Global block

bissplus@gmail.com

Global Menu

കേരളത്തില്‍ സ്വര്‍ണവില താഴോട്ട്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ബുധനാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 35,800 രൂപയായി. 4475 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച്ച ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചതിന് ശേഷം രണ്ടുദിവസംകൊണ്ട് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ 1,000 രൂപയുടെ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ബജറ്റ് ദിവസം രാവിലെ 36,800 രൂപയായിരുന്നു പവന് വില. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍നിന്ന് അഞ്ചുമാസത്തിനിടെ 6200 രൂപയുടെ ഇടിവാണുണ്ടായത്.  സ്വര്‍ണവില എക്കാലത്തേയും ഉയര്‍ന്ന നിലവാരമായ 42,000 രൂപയിലെത്തിയശേഷം 2020 നവംബര്‍ 30നാണ് ഏറ്റവും കുറഞ്ഞവിലയായ 35,760 രൂപ രേഖപ്പെടുത്തിയത്. മൂന്നുമാസത്തിനുശേഷം വില വീണ്ടും 35,800ത്തിലെത്തിയിരിക്കുകയാണ്. 2020 ഓഗസ്റ്റ് ഏഴിനാണ് പവന്റെ വില 42,000 രൂപയിലെത്തി റെക്കോഡിട്ടത്. 

സ്വര്‍ണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം അറിയിച്ച പശ്ചാത്തലത്തില്‍ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം 36,400 രൂപയാണ് സ്വര്‍ണം പവന് വില കണ്ടത്. ചൊവാഴ്ച്ച സ്വര്‍ണവിലയില്‍ 280 രൂപയുടെ ഇടിവ് വീണ്ടും സംഭവിച്ചു. ബുധനാഴ്ച്ച 320 രൂപ കൂടി കുറഞ്ഞ് 35,800  രൂപയില്‍ സ്വര്‍ണവിലയെത്തി.

ആഗോള വിപണിയില്‍ ഔണ്‍സിന് 1,844.48 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം വില കുത്തനെ ഇടിഞ്ഞശേഷം കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.2ശതമാനം ഉയര്‍ന്ന് 47,947 രൂപയിലെത്തി. കഴിഞ്ഞ രണ്ട് വ്യാപാര ദിനങ്ങളിലായി 1,800 രൂപയാണ് ഇടിഞ്ഞത്.

ചെന്നൈയില്‍ 45,640 രൂപയും കൊല്‍ക്കത്തയില്‍ 48,070 രൂപയും സ്വര്‍ണവില രേഖപ്പെടുത്തുന്നുണ്ട്. മുംബൈയില്‍ 47,580 രൂപയ്ക്കാണ് 10 ഗ്രാം സ്വര്‍ണം വില്‍ക്കപ്പെടുന്നത്. വെള്ളിയുടെ കാര്യമെടുത്താല്‍ 10 ഗ്രാം വെള്ളിക്ക് 675 രൂപയാണ് ബുധനാഴ്ച്ച വില. വെള്ളിയുടെ 10 ഗ്രാം വിലയില്‍ 35 രൂപയുടെ ഇടിവ് സംഭവിച്ചിട്ടുണ്ട്. എന്തായാലും ബജറ്റിലെ പ്രഖ്യാപനം പ്രകാരം ഏപ്രിൽ മുതൽ സ്വർണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ കുറയും. നിലവില്‍ സ്വര്‍ണത്തിനും വെള്ളിയ്ക്കും 12.5 ശതമാനം ഇറക്കുമതി തീരുവയുണ്ട്.

Post your comments