Global block

bissplus@gmail.com

Global Menu

പുതുദൗത്യങ്ങളില്‍ ഹരിതകേരളമിഷന്റെ സഹയാത്രികയായി ഡോ.ടി.എന്‍.സീമ

നവകേരള നിര്‍മിതിക്കായി സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ നാല്‌ മിഷനുകളില്‍ ഒന്നാണ്‌ ഹരിതകേരളം മിഷന്‍. ശുചിത്വവും ജലസമൃദ്ധിയും ജലസുരക്ഷയും സുരക്ഷിതഭക്ഷ്യവസ്‌തുക്കളുടെ ഉത്‌പാദനവും ലക്ഷ്യമിട്ട്‌ 2016 ഡിസംബര്‍ 8-നാണ്‌ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്‌. സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സുസ്ഥിതി ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട്‌ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ സൃഷ്ടിച്ച്‌ ഹരിതകേരളം മിഷന്‍ നാല്‌ വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. വെളളം, വൃത്തി, വിളവ്‌ എന്ന സവിശേഷ മുദ്രാവാക്യത്തില്‍ തന്നെ മിഷന്റെ ലക്ഷ്യങ്ങള്‍ വ്യക്തമാണ്‌.

ജലസംരക്ഷണം, ശുചിത്വ-മാലിന്യസംസ്‌കരണം, കൃഷി എന്നീ മൂന്ന്‌്‌ ഉപമിഷനുകള്‍ ചേര്‍ന്നതാണ്‌ ഹരിതകേരളം മിഷന്‍. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്‌ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പ്രായോഗികതലത്തില്‍ നടപ്പാക്കുന്നത്‌. സംസ്ഥാന,ജില്ലാ,തദ്ദേശസ്വയംഭരണസ്ഥാപന തലങ്ങളില്‍ മിഷന്‍ സംവിധാനമുണ്ട്‌. ഹരിതകേരളം മിഷന്റെ സംസ്ഥാനതല ചെയര്‍മാന്‍ മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണസ്ഥാപനതല മിഷന്റെ ചെയര്‍പേഴ്‌സണ്‍ തദ്ദേശസ്വയംഭരണ സ്ഥാപനഅധികൃതരുമാണ്‌.

വിവിധ വകുപ്പുകളെയും ഏജന്‍സികളെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന ഏകോപന സഹായസംവിധാനമായാണ്‌ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തിക്കുന്നത്‌. ഇതിനായി സംസ്ഥാനതല ഓഫീസിനു പുറമെ ജില്ലാ തലത്തില്‍ ഒരു കോ-ഓര്‍ഡിനേറ്ററും ബ്ലോക്ക്‌ തല ചുമതലയുളള റിസോഴ്‌സ്‌ പേഴ്‌സണ്‍മാരും ഉണ്ട്‌.

കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച്‌ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍പിടിക്കുന്നതും ഊര്‍ജ്ജസ്വലമായി മുന്നോട്ടുകൊണ്ടുപോകുന്നതും മിഷന്‍ വൈസ്‌ പ്രസിഡന്റായ ഡോ.ടി.എന്‍.സീമയാണ്‌. ജനകീയാസൂത്രണ പദ്ധതി മുതല്‍ ജനക്ഷേമകരങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങി പ്രവര്‍ത്തിച്ചുളള പരിചയസമ്പത്ത്‌ ഹരിതകേരളം മിഷന്‍ വൈസ്‌ പ്രസിഡന്റെന്ന നിലയില്‍ മുന്‍ എംപിയും മുന്‍ സംസ്ഥാന മഹിളാ അസോസിയേഷന്‍ പ്രസിഡന്റുമായ ടി.എന്‍ സീമയ്‌ക്ക്‌ മുതല്‍ക്കൂട്ടാവുന്നു. ഹരിതകേരളമിഷന്റെ നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ചും നേട്ടങ്ങളെ കുറിച്ചും ഡോ.ടി.എന്‍ സീമയുമായി ബിസിനസ്‌ പ്ലസ്‌ നടത്തിയ അഭിമുഖത്തില്‍ നിന്ന്‌

ഹരിത കേരള മിഷന്റെ ഏറ്റവും വലിയ നേട്ടമായി കാണുന്നത്‌?

പരിസ്ഥിതിസംരക്ഷണത്തെ സംബന്ധിച്ച അവബോധം ജനങ്ങളിലേക്കെത്തിക്കാനും അവരുടെ ദൈനംദിനജീവിതത്തിന്റെ ഭാഗമാണ്‌ പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളെന്ന്‌ ബോധ്യപ്പെടുത്താനും ഹരിത കേരളം മിഷന്‌ സാധിച്ചു. മിഷന്റെ ഭാഗമായിട്ടുളള ശുചിത്വം, ജലസംരക്ഷണം, കൃഷി ഇതെല്ലാം മറ്റേതോ ഡിപ്പാര്‍ട്ടുമെന്റുകള്‍ ചെയ്‌തുതരേണ്ട കാര്യങ്ങളാണെന്ന ചിന്താഗതിയായിരുന്നു ജനത്തിനുണ്ടായിരുന്നത്‌. പക്ഷേ ഹരിതകേരളം മിഷന്‍ വിഭാവനം ചെയ്‌തത്‌ ജനങ്ങളിലേക്കെത്തിക്കൊണ്ട്‌, അതായത്‌ വിദ്യാര്‍ത്ഥികളിലേക്കും സ്‌ത്രീകളിലേക്കും ജനപ്രതിനിധികളിലേക്കുും ഒക്കെ എത്തിക്കൊണ്ട്‌ സര്‍ക്കാരിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തം ഒരു വശത്തുളളപ്പോഴും തങ്ങളുടെ സ്വന്തം ഉത്തരവാദിത്തം കൂടി ഇതിലുണ്ട്‌ എന്ന്‌ പൊതുജനത്തെ ബോധ്യപ്പെടുത്തുവാനാണ്‌. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം ക്യാമ്പയിനും വീണ്ടെടുക്കാം നീര്‍ച്ചാലുകള്‍ എന്ന പദ്ധതിയുമെല്ലാം ഇതിന്റെ ഭാഗമാണ്‌. കൃഷി പ്രോത്സാഹിപ്പിക്കാനുളള പദ്ധതികള്‍, ഹരിതകര്‍മ്മസേന എല്ലാം വലിയ നേട്ടങ്ങളാണ്‌. ഹരിതകര്‍മ്മസേനയെ കുറിച്ച്‌ പറയുകയാണെങ്കില്‍ മാലിന്യസംസ്‌കരണത്തിന്‌ ലോകത്തെവിടെയും ഇതുപോലൊരു മാതൃക ഉണ്ടാകില്ല. ഏതാണ്ട്‌ 29000 ഓളം വനിതകളാണ്‌ ഹരിതകര്‍മസേനയിലുളളത്‌. ഒരു ഘട്ടത്തില്‍ ഈ വനിതകളെ മാലിന്യം ശേഖരിക്കുന്നവര്‍ എന്ന രീതിയിലാണ്‌ ജനം കണ്ടിരുന്നത്‌. എന്നാല്‍ ഇന്ന്‌ അവര്‍ക്ക്‌ യൂണിഫോം ഉണ്ട്‌, ഐഡി കാര്‍ഡ്‌ ഉണ്ട്‌, വാഹനമുണ്ട്‌, അവര്‍ക്ക്‌ ഇന്‍ഷൂറന്‍സ്‌ ഏര്‍പ്പെടുത്തിയിട്ടുളള തദ്ദേശസ്ഥാപനങ്ങളുമുണ്ട്‌. അവരാണ്‌ ഹരിത കേരളമിഷന്റെ അംബാസിഡര്‍മാര്‍. അതുപോലെ തന്നെ കുട്ടികള്‍ ഹരിതകേരളമിഷന്റെ അംബാസിഡര്‍മാരാണ്‌. അതോടൊപ്പം തന്നെ ജനപ്രതിനിധികളും. അങ്ങനെ എല്ലാവരും ചേര്‍ന്ന നയിക്കുന്ന ഒരു പ്രസ്ഥാനമാണിത്‌.

മലയാളിയുടെ മനസ്സുമാറ്റി ഒരു സംസ്‌കാരം കൊണ്ടുവരാന്‍ സാധിച്ചല്ലോ?
തീര്‍ച്ചയായും വെളളം, വൃത്തി, വിളവ്‌ എന്നിവയുമായി ബന്ധപ്പെട്ട്‌ മലയാളി കാലങ്ങളായി പുലര്‍ത്തിപ്പോന്നിരുന്ന തെറ്റായ ധാരണകള്‍ മാറ്റി പുതിയ ഒരു സംസ്‌കാരം കൊണ്ടുവരന്‍ ഹരിതകേരളം മിഷന്‌ സാധിച്ചു. ചില കാര്യങ്ങള്‍ നമ്മള്‍ അനുഭവങ്ങളില്‍ നിന്നുമാത്രമേ പഠിക്കുകയുളളു. പ്രളയം കഴിഞ്ഞപ്പോള്‍, പരിസ്ഥിയില്‍ മാറ്റം വരുന്നു. കാലാവസ്ഥാവ്യതിയാനം പ്രശ്‌നമുണ്ടാക്കുന്നു എന്ന രീതിയിലുളള ആശങ്ക ജനങ്ങള്‍ക്കുണ്ടായി. തുടര്‍ന്ന്‌ ആളുകള്‍ മാറിചിന്തിച്ചുതുടങ്ങി. പ്രളയാനന്തരം ഹരിത കേരളം മിഷന്‍ 'ഇനി ഞാനൊഴുകട്ടെ' എന്ന നീര്‍ച്ചാലുകളെ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതി തുടങ്ങിയപ്പോള്‍ വലിയ ജനപങ്കാളിത്തമാണുണ്ടായത്‌. 2019 ഡിസംബറിലാണ്‌ ഈ പദ്ധതി കൊണ്ടുവന്നത്‌. ആദ്യരണ്ടുമാസത്തില്‍ 8000 കി.മി നീര്‍ച്ചാലുകളാണ്‌ വീണ്ടെടുത്തത്‌. ഈ പേരുകള്‍ തന്നെ ജനങ്ങളെ ആകര്‍ഷിക്കുന്നു.

പ്രളയകാലത്തെ അനുഭവങ്ങളില്‍ നിന്ന്‌ മലയാളി പാഠങ്ങള്‍ ഉള്‍ക്കൊണ്ടുവെന്നാണോ?
കേരളത്തിന്റെ സ്വത്വം തന്നെ ഈ പുഴകളിലും നീര്‍ച്ചാലുകളുടെയും സമ്പന്നതയാണ്‌. പക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോയിട്ടും നാം ഭൂതകാലമഹിമയില്‍ അഭിരമിക്കുകയായിരുന്നു. നാടിന്‌ സംഭവിച്ച മാറ്റത്തെക്കുറിച്ച്‌ നാം ചിന്തിച്ചില്ല. ദൈവത്തിന്റെ സ്വന്തം നാട്‌ിന്റെ ഉളളിലേക്കിറങ്ങിച്ചെല്ലുമ്പോഴാണ്‌ കേരളത്തിന്റെ പരിസ്ഥിതിക്ക്‌ സംഭവിച്ച മാറ്റം മനസ്സിലാകുക. ആ മാറ്റങ്ങളുടെ അനന്തരഫലമാണ്‌ പ്രളയകാലത്ത്‌ കണ്ടത്‌. മണ്ണിടിച്ചിലും മറ്റും അതിന്റെ ഭാഗമാണ്‌. അതുപാലെ തന്നെ മാലിന്യവും വലിയ പ്രശ്‌നമാണ്‌. നാം പുഴയിലേക്ക്‌ വലിച്ചെറിഞ്ഞതെല്ലാം പുഴ തിരികെതന്നപ്പോള്‍ അതു നമ്മുടെ കണ്ണ്‌ തുറപ്പിച്ചു. അതുപോലെ പകര്‍ച്ചവ്യാധികള്‍ നമ്മെ പല കാര്യങ്ങളും ബോധ്യപ്പെടുത്തുന്നു. കൊവിഡും നമ്മെ പലതും പഠിപ്പിച്ചു.

ഓരോ ദുരന്തത്തില്‍ നിന്നും പാഠം പഠിക്കാനുളള വിവേകം മലയാളിക്കുണ്ട്‌. കൊവിഡ്‌ കാലത്തെ പച്ചക്കറി കൃഷി കാണിക്കുന്നത്‌ അതാണ്‌. 2020 ജനുവരിയില്‍ ഒറ്റത്തവണ ഉപയോഗിച്ച്‌ വലിച്ചെറിയുന്ന പ്ലാസ്റ്റിക്‌ ഉപയോഗം നിരോധിച്ചു. അത്‌ വലിയൊരു നേട്ടമാണ്‌. പിന്നെ കൊവിഡ്‌ പശ്ചാത്തലത്തില്‍ ഡിസ്‌പോസിബിള്‍ കപ്പുകളും പ്ലേറ്റുകളുമെല്ലാം തിരിച്ചുവന്നെങ്കിലും ജനത്തിന്‌ അതെക്കുറിച്ച്‌ ഒരു ബോധമുണ്ട്‌. കമ്മ്യൂണിറ്റി കിച്ചനുകളിലും മറ്റും പ്രോട്ടോക്കോള്‍ പാലിക്കാനും മാലിന്യം വലിച്ചെറിയാതിരിക്കാനുമുളള നടപടികള്‍ എടുത്തു. ഹരിതകേരളം മിഷനും ശുചിത്വമിഷനും അതിഥി തൊഴിലാളിയുടെ താമസസ്ഥലത്തും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും ഇത്തരത്തില്‍ മാലിന്യനിക്ഷേപം ഉണ്ടാകാതിരിക്കുവാനാണ്‌. അതിനായി പ്രത്യേകം പ്രോട്ടോക്കോള്‍ വരെയുണ്ടാക്കി.

മലയാളിയുടെ അതിജീവനശേഷിയെ പറ്റി?
പ്രളയാനന്തരം ഞാന്‍ പാലക്കാട്‌ ജില്ല സന്ദര്‍ശിച്ചപ്പോള്‍ വെളളംകയറിക്കിടന്ന വീടുകളൊക്കെ പെയിന്റൊക്കെ പൂശി മുഖംമിനുക്കി നില്‍ക്കുന്നു. അതാണ്‌ മലയാളിയുടെ അതിജീവനശേഷി എന്നു പറയുന്നത്‌. അമര്‍ത്യസെന്‍ മുന്നോട്ടു വച്ച അതിജീവന ശേഷി കണ്‍സെപ്‌റ്റുമായി തട്ടിച്ചുനോക്കിയാല്‍ അസാമാന്യ അതിജീവനശേഷി അസാമാന്യപറയുന്നതുപോലെ അതിജീവന ശേഷി ഉളളവരാണ്‌ മലയാളികള്‍. അമര്‍ത്യസെന്‍ പറയുന്ന അതിജീവനത്തിന്‌ ആവശ്യമായ വിദ്യാഭ്യാസം, ശുദ്ധജലം, പാര്‍പ്പിടം അടിസ്ഥാനആവശ്യങ്ങള്‍, പ്രസ്‌തുത അടിസ്ഥാനആവശ്യങ്ങളുടെ ലഭ്യത ഇതെല്ലാം ഉറപ്പാക്കാന്‍ ഈ സര്‍ക്കാരിന്‌ കഴിഞ്ഞു.പ്രളയത്തിന്റെ കാര്യത്തിലായാലും കൊവിഡിന്റെ കാര്യത്തിലായാലും തകര്‍ച്ചയില്‍ നിന്ന്‌ അതിവേഗം തിരിച്ചുകയറാനുളള സൗകര്യം ഒരുക്കിക്കൊടുക്കാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞു. സര്‍ക്കാര്‍ ഒരുക്കിയ സൗകര്യങ്ങള്‍ ഉപയോഗിച്ച്‌ തിരിച്ചുകയറാനുളള കഴിവ്‌ മലയാളികള്‍ക്ക്‌ ഉണ്ട്‌.

ഹരിതകേരളം മിഷന്‍ താങ്കളെ സംബന്ധിച്ച്‌ തികച്ചും വ്യത്യസ്‌തമായ തട്ടകമാണല്ലോ?
അതുവരെ പ്രവര്‍ത്തിച്ചുവന്നതില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമായ മേഖലയാണ്‌ എന്റെ സംബംബന്ധിച്ച്‌ ഹരിത കേരളം മിഷന്‍. എന്റെ യാത്ര തുടങ്ങിയിട്ട്‌ 25 വര്‍ഷമായി. ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമയാണ്‌ ഈ യാത്ര ആരംഭിച്ചത്‌. അന്നൊക്കെ പൊതുപ്രവര്‍ത്തന രംഗത്ത്‌ തുടക്കക്കാരിയായിരുന്നു. എല്ലാ ജില്ലകളിലും പദ്ധതിയുടെ ഭാഗമായി യാത്രചെയ്‌തു. ട്രെയിനിലും ബസിലുമൊക്കെയായിരുന്നു യാത്ര കൂടുതലും.പിന്നീട്‌ എംപിയായിരുന്ന സമയത്ത്‌ ഞാന്‍ മഹിളാ അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റുമായിരുന്നു. എംപി ഫണ്ട്‌ ആലപ്പുഴ,പത്തനംതിട്ട,,തിരുവനന്തപുരം എന്നീ മൂന്ന്‌ ജില്ലകളിലേ ഉണ്ടായിരുന്നുളളു(മൂന്ന്‌ മണ്ഡലങ്ങളില്‍). എന്നാല്‍ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ എന്ന നിലയില്‍ അതുസംബന്ധിച്ച പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ എല്ലാ ജില്ലകളിലും യാത്ര ചെയ്‌തു. ഹരിതകേരളം മിഷന്റെ ഭാഗമായ ശേഷമുളള എന്റെ യാത്രകള്‍ പുതിയൊരു അനുഭവമാണ്‌ പ്രദാനം ചെയ്‌തത്‌. പുതിയ രീതിയില്‍ ചുറ്റുപാടുകളെ കാണാന്‍ ഹരിതകേരളമാണ്‌ എന്നെ പഠിപ്പിച്ചത്‌. അന്നുവരെ മനുഷ്യരിലേക്കാണ്‌ കൂടുതല്‍ നോക്കിയിരുന്നതെങ്കില്‍ ഈ മിഷന്റെ ഭാഗമായശേഷം പ്രകൃതിയെ വേറിട്ട രീതിയില്‍ കാണാന്‍ കഴിഞ്ഞു.
യാത്രകളില്‍ ശ്രദ്ധിക്കുന്നത്‌ പരിസ്ഥിതിക്ക്‌ കോട്ടം തട്ടുന്ന കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടോ, മാലിന്യക്കൂമ്പാരമുണ്ടോ എന്നൊക്കെയാണ്‌. പ്രകൃതിയോട്‌ കൂടുതല്‍ ഇണങ്ങിച്ചേര്‍ന്നുളള യാത്രയാണിത്‌.

ഹരിതകേരളം മിഷന്‍ ടീമിനെ കുറിച്ച്‌?
ഞാന്‍ എപ്പോഴും കാര്യങ്ങള്‍ അക്കാദമിക്കായിട്ട്‌ പഠിക്കാന്‍ ശ്രമിക്കുന്ന ആളാണ്‌. പരിസ്ഥിതി സംബന്ധമായ നിരവധി ചോദ്യങ്ങള്‍ ഞാന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ട്‌. വനത്തെ സംബന്ധിച്ചും ജലമലിനീകരണത്തെ കുറിച്ചും ഒക്കെ. എംപി എന്ന നിലയില്‍ കേരളത്തെ കുറിച്ചു മാത്രമല്ല അല്‌പം വിശാലമായ കാഴ്‌ചപ്പാടോടുകൂടി കര്‍ണ്ണാടക തുടങ്ങി മറ്റ്‌ സംസ്ഥാനങ്ങളിലെ പരിസ്ഥിതി പ്രശ്‌നങ്ങളെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. ഹരിത കേരളം മിഷനില്‍ എനിക്കൊപ്പമുളള ടീം വളരെ അനുഭവസമ്പത്തുളളവരുടേതാണ്‌. ഒരു പുഴ വീണ്ടെടുക്കാന്‍ അതിലേക്കൊഴുകിയെത്തുന്ന നീര്‍ച്ചാലുകളെ സംരക്ഷിക്കേണ്ടതുണ്ടെന്നും നീര്‍ച്ചാലുകളുടെ പുനരുജ്ജീവനത്തിന്‌ ആ പുഴയുടെ വൃഷ്ടിപ്രദേശത്തെ കുളങ്ങളും നീരുറവകളും എല്ലാം സംരക്ഷിക്കപ്പേടെണ്ടതുണ്ടെന്നും മനസ്സിലാക്കാന്‍ ഇവര്‍ക്കൊപ്പമുളള പ്രവര്‍ത്തനം സഹായിച്ചു. പരിസ്ഥിതി പ്രശനങ്ങളുടെ സാമൂഹികവശങ്ങളെ കുറിച്ച്‌ നേരത്തേ നല്ല ബോധ്യമുണ്ടായിരുന്നു. എന്നാല്‍ ഇവയുടെ ശാസ്‌്‌ത്രീയവശങ്ങളെ കുറിച്ച്‌ കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ സാധിച്ചത്‌ ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചപ്പോഴാണ്‌.

ഹരിത ക്യാമ്പസുകളെ പറ്റി പറയാമോ?
കേരളത്തിലെ വിവിധ കോളേജുകളിലും സ്‌കൂളുകളിലും, ഐടിഐകളിലും ഹരിതം പദ്ധതി നടപ്പാക്കി. കൂടുതല്‍ നല്ല പ്രതികരണം ലഭിച്ചത്‌ സ്‌കൂളികളുടെയും ഐടഐകളുടെയും ഭാഗത്തുനിന്നാണ്‌. പ്രളയാനന്തരം കേരള പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ ഐടികളിലെ കുട്ടികള്‍ അംഗങ്ങളായ നൈപുണ്യകര്‍മ്മസേന സജീവമായിരുന്നു. പ്രളയത്താല്‍ ബാധിക്കപ്പെട്ട വീടുകളുടെ വൈദ്യുതീകരണവും മറ്റും അവരെകൂടി ഉള്‍പ്പെടുത്തിയാണ്‌ ചെയ്‌തത്‌. ഞങ്ങള്‍ കോര്‍ഡിനേറ്റ്‌ ചെയ്‌തു. നൈപുണ്യ കര്‍മ്മസേന വന്ന്‌ കാര്യങ്ങള്‍ തകൃതിയായി ചെയ്‌തു. തുടര്‍ന്നാണ്‌ തൊഴില്‍ വകുപ്പുമായി സഹകരിച്ച്‌ ഗ്രീന്‍ ഐടിഐ എന്ന ആശയം കൊണ്ടുവന്നതും പ്രാവര്‍ത്തികമാക്കിയതും. കേരളത്തിലെ 14 ഐടിഐകള്‍ ഗ്രീന്‍ ഐടിഐകളായി മാറി. കൂടുതല്‍ ഐടിഐകള്‍ അതിലേക്ക്‌ വരുന്നു. പല ഐടിഐകളിലും ചെന്നാല്‍ അതിമനോഹരമായ ക്യാമ്പസ്‌ ആണ്‌ കാണാന്‍ കഴിയുക.പുല്ലൂര്‍പെരിയ എന്നത്‌ ചെങ്കല്‍നിറഞ്ഞ പ്രദേശമാണ്‌. പക്ഷേ അവിടത്തെ ഐടിഐ ക്യാമ്പസ്‌ ഹരിതശോഭയാര്‍ന്ന്‌ നില്‍ക്കുന്നു.

നാലരവര്‍ഷത്തെ നേട്ടങ്ങളെ പറ്റി പറയാമോ?
നാലര വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്‌. വളരെ നല്ല പ്രവര്‍ത്തനമാണ്‌ ഈ സര്‍ക്കാര്‍ കാഴ്‌ചവെച്ചിട്ടുളളത്‌. ഹരിത കേരളം മിഷന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്‌. തീരുമാനങ്ങളെല്ലാം യോഗം കൂടിയാണ്‌ എടുക്കുന്നത്‌. മുഖ്യമന്ത്രി വളരെ സൂക്ഷ്‌മമായ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്ന ആളാണ്‌. ഒരു പുഴ വീണ്ടെടുക്കാനുളള ആശയവുമായി ചെന്നാല്‍, അതിനുശേഷം പുഴയുടെ തുടര്‍സംരംക്ഷണത്തിന്‌ വേണ്ടി എന്തെങ്കിലും ആസൂത്രണം ചെയ്‌തിട്ടുണ്ടോ എന്ന്‌്‌ അദ്ദേഹം ചോദിക്കും. സര്‍ക്കാര്‍ മുന്നോട്ടുവച്ച പരിസ്ഥിതിസംരക്ഷണപദ്ധതികള്‍ വിവിധ വകുപ്പുകളും മറ്റും ചേര്‍ന്നാണ്‌ നടപ്പിലാക്കുന്നത്‌. അതിലൊരു പ്രധാന പങ്ക്‌ നിര്‍വ്വഹിക്കാന്‍ കഴിയും എന്ന ഉദ്ദേശത്തോടുകൂടിയാണ്‌ ഹരിതകേരളം മിഷന്‍ കൊണ്ടുവരുന്നത്‌. അത്തരം പ്രവര്‍ത്തനത്തിന്‌ ആവശ്യമായ എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അദ്ദേഹം തരുന്നു.ഹരിതകേരളം മിഷന്‍എന്നു പറയുന്നത്‌ അദ്ദേഹത്തിന്റെ വിഷന്‍ ആണ്‌.

തദ്ദേശസ്വയംഭരണം,ജലസേചനം, കൃഷി എന്നീവകുപ്പുകളും വനം തുടങ്ങിയ അനുബന്ധവകുപ്പുകളുമായി സഹകരിച്ചാണ്‌ ഹരിതകേരളം മിഷന്‍ മുന്നോട്ടുപോകുന്നത്‌. വനംമന്ത്രി,ആരോഗ്യമന്ത്രി, ജലസേചനമന്ത്രി, തദ്ദേശസ്വയംഭരണവകുപ്പ്‌ മന്ത്രി, കൃഷിമന്ത്രി എല്ലാം ഹരിത കേരളം മിഷന്റെ സഹാദ്ധ്യക്ഷരാണ്‌. മുഖ്യമന്ത്രിയാണ്‌ ചെയര്‍മാന്‍.ഇത്രയും വകുപ്പുകളും മന്ത്രിമാരും ഒരുമിച്ചുചേര്‍ന്നു പ്രവര്‍ക്കുകയാണ്‌.

വഴികാട്ടാന്‍ വാഗമണ്‍
ടൂറിസം പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ നിരവധി കാര്യങ്ങള്‍ ചെയ്‌തു. അത്തരത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ വഴികാട്ടാന്‍ വാഗമണ്‍ എന്നത്‌. അതിലേക്ക്‌ നയിച്ച ഒരു സംഭവം പറയാം. എന്റെ അമ്മയുടെ നാട്‌ പാലായാണ്‌. അമ്മയുടെ ആഗ്രഹപ്രകാരം ഞങ്ങള്‍ പാലായിലേക്ക്‌ പോയി. എന്റെ മകളും ഒപ്പമുണ്ടായിരുന്നു. അവിടെ ചെന്നുകഴിഞ്ഞ്‌ ഞാന്‍ പറഞ്ഞു അമ്മ ഒരു ദിവസത്തേക്കാണെങ്കില്‍ നമുക്ക്‌ വാഗമണ്ണിലേക്ക്‌ പോകാം. അങ്ങനെ വാഗമണ്ണിലേക്ക്‌ തിരിച്ചു. സ്ഥലമെത്താറായപ്പോഴേക്കും സങ്കടകരമായ കാഴ്‌ചകളാണ്‌ കണ്ടത്‌. ഡിടിപിസി ശ്രദ്ധിക്കുന്ന പുല്‍മേടുകളിലൊഴികെ എവിടെയും മാലിന്യക്കൂമ്പാരം. പൈന്‍ മരക്കാടുകളുടെ ഭാഗത്തെത്തിയപ്പോഴോ, അവിടെയുളള രണ്ട്‌ കടകളുടെയും സമീപത്ത്‌ മാലിന്യം കുന്നുകൂടി കിടക്കുന്നു. തിരികെയെത്തിയ ശേഷം ഇടുക്കി, കോട്ടയം ജില്ലകളിലെ കോര്‍ഡിനേറ്റര്‍മാരെ വിളിച്ച്‌ ഇതിന്‌ പരിഹാരമുണ്ടാക്കുന്നതിനുളള നീക്കങ്ങള്‍ ആരംഭിച്ചു. അപ്പോഴറിയാന്‍ കഴിഞ്ഞത്‌ 5 വഴികളുണ്ട്‌ വാഗമണ്ണിലേക്ക്‌. അതില്‍ മൂന്നോ നാലോ പഞ്ചായത്തുകള്‍ ഉള്‍പ്പെടും. ആര്‌ ഉത്തരവാദിത്തം ഏറ്റെടുക്കും എന്ന രീതിയാണ്‌. അതോടെ ഹരിതകേരളം ആ ദൗത്യം ഏറ്റെടുത്തു. ആദ്യം തിരുവനന്തപുരത്തുനിന്ന്‌ ഒരു ടീം പരുന്തുംപാറയിലും മറ്റും പോയി മാലിന്യം കൊണ്ടുതളളുന്നതുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി തയ്യാറാക്കുകയും അത്‌ ടൂറിസം മന്ത്രിക്ക്‌ സമര്‍പ്പിക്കുകയും ചെയ്‌തു. ആ ഡോക്യുമെന്ററി കണ്ട അദ്ദേഹം സ്‌തംഭിച്ചുപോയി. ഇതൊന്നും ഒരു കാരണവശാലും അനുവദിക്കാനാവില്ല എന്ന്‌ അദ്ദേഹം കര്‍ശന നിലപാടെടുത്തു. പിന്നീട്‌ വാഗമണ്ണില്‍യോഗം ചേര്‍ന്നു. കളക്ടര്‍ ദിനേശ്‌ സാര്‍ വളരെ സജീവമായി നിലകൊണ്ടു. അങ്ങനെ വാഗമണ്ണിനെ ഒരു ഹരിത ഡെസ്റ്റിനേഷന്‍ ആക്കാനുളള 'വഴികാട്ടാന്‍ വാഗമണ്‍'പദ്ധതിക്ക്‌ രൂപം നല്‍കി. ഹരിത ചെക്ക്‌പോസ്‌റ്റുകള്‍ ഉള്‍പ്പെടെ വാഗമണ്‍ ആ ലക്ഷ്യം കൈവരിച്ചു. അടുത്തത്‌ മൂന്നാറിലാണ്‌. അത്‌ യുഎന്‍ഡിപി പ്രൊജക്ടിന്റെ ഭാഗമായതിനാല്‍ അവരുടെ ഫണ്ട്‌ ഉണ്ട്‌. ഒപ്പം പഞ്ചായത്തിന്റെ ഫണ്ടും ഉണ്ട്‌.

 

Post your comments