രാഞ്ചുകളുമായി മുത്തൂറ്റ് ഗ്രൂപ്പ് പടര്‍ന്ന് പന്തലിച്ചു. കഴിഞ്ഞ ദശകത്തേക്കാള്‍ 8 മടങ്ങാണ് കമ്പനിയുടെ വിപണി മൂല്യം ഉയര്‍ന്നത്. എംജി ജോര്‍ജ് മുത്തൂറ്റിന്റെ നേതൃത്വത്തില്‍ മുത്തൂറ്റ് ഗ്രൂപ്പ് പുതിയ ഉയരങ്ങള്‍ കീഴടക്കിയെന്നും സ്വര്‍ണ്ണപ്പണയ വിപണിയില്‍ ഒന്നാം സ്ഥാനക്കാരായി മാറിയെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

എംജി ജോര്‍ജ് മുത്തൂറ്റിന്റെ മരണ കാരണത്തെ കുറിച്ച് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നില്ല. അതേസമയം അദ്ദേഹം ദില്ലിയിലെ വീടിന്റെ നാലാം നിലയില്‍ നിന്ന് വീണാണ് മരണപ്പെട്ടിരിക്കുന്നത് എന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണകാരണം അന്വേഷിക്കാന്‍ എയിംസ് പ്രത്യേക സമിതിയെ രൂപീകരിച്ചിരിക്കുന്നതായി ബിസ്സിനസ്സ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

Post your comments