Global block

bissplus@gmail.com

Global Menu

അറിയാം മാർച്ച് 1 മുതൽ എന്തെല്ലാം മാറുമെന്ന്....

സാധാരണക്കാരുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന നിരവധി നിയമങ്ങളിലാണ് മാർച്ച് മുതൽ മാറ്റങ്ങൾ വരാൻ പോകുന്നത്. എൽ‌പി‌ജി സിലിണ്ടറിന്റെ വില‌, എ‌ടി‌എം ക്യാഷ് പിൻ‌വലിക്കൽ, നിർബന്ധിത ഫാസ്റ്റാഗുകൾ തുടങ്ങിയ നിരവധി നിയമങ്ങളിലാണ് മാറ്റം വരുന്നത്. ദൈനംദിന ജീവിതത്തെ ബാധിക്കുന്നതിനാൽ ഈ മാറ്റങ്ങളെക്കുറിച്ച് വിശദമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇനി 2021 മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ വരാൻ പോകുന്ന നിയമങ്ങളും നിയന്ത്രണങ്ങളും ഏതൊക്കെയാണെന്ന് നോക്കാം.

2,000 രൂപ നോട്ടിന് വിട.....

മാര്‍ച്ച് ഒന്ന് മുതല്‍ ഇന്ത്യന്‍ ബാങ്ക് എടിഎമ്മുകളില്‍ നിന്നും 2,000 രൂപയുടെ നോട്ട് കിട്ടില്ല. ഇതേസമയം, ബാങ്കില്‍ നേരിട്ടു ചെന്നാല്‍ 2,000 രൂപയുടെ നോട്ടുകള്‍ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാം. എടിഎമ്മുകളില്‍ നിന്നെടുക്കുന്ന 2,000 രൂപയുടെ നോട്ട് 500, 200, 100 രൂപയുടെ നോട്ടുകളാക്കി മാറ്റാനെത്തുന്നവരുടെ എണ്ണം കാര്യമായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ തീരുമാനം.

പാചകവാതക സിലിണ്ടര്‍ വില

എല്ലാ മാസവും ആദ്യം ഓയിൽ മാർക്കറ്റിങ് കമ്പനികൾ (ഒ‌എം‌സി) പാചക വാതക സിലിണ്ടറുകളുടെ പുതുക്കിയ നിരക്കുകൾ പ്രഖ്യാപിക്കും. ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതിനിടെ ഫെബ്രുവരിയിൽ രണ്ട് തവണയാണ് സിലിണ്ടറുകളുടെ വില ഉയർത്തിയത്. രണ്ട് തവണയായി 75 രൂപയാണ് സിലിണ്ടറിന് വര്‍ധിപ്പിച്ചത്. 14.2 കിലോഗ്രാം സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. ഇതോടെ ഗാര്‍ഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഈ സിലിണ്ടറിന്റെ വില 801 രൂപയായി.

അതേസമയം വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് വില കുറ‍ഞ്ഞു. അഞ്ച് രൂപയാണ് കുറഞ്ഞത്.എണ്ണ വിതരണ കമ്പനികൾ സബ്‍സിഡി ഇതര സിലിണ്ടറുകൾക്ക് ഫെബ്രുവരി ആദ്യം മുതലാണ് വില ഉയര്‍ത്താൻ തുടങ്ങിയത്. ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി നിൽക്കുമ്പോഴാണ് എൽപിജി വിലവർദ്ധന എന്നതും ശ്രദ്ധേയമാണ്. അസംസ്കൃത എണ്ണ, പ്രകൃതിവാതകം എന്നിവയിൽ നിന്നാണ് പാചക വാതകം ലഭിക്കുന്നത് എന്നതിനാൽ അസംസ്കൃത എണ്ണ വില വര്‍ധന പാചക വാതക വിലയും കുത്തനെ ഉയര്‍ത്തിയേക്കും.അന്താരാഷ്ട്ര രംഗത്തെ ഇന്ധന നിരക്കും യുഎസ് ഡോളർ രൂപ വിനിമയ നിരക്കും അനുസരിച്ചാണ് വിലയിലെ മാറ്റം. ആഭ്യന്തര എൽപിജി സിലിണ്ടറുകൾ ഉപഭോക്താക്കൾക്ക് വിൽക്കുന്നതിന് സബ്സിഡി ലഭ്യമാണ്. സിലിണ്ടർ വാങ്ങിയതിനുശേഷം സബ്സിഡി തുക വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തുകയാണ് ചെയ്യുക.

സൗജന്യ ഫാസ്ടാഗ് ഇനി സ്വപ്നങ്ങളിൽ മാത്രം

ടോൾ പ്ലാസകളിൽനിന്ന് സൗജന്യമായി ഫാസ്ടാഗുകൾ വിതരണം ചെയ്യുന്നത് മാർച്ച് ഒന്ന് മുതൽ നിർത്തലാക്കും. ഫാസ്ടാഗ് കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇതുവരെ സൗജന്യമായി നൽകിയത്. എൻഎച്ച്എഐക്ക് കീഴിലുള്ള രാജ്യത്തൊട്ടാകെയുള്ള ദേശീയ, സംസ്ഥാന ഹൈവേകളിലെ 770 ടോൾ പ്ലാസകളിലാണ് ഉപയോക്താക്കൾക്ക് ഫാസ്ടാഗ് സൗജന്യമായി ലഭിക്കുക. മാർച്ച് ഒന്ന് മുതൽ ടോൾ പ്ലാസകളിൽ നിന്ന് ഫാസ്ടാഗ് വാങ്ങുന്നതിന് ഉപയോക്താക്കൾ 100 രൂപ നൽകേണ്ടിവരുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ‌എ‌എ‌ഐ‌ഐ) അറിയിച്ചു.

ഇന്ധന നിരക്കുകള്‍ 

രാജ്യത്ത് ഇന്ധന നിരക്കുകള്‍ അനുദിനം വര്‍ധിക്കുകയാണ്. കേരളത്തില്‍ പെട്രോള്‍ വില 93 രൂപ കടന്നുകഴിഞ്ഞു. മധ്യപ്രദേശിലും രാജസ്താനിലും പെട്രോള്‍ വില 100 രൂപ പിന്നിട്ട സാഹചര്യമാണ് ഇപ്പോള്‍. എന്തായാലും ശീതകാലം കഴിയുന്നതോടെ പെട്രോള്‍, ഡീസല്‍ വില കുറയുമെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചിരിക്കുന്നത്. ആഗോള അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും പെട്രോളിയം ഉൽ‌പന്നങ്ങളുടെ ആവശ്യകത ഉയർന്നതുമാണ് ഇന്ധന വില വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങൾ. കൂടാതെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞെങ്കിലും എണ്ണക്കമ്പനികൾ വില വർധിപ്പിക്കുന്നതും ഇന്ധനവില വർധനവിന് കാരണമാകുന്നു. അതേസമയം ശീതകാലം അവസാനിക്കുന്നതിന് മുമ്പായി രാജ്യത്ത് ഇന്ധന വില കുത്തനെ കുറയുമെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞിരുന്നു.

ഐഎഫ്എസ്‌സി കോഡ് മാറ്റം 

വിജയ ബാങ്കും ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായി ലയിച്ച സാഹചര്യത്തില്‍ ഇരു ബാങ്കുകളുടെയും ഐഎഫ്എസ്‌സി കോഡ് മാറി. മാര്‍ച്ച് ഒന്നു മുതല്‍ പഴയ ഐഎഫ്എസ്‌സി കോഡ് വെച്ച് ഇടപാടുകള്‍ നടക്കില്ല. ഇരു ബാങ്കുകളിലെയും അക്കൗണ്ട് ഉടമകള്‍ മാര്‍ച്ച് 31 -നകം പുതിയ എംഐസിആര്‍ കോഡുള്ള ചെക്ക് ബുക്ക് കൈപ്പറ്റണമെന്ന് ബാങ്ക് ഓഫ് ബറോഡ അറിയിച്ചിട്ടുണ്ട്

പഞ്ചാബ് നാഷണല്‍ ബാങ്കിലും ഐഎഫ്എസ്‌സി കോഡ് മാറ്റത്തിനായി നടപടി ആരംഭിച്ചു. ഓറിയന്റല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ രണ്ടു അനുബന്ധ ബാങ്കുകളുടെ പഴയ ചെക്ക് ബുക്കും ഐഎഫ്എസ്‌സി, എംഐസിആര്‍ കോഡുകളുമാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് പുതുക്കുന്നത്. മാര്‍ച്ച് 31 വരെ പഴയ ഐഎഫ്എസ്‌സി കോഡുകള്‍ പ്രവര്‍ത്തിക്കും. എന്നാല്‍ പുതിയ കോഡുകള്‍ എത്രയും വേഗം നേടണമെന്നാണ് ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്.

എസ്‌ബി‌ഐ ഉപയോക്താക്കൾ‌ക്ക് നിർബന്ധിത കെവൈസി

എസ്‌ബി‌ഐ ഉപഭോക്താക്കൾ‌ക്ക് മാർച്ച് ഒന്ന് മുതൽ കെ‌വൈ‌സി (നോ യുവർ കസ്റ്റമർ) നിർബന്ധമാക്കും. അക്കൗണ്ട്‌ സജീവമായി നിലനിർത്തണമെങ്കിൽ ഉപഭോക്താക്കൾ കെ‌വൈ‌സി പൂർത്തിയാക്കേണ്ടതുണ്ട്. കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇടപാടുകള്‍ നടത്താനാവില്ല.
2002 ലെ കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള നിയമത്തിലാണ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് റിസർവ് ബാങ്ക് കെവൈസി മാനദണ്ഡം നിര്‍ബന്ധമാക്കിയത്.ഉപഭോക്താവിനെ അറിയുക എന്നതാണ് കെവൈസികൊണ്ട് ഉദ്ദേശിക്കുന്നത്. അടുത്തുള്ള ബാങ്ക് ശാഖയില്‍ പോയി രേഖകള്‍ നല്‍കിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.

Post your comments