Global block

bissplus@gmail.com

Global Menu

തൊട്ടാൽ പൊള്ളും ഉള്ളി വില

രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു. നാസിക്കിലെ ലസൽഗാവ് മണ്ഡിയിൽ രണ്ട് ദിവസത്തിനിടെ ഉള്ളി വില ക്വിന്റലിന് 970 രൂപയാണ് കൂടിയത്. മാസങ്ങള്‍ക്ക് മുമ്പാണ് രാജ്യത്ത് ഉള്ളിക്ക് മാര്‍ക്കറ്റില്‍ തീവിലയായി ഉയര്‍ന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഉള്ളി വില വീണ്ടും കുതിക്കുന്നതായാണ്. 3,600 രൂപയായിരുന്ന ഉള്ളി വില ശനിയാഴ്ച ക്വിന്റലിന് 4,250 മുതൽ 4,551 വരെയായി ഉയർന്നതായി വ്യാപാരികൾ പറയുന്നു. കനത്ത മഴയും കാലാവസ്ഥ വ്യതിയാനവും മൂലമാണ് ഉള്ളി വില ക്രമാതീതമായി ഉയരുന്നത്. വരും ദിവസങ്ങളിലും വില ഉയരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

വേനൽകാലത്ത് വിവിധയിനം ഉള്ളികളാണ് ലസൽഗാവിൽ എത്താറുള്ളത്. അതുകൊണ്ട് തന്നെ വേനൽകാലത്ത് ഇവിടെ ഉള്ളി വില കൂടും. ക്വിന്റലിന് 4,250 മുതൽ 4,551 രൂപവരെ കൂടാറുണ്ട്. ഖാരിഫ് ഇനത്തിന് ക്വിന്റലിന് 3,870 രൂപയാണ് വില. ഖാരിഫ് വിളകളുടെ വിതരണം കുറഞ്ഞതാണ് ഇതിന് കാരണം.അതേസമയം ഈ ഇടയ്ക്കായി മികച്ച ഗുണനിലവാരമുള്ള വിളകളാണ് വിപണിയിലെത്തുന്നതെന്നും വ്യാപാരികൾ പറയുന്നു.

കഴിഞ്ഞവർഷം 1955ലെ അവശ്യ ചരക്ക് നിയമത്തിൽ പാർലമെന്റ് ഭേദഗതി വരുത്തിയിരുന്നു. ഇതുപ്രകാരം ഉള്ളി, ഉരുളക്കിഴങ്ങ്, ഭക്ഷ്യ എണ്ണകൾ, എണ്ണക്കുരു, പയർവർഗ്ഗങ്ങൾ എന്നിവയെ അവശ്യവസ്തുക്കളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഉള്ളി കയറ്റി അയക്കുന്നത്. ഇവിടങ്ങളിൽ വില കൂടുന്നത് മറ്റ് സംസ്ഥാനങ്ങളേയും സാരമായി ബാധിക്കും. കേരളത്തിലും ഇവിടെനിന്നൊക്കെ തന്നെയാണ് ഉള്ളി എത്തിക്കുന്നത്. സംസ്ഥാനത്തും ഉള്ളി വില വർധിച്ചിരിക്കുകയാണ്.

ഒരു കിലോ ഉള്ളിയ്ക്ക് 110 മുതൽ 120 രൂപവരെയാണ് മൊത്ത വില. പ്രതികൂല കാലാവസ്ഥയും വിളവെടുക്കാൻ വൈകുന്നതുമാണ് വിപണിയിൽ ഉള്ളി വില ഉയരാൻ കാരണം. കുറച്ച് ദിവസത്തേക്ക് ഉള്ളി വില ഉയർന്ന നിരക്കിൽ തന്നെ തുടരാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു. മഹാരാഷ്ട്ര കൂടാതെ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് കൂടുതലായും ഉള്ളി എത്തിക്കുന്നത്.

അടുത്തിടെ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യമെമ്പാടുമുള്ള കര്‍ഷകര്‍ പ്രതിഷേധിക്കുന്ന സമയത്താണ് ഉള്ളി വില ഉയരുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാല്‍ നാസിക്കില്‍ സംഭവിച്ചിരിക്കുന്ന വര്‍ദ്ധന അധിക നാളത്തേക്ക് ഉണ്ടാകില്ലെന്നാണ് ഒരു വിഭാഗം കര്‍ഷകര്‍ പറയുന്നത്. മധ്യപ്രദേശിലെയും, മഹാരാഷ്ട്രയിലെ മറ്റ് ചില മേഖലകളില്‍ നിന്നും വിളവെടുക്കുന്ന ഉള്ളി എത്തുന്നതോടെ നാസിക്കിലെ വില കുറയുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.

Post your comments