Global block

bissplus@gmail.com

Global Menu

കേരളാ സർക്കാരിന്റെ കെ ഫോൺ റെഡി

കേരളത്തിലെ ഡിജിറ്റൽ ശൃംഖല ശക്തവും കാര്യക്ഷമവുമാക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക് (കെ ഫോൺ) പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായി. 15ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. 

 കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ, കെഎസ്ഇബി എന്നിവയുടെ സംയുക്ത സംരംഭമാണു കെ ഫോൺ ലിമിറ്റഡ്. സംസ്ഥാനത്തെ 30,000 ഓഫിസുകളെ അതിവേഗ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് ശൃംഖല മുഖേന ബന്ധിപ്പിക്കുന്നതാണു പദ്ധതി. സേവനദാതാക്കൾ  മുഖേന വീടുകളിലും ഇന്റർനെറ്റ് ലഭ്യമാക്കാനാകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്കു സൗജന്യമായും മറ്റുള്ളവർക്കു മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കാനാണു പദ്ധതി.  ...

14 ജില്ലകളെയും ഒപ്റ്റിക്കൽ ഫൈബർ കേബിൾ (കോർ റിങ്) വഴിയാണു കെ ഫോൺ നെറ്റ്‌വർക് ബന്ധിപ്പിക്കുന്നത്. തുടർന്നു സർക്കാർ ഓഫിസുകളെയും മറ്റ് ഉപയോക്താക്കളെയും ആക്സസ് നെറ്റ്‌വർക് വഴിയും ബന്ധിപ്പിക്കും. കെഎസ്ഇബിയുടെ 378 സബ് സ്റ്റേഷനുകളിൽ ടെലികോം ഉപകരണങ്ങൾ സ്ഥാപിക്കും. 14 ജില്ലകളിലും കെഎസ്ഇബി സബ്സ്റ്റേഷനുകളിൽ കോർ പോപ് (പോയിന്റ് ഓഫ് പ്രസൻസ്) ഉണ്ടാകും. ഇവയെ 110, 220, 440 കെവി ടവറുകളിലൂടെ സ്ഥാപിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വഴി ബന്ധിപ്പിക്കും. ഇവയുടെ ശേഷി 100 ജിബിപിഎസ് ആണ്. ശൃംഖലയിലെ ഇലക്ട്രോണിക് ഉപകരണങ്ങളും അവയുടെ പ്രവർത്തനവും നിരീക്ഷിക്കാൻ കാക്കനാട് ഇൻഫോ പാർക്കിൽ നെറ്റ്‌വർക് ഓപ്പറേറ്റിങ് സെന്റർ സ്ഥാപിച്ചിട്ടുണ്ട്. മൊത്തം 35,000 കിലോമീറ്ററാണ് ശൃംഖലയുടെ ദൈർഘ്യം.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ 7 ജില്ലകളിലെ ആയിരത്തോളം ഓഫിസുകളുടെ കണക്ടിവിറ്റിയാണ് 1100 കോടി രൂപയോളം ചെലവാക്കി ആദ്യഘട്ടത്തിൽ പൂർത്തീകരിച്ചത്. ജൂലൈയോടെ 5700 സർക്കാർ ഓഫിസുകളിൽ സേവനം ലഭ്യമാക്കും. 29,000 ഓഫിസുകൾ, 32,000 കിലോമീറ്റർ ഒഎഫ്സി, 8 ലക്ഷം കെഎസ്ഇബി തൂണുകൾ, 375 പോപ്പുകളുടെ പ്രീഫാബ് ലൊക്കേഷൻ എന്നിവയുടെ സർവേ പൂർത്തിയായി. 14 ജില്ലകളിലുമായി 7200 കിലോമീറ്റർ ഒഎഫ്സി കേബിളും ഇട്ടു കഴിഞ്ഞു. വൈദ്യുതി ടവറുകൾ വഴിയുള്ള കേബിളിങ് 360 കിലോമീറ്റർ പൂർത്തീകരിച്ചു.

Post your comments