Global block

bissplus@gmail.com

Global Menu

സംരംഭകരേ ഇതിലേ ഇതിലേ...... വ്യവസായങ്ങള്‍ക്ക്‌ വേണ്ടതെല്ലാമൊരുക്കി കിന്‍ഫ്ര

ലീഡ്‌:14020 തൊഴിലവസരങ്ങള്‍. 1260 കോടി രൂപയുടെ നിക്ഷേപം. 32 വ്യവസായ പാര്‍ക്കുകള്‍.

രണ്ട്‌ പ്രളയങ്ങള്‍, കൊവിഡ്‌-19 മഹാമാരി തുടങ്ങി വന്‍ തിരിച്ചടികളെ അതിജീവിച്ച്‌, പ്രതിസന്ധികളില്‍ നിന്ന്‌ പുതുഅവസരങ്ങള്‍ കണ്ടെത്തി വ്യവസായ വിഹായസ്സില്‍ കേരളം വികസനച്ചിറകേറി പറക്കുകയാണ്‌. ഈ വികസനകുതിപ്പിന്‌ ഉറച്ച അടിത്തറ സംസ്ഥാനസര്‍ക്കാരിന്റെ നവനവങ്ങളായ പദ്ധതികളാണെങ്കില്‍ അതിനൊപ്പം ചേര്‍ന്ന്‌ അക്ഷീണയത്‌നം ചെയ്യുന്നതില്‍ കിന്‍ഫ്ര പോലുളള സ്ഥാപനങ്ങള്‍ക്കുളള പങ്കും എടുത്തുപറയേണ്ടതുണ്ട്‌. അടിസ്ഥാന പശ്ചാത്തല സൗകര്യം വികസിപ്പിക്കുകയും അതുവഴി വ്യവസായ വികസനത്തിനാവശ്യമായ അനുയോജ്യമായ പരിസ്ഥിതി സൃഷ്ടിക്കുന്നതിനുമായി 1993-ല്‍ കേരളസര്‍ക്കാര്‍ സ്ഥാപിച്ച കമ്പനിയാണ്‌ കേരള വ്യവസായ പശ്ചാത്തല വികസന കോര്‍പ്പറേഷന്‍ (കേരള ഇന്‍ഡസ്‌ട്രിയല്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഡെവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്‍ - കിന്‍ഫ്ര). വ്യവസായ മേഖലയില്‍ വന്‍ നേട്ടങ്ങളോടെ സംസ്ഥാനത്തിന്റെ വ്യവസായ ഭൂപടത്തില്‍ മുന്‍പന്തിയിലാണ്‌ കിന്‍ഫ്രയുടെ സ്ഥാനം.

വ്യവസായ വളര്‍ച്ചയ്‌ക്ക്‌ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ചെറുകിട വന്‍ കിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും കിന്‍ഫ്ര മുന്‍ നിരയിലുണ്ട്‌. സംസ്ഥാനത്ത്‌ വിവിധ സ്ഥലങ്ങളിലായി 32 വ്യവസായ പാര്‍ക്കുകളാണ്‌ ഇപ്പോള്‍ കിന്‍ഫ്രയ്‌ക്കുളളത്‌. കൊച്ചിന്‍-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി, കാസര്‍ഗോഡ്‌-മംഗലാപുരം വ്യവസായ ഇടനാഴി, ഡിഫന്‍സ്‌ പാര്‍ക്ക്‌ തുടങ്ങിയവ വ്യവസായ മേഖലയ്‌ക്ക്‌ പുത്തനുണര്‍വേകും. സംസ്ഥാനത്ത്‌ വ്യവസായ വളര്‍ച്ചയ്‌ക്ക്‌ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും, സംരക്ഷിക്കുന്നതിനും മാത്രമല്ല, ചെറുകിട വ്യവസായങ്ങളെ ആകര്‍ഷിച്ച്‌ വിജയകരമായ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും കിന്‍ഫ്ര സുപ്രധാനമായ പങ്കുവഹിക്കുന്നു. വിവിധ മേഖലകളിലെ മത്സരാധിഷ്‌ഠിത വിപണികള്‍ കണ്ടെത്തി വ്യവസായങ്ങള്‍ പരിപോഷിപ്പിക്കുന്നതിനൊപ്പം മികച്ച സംരംഭകരിലൂടെ സംസ്ഥാനത്ത്‌ മെച്ചപ്പെട്ട ആവാസവ്യവസ്ഥ രൂപപ്പെടുത്താനും സാഹചര്യമൊരുക്കുന്നു. നിക്ഷേപകര്‍ക്ക്‌ ഭൂമി, വൈദ്യുതി, ജലം, റോഡ്‌ തുടങ്ങിയ സൗകര്യങ്ങള്‍ കിന്‍ഫ്ര ലഭ്യമാക്കുന്നു.പ്രളയ-കൊവിഡ്‌ പശ്ചാത്തലത്തിലുളള ആനുകൂല്യങ്ങള്‍ വേറെയും. സര്‍ക്കാര്‍ പദ്ധതികള്‍ക്കൊപ്പം ചേര്‍ന്ന്‌ കേരളത്തെ സമ്പൂര്‍ണ്ണ സംരംഭക, നിക്ഷേപസൗഹൃദ സംസ്ഥാനമാക്കാനുളള കിന്‍ഫ്രയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ മാനേജിംഗ്‌ ഡയറക്ടര്‍ സന്തോഷ്‌ കോശി തോമസ്‌ ബിസിനസ്‌ പ്ലസിന്‌ നല്‍കിയ അഭിമുഖത്തില്‍ നിന്ന്‌ ....

താങ്കള്‍ കിന്‍ഫ്രയുടെ അമരത്തെത്തിയിട്ട്‌ രണ്ടു വര്‍ഷമായല്ലോ? വ്യവസായസൗഹൃദകേരളം എന്ന ലക്ഷ്യം സാധ്യമാക്കുന്നതിന്‌ കിന്‍ഫ്രയുടെ സംഭാവനകള്‍?
വ്യവസായ വികസനമാണ്‌ കിന്‍ഫ്രയുടെ ലക്ഷ്യം. അതു പ്രകാരം വ്യവസായ യൂണിറ്റുകളെ ആകര്‍ഷിക്കുകയും അവര്‍ ഇവിടെ വരികയും ഏകജാലകസംവിധാനം പോലെ തന്നെ കിന്‍ഫ്ര എല്ലാ ക്‌ളിയറന്‍സും നല്‍കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഒരു വ്യവസായം തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ ഇടമാണ്‌ കേരളത്തിലെ കിന്‍ഫ്ര പാര്‍ക്കുകള്‍.ഏതൊരു സര്‍ക്കാരും പ്രധാനമായും നോക്കുന്നത്‌ സ്ഥലം അനുവദിക്കല്‍ എത്രമാത്രം മികച്ചരീതിയില്‍ ചെയ്യാന്‍ സാധിക്കും എന്നതാണ്‌. അതായത്‌ സ്റ്റാന്‍ഡേര്‍ഡ്‌ ഡിസാന്‍ ഫാക്ടറി (എസ്‌ഡിഎഫ്‌) ആവശ്യമായ അളവില്‍ നല്‍കാനാവുമോ എന്നാണ്‌. എത്ര യൂണിറ്റുകള്‍ വരും, എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു, എത്ര നിക്ഷേപം വരുന്നു എന്നിവയാണ്‌ അടിസ്ഥാനപരമായി നോക്കുന്നത്‌.കെഎസ്‌ഐഡിസിയും കിന്‍ഫ്രയുമെല്ലാം നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍(ഇന്‍വെസ്റ്റ്‌മെന്റ്‌ പ്രൊമോഷന്‍) വേണ്ടിയുളള സ്ഥാപനങ്ങളാണ്‌.2016-17 മുതല്‍ 2020-21 വരെയുളള അഞ്ചുവര്‍ഷ കാലയളവ്‌ എടുക്കുകയാണെങ്കില്‍ ആദ്യത്തെ മൂന്ന്‌ വര്‍ഷം ഭൂമി അനുവദിക്കല്‍ (ലാന്‍ഡ്‌ അലോട്ട്‌മെന്റ്‌) 90 ഏക്കറില്‍ താഴെയായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട്‌ നമുക്ക്‌ ഏതാണ്‌ 350 ഏക്കര്‍ സ്ഥലം വിവിധ സംരംഭങ്ങള്‍ക്കായി അനുവദിക്കാനായി. 224 ഏക്കര്‍ ഭൂമി 2019-20ലും 2020 ഡിസംബര്‍ 31 വരെ 125 ഏക്കറും അനുവദിക്കാനായി. അത്‌ മിക്കവാറും 200 ഏക്കര്‍ വരെ ആകാനിടയുണ്ട്‌. കാരണം 2021ല്‍ ജനുവരി 22 വരെ 40-50 ഏക്കര്‍ ഭൂമിക്കായി ആവശ്യക്കാരെത്തിയിട്ടുണ്ട്‌. കിന്‍ഫ്രയ്‌ക്ക്‌ എല്ലായിടത്തും ബില്‍ഡ്‌ അപ്‌ സ്‌പേസ്‌ അതായത്‌ എസ്‌ഡിഎഫു (സ്റ്റാന്‍ഡേര്‍ഡ്‌ ഡിസാന്‍ ഫാക്ടറി)കളുണ്ട്‌. അത്‌ നമ്മള്‍ തന്നെ കെട്ടുന്നതാണ്‌. ചിലത്‌ 50,000 ചതുരശ്ര അടിയുളളവയായിരിക്കും മറ്റു ചിലവ 2 ലക്ഷം ചതുരശ്ര അടിയായിരിക്കും അതൊക്കെ ഓരോ സ്ഥലത്തിന്റെയും ആവശ്യകത അനുസരിച്ചാണ്‌ ചെയ്യുന്നത്‌. ബില്‍ഡ്‌ അപ്‌ സ്‌പേസ്‌ അതായത്‌ എസ്‌ഡിഎഫുകള്‍ 2016-17 മുതല്‍ 2018-19 വരെ മൂന്നുലക്ഷം ചതുരശ്ര അടി അനുവദിച്ചു. 2019-20 മുതല്‍ 2020-21 കാലഘട്ടത്തില്‍ ഇതുവരെ നാല്‌ ലക്ഷം ചതുരശ്ര അടിയും അനുവദിക്കാനായി. നടപ്പു സാമ്പത്തിക വര്‍ഷത്തെ ഒന്‍പതുമാസം വരെയുളള കണക്കാണിത്‌. അതായത്‌ 21 മാസത്തെ കണക്കുപ്രകാരമാണ്‌ നാല്‌ ലക്ഷം ചതുരശ്രഅടി. മൂന്നുമാസത്തെ കണക്കുകൂടി ചേരുമ്പോള്‍ ഇനിയും വര്‍ദ്ധിക്കും.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതിന്‌്‌ കിന്‍ഫ്ര വലിയ പ്രാധാന്യം നല്‍കുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത്‌ 14020 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി. ഇതില്‍ 11,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടത്‌ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുളളിലാണ്‌. അതുപോലെ തന്നെ 1260 കോടി രൂപയുടെ നിക്ഷേപം മേല്‍പറഞ്ഞ അഞ്ചുവര്‍ഷ കാലയളവില്‍ കൊണ്ടുവന്നു. ഇതില്‍ 935 കോടി രൂപയുടെ നിക്ഷേപവും വന്നത്‌ കഴിഞ്ഞ 21 മാസക്കാലയളവിലാണ്‌. ഇതെല്ലാം 2020 ഡിസംബര്‍ 31 വരെയുളള കണക്കാണ്‌.

കഴിഞ്ഞ നാലര വര്‍ഷക്കാലത്തെ വ്യവസായരംഗത്തെ നേട്ടങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
വ്യവസായ വികസനത്തിന്റെ കാര്യത്തില്‍ ഒരു കുതിപ്പ്‌ ഉണ്ടായിട്ടുണ്ട്‌. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിശ്ചയാര്‍ഢ്യം കൊണ്ടാണ്‌ ഇതെല്ലാം സാധ്യമായത്‌. വ്യവസായം തുടങ്ങാന്‍ നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്‌നം ഭൂമിയുടെ വിലയാണ്‌. ഭൂമിക്കായി നടത്തുന്ന നിക്ഷേപം ഡെഡ്‌ ഇന്‍വെസ്റ്റ്‌മെന്റാണ്‌. അതായത്‌ പത്ത്‌ ഏക്കര്‍ സ്ഥലത്തിനായി ഒരാള്‍ 5 കോടി മുടക്കുമ്പോള്‍ ആ തുക ഡെഡ്‌ ഇന്‍വെസ്‌റ്റ്‌മെന്റാണ്‌. നമ്മുടെ വ്യവസായ ഭദ്രതാ സ്‌കീം പ്രകാരം ഇതിന്റെ 20% മാത്രം അടച്ച്‌ ബാക്കി 80% തുക അടുത്ത അഞ്ചുവര്‍ഷം കൊണ്ട്‌ പലിശയില്ലാതെ അടച്ച്‌ ഭൂമി ലഭ്യമാക്കാം. നേരത്തേ പറഞ്ഞതുപോലെ 10 കോടി രൂപയ്‌ക്ക്‌ ഭൂമി ഏറ്റെടുക്കാനുദ്ദേശിക്കുന്ന ആള്‍ക്ക്‌ ആദ്യം 2 കോടി അടച്ചിട്ട്‌ ബാക്കി തുക അഞ്ചാമത്തെ വര്‍ഷം അടച്ചാലും മൂന്നുകോടി രൂപവരെ പലിശയിനത്തില്‍ ലാഭിക്കാം. അത്‌ സര്‍ക്കാര്‍ സ്‌കീം വഴിയാണ്‌ നല്‍കുന്നത്‌. അങ്ങനെ വരുമ്പോള്‍ വളരെയധികം ഭൂമി വിറ്റുപോയി. കണ്ണൂര്‍ നാടുകാണിയില്‍ കിന്‍ഫ്രയ്‌ക്ക്‌ 60 ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. ആവശ്യക്കാരില്ലാതെ ആ ഭൂമി വെറുതെ കിടക്കുകയായിരുന്നു. ഈ സ്‌കീം വന്നതോടെ മുഴുവന്‍ ഭൂമിയും കൊടുക്കാനായി. ഇനി പുതിയ പാര്‍ക്കുകള്‍ വന്നാലേ കൊടുക്കാന്‍ സ്ഥലമുളളു എന്ന അവസ്ഥയാണ്‌. അതായത്‌ വ്യവസായ പാര്‍ക്കുകളെല്ലാം ഉണ്ടായിരുന്ന ഭൂമി വ്യവസായത്തിനായി ഉപയോഗപ്പെടുത്തിക്കഴിഞ്ഞു എല്ലാത്തിനുമുപരി വൈദ്യുതി, റോഡ്‌, വെളളം, എഫ്‌ളുവെന്റ്‌ ട്രീറ്റ്‌മെന്റ്‌ പ്‌ളാന്റ്‌, സ്വീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ എന്നിവ കൃത്യമായി ചെയ്‌തുകൊടുക്കുകയും നിലവില്‍ പാര്‍ക്കില്‍ സംരംഭങ്ങള്‍ നടത്തുന്നവരുടെ അഭിപ്രായം പുതിയ സംരംഭകരെ ആകര്‍ഷിക്കുന്നു. മികച്ച പിന്തുണയാണ്‌ കിന്‍ഫ്ര സംരംഭകര്‍ക്ക്‌ നല്‍കുന്നത്‌.

കോവിഡ്‌ കാലത്തെ നിക്ഷേപം?
കോവിഡ്‌ പ്രതിസന്ധിഘട്ടമെന്ന്‌ പറയുമ്പോഴും ഈ വ്യവസായഭദ്രതാ സ്‌കീമും സര്‍ക്കാരിന്റെ മൊത്തത്തിലുളള പിന്തുണയും കൂടി ചേര്‍ത്ത്‌ ഏറ്റവും കൂടുതല്‍ ബിസിനസ്‌ യൂണിറ്റുകള്‍ ആരംഭിച്ചത്‌ കോവിഡനന്തര കാലത്താണ്‌. അതുപോലെ ഏറ്റവും കൂടുതല്‍ നിക്ഷേപമുണ്ടായതും 2019-20, 2020-21 കാലഘട്ടത്തിലാണ്‌. സംരംഭസഹായപദ്ധതികള്‍ വഴിയാണ്‌ ഇതു സാധ്യമായത്‌. ഞാന്‍ കിന്‍ഫ്രയില്‍ ചുമതലയേല്‍ക്കുന്ന സമയത്ത്‌ 225 ഏക്കറോളം ഭൂമി വെറുതെ കിടന്നിരുന്നു. ഇപ്പോള്‍ പത്ത്‌ ഏക്കറില്‍ താഴെ ഭൂമി മാത്രമേ ബാക്കിയുളളു.

കോവിഡ്‌ മാന്ദ്യത്തെ മറികടക്കാന്‍ എടുത്ത നടപടികള്‍?
കോവിഡ്‌ കാലത്ത്‌ സംരംഭകരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി കിന്‍ഫ്ര 2020മാര്‍ച്ച്‌, ഏപ്രില്‍,മെയ്‌ മാസങ്ങളില്‍ വാടക ഒഴിവാക്കി വ്യവസായങ്ങളുടെ നിലനില്‌പിന്‌ സഹായകമായ നിലപാടെടുത്തു. കിന്‍ഫ്രയ്‌ക്ക്‌ നഷ്ടമാണെങ്കിലും അത്‌ സഹിച്ചുകൊണ്ടാണ്‌ ചെയ്‌തത്‌. അതുപോലെ തന്നെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ വഴി പലിശ എഴുതിത്തളളുകയും ചെയ്‌തു. എട്ടുകോടി രൂപയുടെ ബാധ്യത കിന്‍ഫ്രയ്‌ക്കുണ്ടായെങ്കിലും അത്രയും തുകയുടെ ഇളവുകള്‍ സംരംഭകര്‍ക്ക്‌ നല്‍കാനായതും വലിയ കാര്യമാണ്‌. അതുപോലെ സ്‌റ്റാന്‍ഡേര്‍ഡ്‌ ഡിസൈന്‍ ഫാക്ടറികളുടെ വാടക എല്ലാവര്‍ഷവും വര്‍ദ്ധിപ്പിക്കാറുണ്ട്‌. അത്‌ ഒരു വര്‍ഷത്തേക്ക്‌ ഒഴിവാക്കിയിട്ടുണ്ട്‌. ലീസ്‌ പ്രീമിയം എന്നതില്‍ വര്‍ദ്ധനവില്ല. അങ്ങനെ പല കാര്യങ്ങളും ചെയ്‌തു. അത്തരം നടപടികള്‍ ആവശ്യവുമാണ്‌. പിന്തുണ ആവശ്യമായ സമയത്ത്‌ നല്‍കിയില്ലെങ്കില്‍ ഉളളവര്‍ കൂടി വിട്ടുപോകുമെന്ന്‌ മാത്രമല്ല പുതിയ സംരംഭകര്‍ വരികയുമില്ല. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാര്യമെടുത്താല്‍ അത്‌ സംരംഭകര്‍ക്കും ഞങ്ങള്‍ക്കും ഒരുപോലെ ഗുണകരമാണ്‌. ഇത്തരം കാലോചിതമായ പദ്ധതികളിലൂടെയാണ്‌ നാം പ്രതിസന്ധിഘട്ടത്തെ അതിജീവിച്ചതും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനായതും.

മികച്ച പെര്‍ഫോമന്‍സിനായി സ്വീകരിച്ച തന്ത്രങ്ങള്‍?
സാധാരണയില്‍ നിന്ന ്‌വ്യത്യസ്‌തമായി മാര്‍ക്കറ്റിംഗ്‌ കൂടി ചെയ്‌തു. പരസ്യങ്ങള്‍, റോഡ്‌ഷോകള്‍ എന്നിങ്ങനെ.ആദ്യമൊന്നും കിന്‍ഫ്രയുടേതായി പരസ്യങ്ങളൊന്നും കൊടുത്തിരുന്നില്ല. ഇപ്പോള്‍ ആ രീതി മാറി. സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഭൂമി തരുന്നുണ്ട്‌. എല്ലാ തരം അടിസ്ഥാന സൗകര്യങ്ങളോടും ക്ലിയറന്‍സോടും കൂടിയാണ്‌ സ്ഥലം നല്‍കുന്നത്‌,ഭൂമി വില ഗഡുക്കളായി അടച്ചാല്‍ മതിയാകും എന്നിങ്ങനെ ജനങ്ങളെ അറിയിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി. മെഗാ ഫുഡ്‌ പാര്‍ക്കുകള്‍ പോലുളള പദ്ധതികളെ പറ്റി അറിയാത്തവര്‍ നിരവധിയാണെന്ന്‌ മാര്‍്‌ക്കറ്റിംഗ്‌ിലേക്കിറങ്ങിയപ്പോള്‍ മനസ്സിലായി. അതായത്‌ ഇപ്പോള്‍ ഒരാള്‍ക്ക്‌ 50 സെന്റ്‌ ഭൂമി ഉണ്ടെന്നിരിക്കട്ടെ. അവിടെ ഒരു സംരംഭം തുടങ്ങണമെങ്കില്‍ പോലും വിവിധതരം ക്ലിയറന്‍സുകള്‍ വേണം. നിലവില്‍ ഏകജാലകസംവിധാനം വഴി ഇത്തരം ക്ലിയറന്‍സുകളും മറ്റും നേടിയെടുക്കുന്നതില്‍ മുമ്പുണ്ടായിരുന്ന സങ്കീര്‍ണ്ണത ഒഴിവായിട്ടുണ്ടെങ്കിലും പലര്‍ക്കും അതിനായി ഇറങ്ങാന്‍ മടിയാണ്‌. എന്നാല്‍ സര്‍ക്കാരിന്റെ തന്റെ ഇന്‍ഡസ്‌ട്രിയല്‍ പാര്‍ക്കുകളില്‍ ഇത്തരത്തില്‍ സ്ഥലമായും എസ്‌ഡിഎഫുകളായും ഇടംലഭിക്കുമെന്നാകുമ്പോള്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ മുന്നോട്ടുവരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്‌.

കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്കുകള്‍ വന്‍ വിജയമാണല്ലോ. അതെപ്പറ്റി പറയാമോ?
എല്ലാത്തരം വ്യവസായങ്ങളെയും ഉള്‍ക്കൊളളാവുന്ന മള്‍ട്ടി ഇന്‍ഡസ്‌ട്രിയല്‍ പാര്‍ക്കുകള്‍ക്കൊപ്പം പെട്രോകെമിക്കല്‍ പാര്‍ക്ക്‌, ഫുഡ്‌പാര്‍ക്ക്‌ തുടങ്ങി സെഗ്‌ മെന്റ്‌ പാര്‍ക്കുകളും ഉണ്ട്‌. അങ്ങനെ വരുമ്പോള്‍ അതുമായി ബന്ധപ്പെട്ട സംരംഭകരെ മാത്രമേ അവിടങ്ങളില്‍ അനുവദിക്കൂ. മെഗാഫുഡ്‌പാര്‍ക്ക്‌ എന്നൊക്കെ പറഞ്ഞാല്‍ ശരിക്കും കേന്ദ്രസര്‍ക്കാരിന്റെ ഗ്രാന്റോടെ ആരംഭിച്ചതാണ്‌. അതൊരു വലിയ പ്രൊജക്ടാണ്‌. പാലക്കാട്‌ 74 ഏക്കറിലാണ്‌ ഈ മെഗാഫുഡ്‌ പാര്‍ക്ക്‌ സ്ഥിതിചെയ്യുന്നത്‌. കേന്ദ്രമന്ത്രി നരേന്ദ്രസിംഗ്‌ തോമറും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ്‌ ഈ ഫുഡ്‌പാര്‍ക്കിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചത്‌. ഉദ്‌ഘാടനം കഴിഞ്ഞ്‌ 15 ദിവസത്തിനുളളില്‍ മുഴുവന്‍ ഭൂമിയും വിറ്റുപോയെന്നു മാത്രമല്ല 30 യൂണിറ്റുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തകൃതിയായി പുരോഗമിക്കുന്നു. അതില്‍ രണ്ടെണ്ണം ഈ മാസം പ്രവര്‍ത്തനം ആരംഭിക്കും. ഉദ്‌ഘാടനം കഴിഞ്ഞ്‌ 15 ദിവസത്തിനുളളില്‍ മുഴുവന്‍ സ്ഥലവും വിറ്റുപോകുന്നത്‌ അപൂര്‍വ്വതയാണെന്ന്‌ പറഞ്ഞാല്‍ അതിശയോക്തിയില്ല. കേന്ദ്രസര്‍ക്കാര്‍ സഹായമുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു നേട്ടം കൈവരിക്കാനായത്‌ കിന്‍ഫ്രയുടെ മാര്‍ക്കറ്റിംഗ്‌ തന്ത്രം കൊണ്ടുകൂടിയാണ്‌. സംരംഭകരുടെ ആവശ്യങ്ങളെ പോസിറ്റീവായി പരിഗണിക്കുമ്പോള്‍ തന്നെ വലിയ മാറ്റങ്ങള്‍ പ്രകടമാണ്‌.

വരാനിരിക്കുന്ന പാര്‍ക്കുകള്‍?
നിലവില്‍ കിന്‍ഫ്ര ഒരു പെട്രോകെമിക്കല്‍ പാര്‍ക്ക്‌ തുടങ്ങി. എറണാകുളത്ത്‌ അമ്പലമുകളില്‍ എഫ്‌എസിടിയില്‍ നിന്ന്‌ ഏറ്റെടുത്ത 481 ഏക്കര്‍ ഭൂമിയില്‍ 170 ഏക്കര്‍ ഭൂമി ബിപിസിഎല്ലിന്‌ കൊടുത്തു. ബാക്കി ഭൂമിയില്‍ ഏകദേശം 230 ഏക്കര്‍ ഭൂമി വില്‌പനയോഗ്യമായുണ്ട്‌. അതില്‍ 100 ഏക്കര്‍ ഭൂമിക്ക്‌ ആവശ്യക്കാരെത്തി കഴിഞ്ഞു. വില്‌പന ഏതാണ്ട്‌ അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്‌. 70 ഏക്കറെങ്കിലും നമുക്ക്‌ അനുവദിക്കാനാവും. ഫെബ്രുവരി ഒന്‍പതിന്‌ അത്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു. കൂടാതെ, ഇടുക്കി ജില്ലയിലെ മുട്ടത്ത്‌ സ്‌പൈസസ്‌ പാര്‍ക്ക്‌ വരുന്നു. ഇരുപതുകോടി രൂപയുടെ പ്രൊജക്ടാണിത്‌. സ്‌പൈസസിനും അനുബന്ധ ബിസിനസുകളും പ്രോത്സാഹിപ്പിക്കുന്നതിനുളള പ്രൊജക്ടാണ്‌. മാസ്റ്റര്‍ പ്ലാനെല്ലാം തയ്യാറായി. കേന്ദ്രസര്‍ക്കാര്‍ ഇതിനായി 5.6 കോടി രൂപയുടെ ഗ്രാന്റ്‌ അനുവദിച്ചു. ഫണ്ട്‌ അനുവദിച്ചുകൊണ്ടുളള കത്തും വന്നു. അതൊരു മാച്ചിംഗ്‌ ഗ്രാന്റാണ്‌ അനുവദിച്ചിട്ടുളളത്‌. അതായത്‌ നമ്മള്‍ രണ്ടു കോടി മുതല്‍മുടക്കുമ്പോള്‍ അവരും രണ്ടുകോടി അനുവദിക്കും. അതിന്റെ ഉദ്‌ഘാടനവും ഫെബ്രുവരി 9ന്‌ വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ നിര്‍വ്വഹിച്ചു.

മറ്റൊന്ന്‌ ഡിഫന്‍സ്‌ പാര്‍ക്കാണ്‌. 33 ഏക്കര്‍ സ്ഥലവും 2 ലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണ്ണമുളള കെട്ടിടവും ഇതിനായി സജ്ജമാണ്‌. ഫെബ്രുവരി 17നാണ്‌ ഉദ്‌ഘാടനം തീരുമാനിച്ചിരിക്കുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി പീയുഷ്‌ ഗോയലും ചേര്‍ന്നാണ്‌ ഉദ്‌ഘാടനം നിര്‍വ്വഹിക്കുക. പ്രതിരോധമേഖലയ്‌ക്കാവശ്യമായ ഉത്‌പന്നങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന സംരംഭങ്ങള്‍ക്കുവേണ്ടിയുളള എക്‌സ്‌ക്ലൂസീവ്‌ പ്രൊജക്ടാണിത്‌.ഡിഫന്‍സ്‌ പാര്‍ക്കുമായി ബന്ധപ്പെട്ട്‌ കിന്‍ഫ്ര ഒരു വെബ്ബിനാര്‍ നടത്തിയിരുന്നു. ഏതാണ്ട്‌ മുന്നൂറോളം സംരംഭകര്‍ പങ്കെടുത്തു. അതില്‍ അമ്പതോളം പേര്‍ താല്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. ഡിഫന്‍സ്‌ പാര്‍ക്കിനെ സംബന്ധിച്ച്‌ 33 ഏക്കര്‍ ഭൂമി എന്നത്‌ വേഗത്തില്‍ വിറ്റുപോകും. ബ്രഹ്മോസാണ്‌ ഇവിടേക്ക്‌ എത്തുന്ന പ്രധാനി. അവര്‍ക്ക്‌ വേണ്ട മെറ്റീരിയലുകള്‍ വിതരണം ചെയ്യുന്ന ഏതാനും കമ്പനികളും താല്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. കൂടാതെ ബെമല്‍, ഫൂട്ട്‌റെസ്റ്റ്‌, എന്‍പിഒല്‍ തുടങ്ങിയവയ്‌ക്ക്‌ അസംസ്‌കൃതവസ്‌തുക്കള്‍ വിതരണം ചെയ്യുന്ന സംരംഭങ്ങളും ഉണ്ടാവാം. ലോജിസ്‌റ്റിക്‌സുമായി ബന്ധപ്പെട്ട്‌ അവര്‍ക്കിവിടെയൊരു യൂണിറ്റ്‌ ഉളളത്‌ നല്ലതാണ്‌. അപ്പോള്‍ അങ്ങനെയുളളവരെയും പ്രതീക്ഷിക്കുന്നു. ഇതു കൂടാതെ മട്ടന്നൂരിലും മറ്റും മള്‍ട്ടി ഇന്‍ഡസ്‌ട്രിയല്‍ പാര്‍ക്ക്‌ വരുന്നുണ്ട്‌. തിരുവനന്തപുരത്തും പ്രൊജക്ടുകള്‍ക്ക്‌ പറ്റിയ ഭൂമി നോക്കുന്നുണ്ട്‌. തിരുവനന്തപുരത്ത്‌ നിലവിലുളള പാര്‍ക്കുകളിലൊന്നും ഭൂമി ഒഴിവില്ല.

വ്യവസായ ഇടനാഴികള്‍?
കൊച്ചിന്‍-ബാംഗ്ലൂര്‍ ഇന്‍ഡസട്രിയല്‍ കോറിഡോറിന്റെ നോഡല്‍ ഏജന്‍സി കിന്‍ഫ്രയാണ്‌. അതിനായി പാലക്കാട്‌ 1800 ഏക്കറോളം സ്ഥലം ഏറ്റെടുക്കും. എറണാകുളത്ത്‌ അഞ്ഞുറ്‌ ഏക്കറോളം സ്ഥലം ഏറ്റെടുക്കും. ഇതൊരു മള്‍ട്ടി ഇന്‍ഡസ്‌ട്രിയല്‍ പാര്‍ക്കാണ്‌. എറണാകുളത്തെ പ്രൊജക്ടിന്റെ പേര്‌ ഗ്ലോബല്‍ ഇന്‍ഡസ്‌ട്രിയല്‍ ഫിനാന്‍ഷ്യല്‍ ആന്‍ഡ്‌ ട്രേഡ്‌ (ഗിഫ്‌റ്റ്‌)സിറ്റിയെന്നാണ്‌. അവിടെ മാനുഫാക്‌ചറിംഗ്‌ ഇല്ല ട്രേഡ്‌ മാത്രമാണുണ്ടാവുക. സിംഗപ്പൂര്‍, ഹോങ്കോംഗ്‌, ചൈന എന്നിങ്ങനെ ലോകത്താകമാനം പന്ത്രണ്ടോളം സ്ഥലങ്ങളിലേ ഗിഫ്‌റ്റ്‌ സിറ്റിയുളളു. അത്തരത്തില്‍ ലോകനിലവാരത്തിലുളള ഒരു വ്യാപാരകേന്ദ്രമാണ്‌ ലക്ഷ്യമിടുന്നത്‌.ഈ പറഞ്ഞ പ്രൊജക്ടുകളെല്ലാം കൂടി തന്നെ വലിയൊരു ലാന്‍ഡ്‌ ബാങ്ക്‌ ഉണ്ട്‌. ഇതിനുപുറമെ വലിയൊരു ലാന്‍ഡ്‌ ബാങ്ക്‌ വരുന്നത്‌ കണ്ണൂരിലാണ്‌. കാസര്‍ഗോഡ്‌-മംഗലാപുരം വ്യാവസായിക ഇടനാഴിക്കായി 5000 ഏക്കറോളം സ്ഥലം ഏറ്റെടുക്കാനുളള നടപടികള്‍ പുരോഗമിക്കുന്നു. 2021 പൂര്‍ത്തിയാകുമ്പോഴേക്കും 1000 ഏക്കറോളം സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകും.

സംയുക്ത സംരംഭങ്ങള്‍?
റബ്ബര്‍ ബോര്‍ഡുമായി ചേര്‍ന്ന്‌ റബ്ബര്‍ ഇന്ത്യ, പാലക്കാട്‌ വെസ്റ്റേണ്‍ ഇന്ത്യയുമായി ചേര്‍ന്ന്‌ വൈസ്‌ (വെസ്റ്റേണ്‍ ഇന്ത്യ കിന്‍ഫ്ര ലിമിറ്റഡ്‌) പാര്‍ക്ക്‌ , കേന്ദ്രസര്‍ക്കാരിന്റെ മറൈന്‍ പ്രൊഡക്ട്‌സ്‌ എക്‌സ്‌പോര്‍ട്ട്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റി (എംപിഇഡിഎ) യുമായി ചേര്‍ന്ന്‌ ആലപ്പുഴയില്‍ സീഫുഡ്‌ പാര്‍ക്ക്‌, നാട്ടകത്ത്‌ സൗത്ത്‌ ഇന്ത്യന്‍ ചേംബറുമായി ചേര്‍ന്ന്‌ കോട്ടയം പോര്‍ട്ട്‌ (ഐസിഡി) എന്നിങ്ങനെ കിന്‍ഫ്രയ്‌ക്ക്‌ സംയുക്ത സംരംഭങ്ങളുമുണ്ട്‌. മാത്രമല്ല ഏറ്റവും കൂടുതല്‍ പ്രൊജക്ടുകളുളള കമ്പനിയാണ്‌ കിന്‍ഫ്ര. കേരളത്തിലങ്ങോളമിങ്ങോളം 32 ഇന്‍ഡസ്‌ട്രിയല്‍ പാര്‍ക്കുകളുണ്ട്‌. നിക്ഷേപസൗഹൃദവുമായി ബന്ധപ്പെട്ട്‌ ഇനിയും നിരവധി പ്രൊജക്ടുകള്‍ കൊണ്ടുവരുന്നുണ്ട്‌. ഫെബ്രുവരി പകുതിയോടെ രൂപരേഖ വ്യക്തമാകും.

പ്രവാസികള്‍ക്കായി പ്രത്യേക സ്‌കീമുകളുണ്ടോ?
പ്രത്യേക പദ്ധതികളില്ല. പക്ഷേ, മടങ്ങിവന്ന പ്രവാസികളോട്‌ പോസിറ്റീവായ സമീപനമാണ്‌ കിന്‍ഫ്ര സ്വീകരിക്കുന്നത്‌. പെട്രോകെമിക്കല്‍ പാര്‍ക്കിലും റബ്ബര്‍ പാര്‍ക്കിലുമെല്ലാം പ്രവാസികള്‍ സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ട്‌. നാട്ടിലെ ബിസിനസുകാരന്‌ ഒരു നീതി പ്രവാസിക്ക്‌ ഒരു നീതി അങ്ങനെയില്ല. ഈ ഒരു സംവിധാനത്തിനകത്തുനിന്ന്‌ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്‌.

കിന്‍ഫ്ര എംഡി എന്ന നിലയില്‍ താങ്കള്‍ വിജയിച്ചു എന്നു പറഞ്ഞാല്‍?
കിന്‍ഫ്രയുടെ തലപ്പത്ത്‌ ആരാണ്‌ എന്നതിനല്ല പ്രസക്തി. മറിച്ച്‌ ഇതൊരു കൂട്ടായ പ്രവര്‍ത്തനമാണ്‌. എല്ലാ ഘടകങ്ങളും അനുകൂലമാകുമ്പോള്‍ മികച്ച കൂട്ടായ്‌മയും മികച്ച റിസള്‍ട്ടും ഉണ്ടാകും. ഈ ഒരു രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ വ്യവസായസൗഹൃദകേരളം എന്ന ലക്ഷ്യം മികച്ച രീതിയില്‍ യാഥാര്‍ത്ഥ്യമാക്കാനാകും. കാരണം വ്യവസായങ്ങളുടെ വികസനത്തിനായി നിരവധി കാര്യങ്ങള്‍ ഈ സര്‍ക്കാര്‍ കൊണ്ടുവന്നു. അതിന്റെ ഫലമാണ്‌ ഇപ്പോള്‍ കാണുന്നത്‌.

സര്‍ക്കാരിന്റെ പിന്തുണ?
സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടലും നടപടികളുമാണ്‌ നിലവിലെ നേട്ടങ്ങള്‍ക്ക്‌ കാരണം. ഒരു സര്‍ക്കാരിന്റെ കാലാവധി അഞ്ചുവര്‍ഷമാണ്‌. ശരിക്കും പറഞ്ഞാല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകുന്നത്‌ നാലര വര്‍ഷമാണ്‌. ഈ സര്‍ക്കാരിന്റെ കാര്യത്തില്‍ രണ്ടു പ്രളയവും കൊവിഡുമൊക്കെയായി മൂന്നുവര്‍ഷം പ്രതിസന്ധിഘട്ടമായിരുന്നു.2016ലെ നോട്ടുനിരോധനവും 2017ലെ ജിഎസ്‌ടിയും ഉയര്‍ത്തിവിട്ട പ്രശ്‌നങ്ങള്‍ വേറെ. എന്നിട്ടും പ്രശംസനീയമായ പദ്ധതികളാണ്‌ സംരംഭക,നിക്ഷേപസൗഹൃദവുമായി ബന്ധപ്പെട്ട നടപ്പിലാക്കിയത്‌. ഇത്തരം പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നെങ്കില്‍ കേരളം വ്യവസായസൗഹൃദസംസ്ഥാനം എന്ന നിലയില്‍ അത്ഭുതാവഹമായ നേട്ടങ്ങള്‍ കൈവരിച്ചേനെ. രാഷ്ട്രീയത്തിനുപരിയായി നോക്കുമ്പോള്‍ ജനങ്ങള്‍ക്കും അത്‌ മനസ്സിലാകുന്നുണ്ട്‌. വ്യവസായമന്ത്രി നേരിട്ടുതന്നെയാണ്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍പിടിക്കുന്നത്‌. മാത്രമല്ല പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ഇളങ്കോവന്‍ ഐഎഎസും വളരെ സഹായകരമായി നിലകൊളളുന്നു. വളരെ ദിശാബോധമുളള ഉദ്യോഗസ്ഥനാണ്‌ അദ്ദേഹം.

വ്യവസായിക വികസനം പ്രതിജ്ഞാബദ്ധമാക്കിയ സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടലും നടപടികളുമാണ്‌ നിലവിലെ നേട്ടങ്ങള്‍ക്ക്‌ കാരണം. ഒരു സര്‍ക്കാരിന്റെ കാലാവധി അഞ്ചുവര്‍ഷമാണ്‌. ശരിക്കും പറഞ്ഞാല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകുന്നത്‌ നാലര വര്‍ഷമാണ്‌. ഈ സര്‍ക്കാരിന്റെ കാര്യത്തില്‍ രണ്ടു പ്രളയവും കൊവിഡുമൊക്കെയായി മൂന്നുവര്‍ഷം പ്രതിസന്ധിഘട്ടമായിരുന്നു.2016ലെ നോട്ടുനിരോധനവും 2017ലെ ജിഎസ്‌ടിയും ഉയര്‍ത്തിവിട്ട പ്രശ്‌നങ്ങള്‍ വേറെ. എന്നിട്ടും പ്രശംസനീയമായ പദ്ധതികളാണ്‌ സംരംഭക,നിക്ഷേപസൗഹൃദവുമായി ബന്ധപ്പെട്ട നടപ്പിലാക്കിയത്‌. ഇത്തരം പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നെങ്കില്‍ കേരളം വ്യവസായസൗഹൃദസംസ്ഥാനം എന്ന നിലയില്‍ അത്ഭുതാവഹമായ നേട്ടങ്ങള്‍ കൈവരിച്ചേനെ. രാഷ്ട്രീയത്തിനുപരിയായി നോക്കുമ്പോള്‍ ജനങ്ങള്‍ക്കും അത്‌ മനസ്സിലാകുന്നുണ്ട്‌. വ്യവസായമന്ത്രി നേരിട്ടുതന്നെയാണ്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍പിടിക്കുന്നത്‌. മാത്രമല്ല പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ഇളങ്കോവന്‍ ഐഎഎസും വളരെ സഹായകരമായി നിലകൊളളുന്നു. വളരെ ദിശാബോധമുളള ആളാണ്‌ അദ്ദേഹം.

ഈ ഒരു രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ വ്യവസായസൗഹൃദകേരളം എന്ന ലക്ഷ്യം മികച്ച രീതിയില്‍ യാഥാര്‍ത്ഥ്യമാക്കാനാകും. കാരണം വ്യവസായങ്ങളുടെ വികസനത്തിനായി നിരവധി കാര്യങ്ങള്‍ ഈ സര്‍ക്കാര്‍ കൊണ്ടുവന്നു. അതിന്റെ ഫലമാണ്‌ ഇപ്പോള്‍ കാണുന്നത്‌.

ഏറ്റവും കൂടുതല്‍ ബിസിനസ്‌ യൂണിറ്റുകള്‍ ആരംഭിച്ചത്‌ കോവിഡനന്തര കാലത്താണ്‌. അതുപോലെ ഏറ്റവും കൂടുതല്‍ നിക്ഷേപമുണ്ടായതും 2019-20, 2020-21 കാലഘട്ടത്തിലാണ്‌. സംരംഭസഹായപദ്ധതികള്‍ വഴിയാണ്‌ ഇതു സാധ്യമായത്‌. ഞാന്‍ കിന്‍ഫ്രയില്‍ ചുമതലയേല്‍ക്കുന്ന സമയത്ത്‌ 225 ഏക്കറോളം ഭൂമി വെറുതെ കിടന്നിരുന്നു. ഇപ്പോള്‍ പത്ത്‌ ഏക്കറില്‍ താഴെ ഭൂമി മാത്രമേ ബാക്കിയുളളു.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതിന്‌്‌ കിന്‍ഫ്ര വലിയ പ്രാധാന്യം നല്‍കുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത്‌ 14020 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി. ഇതില്‍ 11,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടത്‌ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുളളിലാണ്‌. അതുപോലെ തന്നെ 1260 കോടി രൂപയുടെ നിക്ഷേപം മേല്‍പറഞ്ഞ അഞ്ചുവര്‍ഷ കാലയളവില്‍ കൊണ്ടുവന്നു. ഇതില്‍ 935 കോടി രൂപയുടെ നിക്ഷേപവും വന്നത്‌ കഴിഞ്ഞ 21 മാസക്കാലയളവിലാണ്‌.

Post your comments