Global block

bissplus@gmail.com

Global Menu

ഫേസ്ബുക്കിലും നല്ല കുട്ടിയായിക്കൊള്ളൂ ഇല്ലെങ്കിൽ നോ പാസ്പോർട്ട്

പാസ്‌പോർട്ട് അപേക്ഷകർക്ക് ക്ലിയറൻസ് നൽകുന്നതിന് മുമ്പ് അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൂടി പരിശോധിക്കാൻ ഉത്തരാഖണ്ഡ് പോലീസ് തീരുമാനിച്ചതായി റിപ്പോർട്ട്. നിലവിൽ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ദേശീയ വിരുദ്ധ പോസ്റ്റുകളോ വ്യാജ വാർത്തകളോ പങ്കുവയ്ക്കുന്നവരെ കണ്ടെത്തിയാൽ ഉപദേശിക്കുകയും ഭാവിയിൽ ഇത് ആവർത്തിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. സംഭവം വളരെ ഗുരുതരമാണെങ്കിൽ മാത്രമേ ഇത്തരക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാറുള്ളൂ.

എന്നാൽ ഇനി മുതൽ സോഷ്യൽ മീഡിയയിൽ ഇത്തരം ദേശവിരുദ്ധ പോസ്റ്റുകൾ പതിവായി ഇടുന്നുണ്ടോയെന്ന് പോലീസ് പരിശോധിക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ പാസ്പോർട്ടിനോ ആയുധ ലൈസൻസിനോ ഉള്ള അപേക്ഷയ്ക്ക് ക്ലിയറൻസ് നൽകില്ലെന്നും ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ പറഞ്ഞു. ഡെറാഡൂണിലെ പോലീസ് ആസ്ഥാനത്ത് നടന്ന സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരുടെ സമ്മേളന സമാപനച്ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് ഇതാദ്യമായാണ് ഒരു സംസ്ഥാനം പാസ്പോർട്ട് വിതരണം ചെയ്യുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പരിശോധിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ദേശീയ വിരുദ്ധ പോസ്റ്റുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇത് ക്രമസമാധാനത്തിന് ഭീഷണിയാണെന്നും ഇത്തരം പോസ്റ്റുകൾ പങ്കുവയ്ക്കുന്നവരെ കണ്ടെത്താൻ സോഷ്യൽ മീഡിയ മോണിറ്ററിംഗ് ടീം കർശന ശ്രദ്ധ പുലർത്തുന്നുണ്ടെന്നും ഡിജിപി പറഞ്ഞു. അതേസമയം പോലീസിന്റെ പുതിയ തീരുമാനത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

ഒരു വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പൂർണലംഘനമാണിതെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ കാർത്തികേയ ഗുപ്ത അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റ് ദേശവിരുദ്ധമാണോ അല്ലയോ എന്ന് തീരുമാനിക്കാൻ പോലീസിന് അവകാശമില്ലെന്നും അത് കോടതികളുടെ ജോലിയാണെന്നും അദ്ദേഹം പറഞ്ഞു.

Post your comments